ചില അദൃശ്യമായ കാരണത്താല്‍ മനുഷ്യര്‍ക്കിടയിലെ സൗഹൃദങ്ങള്‍ അകന്നകന്നു പോകുമ്പോഴാണ് സ്നേഹത്തിന്റെ കുളിര്‍മ മനസ്സിനും ശരീരത്തിനും പകര്‍ന്നുകൊണ്ട് സൗഹൃദനോമ്പിന്റെ അനുഭവലോകം വിശാലമായിക്കൊണ്ടിരിക്കുന്നത്. ആദ്യം അതൊരു അനുഭവവും പിന്നീട് ആത്മീയ ആനന്ദമായും മനസ്സിന്റെ ആഴങ്ങളിലേക്കാണ്ടിറങ്ങുന്നു. ഇത്തരം ധന്യനിമിഷങ്ങളില്‍ മതത്തിന്റെ ഊഷ്മളത നമുക്കിടയിലെ മതില്‍ക്കെട്ടിനെ മാറ്റിപ്പണിയുന്നുണ്ട്. ഇത് പ്രവാസജീവിതത്തിലെ മറ്റനേകം ഗുണവിശേഷങ്ങളോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ ഈ ഉഷ്ണപ്രതലജീവിതത്തിലെ സൗഭാഗ്യങ്ങളെ നാം നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നു. അത്തരം സുഖം നല്കുന്ന തണലില്‍ നിന്നുകൊണ്ടാണ് സൗഹൃദനോമ്പിന്റെ പ്രവാസപക്ഷ വായന നാം തുടങ്ങുന്നത്. ഇതു നമ്മുടെ പരമ്പരാഗത മതബോധത്തെ നവീകരിക്കുന്നുണ്ട്. പരിശുദ്ധ റമദാന്മാസത്തിലെ വ്രതചിട്ടകള്‍ മനുഷ്യമനസ്സിനെ വിമലീകരിക്കുന്നതുപോലെ.
സൗഹൃദങ്ങള്‍ വളര്‍ന്നുവലുതാകുന്നതും നിലനില്ക്കുന്നതും മനസ്സിന്റെ വലിപ്പം കൊണ്ടും മനോഭാവത്തിലെ പൊരുത്തം കൊണ്ടുമാണ്. ഇത് മതജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെത്തന്നെ. ഇവിടെ ഗള്‍ഫ് ഒരു മതാധിഷ്ഠിത ജീവിതക്രമത്തില്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം പൊരുത്തപ്പെടലിന്റെ വിശാലമായ സാധ്യതകള്‍ ബഹുസ്വര ജീവിതത്തിന് അനുഭവപ്പെടുന്നത്. ഇത്തരമൊരിടത്താണ് സൗഹൃദത്തിന്റെ തുരുത്തുകള്‍ രൂപംകൊള്ളുന്നതും അതില്‍നിന്ന് ജീവിതത്തിന്റെ പുതിയ പുതിയ നന്മ മരങ്ങള്‍ മുളപൊട്ടി വളര്‍ന്നു വലുതാകുന്നതും. ആ വൃക്ഷത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് സൗഹൃദനോമ്പിന്റെ തണുത്ത കടലിലേക്ക് ഒന്നു മുങ്ങിനിവര്‍ന്നു നില്ക്കാന് ശ്രമിക്കുന്നത്.
നോമ്പ് അതിന്റെ ആത്മീയതയില്‍ നൂറു ശതമാനം മതജീവിതത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍, മതേതര ജീവിതത്തില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ ആദ്യം അതൊരു ഭൗതികമായ ചിട്ടയായി തോന്നാം. പിന്നീട് അതു മനസ്സിനും ശരീരത്തിനും സുഖം നല്കുന്ന അനുഭവമായി മാറുന്നു. കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷത്തെ നോമ്പനുഭവത്തില്‍ നിന്ന് എനിക്ക് കിട്ടിയ അറിവാണിത്. എന്നാല്‍, ഇന്നു ഞാന്‍ നോമ്പിനെ അതിന്റെ ചിട്ടയിലനുഭവിക്കുമ്പോള് അതിന്റെ ഭൗതികതയല്ല എന്നെ ആനന്ദം കൊള്ളിക്കുന്നത്. മറിച്ച്, ശരീരത്തിനും അതിലുപരി മനസ്സിനും അതുനല്കുന്ന അനുഭൂതി അനുഭവത്തില്‍ക്കൂടി മാത്രം ബോധ്യപ്പെടുന്നതാണ്. എന്നാല്‍, സൗഹൃദനോമ്പ് അതിന്റെ എല്ലാ തലങ്ങളെയും വിശാലമാക്കുന്നത് രണ്ടായിരത്തിനാലിനു ശേഷം യു.എ.ഇയില്‍ എത്തിയതിനുശേഷമാണ്. മുമ്പ് രണ്ടോ മൂന്നോ നോമ്പുകള്‍ നോറ്റ ഞാന്‍ ദുബായില്‍ ജീവിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഒരുമാസത്തെ മുഴുവന്‍ നോമ്പും ജീവിതത്തിന്റെ ഭാഗമാക്കിയത്.
