അല്ലാഹു മനുഷ്യന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമായ ആരോഗ്യം സംരക്ഷിക്കുക എന്നത് അവന്റെ ബുദ്ധിയുടെയും പ്രകൃതിയുടെയും തേട്ടമാകുന്നു.
അല്ലാഹു മനുഷ്യന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമായ ആരോഗ്യം സംരക്ഷിക്കുക എന്നത് അവന്റെ ബുദ്ധിയുടെയും പ്രകൃതിയുടെയും തേട്ടമാകുന്നു. എന്നാലിന്ന്, മനുഷ്യന്‍ സ്വീകരിച്ചു പോകുന്ന ആഹാരരീതികളും ശീലങ്ങളും അവനെ ചെറുപ്രായത്തില്‍ തന്നെ മാരകമായ പലവിധ അസുഖങ്ങള്‍ക്കും മരുന്നുകള്‍ക്കും അടിമയാക്കിയിരിക്കുകയാണ്. സമ്പാദിക്കുന്ന പണത്തില്‍ കൂടുതലും മരുന്നിനും ആശുപത്രികളിലുമാണ് ചെലവഴിക്കേണ്ടി വരുന്നത്.
മനുഷ്യന്റെ ഭൗതികാവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഭക്ഷണത്തിന്റെ ലഭ്യതക്കുവേണ്ടി അല്ലാഹു ഒരുപാട് വിഭവങ്ങള്‍ ഭൂമിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. ''ഭൂമിയില്‍ നിങ്ങളെ നാം അധികാരത്തോടെ വസിപ്പിക്കുകയും അതില്‍ ജീവിത വിഭവങ്ങള്‍ ഒരുക്കിത്തരികയും ചെയ്തു. പക്ഷെ നിങ്ങള്‍ തുച്ഛമായേ നന്ദികാണിക്കുന്നുള്ളൂ''. (സൂറ: അഅ്‌റാഫ്)
''ആദം സന്തതികള്‍ക്ക് നാം മഹത്വമേകി. കടലിലും കായലിലും നാം അവര്‍ക്ക് വാഹനം നല്‍കി. വിശുദ്ധ പദാര്‍ത്ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ പ്രകടമായ ഔന്നത്യം അരുളുകയും ചെയ്തു.'' (സൂറ: ഇസ്‌റാഈല്‍)
മനുഷ്യന്‍ കൈവരിച്ച പുരോഗതിയുടെ ഫലമായി വന്ന കാലാനുസൃത മാറ്റങ്ങള്‍ ഭക്ഷണമേഖലയെയും ബാധിച്ചു. ഇതിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട.് ഇതൊക്കെ അവന്റെ ആരോഗ്യത്തെയും പതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരപാനീയങ്ങളുപേക്ഷിച്ചുകൊണ്ട് ആത്മസംസ്‌കരണത്തിനായി ഒരു മാസക്കാലം വ്രതമനുഷ്ഠിക്കുന്ന റമദാനിലെ അവസ്ഥ നോക്കാം. നീണ്ട മണിക്കൂറുകള്‍ വിശന്നിരി ക്കുന്ന വയറിനെ കാത്ത്, തീന്‍മേശക്ക് ചുറ്റും വിവിധ തരത്തിലുള്ള വിഭവങ്ങളെ കൊണ്ട് നിറഞ്ഞിരിക്കും. വര്‍ണാഭമായതും, കൊഴുപ്പുകൂടിയതും, വറുത്തതും, പൊരിച്ചതു മായ ഒട്ടനവധി വിഭവങ്ങള്‍ ഇതിലുള്‍പ്പെടും. എല്ലാത്തില്‍നിന്നും രുചിച്ചുനോക്കിയില്ലെങ്കില്‍ കഴിക്കുന്നവനും പാചകം ചെയ്തവനും ഒരുപോലെ അസ്വസ്ഥനാകും. മണിക്കൂറുകള്‍ വിശന്നിരുന്ന വയറിന് താങ്ങാവുന്നതല്ല ഇത്തരം ഭക്ഷണവിഭവങ്ങള്‍.
