പരിസ്ഥിതി ദിനത്തില്‍ ഓര്‍ക്കേണ്ടത്
സസ്യശാമള കോമള സുന്ദരമെന്നൊക്കെ വിശേഷണങ്ങളുണ്ടായിരുന്ന നമ്മുടെ നാട് ഇന്നില്‍ എത്തിയപ്പോഴേക്കും വളരെ ശോഷിച്ചിരിക്കുന്നു.
സസ്യശാമള കോമള സുന്ദരമെന്നൊക്കെ വിശേഷണങ്ങളുണ്ടായിരുന്ന നമ്മുടെ നാട് ഇന്നില്‍ എത്തിയപ്പോഴേക്കും വളരെ ശോഷിച്ചിരിക്കുന്നു. പരിസ്ഥിതിയുടെ താളങ്ങളൊക്കെ പിഴച്ചു. അഞ്ച് നേരം വിശേഷമായി കുളിച്ചിരുന്ന മലയാളി ഒരു നേരം മാത്രം തൊട്ട് നനക്കുന്ന അവസ്ഥവരെയത്തി. കാലാവസ്ഥക്ക് കാല ശോഷണം സംഭവിച്ചതല്ല, മനുഷ്യന്റെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വരുത്തിവെച്ച വിനയാണിതെന്ന് ഉറപ്പ്.
എന്നത്തേയോ അതിനെക്കാള്‍ കൂടുതലായോ ചൂടും വരള്‍ച്ചയും തന്നെയായിരുന്നു ഇക്കുറിയും നമ്മെ കാത്തിരുന്നത്. വര്‍ഷങ്ങളോളം നാം പ്രഹരിച്ചുകൊണ്ടിരുന്ന ഭൂമി തിരിച്ചിങ്ങോട്ട് പ്രതികരിച്ചത് അത്യുഷ്ണവും ജലദൗര്‍ലഭ്യവും കൊണ്ടായിരുന്നു. വീണ്ടു വിചാരം വരുമ്പോഴേക്കും താങ്ങാനാവാത്ത പ്രത്യാഘാതങ്ങളായിരുന്നു നമ്മെ കാത്തിരുന്നത്.
അത് ഏറെക്കുറെ പൊതു സമൂഹത്തിനും ഭരണകൂടത്തിനും മനസ്സിലായതുകൊണ്ടായിരിക്കാം നശിച്ചുപോയ നമ്മുടെ ജല സ്രോതസ്സുകളെ പുനരുദ്ധരിക്കാനും താഴ്ന്നുപോകുന്ന ജലകണികകളെ പിടിച്ചുനിര്‍ത്താനുമുള്ള പദ്ധതികള്‍ പലതും പല കോണുകളില്‍ നിന്നും ആവിഷ്‌കരിക്കപ്പെട്ടത്. ജീവിതത്തില്‍ എല്ലാ തലങ്ങളിലും നാം കാണിച്ചുപോകുന്ന ആര്‍ഭാടങ്ങളില്‍ മിതത്വം പാലിക്കുക എന്നതായിരുന്നു ഒന്നാമത്തെ പരിഹാരമായി പറയപ്പെട്ടത്. പരിസ്ഥിതി ദിനങ്ങള്‍ എല്ലാ ദിനാഘോഷങ്ങളെയും പോലെ വെറുതെ കൊണ്ടാടി ആഘോഷിക്കാതെ നാളെക്കു വേണ്ടി കരുതിവെക്കണം എന്ന ഉറച്ച ബോധ്യത്തോടെയായിരിക്കണം നാം അത് ആഘോഷിക്കേണ്ടത്
ജീവിതത്തില്‍ മിതത്വം പാലിക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം മതം അവനെ പഠിപ്പിക്കുന്ന ബാധ്യതാ നിര്‍വഹണം കൂടിയാണ്. ദൈവഭക്തിയുടെ ഭാഗം. റമദാന്‍ നമുക്ക് മുമ്പിലേക്കു വരുമ്പോള്‍ ഇതും കൂടി നമ്മുടെ ഓര്‍മയിലുണ്ടാവണം. പലപ്പോഴും ഭക്ഷണസാധനങ്ങള്‍ പാഴാക്കിക്കളയുന്ന കാര്യത്തില്‍ പലര്‍ക്കും സൂക്ഷ്മതക്കുറവ് സംഭവിക്കാറുണ്ട്. ഈ കാര്യത്തില്‍ സ്ത്രീകളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. നാം കളയുന്ന ഓരോ പിടി മാലിന്യവും വെള്ളത്തിനേയും വായുവിനെയും മലീനസപ്പെടുത്തുമെന്നുറപ്പ്. നമ്മുടെ വ്രതകാലങ്ങള്‍ അങ്ങനെ സംഭവിക്കില്ലെന്നു നമുക്കുറപ്പുവരുത്താം.