സൗഹൃദത്തിന്റെ ചങ്ങലകള്‍ പോലും പുതിയ രീതിയിലും നിറത്തിലും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് മതജീവിതത്തിന്റെ ഭാഗമായി നിന്നുകൊണ്ട് മതേതര സൗഹൃദങ്ങള്‍ വളര്‍ന്നുവലുതാകുന്നത് കണ്ണിനും മനസ്സിനും ആനന്ദം നല്കുന്ന കാഴ്ചയാണ്.
നമ്മുടെ വര്‍ത്തമാന ജീവിതത്തില്‍ മതം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്ന ഒന്നായി മാറിത്തീര്‍ന്നിട്ടുണ്ട്. അത് ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായിത്തീര്‍ന്നതാണ്. അത്തരമൊരു ചുറ്റുപാടിലാണ് പവിത്രമായ ഒരു മതാചാരത്തെ ആ മതത്തിന്റെ പുറത്തുനിന്ന് സഹിഷ്ണുതയോടെ നോക്കുകയും പിന്നീട് അതിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നത്. ഇത് ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നത് പ്രവാസികള്‍ക്കിടയിലാണ്. നാട്ടില്‍ മതസ്പര്‍ധ വളരുമ്പോഴും അതേ നാട്ടുകാര്‍ ഗള്‍ഫില്‍ ഒരേമുറിയില്‍ ഒന്നിച്ചു ജീവിക്കുന്നു. ഇതിന്റെ ഒരുഭാഗം തന്നെയായിരിക്കും മുസ്ലിം സഹോദരങ്ങള്‍ വ്രതജീവിതത്തില്‍ കഴിയുന്ന സമയത്ത് കാണിക്കുന്ന സൗഹൃദരീതികള്‍. അത് സാന്നിധ്യംകൊണ്ടോ സഹായംകൊണ്ടോ അല്ല. മറിച്ച്, അതനുഭവിച്ച് തന്നെയാണ് ഈ ഐക്യപ്പെടല്‍. ഇന്നത് സൗഹൃദനോമ്പ് എന്ന വിളിപ്പേരില്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സൗഹൃദനോമ്പിന്റെ പിന്നില്‍ സൗഹൃദം മാത്രമാണോ, അതിലുമപ്പുറമുള്ള ഹൃദയവിശാലതയുണ്ടോ എന്നത് സ്വഭാവികമായി ചിന്തിച്ചുപോകുന്ന കാര്യമാണ്.
