ആച്ചുട്ടിത്താളം 9
കാലത്തിന്റെ ചില്ലകള്‍ തളിര്‍ത്തു പൂത്തു. പിന്നെ തണുപ്പിന്റെ ശിശിരത്തില്‍ അത് ഇലപൊഴിച്ച് എല്ലിച്ചു നിന്നു.
പൊറത്തക്കുളം ചണ്ടികള്‍കൊണ്ട് മൂടി. അതിനപ്പുറത്തെ വല്യകൊളത്തില്‍ ഇലകള്‍ വീണ് ചളി നിറഞ്ഞ്, ഇത്തിരി വെള്ളത്തില്‍ പരല്‍മീനുകള്‍ ഓടിക്കളിച്ചു. കുളം തേവാന്‍ ആരും മെനക്കെട്ടില്ല. എല്ലാവര്‍ക്കും കിണറും കുളിമുറിയുമായി. പണിക്കാരും കുളിമുറിയിലെ ഇടുക്കിനെ വെറുത്ത വീട്ടിലെ ചില മുതിര്‍ന്ന പെണ്ണുങ്ങളും കുയ്ക്കലെ കൊളത്തിലേക്ക് കുളിക്കാന്‍ വരും. പൊറത്തക്കുളത്തിലെ ചണ്ടി ഒഴിവുള്ള ഇത്തിരി സ്ഥലത്ത് ആരെങ്കിലുമൊക്കെ വല്ലപ്പോഴും കുളിച്ചു. ഒരു മഴക്കാലവും, പൊറത്തക്കണ്ടവും കുളവും ഒന്നിച്ച് നിറച്ചില്ല. നെല്ലുകള്‍ വിളഞ്ഞ കണ്ടങ്ങളില്‍ കപ്പയും വാഴയും ആധിപത്യമുറപ്പിച്ചു. ഒറ്റ വിളമാത്രം നെല്ലാക്കി എല്ലാവരും ആ പതിവ് തുടര്‍ന്നു.
സൈനമ്മായി കവുങ്ങുകള്‍ക്കിടയിലെ പനന്തണ്ടിലെ ഇരുത്തം മതിയാക്കി. കൂട്ടക്കാരുടെ കൂടെ അവരെ ചീത്ത പറഞ്ഞും ചെവി പതുക്കെയായതിനാല്‍ ഉറക്കെ സംസാരിച്ചും അവരുടെ ദിനരാത്രങ്ങള്‍ കഴിഞ്ഞു. ആകാശത്തിന്റെ വാതില്‍ തുറക്കുന്ന പാട്ട് അവര്‍ മറന്നു.
യതീംഖനയില്‍ ചായക്ക് ബ്രഡ് കടിയായെത്തി. ഓട്ടവീണ പിച്ചളപാത്രങ്ങള്‍ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വഴിമാറി. പെണ്‍കുട്ടികളുടെ ഭാഗത്ത് പത്രങ്ങള്‍ വരാന്‍ തുടങ്ങി. പാര്‍ട്ടിപ്പണിയില്‍ നിന്ന് പച്ചക്കറി നുറുക്കല്‍ കുട്ടികള്‍ ചെയ്യണ്ട എന്ന അവസ്ഥ വന്നു. ബോഗന്‍വില്ലയുടെ മുള്‍ക്കൂട്ടങ്ങള്‍ക്കിടയിലെ ഇരിപ്പിടത്തില്‍ എന്റെ ഇരിപ്പിന്റെ നീളം കൂടി. മജീദ് സാര്‍ പുസ്തകങ്ങള്‍ എത്തിക്കാന്‍ തുടങ്ങിയത് അനുഗ്രഹമായി.
