വാര്‍ധക്യത്തെ സ്വയം ഏറ്റെടുത്താല്‍
ജീവിതത്തില്‍ ആഗ്രഹിക്കാത്ത കാലമേതാണെന്നു ചോദിച്ചാല്‍ അത് വാര്‍ധക്യത്തിന്റെ ആലസ്യങ്ങളാണെന്നു
ജീവിതത്തില്‍ ആഗ്രഹിക്കാത്ത കാലമേതാണെന്നു ചോദിച്ചാല്‍ അത് വാര്‍ധക്യത്തിന്റെ ആലസ്യങ്ങളാണെന്നു കൂടുതലൊന്നും ആലോചിക്കാതെ തന്നെ ആരും മറുപടി പറയും. കൗതുകം തോന്നുന്ന കൗമാരവും തീക്ഷ്ണമായ യൗവനവും ആസ്വദിക്കുന്ന മനുഷ്യന് വരാന്‍ പോകുന്ന വാര്‍ധക്യത്തെ അല്‍പ്പം പേടി തന്നെയാണ്. മുഖത്തെ ചുളിവുകളും കാഴ്ചയുടെ മങ്ങലും മുടിയുടെ നിറം മാറ്റവും കൈകാലുകളുടെ ബലക്ഷയവും വാര്ധക്യത്തോടടുക്കുകയാണെന്നു ഓര്മപ്പെടുത്തുമ്പോള് ഭാവിയെക്കുറിച്ച ആകുലതകളാണ് പിന്നീട് പലര്‍ക്കും.
ആരും നോക്കാനാളില്ലാതായിപ്പോകുന്നതിന്റെ വേവലാതിയാണ് ഒരു കൂട്ടര്‍ക്കെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് ഇന്നോളം സൂക്ഷിച്ച കുടുംബനാഥന് /നാഥ എന്ന ലേബല്‍ ഇല്ലാതായിപ്പോകുന്നതിന്റെതാണ്. വേറൊരു കൂട്ടര്‍ക്ക് ആരും തന്നെ സ്നേഹിക്കുന്നില്ലല്ലോ ബഹുമാനിക്കുന്നില്ലല്ലോ എന്ന തോന്നലാണ്. എല്ലാ കടമകളും ചെയ്തുതീര്‍ത്ത് ഇനി ഒന്നും ചെയ്യാനില്ല എന്ന നിസ്സംഗത ഉള്ളവരുമുണ്ട്. വാര്‍ധക്യത്തെ ആനന്ദകരമാക്കിത്തീര്ക്കാനുള്ള വഴി വൃദ്ധരായവരും വൃദ്ധരാകാന്‍ നാളുകള്‍ കാത്തിരിക്കുന്നവരും വാര്‍ധക്യത്തെ അംഗീകരിക്കാന്‍ തയ്യാറാവുക എന്നതാണ്. ആയൂര്‍ദൈര്‍ഘ്യം കൂടുകയും വൃദ്ധന്മാരുടെ എണ്ണം അതിനനനുസരിച്ച് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വാര്‍ധക്യത്തെ ആരോഗ്യകരമാക്കാന്‍ സ്വയം തയ്യാറെടുപ്പുകള്‍ ഓരോരുത്തരും കാലേക്കൂട്ടി ചെയ്തുവെക്കുക തന്നെ വേണം. ശാരീരികമായി വലിയ പ്രയാസമൊന്നുമില്ലെങ്കില്‍ ഇനിയും ഒരുപാട് കാലം ജീവിതം ബാക്കിയുണ്ട് എന്നപോലെ തന്റെ കാര്യങ്ങള്‍ സ്വയം ചെയ്തും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തുകൊടുക്കാന്‍ പറ്റുന്ന സേവനങ്ങള്‍ ചെയ്തുകൊടുത്തും ദിനങ്ങള്‍ കഴിച്ചാല്‍ അത് ചുറ്റുമുള്ളവര്‍ക്ക് പ്രകാശം പരത്തും. പ്രായമാകുമ്പോള്‍ ഏറ്റവും വലിയ പരാതി തന്നെയാരും വകവെക്കുന്നില്ലാ സ്നേഹിക്കുന്നില്ലാ ബഹുമാനിക്കുന്നില്ലായെന്നായിരിക്കും. തലമുറകളോടുള്ള ഏറ്റുമുട്ടലാണ് പ്രായമായവരും വീട്ടുകാരും തമ്മിലെ വലിയ പ്രശ്നം. തലമുറയെ അംഗീകരിക്കാനും അവരോടൊപ്പം കൂട്ടുകൂടാനും മുതിര്‍ന്ന പൗരന്മാരും അവരുടെ ദൗര്‍ബല്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഇളം തലമുറയും ശ്രമിച്ചാല്‍ വീട്ടുകാരുമായുള്ള പ്രശ്നം ഒരുപരിധിവരെ ഒഴിവാകും.