ഹൃദയവിശാലത എപ്പോഴും മാനവികതയുടെ രാഷ്ട്രീയത്തെ ബലപ്പെടുത്തികൊണ്ടേയിരിക്കുന്നു. ഓരോ വ്യക്തിയും ഓരോ മതില്‍ക്കെട്ടിനുള്ളില്‍ തന്റേതായ ജീവിതത്തെ പൂരിപ്പിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സ്വന്തം ഹൃദയത്തോടൊപ്പം തന്റെ സമൂഹത്തിന്റെ ഹൃദയവും ചുരുങ്ങാന്‍ തുടങ്ങി. മലയാളികള്‍ ജീവിക്കുന്നിടത്ത് ഈ മനോഭാവം ഇല്ലാത്ത ഒരിടമാണ് ഗള്‍ഫ് പ്രവാസഭൂമിക. ഇവിടെ ഇത്തരമൊരു രീതി രൂപപ്പെടാനുള്ള പ്രധാനകാരണം ഇടപഴകിയുള്ള ജീവിതചുറ്റുപാടുതന്നെയാണ്. നാലു മുസ്ലിം സഹോദരങ്ങളോടൊപ്പം രണ്ടോ മൂന്നോ അമുസ്ലിം സഹോദരങ്ങള്‍ ഒരേ മുറിയില്‍ താമസിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഒരുമതില്ക്കെട്ടും ജനിക്കപ്പെടുന്നില്ല. അതേസമയം അവര്‍ വ്രതജീവിതം നയിക്കുമ്പോള്‍ അവരോട് ഐക്യപ്പെട്ട് ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന എത്രയോ സഹോദരങ്ങളെ ഗള്ഫുജീവിതത്തില് കാണാം. ഇത് ആരുടെയും നിര്‍ബന്ധം കൊണ്ടുണ്ടാകുന്നതല്ല. മറിച്ച് ഹൃദയസൗഹൃദം അവരെ അതിനു പ്രേരിപ്പിക്കുന്നു. ഇവിടെ മതം ഒന്നിനും തടസ്സമാകുന്നില്ല. കാരണം, സൗഹൃദമെന്നത് വെറും സംസാരത്തില്‍ മാത്രമല്ലെന്നും അതിനു മാനസികമായ ഒരു തലംകൂടി ഉണ്ടെന്നും ഇത്തരക്കാര്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നു. ഈ തിരിച്ചറിവ് ഒന്നുകൂടി വിശാലമാകുമ്പോഴാണ് ഇതൊരു ആത്മീയസുഖാനുഭവമായി മാറുന്നത്.
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ എന്റെ സൗഹൃദനോമ്പനുഭവങ്ങള് ഓരോ വര്‍ഷവും വിശാലമാവുകയാണ്. നാട്ടിലെ നോമ്പനുഭവത്തില്‍ നിന്നും ഗള്‍ഫിലെത്തിയപ്പോള്‍ കാതലായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. നാട്ടിലെ ബഹുസ്വരതയില്‍ നിന്നും വ്യത്യസ്തമായി മതാധിഷ്ഠിത ജീവിതത്തിലെ ബഹുസ്വരത തന്നെയാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. ഗള്‍ഫിലെ ധാരാളം നോമ്പുകൂടാരങ്ങളില് ഭാഷയ്ക്കും വേഷത്തിനും മതത്തിനുമതീതമായി ഭക്ഷണത്തിനു മുമ്പില്‍ സംഗമിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍. യു.എ.ഇയുടെ രാഷ്ട്രപിതാവായ ഷെയ്ഖ് റഷീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ പണിത അബുദാബിയിലെ പള്ളിമുറ്റത്തെ ജനസഹസ്രതയുടെ ഇടമായി ഗള്‍ഫ് മാറിത്തീര്‍ന്നിരിക്കുന്നു. ഇതൊരു ഇസ്ലാംമതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മീയജീവിതത്തിന്റെ ഭാഗംതന്നെയാണ്. ആ ആത്മീയ മതജീവിതത്തിന്റെ ഭാഗമാണെങ്കിലും അന്യമതത്തില്പ്പെട്ടവര്ക്കും വ്രതം മനസ്സിനും ശരീരത്തിനും സുഖാനുഭൂതി നല്‍കുന്നുണ്ട്.