പുതിയതായി വന്ന വാര്‍ഡന്‍ ഫാത്തിമ ടീച്ചര്‍ അഫ്ദലുല്‍ ഉലമ കഴിഞ്ഞതാണ്. കൂട്ടുകാരിയെപ്പോലെ അവര്‍ അടുപ്പം കാണിച്ചു. സബുട്ടി ഏഴിലെത്തി. തുണികള്‍ അലക്കാന്‍ തരുന്ന പതിവ് അവന്‍ നിര്‍ത്തി. ''ഇനി ഞാന്‍ ചെയ്‌തോളാം ഇത്താത്താ...'' നിര്‍ബന്ധിച്ചില്ല. കൂടുതല്‍ കാലം എന്തായാലും തുടരാന്‍ പറ്റില്ല. കിട്ടുന്ന പുസ്തകങ്ങള്‍ അവനും കൊടുത്തു വായിക്കാന്‍.
പത്താം ക്ലാസിന്റെ വേവലാതികള്‍ അപ്പോള്‍ മനസ്സില്‍ നിറയാന്‍ തുടങ്ങിയിരുന്നു എനിക്ക്. പാഠപുസ്തകങ്ങളുടെ ലോകത്തു നിന്നും മനസ്സ് വേര്‍പെട്ടതാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹസ്സന്‍ മോയിന്‍മാഷ് അമ്പതില്‍ അമ്പത് എന്ന് വടിവൊത്ത അക്കത്തില്‍ എഴുതി തന്നത് പിന്നെ ഒരിക്കലും ഉണ്ടായിട്ടില്ല. വെള്ളമൊഴിക്കാതെ ഉണങ്ങിയ ചെടിപോലെ ഞാന്‍. ആരും അറിഞ്ഞില്ല. ഉമ്മയുടെ അധ്വാനത്തിന്റെ നെടുവീര്‍പ്പുകളില്‍ കത്തിനിന്നത് ഞങ്ങളുടെ വയറുകള്‍ മാത്രം. പിന്നെയെപ്പോഴോ കിട്ടിയ മാര്‍ക്കില്‍ അമ്പതിന്റെ പടിയിറക്കങ്ങള്‍ ഒറ്റസംഖ്യയില്‍ മാത്രം ഒതുങ്ങിയപ്പോഴും ആരും കണ്ടില്ല. ഞാനെന്ന പാഴ്‌ച്ചെടി ഈ ഭൂമിയില്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒരുപോലെ. ഇല്ലാതായാല്‍ നല്ല ഒന്ന് മുളച്ചു വരുമായിരിക്കണം. അതുകൊണ്ടു തന്നെ പഠനമെന്നത് എന്റെ കാര്യം അജണ്ട ആയിരുന്നില്ല. ഉയരം മറ്റു കുട്ടികളെക്കാള്‍ കുറച്ച് കൂടുതലുള്ളതു കൊണ്ട് എപ്പോഴും പിന്‍ ബെഞ്ചിലായിരുന്നു ഇരുത്തം. മുന്‍ബെഞ്ചിലെ കുട്ടികള്‍ എപ്പോഴും ഞങ്ങളുടെ നാട്ടിലെ പ്രമാണിമാരുടെ കുട്ടികളായിരുന്നു. ടീച്ചര്‍മാരുടെയും, ഡോക്ടര്‍മാരുടെയും വലിയ മുതലാളിമാരുടെയും കുട്ടികള്‍. അവര്‍ക്കു വേണ്ടി അധ്യാപകര്‍ ക്ലാസില്‍ വന്നു. ബോര്‍ഡില്‍ നിന്ന് കണക്കെഴുതിയെടുക്കും മുമ്പ് അവര്‍ അത് ചെയ്ത് മാഷുടെ മുമ്പിലെത്തിയിട്ടുണ്ടാവും. അതോടെ മാഷ് അടുത്ത കണക്കിന്റെ ഒരിക്കലും ഞങ്ങള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുടെ നൂലാമാലകളിലേക്ക് കടക്കും. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എന്റെ ഓരേയൊരു നോട്ടുബുക്കില്‍ തലങ്ങും വിലങ്ങും കിടന്നു. ഉപ്പുമാവ് കൊടുക്കുന്ന നേരത്ത് സ്‌കൂള്‍ തൊടിയിലെ പൊടുവണ്ണിയില പൊട്ടിച്ച് കുമ്പിളാക്കി അത് വാങ്ങി വീട്ടിലേക്കോടി. സ്‌കൂളിന്റെ വഴിയരികില്‍ നില്‍ക്കുന്ന പൂവ്വത്തിച്ചോട്ടില്‍ പഴുത്ത കായ വീണതു തെരഞ്ഞ് ഒഴിവു സമയങ്ങള്‍ ഞാന്‍ പോക്കി. പൂവത്തിയുടെ ചോട്ടില്‍ ചുവപ്പും കറുപ്പും കലര്‍ന്ന പൂവ്വത്തിക്കൊറ്റന്‍മാര്‍ അരിച്ചു നടക്കുന്നത് നോക്കി നിന്നു.
