നോമ്പ്, വ്രതം എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അറബിപദമാണ് സൗം. വര്‍ജിക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ് ആ പദത്തിനര്‍ഥം.
നോമ്പ്, വ്രതം എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അറബിപദമാണ് സൗം. വര്‍ജിക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ് ആ പദത്തിനര്‍ഥം. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ ഉദ്ദേശ്യപൂര്‍വം ചില പ്രത്യേക കാര്യങ്ങള്‍ ഉപേക്ഷിക്കുകയാണ് നോമ്പ്. നോമ്പിന്റെ പ്രാധാന്യം സംബന്ധിച്ച് നബി(സ) പറയുന്നു: അല്ലാഹു പറഞ്ഞു: മനുഷ്യന്റെ ഏതു കര്‍മവും അവനുള്ളതാണ്, നോമ്പൊഴികെ; അത് എനിക്കുള്ളതാണ്. ഞാന്‍ തന്നെ അതിന് മതിയായ പ്രതിഫലം നല്‍കും. നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ആരുടെയെങ്കിലും നോമ്പുദിനമായാല്‍ അവന്‍ അനാവശ്യം പറയരുത്. അട്ടഹസിക്കരുത്. അവിവേകം ചെയ്യരുത്. ആരെങ്കിലും അവനെ അസഭ്യം പറയുകയോ അവനുമായി കലഹത്തിനൊരുങ്ങുകയോ ചെയ്താല്‍ താന്‍ നോമ്പുകാരനാണെന്ന് അവന്‍ രണ്ടുതവണ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് കൈയില്‍ വച്ചിരിക്കുന്ന അല്ലാഹുവില്‍ സത്യം. നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ കസ്തൂരി ഗന്ധത്തേക്കാള്‍ ഹൃദ്യമായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷാവസരമുണ്ട്. നോമ്പുതുറക്കുമ്പോള്‍ നോമ്പ് തുറന്ന സന്തോഷം. തന്റെ നാഥനെ കാണുമ്പോഴും നോമ്പ് കാരണമായി അവന്‍ സന്തോഷിക്കുന്നു.
നോമ്പിന്റെ ലക്ഷ്യം
കേവലം ഭക്ഷണപാനീയങ്ങളുപേക്ഷിക്കലല്ല നോമ്പ്. വ്രതാനുഷ്ഠാനത്തിന് ഉന്നത ലക്ഷ്യങ്ങളുണ്ട്. നോമ്പ് നിര്‍ബന്ധമാണെന്നറിയിക്കുന്ന ഖുര്‍ആന്‍ വാക്യം അതുള്‍ക്കൊള്ളുന്നു. വിശ്വസിച്ചവരേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു നിയമമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിയമമാക്കിയിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍. (അല്‍ബഖറ:183)
വിശ്വാസികള്‍ ദൈവഭക്തിയുള്ളവരായിത്തീരുകയാണ് വ്രതത്തിന്റെ ലക്ഷ്യമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. നിരന്തരമായ ദൈവസ്മരണ, പരലോകബോധം, ജീവിതത്തില്‍ മുഴുവന്‍ ദൈവകല്‍പനകളനുസരിക്കുന്നതിലും അല്ലാഹു നിരോധിച്ചതോ, അവനിഷ്ടപ്പെടാത്തതോ ആയ പ്രവൃത്തികള്‍ വര്‍ജിക്കുന്നതിലും നിഷ്‌കര്‍ഷ എന്നിവ തഖ്‌വയിലുള്‍പ്പെടുന്നു. തെറ്റു ചെയ്യാനുള്ള പ്രേരണകളെ തടുത്തുനിര്‍ത്തി നല്ലതുമാത്രം ചെയ്യുന്നവരായിത്തീരുകയാണ് തഖ്‌വയുടെ ഫലം. വ്രതമനുഷ്ഠിക്കുന്നവര്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ ഭക്ഷണപാനീയങ്ങളും അനുവദനീയമായ ഭാര്യാഭര്‍തൃ സംസര്‍ഗവും ഒരു മാസക്കാലം പകല്‍സമയങ്ങളില്‍ സ്വമേധയാ ഉപേക്ഷിക്കുന്നു. ചീത്തവാക്കും ദുഷ്പ്രവൃത്തിയും വെടിയുന്നതും, വഴക്കും കലഹവുമുപേക്ഷിക്കുന്നതും നോമ്പിന്റെ പൂര്‍ണതക്കനിവാര്യമാണ്. ഇങ്ങനെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംയമനവും മനസിന്റെയും ശരീരാവയവങ്ങളുടെയും നിയന്ത്രണവും സാധിക്കുമ്പോഴാണ് നോമ്പ് ചൈതന്യപൂര്‍ണമാകുന്നത്.
