എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ ഖുത്വുബകളില്‍ പ്രസംഗകന്‍
എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ ഖുത്വുബകളില്‍ പ്രസംഗകന്‍ വിശ്വാസികളോട് തഖ്‌വ (ഭക്തി)യുള്ളവരാകാന്‍ ആവശ്യപ്പെടുന്നു. വിശുദ്ധഖുര്‍ആന്‍ വിശ്വാസികളോട് അതുതന്നെ കല്‍പിക്കുന്നു. ജീവിത വിജയം തഖ്‌വയുള്ളവര്‍ക്കുമാത്രമാണെന്ന് തറപ്പിച്ചുപറയുന്നു. എന്നിട്ടും തഖ്‌വ ഏതെന്ന് തിരിച്ചറിയുന്നവരില്‍ ഏറെപ്പേര്‍ക്കും ഗുരുതരമായ വീഴ്ചസംഭവിക്കുന്നു. പലരുടെയും കാഴ്ചപ്പാടില്‍ തഖ്‌വയെന്നാല്‍ ചില ആരാധനാനുഷ്ഠാനങ്ങളാണ്. ബാഹ്യമായ ചടങ്ങുകളും ചിഹ്നങ്ങളുമാണ്.
നമ്മുടെ സമൂഹത്തില്‍ ആരാണ് നല്ല മുത്തഖി (തഖ്‌വയുള്ളവന്‍) ?. നിര്‍ബന്ധ നമസ്‌കാരത്തോടൊപ്പം ഐഛികമായ നമസ്‌കാരം ധാരാളമായി നിര്‍വഹിക്കുന്നവര്‍?
മുഴുവന്‍ സുന്നത്ത് നോമ്പുകളുമെടുക്കുന്നവര്‍?
നിരന്തരം പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ചൊല്ലുന്നവര്‍?
പ്രത്യേകമായ ശരീരഭാഷയും വേഷവും സ്വീകരിച്ചവര്‍; നെറ്റിയില്‍ വിശാലമായ നമസ്‌കാരത്തഴമ്പുള്ളവര്‍?
ഇതൊക്കെയും നല്ല കാര്യങ്ങള്‍തന്നെ, ഏവരും നടപ്പാക്കേണ്ടതും. എന്നാല്‍ ഇതൊന്നുമല്ല തഖ്‌വ, മറിച്ച് തഖ്‌വ നേടാനുള്ള മാര്‍ഗങ്ങളാണ്. മാര്‍ഗത്തെ ലക്ഷ്യമായി തെറ്റിദ്ധരിച്ചിരിക്കുന്നു.
അല്ലാഹു തന്നെ സദാ കാണുന്നു, എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു, അവന്‍ ദൂരെയെങ്ങോ അല്ല, തന്നോടൊപ്പം തന്നെയുണ്ട്, അവന്റെ വിധിവിലക്കുകള്‍ പാലിക്കാത്ത ഒരുനിമിഷം പോലുമുണ്ടാകരുത്, അത് പരിഗണിക്കാതെ ഒന്നും പറയരുത്, പ്രവര്‍ത്തിക്കരുത് എന്ന വിശ്വാസവും ബോധവും ശ്രദ്ധയുമാണ് തഖ്‌വ.
തഖ്‌വക്ക് വിദ്യാഭ്യാസവുമായി വലിയ ബന്ധമൊന്നുമില്ല. തഖ്‌വയില്ലാത്ത പണ്ഡിതന്മരുണ്ടാകും, പാണ്ഡിത്യമില്ലാത്ത തഖ്‌വയുള്ളവരും. കഴിഞ്ഞ പതിനാലിലേറെ നൂറ്റാണ്ടു കാലമായി നിരവധി തലമുറകളിലെ എണ്ണമറ്റ ജനകോടികള്‍ക്ക് വിശുദ്ധജീവിതത്തിന് വഴിയൊരുക്കിയ ഒരിടയബാലനുണ്ട്. അവന്റെ ജീവിത കഥ കേള്‍ക്കാത്ത വിശ്വാസികള്‍ വിരളമായിരിക്കും. അവന്‍ തഖ്‌വയുടെയും ഇഹ്‌സാന്റെയും പൂര്‍ണതയിലായിരുന്നു. അതിനാല്‍ ആ ഇടയബാലന്‍ ചരിത്രത്തിലെ പ്രകാശഗോപുരമായി മാറി. അതില്‍ നിന്ന് പ്രസരിച്ച പ്രഭ ജനകോടികള്‍ക്ക് വഴിവെളിച്ചമേകി. നന്മനിറഞ്ഞ ജീവിതത്തിന് പ്രചോദനമേകി. ധാരാളം ആടുകളെ മേച്ചുകൊണ്ടിരുന്ന ആ ഇടയ ബാലനോട് അരികിലൂടെ നടന്നുപോയ ആള്‍ ചോദിച്ചു. മോനെ, ഈ ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരാടിനെ തരുമോ? ഞാന്‍ നല്ല വില തരാം, യജമാനനറിയില്ല. ചെന്നായ പിടിച്ചതാണെന്ന് പറഞ്ഞാല്‍ മതി.