''സത്യവിശ്വാസി ഒരു കുടിലില്‍ ഭക്ഷിക്കുമ്പോള്‍ നിഷേധി ഏഴു കുടിലില്‍ ഭക്ഷിക്കുന്നു'' എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികളാണ് ഒരു കൂസലുമില്ലാതെ ഈ തെറ്റായ രീതി പിന്തുടര്‍ന്നു കൊണ്ടുപോകുന്നത്. എന്നാല്‍ ചില വ്യക്തികള്‍ അനുവദനീ യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്വയം വിലക്കി ശരീരത്തെ പീഢിപ്പിക്കുന്നു. ''ദൂതന്‍ന്മാരെ നല്ല വസ്തുക്കള്‍ ഭുജിക്കുവിന്‍. നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍. നിങ്ങള്‍ എന്ത് പ്രവര്‍ത്തിച്ചാലും ഞാനത് നന്നായി അറിയുന്നുണ്ട്'', (സൂറ: മുഅ്മിനുന്‍)
വൈവിധ്യപൂര്‍ണവും സമൃദ്ധവുമായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏകാഭിപ്രായമാണുള്ളത്. അബുല്‍ ഹസന്‍ അലിയ്യുബ്‌നുല്‍ മുഫള്ളല്‍ പറയുന്നു: ''നബി ഒരു ഭക്ഷണവും, അത് വിശിഷ്ടവും ആഢംബരപൂര്‍ണവുമാണെന്ന് വച്ച് വര്‍ജിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. മറിച്ച് അദ്ദേഹം മധുരപലഹാരങ്ങള്‍, തേന്‍, ഈത്തപ്പഴം പോലുള്ള (വിശിഷ്ടമായ) ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ അതിരുകവിയുന്നത് നബി ഇഷ്ടപ്പെട്ടിരുന്നില്ല. മുന്തിയതരം ഭക്ഷണങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്. അത്തരം ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗം സൂക്ഷ്മതക്ക് എതിരല്ല. പ്രവാചകന്റെ അടുക്കല്‍ മധുരപദാര്‍ത്ഥങ്ങള്‍ കൊണ്ടുവരപ്പെട്ടാല്‍, മിതമായി മാത്രം അദ്ദേഹം സ്വീകരിക്കുമായിരുന്നു.
ഭക്ഷണത്തിന്റെ ധര്‍മങ്ങള്‍
1. സാമൂഹ്യപരമായ ധര്‍മങ്ങള്‍
2. മാനസികവും വൈകാരികവുമായ ധര്‍മങ്ങള്‍
3. ശാരീരിക ധര്‍മങ്ങള്‍
ശാരീരിക ധര്‍മങ്ങളെ വീണ്ടും നാലായി തിരിക്കാം
(i) ഊര്‍ജ്ജം പ്രദാനം ചെയ്യുന്നവ - ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍
(ii) ബോഡി ബില്‍ഡിംഗ് - പയറുവര്‍ഗങ്ങളും, എണ്ണക്കുരുക്കളും, പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവ
(iii) ആരോഗ്യം നിലനിര്‍ത്തുന്നവ- ആന്റി ഓക്‌സിഡന്റുകളും ഫെറ്റോമിക്കലുമടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍
ഉദാ: പച്ചക്കറികള്‍, പഴവര്‍ങ്ങള്‍
(i) സംരക്ഷണവും നിയന്ത്രണവും- പാല്‍, മുട്ട, മത്സ്യം, മാംസം, കരള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍
II. അടിസ്ഥാന ഭക്ഷ്യഗ്രൂപ്പുകള്‍
ആഹാരപദാര്‍ത്ഥങ്ങളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. എല്ലാ ഗ്രൂപ്പുകളിലും നിന്നുള്ളവയെ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ സന്തുലിതമായ ഭക്ഷണക്രമം പാലിക്കുവാന്‍ നമുക്ക് സാധിക്കും.