ആര്‍ കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവന്‍ ഭക്ഷണവും പാനീയവുമുപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും താല്‍പര്യമില്ല. എന്ന നബിവചനവും നോമ്പുമുഖേന ഉണ്ടായിത്തീരേണ്ട ജീവിതവിശുദ്ധിയെ കുറിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന ആത്മനിയന്ത്രണവും സംസ്‌കരണവും നോമ്പുകാലത്തു മാത്രമല്ല, ജീവിതത്തിലുടനീളം നിലനില്‍ക്കണം.
നിര്‍ബന്ധം ആര്‍ക്ക്?
നാട്ടില്‍ സ്ഥിരവാസിയായ, ആരോഗ്യമുള്ള, പ്രായം തികഞ്ഞ ബുദ്ധിയുള്ള ഏതു മുസ്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ- പ്രസവരക്തവേളയില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതില്ല. കുട്ടി, ഭ്രാന്തന്‍, രോഗി, യാത്രക്കാരന്‍, പടുവൃദ്ധന്‍, ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്കും നോമ്പ് നിര്‍ബന്ധമല്ല.
പ്രായം തികയാത്തതാണ് കുട്ടികള്‍ക്ക് നിര്‍ബന്ധമില്ലാതിരിക്കാന്‍ കാരണം. ഭ്രാന്തന് ബുദ്ധിയില്ലാത്തതും. രോഗിയും യാത്രക്കാരനും ആര്‍ത്തവമുള്ളവളും പ്രസവരക്തം നിലച്ചിട്ടില്ലാത്തവളും തങ്ങള്‍ക്ക് നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടണം. ഗര്‍ഭിണിയും മുലയൂട്ടുന്നവളും അങ്ങനെതന്നെ ചെയ്യണം. പടുവൃദ്ധനും, ഭേദപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം ബാധിച്ചവനും പ്രായശ്ചിത്തമായി ഒരു നോമ്പിന് ഒരു അഗതിക്ക് എന്ന തോതില്‍ ഭക്ഷണം നല്‍കണം. നോമ്പുകൊണ്ട് പ്രത്യേകിച്ച് പ്രയാസമുണ്ടാവുകയില്ലെന്ന് ബോധ്യമുള്ള യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതാണ് നല്ലത്. അല്ലാത്തവര്‍ ഉപേക്ഷിക്കുന്നതും.
നോമ്പിന്റെ അടിസ്ഥാനഘടകങ്ങള്‍
നോമ്പ് ശരിയാകണമെങ്കില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകങ്ങള്‍ രണ്ടെണ്ണമാണ്. ഒന്ന്- നിയ്യത്ത്. രണ്ട്- പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
നോമ്പിന് പ്രഭാതത്തിനു മുമ്പ് തന്നെ നിയ്യത്ത് ചെയ്തിരിക്കേണ്ടതാണ്. ഒരാള്‍ അത്താഴത്തിന് എഴുന്നേല്‍ക്കുന്നത് തദുദ്ദേശ്യാര്‍ഥമാണെങ്കില്‍ അതു തന്നെയാണ് നിയ്യത്ത്. അല്ലാതെ സാധാരണ കേള്‍ക്കാറുള്ളതു പോലെ ഉരുവിട്ടു കൊള്ളണമെന്നില്ല. അങ്ങനെ ചൊല്ലിപ്പറയുന്നതിന് ഖുര്‍ആനിലോ ഹദീസിലോ തെളിവുമില്ല. തലേന്ന് തന്നെ നിയ്യത്ത് ചെയ്തിരിക്കണമെന്നത് ഹദീസിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ''ആരെങ്കിലും പ്രഭാതത്തിനു മുമ്പ് നോമ്പിന് നിയ്യത്ത് ചെയ്തില്ലെങ്കില്‍ അവന് നോമ്പില്ല'' എന്ന് തിരുമേനി പറഞ്ഞിരിക്കുന്നു. എന്നാല്‍ ഈയൊരു നിബന്ധന സുന്നത്ത് നോമ്പുകള്‍ക്ക് ബാധകമല്ല. പ്രഭാത ഭക്ഷണം കഴിക്കാന്‍ വല്ലതുമുണ്ടോ എന്ന് തിരുമേനി (സ) തന്റെ വീട്ടുകാരോട് അന്വേഷിക്കുകയും