''ശരിയാണ്. ഞാന്‍ ഇതില്‍ നിന്ന് ഒരാടിനെ തന്നാല്‍ യജമാനനറിയില്ല. നിങ്ങള്‍ നല്ല വിലയും തരും. എന്നാല്‍ എന്റെയും നിങ്ങളുടെയും എന്റെ യജമാനന്റെയും യജമാനനായ അല്ലാഹുവില്‍ നിന്ന് അത് മറച്ചുവെക്കാനാകുമോ?''
ഇതേപോലെത്തന്നെ ചരിത്രത്തെ അഗാധമായി സ്വാധീനിച്ച ഒരുപാല്‍ക്കാരി പെണ്‍കുട്ടി കൂടിയുണ്ട്. അവരും നൂറ്റാണ്ടുകളായി തലമുറകള്‍ക്ക് ജീവിതവിശുദ്ധിക്ക് വെൡച്ചമേകുന്ന വിളക്കുമാടമായി മാറി. മാതാവ് പാലില്‍ വെള്ളമൊഴിക്കാനാവശ്യപ്പെട്ടപ്പോള്‍ ഉമറുല്‍ഫാറൂഖ് അത് വിലക്കിയ കാര്യം ഉണര്‍ത്തി. ഉമര്‍ അത് നോക്കിനില്‍ക്കുന്നില്ലെന്നും കാണില്ലെന്നും പറഞ്ഞപ്പോള്‍ അല്ലാഹു കാണുമെന്ന് ഓര്‍മിപ്പിച്ച് അതിന് വിസമ്മതിച്ചു. ഉജ്ജ്വലമായ ഈ തഖ്‌വയും ഈമാനുമാണ് ആ പാല്‍ക്കാരി പെണ്‍കുട്ടിക്ക് ഖലീഫാ ഉമറുല്‍ ഫാറൂഖിന്റെ മകന്റെ ജീവിത പങ്കാളിയാകാന്‍ അവസരമൊരുക്കിയത്. അങ്ങനെ ഉമര്‍ രണ്ടാമന്റെ മാതാമഹിയാകാനും. അവരുടെ മകള്‍ ലൈലയുടെ മകനാണല്ലോ ഉമറുബ്‌നു അബ്ദില്‍ അസീസ് എന്ന ഉമര്‍ രണ്ടാമന്‍.
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരികനായകനും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്‍ തന്നെ സാരമായി സ്വാധീനിച്ച തിരൂരിലെ വെറ്റില കച്ചവടക്കാരന്റെ കഥ പറയുന്നുണ്ട്. തിരൂര്‍ ചമ്രവട്ടം സ്വദേശിയായ രാധാകൃഷ്ണന്‍ പൊന്നാനി സ്‌കൂളിലാണ് പഠിച്ചിരുന്നത്. എന്നും തോണിയിലാരുന്നു യാത്ര. എല്ലാ ദിവസവും അതില്‍ തിരൂരിലെ ഒരു വെറ്റിലക്കച്ചവടക്കാരനുമുണ്ടാകുമായിരുന്നു. അയാളുടെ തലയില്‍ രണ്ടു വെറ്റിലക്കെട്ടുകളും. ഒന്ന് തലേന്നാള്‍ അങ്ങാടിയില്‍ നിന്ന് വില്‍ക്കാതെ മടക്കികൊണ്ടുവന്ന വാടിയ വെറ്റിലയുടെ കെട്ട്. മറ്റൊന്ന് അന്ന് രാവിലെ നുള്ളിയെടുത്ത പച്ചപ്പുള്ള വെറ്റിലയുടെ കെട്ടും. എന്നും ഇത് കണ്ടുകൊണ്ടിരുന്ന രാധാകൃഷ്ണനും കൂട്ടുകാരും ചോദിച്ചു. അല്ല കാരണോരെ, ഈ രണ്ട്‌കെട്ട് വാടിയ വെറ്റില നല്ലതിന്റെ ഇടയില്‍ അടുക്കിവെച്ചാല്‍ പോരെ? എന്നാല്‍ ഒരുകെട്ട് കൊണ്ടുപോയാല്‍ മതി. നല്ല വിലയും കിട്ടും.
