എത്ര കേട്ടാലും പറഞ്ഞാലും എഴുതിയാലും മതി വരാത്ത കഥകളാണ് പ്രവാസം. മരുഭൂമിയുടെ സൗന്ദര്യം പോലെ തന്നെ വല്ലാത്തൊരു അനുഭൂതി ആ ഗന്ധക'ഭൂമിയിലെ കാറ്റിലും അലിഞ്ഞു
എത്ര കേട്ടാലും പറഞ്ഞാലും എഴുതിയാലും മതി വരാത്ത കഥകളാണ് പ്രവാസം. മരുഭൂമിയുടെ സൗന്ദര്യം പോലെ തന്നെ വല്ലാത്തൊരു അനുഭൂതി ആ ഗന്ധക'ഭൂമിയിലെ കാറ്റിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അറബ്മണ്ണ് നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ സ്വപ്‌നഭൂമിയായിരുന്നു. പതിനായിരക്കണക്കിന് പ്രവാസികള്‍ പണിയെടുക്കുന്നുണ്ട് ആ മണ്ണില്‍. അവര്‍ക്കോരോരുത്തര്‍ക്കും പല കഥകളുണ്ട് പറയാന്‍ സാമ്യമുള്ളതും അല്ലാത്തതുമായ കഥകള്‍. പഠിപ്പുള്ളവനേയും ഇല്ലാത്തവനേയും അറേബ്യന്‍ കാറ്റ് അതിന്റെ ചിറകില്‍ ഒരേപോലെയാണ് ചേര്‍ത്തുവെച്ചത്. പള്ളിക്കൂടത്തില്‍ പോകാത്തവന്‍ പോലും നാട്ടില്‍ പറുദീസകള്‍ തീര്‍ത്തു. സ്വപ്നങ്ങള്‍ കരിഞ്ഞൊടുങ്ങി പരാജിതരായി രംഗം വിട്ടവരും ജീവിതകാലം മുഴുവന്‍ പണിയെടുത്തിട്ടും കരപറ്റാത്തവരുമുണ്ട്. എന്നാലും അവരാരും ആ മണ്ണിനെ പഴി പറഞ്ഞിട്ടില്ല.
പ്രവാസത്തിന്റെ പച്ചപ്പില്‍ നാടുണര്‍ന്നു. മലനാട് ഒരു പാട് മാറി. മലയാളത്തിന്റെ മണ്ണ് വികസനത്തിന്റെ ആകാശം തൊട്ടു. അറേബ്യന്‍ പ്രവിശ്യകളിലൊന്നായി രൂപപ്പെട്ടു കേരളം. സലാം പറച്ചിലുകള്‍ മതത്തിന്റെ വേലിപൊളിച്ച് പുറത്തുചാടി. കൈഫ ഹാലക്ക്, മാഷാ അള്ളാ, സൈന്‍, ഐവ, ഹയക്കള്ളാ... തുടങ്ങിയ പദങ്ങളെല്ലാം മലയാളിക്ക് സുപരിചിതമായി. അറബ് തെരുവേരത്തെ നാണിപ്പിക്കും വിധം അറബ് കഫ്തീരിയകളും മന്തി റസ്റ്റോറന്റുകളും കേരളത്തിന്റെ മുക്കിനും മൂലയിലും മലയാളിയെ കൊതിപ്പിച്ചുകൊണ്ട് തലയുയര്‍ത്തി നിന്നു. മന്തി, കബ്‌സ, ബസ്ബൂസ, ബര്‍ഗര്‍, കബാബ്, ഷവര്‍മ, പിസ്സ, ഹരീസ്, ഖുബ്ബൂസ്, നാന്‍ഖുബ്ബുസ്, തൂം തുടങ്ങിയവയെല്ലാം മലയാളിയുടെ തീന്‍ മേശയില്‍ സാധാരണയായി.
ഇത്രയുമൊക്കെ ആമുഖം പറഞ്ഞത് നസിം പുന്നയൂരിന്റെ 'മരൂഭൂമിയിലെ സങ്കീര്‍ത്തനങ്ങള്‍' വായിച്ചപ്പോഴാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ പ്രവാസത്തിന്റെ മധുരിമ അനുഭവിച്ചതുകൊണ്ടായിരിക്കാം 'സങ്കീര്‍ത്തനങ്ങളെ'ക്കുറിച്ച് എഴുതണമെന്ന് തോന്നിയത്. മൂന്നരപതിറ്റാണ്ട് മരുഭൂമിയുടെ വൈവിധ്യങ്ങള്‍ അനുഭവിച്ചു ജീവിച്ച ഒരു എഴുത്തുകാരന്റെ നേര്‍പറച്ചിലുകളാണ് 'മരുക്കാറ്റിലെ സങ്കീര്‍ത്തനങ്ങള്‍'.
മുംബൈ എന്ന ദുബായ് ഗേറ്റില്‍ നിന്നുള്ള കന്നിയാത്ര മുതല്‍ പ്രവാസത്തിന്റെ പരിസമാപ്തി വരെയുള്ള അനുഭവ സാക്ഷ്യങ്ങള്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ വളരെ ലളിതമായി മലയാളിക്ക് സമര്‍പ്പിക്കുകയാണ് 'മരുക്കാറ്റിലെ സങ്കീര്‍ത്തനങ്ങള്‍' എന്ന പ്രവാസപുസ്തകത്തിലൂടെ നസിം.