ഇല്ല എന്നാണ് മറുപടിയെങ്കില്‍ ''എന്നാല്‍ പിന്നെ ഇന്ന് നോമ്പാക്കാം'' എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് അന്നേ ദിവസം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു എന്ന് ആയിശ (റ)വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ഐഛിക വ്രതം ഒരാള്‍ക്ക് പ്രഭാതോദയത്തിനു ശേഷം നിയ്യത്ത് ചെയ്താലും സാധുവാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനഃപൂര്‍വം തിന്നുകയോ കുടിക്കുകയോ ചെയ്യുക, വായിലൂടെയോ മൂക്കിലൂടെയോ ഭക്ഷണമോ വെള്ളമോ മറ്റു വല്ല വസ്തുക്കളോ ബോധപൂര്‍വം ഉള്ളിലേക്ക് പ്രവേശിപ്പിക്കുക, സംയോഗം, മന:പൂര്‍വമുള്ള ഇന്ദ്രിയസ്ഖലനം, നോമ്പ് മുറിക്കാന്‍ തീരുമാനിക്കല്‍ തുടങ്ങിയവയാണ് നോമ്പ് മുറിയുന്ന കാര്യങ്ങള്‍. പില്‍ക്കാലത്ത് രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങളും നാട്ടില്‍ പ്രചരിച്ച ധാരണകളും ഈ വിഷയകമായി വളരെ സങ്കീര്‍ണതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതു സംബന്ധമായി അല്ലാമാ ശൈഖ് യൂസുഫുല്‍ ഖര്‍ദാവി പറയുന്നു: ''മിക്ക കര്‍മശാസ്ത്ര പണ്ഡിതന്മാരും നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍ നീട്ടി വിവരിച്ചിട്ടുണ്ട്. ഹനഫികള്‍ ഏതാണ്ട് അമ്പത്തേഴോളം കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നു. ശാഫിഈകളും നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍ഗാമികളായ പണ്ഡിതന്മാരാകട്ടെ, അതില്‍ വിചിത്രമായ വലിച്ചുനീട്ടലുകളാണ് നടത്തിയിരിക്കുന്നത്. അതിനുവേണ്ടി ചില നവീനമായ അടിസ്ഥാനങ്ങള്‍ ചമച്ചു. അതില്‍ പിടിച്ച് എണ്ണമറ്റ ശാഖാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഈ അടിസ്ഥാനങ്ങള്‍ കുറ്റമറ്റതല്ല. കാരണം അവക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായ തെളിവുകളില്ല.
വ്രതത്തിന്റെ സര്‍വാംഗീകൃത യാഥാര്‍ഥ്യമാകട്ടെ, അല്ലാഹുവിന്റെ സാമീപ്യമുദ്ദേശിച്ചു കൊണ്ട് ശരീരത്തെ അതിന്റെ ഇഛകളില്‍ നിന്ന് വിലക്കുകയും വിശപ്പും ദാഹവും സഹിക്കുകയും സ്ത്രീ -പുരുഷ സംസര്‍ഗം വെടിയുകയും ചെയ്യുകയാണ്. ആഹാര പാനീയങ്ങളും സംസര്‍ഗവും പോലെ മ്‌ളേഛവൃത്തി, ശബ്ദകോലാഹലം, സംസ്‌കാരരാഹിത്യം, ശകാരവര്‍ഷം, കളവ്, കള്ളസാക്ഷ്യം തുടങ്ങിയ തെറ്റുകുറ്റങ്ങളില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നും നോമ്പുകാരനെ വിലക്കുന്ന യാതൊന്നും തന്നെ അവ രണ്ടിലും വന്നിട്ടില്ല. വ്രതത്തിന്റെ സാംസ്‌കാരിക പൊരുളിനോട് വിയോജിക്കുന്ന കാര്യങ്ങളില്‍ നിന്നും അവന്‍ തടയപ്പെട്ടിരിക്കുന്നു. അവിവേകം ചെയ്യല്‍, അസഭ്യം പറയല്‍, കള്ളം തുടങ്ങിയ കാര്യങ്ങളാണവ. ഇവയാണ് നിര്‍ണിതമായും നോമ്പുകാര്‍ക്ക് വിലക്കപ്പെട്ട മൂന്ന് കാര്യങ്ങള്‍.
