ഇപ്പോള്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോലും ഒരു മൂളിപ്പാട്ട് പാടാറില്ല. എന്നാല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ നന്നായിട്ട് പാടുമെന്നു എന്റെ കൂട്ടുകാര്‍ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഇപ്പോള്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോലും ഒരു മൂളിപ്പാട്ട് പാടാറില്ല. എന്നാല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ നന്നായിട്ട് പാടുമെന്നു എന്റെ കൂട്ടുകാര്‍ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സംഗീതം എനിക്ക് ഇഷ്ടമായിരുന്നു എന്നത് ശരിയാണ്. പ്രത്യേകിച്ച് ഹിന്ദി പാട്ടുകളുടെ ഒരു ആരാധകനായിരുന്നു ഞാന്‍. അന്ന് റേഡിയോ സിലോണ്‍ ആണ് ഹിന്ദി പാട്ട് കേള്‍ക്കാനുള്ള പ്രധാന ആശ്രയം. റേഡിയോ സിലോണില്‍ എല്ലാ ബുധനാഴ്ചയും, അമീന്‍ സയാനി അവതരിപ്പിച്ചിരുന്ന ''ബിനാക ഗീത് മാല'' ആയിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട പരിപാടി. അക്കാലത്തെ എല്ലാ ഹിന്ദി പാട്ടുകളും എനിക്ക് ഹൃദിസ്ഥമായിരുന്നു. വരികള്‍ മാത്രമല്ല, അതിന്റെ പശ്ചാത്തല സംഗീതവും, സംഗീതോപകരണങ്ങളും വരെ എനിക്കറിയാമായിരുന്നു. അന്ന് ഞാന്‍ ബാത്ത്‌റൂമില്‍ മാത്രമല്ല പുറത്തും പാടാറുണ്ടായിരുന്നു, വീട്ടിലും സ്‌കൂളിലും ഒക്കെ. അങ്ങനെയാണ് കൂട്ടുകാര്‍ എന്നെ പാടാന്‍ പ്രേരിപ്പിച്ചത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ക്ലാസ് മോണിട്ടര്‍ ആയിരുന്നു. എല്ലാ വെള്ളിയാഴ്ച്ചകളും ലാസ്റ്റ് പീരിയഡ് ക്ലാസ് മീറ്റിംഗ് ആണ്. മോണിട്ടര്‍ എന്ന നിലയില്‍ മീറ്റിംഗ് നടത്തുക എന്റെ ചുമതലയാണ്. മീറ്റിങ്ങിലെ ഒരു പ്രധാനപ്പെട്ട കലാപരിപാടി എന്റെ പാട്ട് ആണ്. മോണിട്ടര്‍ ആദം അയൂബ് അനൗണ്‍സ് ചെയ്യും ''അടുത്തതായി ആദം അയുബ് ഒരു ഗാനം ആലപിക്കും''. പിന്നെ ഞാന്‍ മേശയുടെ മറു ഭാഗത്ത് വന്നുനിന്ന് പാടും. കൂട്ടുകാര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കും.
ഏതായാലും മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാവാതെ, എന്റെ ഗാനങ്ങള്‍ സഹിതം വെള്ളിയാഴ്ചത്തെ ക്ലാസ്സ് മീറ്റിങ്ങുകള്‍ പുരോഗമിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഞാന്‍ മീറ്റിംഗില്‍ ''തേരി പ്യാരി പ്യാരി സൂറത്ത് കോ, കിസീ കി നസര്‍ നാ ലഗേ, ചശ്‌മേ ബധൂ...'' എന്ന പാട്ട് ആസ്വദിച്ചു പാടുകയായിരുന്നു. കൂട്ടുകാര്‍ ഡെസ്‌കില്‍ താളം പിടിക്കുന്നുണ്ടായിരുന്നു. കണ്ണടച്ച്, പാട്ടില്‍ ലയിച്ച് ഉയര്‍ന്ന ശ്രുതിയില്‍ അനുപല്ലവി പാടിക്കൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് ഡെസ്്കില്‍ അടിച്ചു കൊണ്ടിരുന്ന താളം നിലച്ചു. ഞാന്‍ പാട്ട് നിര്‍ത്താതെ തന്നെ കണ്ണ് തുറന്നു. എല്ലാവരും പുറത്തേക്കു നോക്കുന്നത് കണ്ട് ഞാനും നോക്കി. പുറത്തു ഹെഡ്മാസ്റ്റര്‍ കുറുപ്പ് സാര്‍. ക്ലാസ് മീറ്റിങ്ങിലെ ഗാനാലാപനം ഒരു സ്ഥിരം അജണ്ടയാണ്. അത് സ്‌കൂള്‍ നിയമങ്ങള്‍ക്ക് വിരുദ്ധമൊന്നുമല്ല. എങ്കിലും ഹെഡ്മാസ്റ്റര്‍ വരാന്തയില്‍ നിന്ന് ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍, എന്റെ പാട്ട് തൊണ്ടയില്‍ കുരുങ്ങി. ഞാന്‍ പാട്ട് അവിടെത്തന്നെ അവസാനിപ്പിച്ചു. അതോടെ ഹെഡ്മാസ്‌റര്‍ തിരിച്ചു പോയി. തുടര്‍ന്നു പാടാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും, ഞാന്‍ പിന്നെ പാടിയില്ല. ഞാന്‍ തെറ്റൊന്നും ചെയ്തില്ലെങ്കിലും, എന്റെ പാട്ട് വളരെ മോശമായിരുന്നോ എന്നൊരു ആശങ്ക ഉള്ളിലുണ്ടായിരുന്നു.