ഉമ്മയുടെ മുഖം അസ്വസ്ഥതയായി അപ്പോഴൊക്കെ എന്നെ അലട്ടുന്നുണ്ടായിരുന്നു. പഠനമല്ലാതെ വേറെ വഴിയില്ല എന്നറിഞ്ഞപ്പോഴേക്കും എനിക്കൊന്നുമറിയാത്ത ഒരു പരുവത്തില്‍ ഞാന്‍ എത്തിയിരുന്നു.
യതീംഖാനയിലെത്തുമ്പോള്‍ എട്ടാം ക്ലാസുകാരിക്ക് ഗുണിക്കാനും ഹരിക്കാനും അറിയില്ല. എല്ലാ വിഷയത്തിലും തോറ്റ് കണക്കില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങുന്ന ഉമ്മുല്‍ ഫളീലയെ ഗുരുവാക്കി നോക്കി. അവള്‍ ക്ഷമ നശിച്ച് ഉറക്കെ ചിരിക്കാന്‍ തുടങ്ങി. എല്ലാ വിഷയങ്ങളും തലകുത്തി മറിഞ്ഞ് ഞാന്‍ നോക്കി. കണക്ക് ദൂരെ ദൂരെ എന്നെ നോക്കി കൊഞ്ഞനം കുത്തി.
പത്താംക്ലാസ് ഓണപ്പരീക്ഷ കഴിഞ്ഞ് പ്രോഗ്രസ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ മാനേജരുടെ അടുത്ത് ചെല്ലുമ്പോള്‍ അദ്ദേഹം പുറത്തുപോയിരിക്കുന്നു. ''മേശപ്പുറത്ത് വെച്ച് പൊയ്‌ക്കോളിം. വന്നിട്ട് വിളിപ്പിക്കാം.'' പ്യൂണിന്റെ വാക്കില്‍ എല്ലാവരും പോന്നു. വൈകുന്നേരം ഒപ്പിട്ട റിപ്പോര്‍ട്ട് കൈയ്യില്‍ തരുമ്പോള്‍ പതിവു ചോദ്യങ്ങളില്ല. തിരക്കിട്ടെവിടെയോ പോകാന്‍ നില്‍ക്കുകയാണ്.
എല്ലാവരുടെയും പിറകെ ഗ്രൗണ്ടിലെ കുട്ടികളെയും ശ്രദ്ധിച്ചു നടന്നു. സബുട്ടി ഓടിക്കിതച്ച് മുന്നില്‍ നിന്നു. പന്തുകളിച്ച് വിയര്‍ത്ത മുഖം.
''ഇത്താത്ത മാര്‍ക്ക് എങ്ങനെ?''
ഒന്നും മിണ്ടിയില്ല. അവന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടിയ ഉടനെ കാണിച്ചു തന്നതാണ്. എല്ലാറ്റിനും ക്ലാസില്‍ ഒന്നാമന്‍ അവന്‍.
''പോയികളിച്ചോ സബുട്ടി...ഇത്താത്തക്ക് നല്ല സുഖല്ല''
അവന്റെ മുഖത്ത് പരിഭ്രമം
''എന്താ പറ്റ്യെ?''
''ഒന്നൂല്ല സബുട്ടി....തലവേദന്യാ''
എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു. പതുക്കെ നടന്നു. മനസ്സ് എന്തോ ശരിയല്ലെന്നു തോന്നി.