ഒറ്റപ്പെടലിന്റെ വേദനയും തന്നെയാരും ഗൗനിക്കുന്നില്ലായെന്ന തോന്നലും സ്ത്രീകളെക്കാള്‍ പുരുഷന്മാര്ക്കുണ്ടാകുന്നുവെന്നാണ് പറയപ്പെടുന്നത്. സ്വയം സഹിക്കാനും സഹകരിക്കാനും വിട്ടുവീഴ്ചചെയ്യാനും പണ്ടേ തയ്യാറാകുന്ന സ്ത്രീ മനസ്സിനെക്കാള്‍ മുമ്പത് ശീലമില്ലാത്ത പുരുഷന് കാര്യങ്ങള്‍ കൈപ്പിടിയില്‍ നിന്നും വിട്ടുപോകുന്നുവെന്ന തോന്നല്‍ കൂടുതല്‍ പ്രയാസമുണ്ടാക്കുന്നു. ഒന്നും ചെയ്യാനില്ലാതാകുമ്പോള്‍ പ്രത്യേകിച്ചും. സ്നേഹവും പരിഗണനയും ബഹുമാനവും ആരില്‍ നിന്നും ചോദിച്ചുവാങ്ങേണ്ടതല്ല. അത് സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതിനാല്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. വീട്ടിലെ കുഞ്ഞുമക്കളോട് സല്ലപിച്ചും നാട്ടിലെ കൂട്ടായ്മകളിലും കുടുംബപരിചയബന്ധങ്ങളിലേക്കിറങ്ങിച്ചെന്നും വാര്‍ധക്യത്തെ സ്വയം ഏറ്റെടുത്താല്‍ പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാം. വയസ്സായിക്കൊണ്ട് കൂടി കുറച്ചുകാലം ജീവിക്കാനുണ്ട് എന്നബോധം കാലേക്കൂട്ടിയുണ്ടാക്കിയെടുക്കുകയാണ് വാര്‍ധക്യത്തെ സര്‍ഗാത്മകമാക്കാന്‍ ഇനിയുള്ള കാലത്ത് ചെയ്യേണ്ടത്. പുതിയ ഭാഷകള്‍ പഠിച്ചും കൃഷിയിലേര്‍പ്പെട്ടും പുസ്തക രചന നടത്തിയും യാത്രകള്‍ ചെയ്തും ഡ്രൈവിംഗ് പഠിച്ചും പൂന്തോട്ടമുണ്ടാക്കിയും സ്വയം ആനന്ദം കണ്ടെത്തുന്ന വൃദ്ധന്മാര് ഏറെയുണ്ട്. ഇനിയിപ്പോള്‍ എന്തിനാണെന്നു പരിഹസിച്ച് വയസ്സന്മാരാക്കി മൂലക്കിരുത്താന്‍ ശ്രമിക്കുന്നതിനു പകരം ഇത്തരം കാര്യങ്ങളില്‍ അവരെ പ്രോത്സാഹിപ്പിച്ചും ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തും തങ്ങള്‍ കുടുംബത്തിനു ആവശ്യമുള്ളവരാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ വീട്ടിലെ പ്രായമാകാത്ത മറ്റംഗങ്ങള്‍ ശ്രദ്ധിക്കുകയും വേണം.