ശനി, ഞായര്‍ അവധി കഴിഞ്ഞു. തിങ്കളാഴ്ച അവസാന പിരീയഡില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോള്‍, പ്യൂണ്‍ ഒരു തുണ്ട് കടലാസ്സുമായി വന്നു. ടീച്ചര്‍ അത് വാങ്ങി ഉറക്കെ വായിച്ചു. ''ആദം അയൂബിനെ ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു.'' എന്റെ സപ്ത നാഡികളും തളര്‍ന്നു. ക്ലാസ്സ് മീറ്റിംഗില്‍ പാട്ട് പാടിയത് അത്ര വല്യ കുറ്റമാണോ? പാട്ട് മോശമായിരുന്നെങ്കിലും ഒരു കലാകാരനെ ശിക്ഷിക്കാമോ? ഞാന്‍ വിറച്ചുകൊണ്ട് ഹെഡ്മാസ്റ്ററുടെ മുന്നില്‍ പോയി നിന്നു. അദ്ദേഹം മേശപ്പുറത്തിരുന്ന ചൂരല്‍ കൈയില്‍ എടുത്തു, എന്നിട്ട് അത് ഒരു വശത്തേക്ക് മാറ്റിവെച്ചു. പിന്നെ എന്നെ നോക്കി. ''താന്‍ പാടുമല്ലേ?'' അദ്ദേഹം ഗൗരവത്തില്‍ ചോദിച്ചു.
''ഇനി പാടില്ല സാര്‍'' എന്റെ ശബ്ദം ഇടറിയിരുന്നു.
''പാടണം''.
''ഇല്ല സാര്‍'' ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
''താന്‍ ദിവസേന വൈകുന്നരം ക്ലാസ് വിടുന്നതിനു മുമ്പ്
മൈക്കിലൂടെ ദേശീയഗാനം പാടണം'' അദ്ദേഹം ചെറിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ഞാന്‍ അന്തംവിട്ട് നിന്നു!
''സ്‌കൂള്‍ വിടുന്നതിനു മുമ്പ് ദേശീയ ഗാനം പാടി പിരിയണം എന്നാണ് സര്‍ക്കാരില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശം. മൈക്ക് എടുത്ത് കണക്ഷന്‍ കൊടുത്ത്, ദേശീയ ഗാനം പാടിയതിന് ശേഷം മൈക്ക് തിരികെ അലമാരയില്‍ വെച്ച് പൂട്ടി താക്കോല്‍ എന്നെ തിരികെ ഏല്‍പ്പിക്കണം. ഇന്ന് മുതല്‍ ഇതെല്ലാം തന്റെ ഡ്യൂട്ടി ആണ്''
മൈക്കിന്റെ ഓപറേഷന്‍ ഒന്നും എനിക്കറിയില്ല എന്ന് പറയണമെന്നു ണ്ടായിരുന്നു.