''കലാകാരിക്ക് പത്താംക്ലാസ് കഴിഞ്ഞാ പിന്നെ ഇങ്ങനെ സ്വപ്നം കണ്ട് വീട്ടില്‍ തന്നെ ഇരിക്കാം.'' ഒന്നും മനസ്സിലാവാതെ മജിദ് സാറെ മിഴിച്ചു നോക്കി. മാജിക്കുപോലെ എവിടുന്നാണാവോ പ്രത്യക്ഷപ്പെട്ടത്.
''ഈ മാര്‍ക്കും വെച്ച്, അദ്ദേഹം കോളേജ് ഗെയ്റ്റിനു നേരെ വിരല്‍ചൂണ്ടി. ''ആ കോളേജിലേക്ക് കടക്കാന്‍ പറ്റില്ല.'' ഓഫീസിന്റെ മേശപ്പുറത്തു നിന്ന് കണ്ടതാവാം പ്രോഗ്രസ് കാര്‍ഡ്.
മുഖത്ത് പരിഹാസമല്ല. ദേഷ്യം, സങ്കടം ഒന്നും മിണ്ടിയില്ല. കാര്യായിട്ട് ശ്രമിച്ചില്ല എന്നതു നേരുതന്നെ. പക്ഷെ ഇവര്‍ക്കൊന്നും എന്തുകൊണ്ടാണ് എന്നെ മനസ്സിലാവാത്തത് എന്ന സങ്കടം കണ്ണു നിറച്ചു.
''ഇനി ലൈബ്രറി പുസ്തകം ന്ന് പറഞ്ഞ് എന്റടുത്ത് വരണ്ട''
മുഖം താഴ്ന്നു. കണ്ണു നിറയുന്നത് കാണാതിരിക്കാന്‍ ധൃതിയില്‍ നടന്നു. റൂമിലെത്തിയിട്ടും കിതപ്പ് മാറിയില്ല. കത്തുകയാണ് മനസ്സും തലയും ശരീരം മുഴുവനും.
അദ്ദേഹം പറഞ്ഞതുതന്നെയാണ് ശരി. വീട്ടിലെങ്ങാനും ഇരിക്കേണ്ടി വന്നാല്‍......ഉമ്മയുടെ കൈയിലെ തഴമ്പ് വളര്‍ന്ന് പഴുത്തുപൊട്ടി ചലമിറ്റി. പാത്തുട്ട്യേ ഇത് പോകൂലട്ടൊ. മറ്റീറ്റങള് ചേലും ചൊറുക്കും ണ്ടേയിനി. തലപുകയുകയാണ്. പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുന്ന തീഗോളം. കണ്ണുകളടച്ച് നിലത്ത് അമര്‍ന്നു കിടന്നു.
മുമ്പില്‍ നെല്ലുകുത്തി വിയര്‍ത്തൊലിച്ച് മുഷിഞ്ഞ തുണിയുടുത്ത് ഉമ്മ. പിന്നെ കിതപ്പോടെ പാടത്തെ ചേറിലേക്ക് നട്ടുച്ച വെയിലില്‍ പായുന്ന ഉമ്മ. വല്യമ്മായിയുടെ നെഞ്ചിന്‍കൂട്ടില്‍ നിന്ന് ശ്വാസത്തിന്റെ വികൃതമായ ശബ്ദം. ചെറ്യമ്മായിയുടെ തലനുള്ളി വലിച്ച കൈകളില്‍ പേനല്ല വൃത്തികെട്ട ഏതോ ജന്തുക്കള്‍. ആച്ചുട്ടിയുടെ വികൃതമായ ചിരി. എന്നെക്കാണുമ്പോള്‍ അട്ടഹാസമായി മാറുന്നു. ''എവട്യേ... ഇന്റെ കാച്ചിത്തുണി. അയ്‌ന് അനക്കെന്ത് ജോല്യേ കിട്ടീത്....''? ആച്ചുട്ടിയുടെ ചിരി കല്ലുമല പിളര്‍ന്ന് ഭൂമിയുടെ അറ്റത്തേക്ക് പിന്നെ പതിയെ പതിയെ നേര്‍ത്ത അന്ധകാരത്തിലേക്ക്, എന്റെ ശരീരം ഊര്‍ന്നിറങ്ങി.