അതിന് ആ വെറ്റിലക്കച്ചവടക്കാരന്‍ പറഞ്ഞ മറുപടി രാധാകൃഷ്ണന്‍ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. ''ന്നാലും മക്കളെ, പടച്ചോന്‍ കാണൂല്ലേ? ഓന്‍ ഞമ്മളെ വെറുതെവിടോ?''ഷര്‍ട്ട് ധരിച്ചിട്ടില്ലാത്ത, കാലില്‍ ചെരിപ്പില്ലാത്ത, ഒരു കള്ളിമുണ്ട് മാത്രമുടുത്ത നിരക്ഷരനായ ഒരു സാധാരക്കാരന്റെ ജീവിത വിശുദ്ധിയാണിത്. ഇതാണ് തഖ്‌വയും ഇഹ്‌സാനും.
മുകൡലുദ്ധരിച്ച മൂന്നും സമ്പത്തുമായി ബന്ധപ്പെട്ടതാണ്. തഖ്‌വ ഏറ്റം കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന മേഖല അതാണ്. അതില്‍ തഖ്‌വ പാലിക്കാത്തവന് വിശ്വാസിയാവുക സാധ്യമല്ല. അയാളുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല. മറ്റ് ആരാധനകളും പാഴ്‌വേലകളാകും. സമ്പത്ത് തന്റേതാണെന്ന ബോധത്തോടെ തന്നിഷ്ടം അത് കൈകാര്യം ചെയ്യുന്നവന്‍ ഏകദൈവത്വം (തൗഹീദ്) അംഗീകരിച്ചവനുമാവുകയില്ലെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നു. (16, :114, 2:172, 11:87, 18:42)
ഒരിക്കല്‍ ഉമറുല്‍ ഫാറൂഖിന്റെ അടുത്ത് ഒരാളെ സാക്ഷിയായികൊണ്ടുവന്നു. കൊണ്ടുവന്ന ആളോട് ഉമര്‍ ചോദിച്ചു: താങ്കള്‍ക്ക് അയാളെ അറിയുമോ? അറിയുമെന്ന് പറഞ്ഞപ്പോള്‍ അയല്‍വാസിയാണോ എന്ന് ചോദിച്ചു. അല്ലെന്ന് മറുപടിനല്‍കി. അപ്പോള്‍ ചോദിച്ചു. അയാളുടെ കൂടെ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടോ? അതിനും നിഷേധാര്‍ഥത്തില്‍ മറുപടി നല്‍കി. അപ്പോള്‍ ഉമറുല്‍ഫാറൂഖ് ചോദിച്ചു. അയാളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ? അതുമില്ലെന്നറിയിച്ചപ്പോള്‍ പിന്നെ എങ്ങനെയാണ് പരിചയമെന്ന് അന്വേഷിച്ചു. എല്ലായ്‌പ്പോഴും നമസ്‌കാരത്തില്‍ പള്ളിയില്‍ കാണാറുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഖലീഫ ഉമറുല്‍ ഫാറൂഖ് അതംഗീകരിച്ചില്ല. ഒരാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നുവെന്നതും പള്ളിയില്‍ കൃത്യമായി എത്തുന്നുവെന്നതും മനുഷ്യനെ മനസ്സിലാക്കാനുള്ള മാനദണ്ഡമല്ലെന്ന് അറിയിക്കുകയും ചെയ്തു.
ഇമാം ഗസ്സാലി പറയുന്നു. മനുഷ്യനെ മനസ്സിലാക്കുന്നതില്‍ അയാളുടെ കണ്ടംവെച്ച കുപ്പായവും നെരിയാണിക്ക് ഏറെ മുകളില്‍ തുണികയറ്റി ഉടുത്തതും നെറ്റിയില്‍ പ്രകടമായി കാണുന്ന തിളങ്ങുന്ന നമസ്‌കാരത്തഴമ്പും നിന്നെ വഞ്ചിക്കാതിരിക്കട്ടെ. സാമ്പത്തിക ഇടപാട് നടത്തിയാലറിയാം അയാളുടെ സൂക്ഷ്മതയും വഴികേടും.
സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ മുഴുജീവിതമേഖലകളെയും വിശുദ്ധവും കുറ്റമറ്റതും നന്മ നിറഞ്ഞതുമാക്കുന്നത് അല്ലാഹുവിന്റെ സാന്നിധ്യത്തെ സംബന്ധിച്ച സജീവബോധമാണ്. അവന്‍ തന്നോടൊപ്പമുണ്ടെന്നും തന്നെ സദാ നിരീക്ഷിക്കുന്നുവെന്നും രഹസ്യവും പരസ്യവുമെല്ലാമറിയുന്നുവെന്നും അവനില്‍നിന്ന് ഒന്നും ഒളിപ്പിച്ചുവെക്കാനാവില്ലെന്നുമുള്ള അടിയുറച്ച വിശ്വാസവും ബോധവും.
ഈ വിശ്വാസം സുദൃഢമാക്കാനും തദടിസ്ഥാനത്തില്‍ ജീവിതത്തെ ക്രമീകരിക്കാനും ശുദ്ധീകരിക്കാനുമുള്ള ഏറ്റം ഫലപ്രദമായ പരിശീലനമാണ് റമദാനിലെ വ്രതാനുഷ്ഠാനം.
നല്ല ചൂടുള്ള കാലത്ത് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് വുദു എടുക്കാനായി വായില്‍ വെള്ളമൊഴിക്കുന്നു. അപ്പോള്‍ അതില്‍നിന്ന് അല്‍പം കുടിച്ചാല്‍ അടുത്തിരിക്കുന്ന ആളുള്‍പ്പെടെ ആരും അറിയില്ല. എന്നാലും നോമ്പുകാരന്‍ ഒരുതുള്ളിവെള്ളം പോലും വയറ്റിലേക്കിറങ്ങാതിരിക്കാന്‍ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നു. ഭക്ഷണം പാകം ചെയ്യുന്ന കുടുംബിനി അതില്‍നിന്ന് അല്‍പം കഴിച്ചാല്‍ ആരുമറിയില്ലെന്ന് ഉറച്ചബോധ്യമുണ്ടായിട്ടും രുചിച്ചുനോക്കുകപോലും ചെയ്യാതെ സൂക്ഷ്മത പുലര്‍ത്തുന്നു. അല്ലാഹു കാണുമെന്ന വിശ്വാസവും ബോധവുമാണിതിനൊക്കെ കാരണം. ഇതുതന്നെയാണ് തഖ്‌വ. എക്കാലത്തും എല്ലാ ജീവിതമേഖലകളിലും ഈ സൂക്ഷ്മത പുലര്‍ത്താനുള്ള ശക്തമായ പരിശീലനമാണ് റമദാനിലെ വ്രതാനുഷ്ടാനം. തെറിവാക്ക് കേള്‍ക്കുമ്പോള്‍ പോലും മറുത്ത് പറയാതെ ഞാന്‍ നോമ്പുകാരനാണെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുന്ന വിശ്വാസി അല്ലാഹുവെ ഓര്‍ത്ത് അത് ചെയ്യുമ്പോള്‍ തഖ്‌വയുടെ തികവിലെത്തുന്നു. അരുതാത്തത് നോക്കാതെയും കാണാതെയും കേള്‍ക്കാതെയും പറയാതെയും സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്താന്‍ ശ്രമിക്കുന്ന നോമ്പുകാരന്‍ ഇതിനെ മുഴുജീവിതത്തിലും പാലിക്കണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വ്രതം അതിനുള്ള ഏറ്റം മികച്ച പരിശീലനമാകണമെന്നും അതിനാലാണ് തഖ്‌വയുള്ളവരാകാന്‍ നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നത് (2:183).
നമ്മുടെ സമൂഹത്തിലിന്ന് ഏറ്റവും കൂടുതല്‍ കുറ്റവും തെറ്റും സംഭവിക്കുന്നത് സാമ്പത്തികരംഗത്താണ്. നോമ്പില്‍ നിന്ന് നേടിയെടുക്കുന്ന തഖ്‌വ മുഴുജീവിത മേഖലകളെയും സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും വേണം. അപ്പോള്‍ മാത്രമേ റമദാനിലെ വ്രതാനുഷ്ഠാനം ഫലപ്രദവും സ്വീകാര്യവുമാവുകയുള്ളൂ.