പക്ഷെ ഒരു അപൂര്‍വ ബഹുമതിയാണ് ഹെഡ്മാസ്റ്റര്‍ എനിക്ക് നല്‍കിയിരിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു! കൂട്ടുകാരുടെ മുന്നില്‍ ഞാന്‍ ഹെഡ്മാസ്റ്ററുടെ അടുത്ത ആളായി മാറും. അത് ചില്ലറ കാര്യമൊന്നുമല്ല. എങ്കിലും മൈക്ക് പ്രവര്‍ത്തിപ്പിക്കുക എന്ന കീറാമുട്ടി എങ്ങനെ പരിഹരിക്കും എന്ന് ഞാന്‍ തല പുകച്ചു. പെട്ടെന്ന് ആശയം മനസ്സിലുദിച്ചു! ''പാറ്റണ്‍!''
ഞാന്‍ ഉറക്കെ പറഞ്ഞു- ''സാര്‍ പാറ്റണെ വിളിക്കാം''
''എന്ത് ?''ഹെഡ്മാസ്റ്റര്‍ എന്നെ തുറിച്ചു നോക്കി.
അപ്പോഴാണ് എനിക്ക് അബദ്ധം മനസ്സിലായത്. തടിയന്‍ വേണുവിനെ ഞങ്ങള്‍ പാറ്റണ്‍ടാങ്ക് എന്നാണ് വിളിക്കുക. ഞാന്‍ ഉടനെ തിരുത്തി.
''വേണുവിനെയും വിളിക്കാം സര്‍, വേണു ഗോപാലിനെ''
''അയാള്‍ പാടുമോ ?''
വേണു പാടില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ അവന് മൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അറിയാം. പക്ഷെ അത് ഹെഡ്മാഷോട് പറഞ്ഞാല്‍ എന്റെ വെയ്റ്റ് കുറയും. അതുകൊണ്ട് ഞാന്‍ പറഞ്ഞു.
''എന്റെ അത്ര വരില്ല, എങ്കിലും പാടും''.
''ശരി, വിളിച്ചോളൂ'' ഹെഡ്മാസ്റ്റര്‍ സമ്മതം മൂളി. ഒരിക്കല്‍ വേണുവിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഞാന്‍ അവന്റെ വീട്ടില്‍ പോയിരുന്നു. അന്ന് അവന്റെ വീടിന്റെ വിശാലമായ ഹാളില്‍ അവനും അനിയന്‍ ഹരിയും മറ്റു കൂട്ടുകാരും ചേര്‍ന്ന് ഒരു സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. ഹരി ഗിറ്റാര്‍ വായിക്കും. (പില്‍ക്കാലത്ത് ''ഹരിശ്രീ'' എന്ന സ്റ്റുഡിയോവും, കലാസംഘവും, സിനിമാ നിര്‍മ്മാണ കമ്പനിയും ഒക്കെ സ്ഥാപിച്ച ഹരീന്ദ്രന്‍ ആയിരുന്നു അത്. വേണുവിന്റെ ജോലി സൗണ്ട് സിസ്റ്റം ഒരുക്കുക എന്നതായിരുന്നു). അതുകൊണ്ട് മൈക്കിന്റെ കാര്യം അവന്‍ ഭംഗിയായി ചെയ്യും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ഞാന്‍ ഓടിച്ചെന്നു വേണുവിനോട് വിവരം പറഞ്ഞു.
''പാടാനോ? ഞാനോ?'' അവന്‍ ആശ്ചര്യപ്പെട്ടു.
''നീ പാടണ്ട. വെറുതെ ചുണ്ടനക്കിയാല്‍ മതി. മൈക്ക് ഫിറ്റ് ചെയ്യുക എന്നതാണ് നിന്റെ പ്രധാന ജോലി.''