ഉണരുമ്പോള്‍ ആരുമില്ല. എല്ലാവരും മഗ്‌രിബിന് പള്ളിയില്‍ പോയിരുന്നു. വുദു എടുക്കാന്‍ എണീക്കുമ്പോള്‍ തലക്ക് വല്ലാത്ത ഭാരം. സുജൂദിന്റെ അടക്കത്തില്‍ മനസ്സ് പിടിവിട്ടു. അര്‍ശിന്റെ വാതിലില്‍ അത് മുട്ടിവിളിച്ച് കരഞ്ഞു.
ഡൈനിങ് ഹാളില്‍ വായിക്കാനിരിക്കുമ്പോള്‍ കണക്കിന്റെ പുസ്തകം ആദ്യമെടുത്തു. ''കണക്കൊന്ന് മുറുക്കിപിടിച്ചോട്ടെ ബാക്കി വിഷയങ്ങള്‍ കടന്നു കിട്ടും. ഇത് വിട്ടാപോയി.'' രാംദാസ് സര്‍ പതുക്കെ വന്ന് പറഞ്ഞത് ഓര്‍മ വന്നു.
തോല്‍ക്കാന്‍ വയ്യ. ജീവനുണ്ടെങ്കില്‍ ജയിച്ചേ പറ്റൂ. മനസും ശരീരവും ഏകാഗ്രമാക്കി. വെട്ടിയും തിരുത്തിയും കടലാസുകള്‍ മറിഞ്ഞു. ലോകം മറന്നു. ചുറ്റുപാടുകള്‍ അകന്നു. ഇടയിലെപ്പോഴോ പിറകില്‍ ഒരു സാന്നിധ്യം. മുഖമുയര്‍ത്തിയില്ല. ചെയ്തതു മുഴുവന്‍ തെറ്റായിരിക്കും. മറച്ചുപിടിച്ചുമില്ല. കനത്ത നിശ്ശബ്ദത കണ്ടാലറിയാം മജീദ് സാറാണെന്ന്. തൊട്ടുമുമ്പില്‍ ഉമ്മുല്‍ ഫളീല ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. എന്നിട്ടും മുഖമുയര്‍ത്തിയില്ല. പതുക്കെ അകന്നു പോകുന്ന കാലടികള്‍.
സമയം ഒരുപാടായിട്ടും ഹാളിലെ നിശ്ശബ്ദതക്ക് മാറ്റമില്ല. ആണുങ്ങളുടെ ഭാഗത്തു നിന്നും ആരെങ്കിലും വരുമ്പോഴാണീ മൗനം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡൈനിങ്ഹാളില്‍ പെണ്‍കുട്ടികളാണ് വായിക്കാനിരിക്കുക.
ഉമ്മുല്‍ ഫളീല പതുക്കെ തോണ്ടി. കൈമുദ്ര കാണിച്ചു. ''എന്താകാര്യം''? അറിയില്ലെന്നു തലയാട്ടി. കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടമില്ലെന്ന് മനസ്സിലാക്കി അവള്‍ നിര്‍ത്തി.
എല്ലാവരും കിടന്നിട്ടും കിടക്കാന്‍ തോന്നിയില്ല. എല്ലാവരും ഒരു പ്രാവശ്യം പഠിക്കുമ്പോള്‍ ഞാന്‍ പത്ത് പ്രാവശ്യം പഠിക്കണം. എന്നാലേ രക്ഷയുള്ളൂ. കോയാക്കയുടെ ലോംഗ്‌ബെല്‍ എപ്പോഴോ മുഴങ്ങി. കിടക്കാനുള്ളതാണ്. ഇനി റൂമില്‍ ലൈറ്റ് പാടില്ലെന്നാണ് നിയമം.