നോമ്പിന് ഇളവുള്ളവര്‍
ആര്‍ത്തവം, പ്രസവം, രോഗം, യാത്ര തുടങ്ങിയ ന്യായമായ കാരണങ്ങളാല്‍ റമദാനില്‍ നോമ്പെടുക്കാന്‍ കഴിയാത്ത സ്ത്രീകള്‍ റമദാന്‍ കഴിഞ്ഞാല്‍ സാധ്യമാകുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടേണ്ടതാണ്. ഇതില്‍ രോഗികളുടെയും യാത്രക്കാരുടെയും കാര്യം അല്ലാഹു വളരെ വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു.
എന്നാല്‍ ആര്‍ത്തവം, പ്രസവം എന്നിവ സുന്നത്തിലൂടെയും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ആയിശ (റ) പറയുന്നു: ''തിരുമേനിയുടെ കാലത്ത് ഞങ്ങള്‍ ആര്‍ത്തവകാരികളാവുമ്പോള്‍ നഷ്ടപ്പെടുന്ന നോമ്പ് നോറ്റുവീട്ടണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കപ്പെടുമായിരുന്നു. എന്നാല്‍ നമസ്‌കാരം ഖദാവീട്ടണമെന്ന് കല്‍പിക്കപ്പെടാറുണ്ടായിരുന്നില്ല.''
ഇങ്ങനെ നഷ്ടപ്പെടുന്ന നോമ്പുകള്‍ നോറ്റുവീട്ടുന്നത് പിറ്റേ വര്‍ഷത്തെ റമദാനിന് മുമ്പായിരുന്നാല്‍ മതി. ആയിശ (റ) തന്നെ പറയട്ടെ, ''എനിക്ക് റമദാനിലെ നോമ്പ് നോറ്റു വീട്ടാനുണ്ടാവാറുണ്ടായിരുന്നു. പലപ്പോഴും ശഅ്ബാനിലാണവ എനിക്ക് വീട്ടാന്‍ സാധിക്കുമായിരുന്നത്.'' (ബുഖാരി-മുസ്ലിം) ഇങ്ങനെ കാരണമില്ലാതെ നീട്ടിവെക്കാന്‍ നില്‍ക്കാതെ നിര്‍ബന്ധ ബാധ്യത എന്ന നിലക്ക് കഴിവതും വൈകാതെ നോറ്റുവീട്ടുന്നതാണ് ഉത്തമമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെ നോറ്റുവീട്ടുന്നത് തുടര്‍ച്ചയായിക്കൊള്ളണമെന്നുമില്ല. ഇടവിട്ട് ഇടവിട്ട് ആവുന്നതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. എന്നാല്‍ ന്യായമായ യാതൊരു കാരണവും കൂടാതെ അടുത്ത റമദാനിനു മുമ്പ് നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടാത്തവര്‍ പകരം നോമ്പിനു പുറമെ ഓരോ അഗതിക്ക് ആഹാരം നല്‍കുക കൂടി ചെയ്യണമെന്നാണ് പണ്ഡിതമതം. ദമ്പതിമാര്‍ ആര്‍ത്തവ വേളകളിലൊഴികെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് പ്രത്യേകിച്ച് വിലക്കൊന്നുമില്ല, മാത്രമല്ല പുണ്യകരവും പ്രതിഫലാര്‍ഹവും കൂടിയാണ് എന്നാണ് നബിതിരുമേനി പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നോമ്പനുഷ്ടിക്കുന്നവര്‍ പകല്‍വേളയില്‍ അനുവദനീയമായ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് പോലെത്തന്നെ അനിവാര്യമായും ഉപേക്ഷിക്കേണ്ടതാണ് ലൈംഗികബന്ധവും അതിലേക്ക് നയിക്കുന്ന കാര്യങ്ങളും. ആത്മനിയന്ത്രണവും സംയമനവും പരിശീലിപ്പിക്കുകയാണിതുവഴി അല്ലാഹു ഉദ്ദേശിക്കുന്നത്. എന്നാല്‍ നവ വധൂവരന്മാര്‍ ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ ഇതില്‍ പരാജയപ്പെട്ടു പോകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ അത്തരം സാഹചര്യം സൃഷ്ടിക്കാതിരിക്കുകയാണ് വേണ്ടത്. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അത് പ്രായശ്ചിത്തം ആവശ്യമുള്ള ഗുരുതരമായ കാര്യമായിട്ടാണ് എണ്ണപ്പെട്ടിട്ടുള്ളത്. അങ്ങനെ സംഭവിച്ചു പോയാല്‍ അവര്‍ ചെയ്യേണ്ട കാര്യങ്ങളാണ്.