അവന്‍ സമ്മതിച്ചു. അങ്ങനെ ഞാനും വേണുവും സ്‌കൂളിലെ താരങ്ങളായി. എല്ലാ ദിവസവും ലാസ്റ്റ് പീരിയഡില്‍ ഞങ്ങള്‍ക്ക് ഹെഡ്മാഷുടെ ക്ഷണവുമായി പ്യൂണ്‍ വരും. ഞങ്ങള്‍ രാജകീയമായി പുറത്തേക്ക് പോകും. അധികം താമസിയാതെ മൈക്കില്‍ നിന്നും ഞങ്ങളുടെ ശ്രവണ സുന്ദരമായ ശബ്ദത്തില്‍ ദേശീയ ഗാനം ഒഴുകി വരും. സ്‌കൂ ളിലെ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും എഴുന്നേറ്റു അറ്റന്‍ഷന്‍ ആയി നില്‍ക്കും. ആരും ഞങ്ങളുടെ ആലാപനത്തെ കുറിച്ച് ആക്ഷേപം ഒന്നും പറഞ്ഞില്ല. ഈ മാരണം കഴിഞ്ഞാല്‍ വീട്ടിലേക്കു ഓടാമല്ലോ എന്ന ചിന്ത കാരണം, എല്ലാവര്‍ക്കും ഞങ്ങളുടെ ഗാനാലാപം ശ്രുതി മധുരമായി തോന്നി. സ്‌കൂളിലെ മുഷിപ്പന്‍ പഠനത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കാഹളമായിരുന്നു എല്ലാവര്‍ക്കുമത്. പിന്നെ മറ്റൊരു അനുകൂല ഘടകം കൂടിയുണ്ട്. ഞങ്ങള്‍ മൈക്കില്‍ കൂടിയാണ് പാടുന്നതെങ്കിലും, എല്ലാ ക്ലാസ്സിലെയും വിദ്യാര്‍ഥികള്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന് ദേശീയ ഗാനം പാടണം. അപ്പൊ ഏകദേശം രണ്ടായിരം കണ്ഠങ്ങളില്‍ നിന്നുതിരുന്ന ശബ്ദം ഞങ്ങളുടെ മൈക്കിലെ ശബ്ദവുമായി കൂടിച്ചേരുമ്പോള്‍ മൊത്തത്തില്‍ കേള്‍ക്കാന്‍ ഒരു രസമുണ്ടാകും.
അങ്ങനെ ഞാന്‍ സ്‌കൂളിലെ ഔദ്യോഗിക ഗായകന്‍ ആയി, എന്റെ ഔദാര്യത്തില്‍ വേണുവും. അവനും ഈ പുതിയ താരപരിവേഷത്തില്‍ സന്തോഷമുണ്ടായിരുന്നു. ഞാന്‍ ആ സ്വാധീനം ശരിക്ക് ഉപയോഗിക്കുകയും ചെയ്തു. ചിലപ്പോള്‍ ഉച്ചയ്ക്ക് ഊണ് കഴിച്ചു കഴിയുമ്പോള്‍ ഞാന്‍ അവനോടു പറയും: ''എടാ പാറ്റണ്‍, പോയി കപ്പലണ്ടി വാങ്ങിച്ചോണ്ട് വാ''
അവന്‍ ഓടിപ്പോയി കപ്പലണ്ടി വാങ്ങിച്ചുകൊണ്ട് വരും. അവന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നത് കൊണ്ട് അവന്റെ കൈയില്‍ എപ്പോഴും പൈസ കാണും. അവന്‍ ഒന്ന് കൈ ഉയര്‍ത്തി എന്റെ തലയില്‍ ഇട്ടാല്‍ ഞാന്‍ ചമ്മന്തി ആയിപ്പോകും. അവന്‍ അത്രയ്ക്ക് തടിയനും ഞാന്‍ അത്രയ്ക്ക് മെലിഞ്ഞവനും ആയിരുന്നു. എന്നാല്‍ അവന് താരപരിവേഷം നേടിക്കൊടുത്ത എന്നോട് അവന് അത്രയ്ക്ക് കടപ്പാടായിരുന്നു. അതുകൊണ്ട് അവന്‍ എന്റെ നേരെ കൈ ഉയര്‍ത്തുന്നത്, ''ഗുഡ് മോണിംഗ് ആദംജീ'' എന്ന് പറഞ്ഞ് സലാം വെക്കാന്‍ മാത്രമായിരുന്നു.
ഏതായാലും ഞങ്ങളുടെ ഈ താരപദവി ഒരു വര്‍ഷത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വര്‍ഷം, പാടാനറിയാവുന്ന വേറെ ആണ്‍ പിള്ളേര് വന്നപ്പോള്‍ ഹെഡ്മാഷ് ഞങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടൂ.
വേണു ഇപ്പോള്‍ ഒരു ബില്‍ഡര്‍ ആണ്. ബോഡി ബില്‍ഡര്‍ അല്ല, ബില്‍ഡിംഗ് ബില്‍ഡര്‍. തടിച്ച കൂറ്റന്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്ന ഒരു മെലിഞ്ഞ ബില്‍ഡര്‍.
ഞാന്‍ അന്ന് പാട്ട് നിറുത്തിയതാണ്. പിന്നെ ഇതേവരെ പാടിയിട്ടില്ല.