കാലത്തിന്റെ ചില്ലകള്‍ ഇലകള്‍ പൊഴിച്ചുകൊണ്ടിരുന്നു. എന്റേതായ ലോകത്തേക്ക് ഞാന്‍ ചുരുങ്ങിയിട്ട് എത്ര ദിവസമായെന്നറിയില്ല. റംലയും, ഉമ്മുല്‍ ഫളീലയും, സുദുട്ടിയുമൊക്കെ വെറും നിഴലുകള്‍ പോലെ. ലൈബ്രറിയില്‍ നിന്നും കൊണ്ടുവന്ന പുസ്തകങ്ങള്‍ മറിച്ചേടത്ത് നിന്നും പിന്നെ അനങ്ങിയിട്ടില്ല. അവ കൈയിലെടുത്ത് മുറ്റത്തേക്കിറങ്ങി. അഞ്ചുമണിയായാല്‍ മജീദ് സാര്‍ ചിലപ്പോഴൊക്കെ അടുക്കള വരെ വരാറുണ്ട്. പുസ്തകം തിരിച്ചേല്‍പിക്കണം. ചിന്തകളില്‍ നിന്നുണര്‍ത്തിയത് ചടുലമായ ആ നടത്തം തന്നെയാണ്. മുറ്റത്തുനിന്ന് വരാന്തയിലേക്ക് പുസ്തകം നീട്ടി.
''വായിച്ചോ?''
''ഇല്ല''
''വായിച്ചിട്ടു മതി''
''വേണ്ട''
''വേറെ പുസ്തകം വേണോ''
''വേണ്ട''
''ഈ മാസം പതിനഞ്ചിനാ സംസ്ഥാന മത്സരം. ഒരുങ്ങ്ണില്ലേ?''
''ഇല്ല''
അദ്ദേഹത്തിന്റെ മുഖം കടുത്തു.
''എത്രയോ കുട്ടികള്‍ കൊതിക്കുന്നു ഇങ്ങനെയൊരു ചാന്‍സ്. നീയും സ്വബാഹും അശ്‌റഫും. എന്റെ പ്രതീക്ഷ മുഴുവനും നിങ്ങളിലാണ്.''
''ഇന്‍ക്ക് വയ്യ''
''ആരോടാ നിന്റെ വാശി എന്നോടാണോ?''
''അല്ല ഇന്നോട് തന്നെ''
തിരിഞ്ഞു നടന്നു. മജീദ് സാര്‍ എപ്പൊ പോയി എന്നു നോക്കിയില്ല. പ്രസംഗമത്സരത്തില്‍ സബ്ജില്ലയും, ജില്ലയും ഫസ്റ്റ് ''എ ഗ്രേഡ്''വാങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മജീദ് സാറാണ്. പിന്നെ ഫാത്തിമ ടീച്ചറും.
ഒന്നിനും ഒരു മൂഡും തോന്നിയില്ല. ഗെയ്റ്റ് പിടിച്ച് നിന്നപ്പോള്‍ സബുട്ടിയെ കാണണമെന്നു തോന്നി. മഗ്‌രിബ് ബാങ്ക് കൊടുക്കാറായിരിക്കുന്നു. പള്ളിയിലേക്കു പോകാന്‍ വളരെ കുറച്ച് സമയം മാത്രം. ഗെയ്റ്റിനപ്പുറത്ത് ഇബ്രാഹീം പോണതു കണ്ടു.
''സ്വബാഹിനെ ഒന്നു വിളിക്ക്''
അവന്‍ കുതിരവണ്ടിയെപ്പോലെ പാഞ്ഞു. ഇടക്ക് മുക്രയിടുകയും വലിയ ശബ്ദങ്ങളുണ്ടാക്കുകയും ചെയ്തു.
''സബുട്ടി കളിക്കാന്‍ പോയില്ലേ?''
''ഇല്ല''
''ഇത്താത്ത മത്സരത്തില്‍ പങ്കെടുക്ക്ണില്ലെ?'' അതുശരി. ഇത്രയെളുപ്പം ഇവനിതറിഞ്ഞോ. മജീദ് സാറിന് എന്നിലേക്കുള്ള വഴി നന്നായറിയാമെന്ന് ചിരിപൊട്ടി.
''ഇല്ല ടാ......എനിക്ക് വയ്യ''
''ഞാനൂല്ല.''