II. അടിസ്ഥാന അഞ്ച് ഭക്ഷ്യ ഗ്രൂപ്പുകള്‍ :
1. ധാന്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും:-
അന്നജത്താല്‍ സമ്പന്നമായ ഈ ഗ്രൂപ്പ്, പ്രോട്ടീന്റെയും വിറ്റാമിന്‍ ബി യുടെയുടെ കൂടി ഉറവിടമാണ്. അരി, ഗോതമ്പ്, കൂവരക്, ഓട്ട്‌സ്, മരിച്ചീനി, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചില്‍ മുതലായവ
2. മില്‍ക്ക് ഗ്രൂപ്പ്
പ്രോട്ടീനും, ധാതുക്കളും, ലവണങ്ങളും പ്രദാനം ചെയ്യുന്നു. ഇതില്‍ പാലും പാലുല്‍പന്നങ്ങളും കൂടാതെ പ്രോട്ടീന്‍ ഭക്ഷണങ്ങളായ പയറുവര്‍ഗങ്ങള്‍, നട്ട്‌സ്, മാംസ്യം, മീന്‍, മുട്ട എന്നിവയും ഉള്‍പ്പെടുന്നു.
3. പച്ചക്കറികളും ഇലക്കറികളും
വിറ്റാമിനുകള്‍ പ്രത്യേകിച്ച് സി യും എ യും) ലവണങ്ങള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഈ ഗ്രൂപ്പ്. പഴവര്‍ഗങ്ങളായ പപ്പായ, പേരയ്ക്ക്, ഓറഞ്ച്, മാമ്പഴം, ഇലവര്‍ഗ്ഗങ്ങളായ മുരിങ്ങയില, പാലക്, ചീര
4. മറ്റു പച്ചക്കറികള്‍
ധാതുക്കള്‍, ലവണങ്ങള്‍, നാരുകള്‍ ജലാംശം എന്നിവയുടെ ഉറവിടമാണ് ഈ ഗ്രൂപ്പ്. ബീന്‍സ്, മുരിങ്ങയ്ക്ക, വെള്ളരിക്ക, പാവക്ക്, പടവലങ്ങ, കത്തിരിക്ക, വെണ്ടക്ക മുതലായവ
5. കൊഴുപ്പും എണ്ണയും
ഊര്‍ജ്ജം, ആവശ്യമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഇ എന്നിവയുടെ ഉറവിടമാണ് ഈ ഗ്രൂപ്പിലെ ആഹാരപദാര്‍ത്ഥങ്ങള്‍ വെണ്ണ, നെയ്യ്, സസ്യ എണ്ണ, പഞ്ചസാര, ശര്‍ക്കര, തേന്‍
എല്ലാ പോഷകഘടകങ്ങളും ശരിയായ അനുപാതത്തില്‍ അടങ്ങിയിരിക്കുമ്പോള്‍ ഭക്ഷണം സന്തുലിതമാണ്. അടിസ്ഥാന ഭക്ഷ്യഗ്രൂപ്പിലെ ആഹാരപദാര്‍ത്ഥങ്ങള്‍ യഥാവിധി ഉള്‍പ്പെടുത്തി സമീകൃതാഹാരം രൂപപ്പെടുത്താം. സമീകൃതാഹാരത്തിന്റെ ഘടന ജീവിതദശയിലെ വിവിധ ഘട്ടങ്ങളും അസുഖങ്ങളും അനുസരിച്ച് വ്യത്യസ്തമായിരിക്കും. കാലാവസ്ഥ, കുടുംബം, പ്രായം, മതം, സംസ് കാരം, സാമ്പത്തികസ്ഥിതി, സമൂഹം, പാരമ്പര്യം, ജനിതകം, മരുന്ന്, ആരോഗ്യം, കൃഷി, സാങ്കേതികവിദ്യ, ശാസ്ത്രം, വിദ്യാഭ്യാസം എന്നിവ പോഷകത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
III. ഫുഡ് ഗൈഡ് പിരമിഡ്:-
ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ആഹാര പദാര്‍ത്ഥങ്ങളുടെ അളവും ഇനവും പൊതുസമൂഹത്തിന് അറിയുവാനുള്ള ഒരു മാര്‍ഗരേഖയാണ് ഫുഡ് ഗൈഡ് പിരമിഡ്. അടിസ്ഥാന ഭക്ഷഗ്രൂപ്പുകളെയും ഫുഡ് ഗൈഡ് പിരമിഡിനെയും മുന്‍നിര്‍ത്തി വേണം ഒരു വ്യക്തി ആഹാരപദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കുവാന്‍
റമദാനിന്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍:
1. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളായ ഓട്ട്‌സ്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവ ദഹിക്കാന്‍ സമയമെടുക്കുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമമായി നിലനിര്‍ത്തുന്നു കൂടാതെ ദിവസത്തിന്റെ കൂടുതല്‍ സമയവും ആമാശയത്തിന് ഒരു നിറവ് പ്രദാനം ചെയ്യുന്നു.
2. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
മാംസ്യാഹാരങ്ങളായ മുട്ട, മീന്‍, ഇറച്ചി എന്നിവ ശരീരത്തില്‍ ഊര്‍ജ്ജത്തിന്റെ കുറവ് അനുഭവപ്പെടുമ്പോള്‍ അതിനെ നികത്തുവാന്‍ സഹായിക്കുന്നു.
3. ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍
എട്ടു മുതല്‍ പന്ത്രണ്ടു ഗ്ലാസ് വരെ ശുദ്ധജലം കുടിക്കുവാന്‍ ശ്രദ്ധിക്കുക. ജലാംശം ധാരാളമടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉദാ: വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവ നിര്‍ജലീകരണം തടയുന്നു.
4. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍:
നാരുകളടങ്ങിയ ഭക്ഷണം പതിയെ ദഹിക്കുന്നുള്ളു. ഇതില്‍ ധാന്യങ്ങള്‍, ഈത്തപ്പഴം, മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ നാരുകള്‍ ശരീരത്തിലുള്ള അവശിഷ്ടങ്ങള്‍ പുറന്തള്ളുവാന്‍ സഹായിക്കുന്നു.
5. ധാതുക്കളും ലവണങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍
ധാതുക്കളും ലവണങ്ങളും കൂടുതലടങ്ങിയവ (പച്ചക്കറികളും പഴവര്‍ഗങ്ങളും) ഉള്‍പ്പെടുത്തുക. പഴങ്ങള്‍ അധികവും അങ്ങനെ തന്നെ കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദം. അഥവാ പഴങ്ങള്‍ ജൂസുകളായിട്ട് ഉപയോഗിക്കുന്നതെങ്കില്‍ പഞ്ചസാര ഇല്ലാതെയോ അല്ലെങ്കില്‍ ചെറിയ അളവില്‍ ചേര്‍ത്തുകൊണ്ടോ മിതമായ അളവില്‍ ഉള്‍പ്പെടുത്തുക. നമുക്ക് ലഭ്യമാകുന്ന എല്ലാ പച്ചക്കറികളും ചേര്‍ത്ത് സൂപ്പുണ്ടാക്കുന്നത് നല്ലതാണ്.
റമദാനില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
* വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍
* പാചകത്തിന് ബട്ടറും, നെയ്യും ഒഴിവാക്കിയിട്ട് വെളിച്ചെണ്ണയോ സസ്യയെണ്ണയോ കുറഞ്ഞ അളവില്‍ ചേര്‍ക്കുക
* മധുരമുള്ളതും പായ്ക്കറ്റുകളില്‍ ലഭിക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും കുറയ്ക്കുക. ഇവയില്‍ കൊഴുപ്പിന്റെ അളവ് കൂടുതലും പോഷകങ്ങള്‍ കുറവും ആയിരിക്കും ഉദാ: പായസം, കേയ്ക്കുകള്‍, ജിലേബി, ലഡു, പഫ്‌സ്, ചിപ്‌സ് മുതലായവ
* കാര്‍ബണേറ്റ് ബിവറേജസുകള്‍ ഒഴിവാക്കുക
വിവിധ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന രോഗികള്‍ പ്രത്യേകിച്ച് ഡയബറ്റീസ് രോഗികള്‍ ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിര്‍ദ്ദേശാനുസരണം നോമ്പനുഷ്ഠിക്കുക. കാരണം വ്യക്തികളുടെ രോഗവും തീവ്രതയും അനുസരിച്ച് തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ട്
(കേരള യൂണിവേഴ്‌സിറ്റി ഹോംസയന്‍സ് ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് ലേഖിക)