ഭാര്യയുടെ/ ഉമ്മയുടെ / സഹോദരിയുടെ ആകെയുള്ള ജിമ്ക്കി കമ്മലുപോലും വിറ്റ് ദുബായി ഗേറ്റില്‍ എന്‍.ഒ.സി കാത്തു കിടക്കുന്നവര്‍, കാത്തിരിപ്പിലെ ചതിക്കുഴികള്‍. കാത്തിരുന്ന് കാത്തിരുന്ന് ജീവിതാവസാനം വരെ മുംബൈയില്‍ തെരുവില്‍ കച്ചോടം ചെയ്യേണ്ടിവന്നവര്‍, മാലാഖമാരായ കൂഞ്ഞിമോനിക്കയും കൂഞ്ഞിപ്പക്കിക്കയും, കപ്പല്‍ യാത്ര, സ്‌നേഹവും കാരുണ്യവും വേണ്ടതിലധികം വാരിനിറച്ച ദുബായിലെ മജീദ്ക്ക, മരുഭൂമിയിലെ ആദ്യത്തെ അത്താഴം, മലയാളിയായ പാവം പിടിച്ചുപറിക്കാരന്‍, മലയാളത്തിലെ ക്ലാസിക്ക് കൃതികളെല്ലാം വായിച്ച കുറ്റിപ്പുറത്തുകാരന്‍ ബാര്‍വാല സുലൈമാന്‍ക്ക, സാമൂഹിക പ്രവര്‍ത്തകനായ അഡ്വക്കറ്റ് ഷംസുദ്ദീന്‍, ഉബൈദ് എന്ന അത്ഭുത മനുഷ്യന്‍, മാനുട്ടിയുടെ ജീവിതവും അനിയന്റെ സ്റ്റാറ്റസും, അമ്മയുടെ ശരത്, മാത്യൂസ് അച്ചായന്റേയും റോസിലി ചേച്ചിയുടെ ഹൗസ് ബാര്‍, അറബിയുടെ ഖല്‍ബായ 'ഖല്‍ബാണ് ഫാത്തിമ', ഓണം ബോസ്, പിരിവുകാരന്‍ മൊയ്തീന്‍ കോയ, അക്വാറിയം ശാപ്പിട്ട സുഹൃത്ത്, ജെസ്സിയുടെ കത്തുകള്‍, മനസ്സു തളരാത്ത ഒരാള്‍, ദുബൈയിലെ ശേഖരേട്ടന്റെ തട്ടുകട, വെങ്കിടേശ്വരട്ടര്‍ എന്ന നോമ്പുകാരന്‍, തുരുമ്പെടുത്ത സൈക്കിളും ഇന്നോവ കാറും, ഗുജറാത്തിയുടെ പെട്ടിയിലെ പാസ്‌പോര്‍ട്ട്, കത്തുപെട്ടി, പാവം ലാസര്‍, പട്ടാളക്കാരനായ ശശിയണ്ണന്‍, എലിസബത്തിന്റെ മകള്‍, പാതിരാവിലെ പാട്ടുകാരന്‍, പോളേട്ടന്റെ ടേപ് റിക്കാര്‍ഡര്‍, അന്‍സാദിന്റെ മരണം... തുടങ്ങിയ എത്രയെത്ര കഥകളാണ് അല്ല സംഭവങ്ങളാണ് നസീം പറഞ്ഞുതരുന്നത്.
പലായനത്തിന്റെ ഒറ്റപ്പെടല്‍ അനുഭവിച്ച എഴുത്തുകാരനാണ് നസീം. ആ അസ്വസ്ഥത മരുക്കാറ്റിലെ സങ്കീര്‍ത്തനങ്ങളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്. 'പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട അനേകായിരങ്ങള്‍ക്ക്' സമര്‍പ്പിച്ച ഈ പുസ്തകത്തിലെ ഒരോ അധ്യായങ്ങള്‍ വായിച്ചുതീരുമ്പോഴും ഈ നേര്‍കാഴ്ചകള്‍ ഒരു നോവലായി മാറ്റിയെഴുതാന്‍ എന്തുകൊണ്ട് നസീം ശ്രമിച്ചില്ല എന്ന ഒരു ചിന്ന വേവലാതി എന്നിലുണ്ടായിരുന്നു. കാല്‍പനികമായി കഥ പറയുമ്പോള്‍ റിയലിസം നഷ്ടപ്പെട്ടുപോയാല്‍ പറച്ചിലിന്റെ ശക്തി ക്ഷയിച്ചുപോകുമോ എന്ന ആധി ചിലപ്പോള്‍ നസീമിനെ ഭയപ്പെടുത്തിയിരിക്കാം. എന്നാലും ഈ ചേരുവകള്‍ ചേര്‍ത്ത് മനോഹരമായ ഒരു നോവല്‍ നസീം എഴുതുമെന്ന് തന്നെയാണ് പ്രതീക്ഷ.