അവന്റെ മുഖത്ത് ചിരിയില്ല. ഇത്താത്താന്നും പറഞ്ഞ് കുസൃതിച്ചിരി ചിരിക്കുന്ന സബുട്ടിയല്ലിത്. ഇപ്പൊ കുറച്ച് കാലമായി അവന്റെ പെരുമാറ്റം ഇങ്ങനെയാണ്. ഞാനിളകുമെന്ന് അവനറിയാം. ഒരു നല്ല കാര്യത്തിനും ഞാനെതിരു നില്‍ക്കില്ലെന്ന അവന്റെ ഉറപ്പ്.
''സബുട്ടി കളിവിട്ടൊ. നന്നായി പഠിച്ചോ പോയിട്ട്.''
''ഇല്ലെന്നു പറഞ്ഞില്ലേ''
''നീ ഫസ്റ്റ് വാങ്ങ്ണതാണ് എന്റെ സ്വപ്നം. എന്നിട്ട് നീയിപ്പൊ''
''എനിക്ക് തിരിച്ചാണ്ത്താത്താ''
ഇരുത്തം വന്ന മുഖം. ബക്കറ്റും പിടിച്ച് കരഞ്ഞ സബുട്ടി മാറിയിരിക്കുന്നു. അവന്റെ പന്ത്രണ്ടു വയസ്സിനെക്കാള്‍ മൂത്തതാണ് അവന്‍ എന്നുതോന്നി.
കണ്ണിലേക്കു തന്നെ നോക്കി നില്‍ക്കുകയാണവന്‍. ഒരു കൂസലുമില്ല. മുഖം കുനിഞ്ഞിട്ടില്ല. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും എന്ന് അവന്റെ മൗനത്തിന്റെ താക്കീത്.
തിരിച്ചു പോന്നു. തോല്‍വിയുടെ സുഖം. അവനാണത് കാണിച്ചു തന്നത്. ഓര്‍ത്തപ്പോള്‍ ഇപ്പോഴും എനിക്ക് സുഖം തോന്നുന്നുണ്ട്. സ്‌നേഹത്തിനു മുമ്പിലെ തോല്‍വി. മുടി നരച്ച് താങ്ങുകള്‍ നഷ്ടപ്പെട്ട് തണുത്ത പുലരി വെയിലിന്റെ കനപ്പിലേക്ക് മാറിയിട്ടും ഞാനീ ഇരുത്തം ഇരിക്കുകയാണ്.
ജീവിതത്തിന്റെ പിന്നിട്ട വഴികളോട് എനിക്കിപ്പോള്‍ വല്ലാത്ത ഇഷ്ടം തോന്നുന്നു. വേദനകളോട്, നഷ്ടങ്ങളോട്, എല്ലാറ്റിനോടും വല്ലാത്ത ഇഷ്ടം. പുറത്തേക്കു കണ്ണുകള്‍ പാറിവീണു. ഒറ്റ ജാലകത്തിനപ്പുറത്ത് രാവിലെ, മൂടിയ മഞ്ഞില്‍ ഒരു കുഞ്ഞു പക്ഷി ഒറ്റക്കിരിക്കുന്നത് കണ്ടിരുന്നു. ആരെയോ കാത്ത് കണ്ണടച്ച് അതങ്ങനെയിരിക്കുമ്പോള്‍ അത് മരിച്ചുപോയോ എന്ന് തോന്നിയിരുന്നു. പക്ഷെ അതിനെയിപ്പോള്‍ കാണാനില്ല. കാത്തിരിപ്പുകള്‍ അവസാനിക്കുന്നുണ്ടോ?. വെയിലിന്റെ ചൂട് മുറിയിലേക്കെത്തുന്നുണ്ട് ഇപ്പോള്‍. നല്ല വിശപ്പ് തോന്നുന്നു. സമയം എത്രയായികാണും?. എന്നിട്ടും എണീക്കാന്‍ തോന്നിയില്ല. ചുണ്ടില്‍ ഒരു മൂളിപ്പാട്ട് വിരുന്നെത്തി.