വൃത്തിയും വെടിപ്പുമുള്ള പരിസരങ്ങള്‍, പല വര്‍ണങ്ങളിലുള്ള മനോഹരമായ പൂക്കള്‍, രൂപ ഭംഗിയോടെ വെട്ടി വളര്‍ത്തിയെടുത്ത മരങ്ങള്‍, ആകര്‍ഷകമായും വൃത്തിയായും പരിപാലിച്ച് പോരുന്ന പുല്‍മെത്തകള്‍ വിരിച്ച മനോഹരമായ പാര്‍ക്കുകള്‍, ഇരു വശത്തും ഒരേ രൂപത്തിലുള്ള വീടുകള്‍ ചേര്‍ന്ന് നില്‍ക്കുന്ന വൃത്തിയുള്ള റോഡുകള്‍, റോഡിനിരുവശവും വച്ച് പിടിപ്പിച്ച മരങ്ങള്‍, ഇടക്കിടെ പഴയ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന വലിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ് കൂളുകള്‍, അടുത്തടുത്ത പ്രദേശങ്ങളില്‍ വലിയ ലൈബ്രറികള്‍.. ഇതൊക്കെയാണ് ബ്രിട്ടനിലെ സാധാരണ കാഴ്ച്ചകള്‍. ഗള്‍ഫ് നാടുകളിലെപ്പോലെ അംബര ചുംബികളായ കെട്ടിടങ്ങള്‍ ഇവിടെ സാധാരണ കാഴ്ചയല്ല. പഴമയെ സംരക്ഷിക്കുന്നതും ചെലവ് കുറഞ്ഞതും സ്ഥല നഷ്ടം കുറഞ്ഞതുമായ വീടുകളും കെട്ടിടങ്ങളുമാണ് ഇവിടുത്തെ രീതി.
പടിഞ്ഞാറ് ഈമാന്‍ ഇല്ലെങ്കിലും ഇസ്‌ലാം ഉണ്ടെന്ന പറച്ചിലിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് ആളുകളുടെ പെരുമാറ്റം. നല്ല പെരുമാറ്റ മര്യാദകള്‍ ഇവിടുത്തെ ജനങ്ങുടെ ഒരു പൊതു സ്വഭാവമാണെന്ന് തന്നെ പറയാം. തെറ്റ് നമ്മില്‍ നിന്ന് വന്നതാണെങ്കില്‍ പോലും ചിലപ്പോള്‍ അവര്‍ സോറി പറഞ്ഞുകളയും. തുറിച്ച് നോട്ടങ്ങളില്ല, മോശം കമ്മന്റുകളില്ല, ഒരു സ്ത്രീക്ക് ഏത് പാതിരാത്രിയിലും സുരക്ഷിതമായി യാത്ര ചെയ്യാം. ഇങ്ങനെ ഇസ്‌ലാം വിഭാവന ചെയ്യുന്ന ധാര്‍മിക സമൂഹത്തിന്റെ പല സ്വഭാവ സവിശേഷതകളും ഒരുപരിധി വരെ ഇവിടെ കാണാം.
ബ്രിട്ടനില്‍ ഏഷ്യക്കാര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളായ ഈസ്റ്റ് ലണ്ടന്‍ ഏരിയയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം മുസ്‌ലിംകള്‍ ഇവിടെയുള്ളത് കൊണ്ട് വിവിധ രാജ്യക്കാരുടെ നേതൃത്വത്തില്‍ ധാരാളം മസ്ജിദുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ബ്രിട്ടനില്‍ ഏകദേശം 1750 പള്ളികളുണ്ട്. ലണ്ടനില്‍ മാത്രം 423 ല്‍ അധികം മസ്ജിദുകളുണ്ട്. ഞങ്ങള്‍ താമസിക്കുന്ന ഈസ്റ്റ് ഹാം എന്ന ചെറിയ ടൗണില്‍ തന്നെ പത്തോളം മസ്ജിദുകളുണ്ട്. ഈസ്റ്റ് ലണ്ടന്‍ മോസ്‌ക്, ലണ്ടന്‍ ഗ്രാന്ഡ് മോസ്‌ക്, ഫിന്‍സ്ബടറി മോസ്‌ക് തുടങ്ങിയവ ലണ്ടനിലെ വലിയ പള്ളികളാണ്.