1. റമദാനിന്റെ പവിത്രത മാനിച്ചു കൊണ്ട് നോമ്പ് തുറക്കുന്ന സമയം വരെ നോമ്പുകാരെപ്പോലെ കഴിയുക.
2. പ്രസ്തുത നോമ്പ് റമദാനിനു ശേഷം മറ്റൊരു ദിവസം നോറ്റുവീട്ടുക.
3. പ്രായശ്ചിത്തമായി തുടര്‍ച്ചയായി രണ്ട് മാസം നോമ്പനുഷ്ടിക്കുക. അതിന് സാധ്യമല്ലെങ്കില്‍ 60 അഗതികള്‍ക്ക് ആഹാരം നല്‍കുക.
4. സംഭവിച്ചുപോയ തെറ്റില്‍ തൗബ ചെയ്യുക.
നബി (സ) യുടെ കാലത്ത് ഇങ്ങനെ സംഭവിച്ചുപോയ ഒരു സ്വഹാബിയോട് അദ്ദേഹം നിര്‍ദ്ദേശിച്ചതായിരുന്നു ഇത്.
ഗര്‍ഭിണികളും മുലയൂട്ടുന്നവളും:
സാധാരണ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി മുലയൂട്ടുന്ന സ്ത്രീകളും ഗര്‍ഭിണികളും നോമ്പനുഷ്ടിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഇസ്‌ലാം ഇളവ് അനുവദിച്ചിരിക്കുന്നു. ''അല്ലാഹു യാത്രക്കാര്‍ക്ക് നോമ്പും നമസ്‌കാരത്തില്‍ പകുതിയും ഇളവ് അനുവദിച്ചിരിക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നോമ്പും.'' (നസാഇ ഇബ്‌നുമാജ)
എന്നാല്‍ ഇവര്‍ നോമ്പുപേക്ഷിച്ചാല്‍ പകരം നോറ്റു വീട്ടേണ്ടതുണ്ടോ? അതോ അഗതിക്ക് ആഹാരം നല്‍കിയാല്‍ മതിയോ? ഈ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതില്‍ ശൈഖ് ഖറദാവി മുന്‍ഗണന നല്‍കിയിരിക്കുന്നത് ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍ തുടങ്ങിയ മഹാ പണ്ഡിത സ്വഹാബി വര്യന്മാരുടെ വീക്ഷണമാണ്. എന്നിട്ടദ്ദേഹം പറയുന്നത് ഇത്തരം സ്ത്രീകള്‍ രണ്ടു വിധമുണ്ട്. കൂടെ കൂടെ പ്രസവിക്കുന്നവര്‍, എല്ലാ വര്‍ഷവും ഒന്നുകില്‍ അവള്‍ ഗര്‍ഭിണി അല്ലെങ്കില്‍ അവള്‍ മുലയൂട്ടുന്നവള്‍. ഇത്തരക്കാര്‍ക്ക് മറ്റൊരവസരത്തില്‍ നോറ്റുവീട്ടുന്നത് സാധ്യമായിരിക്കില്ല. അതിനാല്‍ അത്തരക്കാര്‍ ഫിദ്‌യ (ആഹാരം) നല്‍കിക്കൊള്ളട്ടെ. എന്നാല്‍ ഓരോ പ്രസവത്തിനിടയിലും ധാരാളം ഇടവേളകള്‍ ലഭിക്കുന്ന സ്ത്രീകള്‍ക്ക് പകരം നോമ്പ് നോറ്റുവീട്ടാന്‍ ധാരാളം അവസരമുണ്ടല്ലോ. ഓരോ മാസവും മൂന്ന് നോമ്പെടുത്താല്‍ തന്നെ നിഷ്പ്രയാസം നോറ്റുവീട്ടാവുന്നതാണ്. ഇക്കാലത്ത് മിക്ക സ്ത്രീകളും ഈ ഗണത്തില്‍പ്പെടുന്നവരാകയാല്‍ അവര്‍ നോറ്റുവീട്ടുകയാണ് ഈ വീക്ഷണപ്രകാരം ചെയ്യേണ്ടത്.