വ്രതകാലത്തെ ആത്മീയസുഖാനുഭൂതി എന്നതിനര്‍ഥം മാനസികമായ ഉല്ലാസമല്ല. മറിച്ച്, ഇക്കാലത്തനുഭപ്പെടുന്ന ശാരീരികവും മാനസികവുമായ ശാന്തമായ അനുഭവങ്ങളാണ്. അത് എങ്ങനെയാണ് അനുഭവപ്പെടുന്നത്? നോമ്പിന്റെ തലേന്നാള്‍ വരെ രാവിലെ എഴുന്നേറ്റാലുടനെ ചായ, ഉച്ചയ്ക്ക് ഭക്ഷണം, ഇടക്കിടക്കു വെള്ളംകുടി, പെട്ടെന്ന് ഒരു ദിവസം ഇതൊന്നുമില്ലാതാകുമ്പോള്‍ ശരീരത്തിനുണ്ടാകുന്നത് ക്ഷീണമോ അനുബന്ധ അവസ്ഥകളോ ആയിരിക്കും. എന്നാല്‍, വ്രതകാലത്ത് ഇതിനെ നിഷ്പ്രയാസം അതിജീവിക്കാന്‍ ശരീരത്തിനു കഴിയുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിനു കാരണമായിത്തീരുന്നത് മതബോധംതന്നെയാണ്. എന്നാല്‍, മതത്തിനപ്പുറമുള്ള ഒരാള്‍ക്ക് അതു സാധ്യമാകുന്നുണ്ടെങ്കില്‍ അതിന്റെ ആദ്യകാരണം അയാള്‍ മാനസികമായ ആ മതചിട്ടയോട് ഐക്യപ്പെടാന്‍ തയ്യാറാകുന്നു എന്നതാണ്. ഗള്‍ഫ്ജീവിതത്തില്‍ ഈ ഐക്യപ്പെടല്‍ സൗഹൃദത്തിന്റെ കുളിര്‍മയിലാണ് പൊട്ടിമുളയ്ക്കുന്നത്. അവിടെ അയാള്‍ തന്റെ മനസ്സിനെക്കൊണ്ട് ശരീരത്തെ അനുസ്മരിപ്പിക്കുന്നു. ഇത് ഒരാളിന്റെ ഉള്ളനുഭവത്തില് സാധ്യമാകുന്നുണ്ടെങ്കില്‍ അയാള്‍ക്ക് മതവും മാനവികതയും നൈതികജീവിതത്തിന്റെ ഭാഗംതന്നെയായിരിക്കും. അത്തരം നൈതികത മതത്തിന്റെ തന്നെ ഭാഗമാകുമ്പോള്‍ നമുക്കിടയിലെ മതില്‍ക്കെട്ടുകള്‍ താനേ തകര്‍ന്നുപോകും. അതായത്, മതമാണ് എല്ലാത്തിനും പ്രശ്നമെന്നു പറയുമ്പോള്‍ മതംതന്നെ പ്രശ്നപരിഹാരമായി മാറുന്ന കാഴ്ച. സൗഹൃദനോമ്പിനെ ഈ അര്‍ഥത്തിലും വിലയിരുത്തേണ്ടതാണ്. അതു സാധ്യമാകുമ്പോഴാണ് ദൈനംദിന ജീവിതത്തില്‍ ഹൃദയവിശാലത വളര്‍ന്നുവലുതാകുന്നത് - പ്രത്യേകിച്ച്, ഗള്‍ഫുമലയാളിയുടെ ജീവിതത്തില്‍.
പ്രവാസജീവിതം മലയാളിയെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു പാഠശാല തന്നെയാണ്. അവിടെ അവന് നാട്ടിലത്തെ ജീവിതത്തിനുമപ്പുറമുള്ള മറ്റൊരു ജീവിതത്തെ പഠിക്കുന്നു. അവിടെ രാഷ്ട്രീയമുണ്ട്, ജാതിയുണ്ട്, മതമുണ്ട്. എന്നാല്‍, ഇതിനെയൊക്കെ കൂടെ കൊണ്ടുനടക്കുമ്പോഴും അതിനുമപ്പുറമുള്ള ഇടപെടലിന്റെ ഒരു ന്യൂനതാ രീതിശാസ്ത്രം പ്രായോഗികജീവിതത്തെ നമ്പന്നമാക്കുന്നുണ്ട്. അതാണ് പരസ്പരം ഹൃദയം തൊട്ടുനില്ക്കാന് ഞങ്ങളെ സഹായിക്കുന്നത്. ആ ഹൃദയസ്പര്‍ശമാണ് മതത്തിനും രാഷ്ട്രീയത്തിനും രാജ്യത്തിനുമപ്പുറമുള്ള ഒരിടമായി പ്രവാസഭൂമിക മാറാന്‍ കാരണം. അതിന്റെ ആന്തരികഫലം സൗഹൃദമാണ്. ആ സൗഹൃദം ഒന്നുകൂടി ക്രിയാത്മകമാകുമ്പോള്‍ ജീവിതം ആനന്ദപ്രദമായിത്തീരുന്നു. അങ്ങനെ സൗഹൃദനോമ്പിന്റെ അകംപൊരുള്‍ മനസ്സിനും ശരീരത്തിനും ആത്മീയാനുഭൂതി പകര്‍ന്നുകൊണ്ടേയിരിക്കും.