മിക്ക പള്ളികളിലും ഒരു ജുമുഅയില്‍ മുഴുവന്‍ ആളുകളേയും ഉള്‍കൊള്ളാന്‍ സാധിക്കാത്തത് മൂലം രണ്ടോ മൂന്നോ ജുമുഅ നമസ്‌കാരം വരെ നടക്കാറുണ്ട്. പെരുന്നാള്‍ നമസ്‌കാരം മിക്ക പള്ളികളിലും മൂന്ന് ട്രിപ്പുകളും ചില പള്ളികളില്‍ അഞ്ചും ആറും ട്രിപ്പുകളും വരെ നടത്താറുണ്ട്. മിക്കപള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ച് പണ്ഡിതകളായ സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ ഖുര്‍ആന്‍, ഹദീസ,് സീറ ക്ലാസുകള്‍ നടത്തിവരുന്നു. ഓരോ പള്ളിയുടെ കീഴിലും സ്വതന്ത്രമായി വീടുകള്‍ കേന്ദ്രീകരിച്ചും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായും സ്ത്രീകള്‍ക്ക് പ്രത്യേകമായും ധാരാളം ദീനീ കൂട്ടായ്മകളും ക്ലാസ്സുകളും നടന്നുവരുന്നു.
മലയാളികളായ ഇസ്‌ലാമിക പ്രവര്‍ത്തുകരുടെ ഒരു ഓണ്‍ലൈന്‍ ഹല്‍ഖ ബ്രിട്ടനില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. വാരാന്ത യോഗങ്ങള്‍ ഓണ്‍ലൈനായാണ് നടക്കുന്നതെങ്കിലും ഓരോ രണ്ട് മാസം കൂടുമ്പോഴും കുടുംബ സംഗമങ്ങളുടെ രീതിയില്‍ ഹല്‍ഖാ യോഗങ്ങളും നടത്താറുണ്ട്. വനിതാ ഓണ്‍ലൈന്‍ ഹല്‍ഖയില്‍ ബ്രിട്ടന് പുറമേ സിങ്കപ്പൂര്‍ മലേഷ്യ ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളും പങ്കെടുത്തുവരുന്നു.
ബ്രിട്ടനിലെ റമദാനാണ് പ്രത്യേകം പരാമര്‍ശിക്കേണ്ട വിഷയം. ജൂണ്‍ മാസത്തില്‍ പകല്‍ ഏകദേശം 18-19 മണിക്കൂറുകള്‍ ദൈര്‍ഘ്യമുണ്ടാകും. അതി ദൈര്‍ഘ്യമുള്ള പകലാണെങ്കിലും തീരെ ചൂടില്ലാത്തതിനാല്‍ നാട്ടിലെ നോമ്പിനെ അപേക്ഷിച്ച് കുറഞ്ഞ ക്ഷീണമേ അനുഭവപ്പെടുകയുള്ളൂ. ഏകദേശം രാത്രി ഒന്‍പതര മണിക്ക് മഗ്‌രിബും മൂന്ന് മണിക്ക് മുമ്പേ പ്രഭാതവും ആകുന്നതിനാല്‍ ഒരു നേരം മാത്രമേ കാര്യമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ സ്ത്രീകളില്‍ പലരും ഈ ദൈര്‍ഘ്യം ഒരു അനുഗ്രഹമായാണ് കാണുന്നത്. ദിവസം ഒരു നേരം ആഹാരമുണ്ടാക്കിയാല്‍ മതിയല്ലോ. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ പാരായണത്തിനും ആരാധനകള്‍ക്കും മറ്റും ധാരാളം സമയം ലഭിക്കും.
ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കുറഞ്ഞ പകല്‍ അനുഭവപ്പെടുക. ഏകദേശം 6:30-ന് പ്രഭാതം തുടങ്ങുകയും നാലു മണിക്ക് മുമ്പേ ഇഫ്താര്‍ ആവുകയും ചെയ്യും. 2004-ല്‍ ആണ് ഇതിന് മുമ്പ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റമദാന്‍ വന്നത്.