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ തുടങ്ങി നിര്‍ബന്ധമായും പരിഗണിക്കേണ്ടവരെ വിളിച്ച് നോമ്പ് തുറപ്പിക്കുക എന്നത് മറന്നുപോവാനോ അവഗണിക്കാനോ പാടില്ല. അത്തരം കാര്യങ്ങള്‍ക്ക് നോമ്പിന്റെ ആദ്യത്തെ പത്ത് തന്നെ നീക്കിവെക്കുക. അതിഥികളുണ്ടെങ്കിലല്ലാതെ നിത്യവും വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കലും കഴിക്കലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി അവസാനം ഈ വര്‍ഷത്തെ റമദാന്‍ എത്ര പെട്ടെന്നാണ് കഴിഞ്ഞത്, മര്യാദക്ക് ഖുര്‍ആന്‍ മുഴുവനും പോയിട്ട് ഒരു ഭാഗം പോലും പാരായണം ചെയ്യാന്‍ നേരം കിട്ടിയില്ല എന്ന് തുടങ്ങി സ്ഥിരം പല്ലവി ഈ പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കില്ല എന്ന് തീരുമാനിക്കുക. എന്ത് തിരക്കായാലും ഖുര്‍ആനിന്റെ മാസം ആ ഗ്രന്ഥത്തിനായി മാറ്റി വെച്ചേ മതിയാകൂ. അര്‍ഥമറിയാത്തവര്‍ കുറേയധികം പാരായണം ചെയ്യുന്നതിനേക്കാള്‍ അര്‍ഥസഹിതമുള്ള പരിഭാഷകളും വ്യാഖ്യാനങ്ങളുംം അല്‍പമെങ്കിലും വായിക്കുകയും അത് ജീവിതത്തില്‍ പരിവര്‍ത്തനം വരത്തക്കവണ്ണം ഉപയോഗപ്പെടുത്തുകയുമാണ് ഉത്തമം. റമദാനിന്റെ നേട്ടം പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് കരസ്ഥമാക്കാമെന്നതാണ് സത്യം.
ഇമാം ബുഖാരി (2890) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം. അനസ് (റ) പറയുന്നു: ഞങ്ങള്‍ നബിയോടൊപ്പം ഒരു യാത്രയിലായിരുന്നു. വെയിലിന്റെ കാഠിന്യം കാരണം ഞങ്ങള്‍ വസ്ത്രം കൊണ്ട് തണല്‍ പിടിച്ചിരുന്നു, നോമ്പുണ്ടായിരുന്നവര്‍ ഒരു പണിയും ചെയ്തിരുന്നില്ല. എന്നാല്‍ നോമ്പില്ലാത്തവരാകട്ടെ മറ്റുളളവരെ സഹായിക്കലും ഒട്ടകങ്ങളെ നോക്കലും, അവക്ക് വെളളം കൊടുക്കലുമൊക്കെയായി സേവന നിരതരാവുകയുമുണ്ടായി. അന്നേരം നബി (സ) പറഞ്ഞു: ഇന്നത്തെ കൂലി മുഴുവന്‍ നോമ്പില്ലാത്ത ഇവര്‍ കൊണ്ടുപോയി.
വീട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്യുക, മക്കളെ നോക്കുക, തുടങ്ങി വിശ്രമമില്ലാതെ അധ്വാനിക്കുകയും അതിനിടെ നോമ്പു നോല്‍ക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുമ്പോള്‍ വളരെ സാഹസികമായ ഈ ത്യാഗത്തിനും അര്‍പ്പണത്തിനും പടച്ചവന്‍ തീര്‍ച്ചയായും പുരുഷന്‍മാരെക്കാള്‍ പ്രതിഫലം നല്‍കുമെന്ന് മനസ്സിലാക്കാം.