പള്ളികളിലൊക്കെ ഇഫ്താര്‍ എന്നും ഗംഭീരമായി നടത്തും. ഓരോ പള്ളിയിലും ധാരാളം ആളുകള്‍ ഇഫ്താറിനുണ്ടാകും. ഓരോരുത്തരും എന്തെകിലും വിഭവങ്ങളുമായാണ് പള്ളിയിലെത്തുക. സമൂസ, വട, കട്‌ലെറ്റ്, പലതരം ചിക്കന്‍-മട്ടന്‍ വിഭവങ്ങള്‍, പലതരം ഫ്രൂട്‌സ്, ജ്യൂസ്, നമുക്കറിയാവുന്നതും അറിയാത്തതുമായ മറ്റ് ധാരാളം വിഭവങ്ങള്‍.
മിക്ക പള്ളികളിലും തറാവീഹ് ഇരുപത് റക്അത്താണ് നമസ്‌കരിക്കുന്നത്. പല പള്ളികളിലും ഇഅ്തികാഫിന് ഭക്ഷണമടക്കം സൗകര്യങ്ങളുണ്ടാകും. ചിലരൊക്കെ മഗ്‌രിബിന് പള്ളിയില്‍ പോയാല്‍ സുബ്ഹിക്ക് ശേഷമാണ് തിരിച്ച് വീട്ടിലെത്തുക. മധ്യ ഇംഗ്ലണ്ടിലെ പല പള്ളികളിലും കുടുംബസമേതമാണ് ആളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ചുരുക്കം പള്ളികള്‍ ഒഴിച്ചാല്‍ മിക്കയിടത്തും ഇഅ്തികാഫുകാരുടെ നേതൃത്വത്തില്‍ തഹജ്ജുദ് നമസ്‌കാരവും ജമാഅത്തായി നടത്താറുണ്ട്.
പല രാജ്യക്കാരും നാട്ടുകാരുമായ ആളുകള്‍ തങ്ങളുടെ പ്രത്യേകം പ്രത്യേകം ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. ഏറ്റവും വലിയ മലയാളി മുസ്‌ലിം കൂട്ടായ്മയായ MMCWA, സമസ്ത ഇസ്‌ലാമിക് സെന്റര്‍ ലണ്ടന്‍, KMCC ലണ്ടന്‍, സമസ്ത എ.പി വിഭാഗക്കാരുടെ അല്‍ ഇഹ്‌സാന്‍ ദഅ്‌വാ സെന്റര്‍ തുടങ്ങിയ മലയാളി സംഘടനകള്‍ പ്രത്യേകം പ്രത്യേകം ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. നാട്ടിലെപ്പോലെ തൊട്ടുകൂടായ്മ കുറവായതിനാല്‍ മിക്കവരും എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്.
എന്നാല്‍ മുസ്‌ലിംകള്‍ താരതമ്യേന കുറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജുമുഅക്കും ഹലാല്‍ മാംസം ലഭിക്കാനുമൊക്കെ ചിലപ്പോള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരും.
പല മുസ്‌ലിം കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ധാരാളം ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പല പള്ളികളിലും ജുമുഅക്ക് ശേഷം ഇംഗ്ലീഷുകാരും അല്ലാത്തവരുമായ ആളുകള്‍ ശഹാദത്ത് ചൊല്ലാന്‍ എത്തിച്ചേരുന്നത് പലപ്പോഴും കാണാവുന്നതാണ്.
വിശാലവും ഗംഭീരവുമായ ധാരാളം ക്രിസ്ത്യന്‍ പള്ളികളുണ്ടെങ്കിലും ആളുകളുടെ അഭാവം നിമിത്തം പലതും കമ്മ്യൂണിറ്റി സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. ഞങ്ങളുടെ തൊട്ടടുത്ത ബിലാല്‍ മസ്ജിദ് പുതുക്കിപ്പണിതപ്പോള്‍ മാസങ്ങളോളം ജുമുഅ നമസ്‌കരിച്ചിരുന്നത് തൊട്ടടുത്ത ക്രിസ്ത്യന്‍ പള്ളിയില്‍ വെച്ചായിരുന്നു. ഹാര്‍ട്ട്‌ലി സെന്റര്‍ എന്ന ഈ പള്ളിയില്‍ സ്വന്തമായി പള്ളികളില്ലാത്ത പല കമ്മ്യൂണിറ്റികളും തങ്ങളുടെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. രണ്ടും മൂന്നും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ഒരേ സമയവും അഞ്ചും ആറും ഗ്രൂപ്പുകള്‍ ഒന്നിന് പിറകെ മറ്റൊന്നായും ധാരാളം പെരുന്നാള്‍ നമസ്‌കാരങ്ങള്‍ അവിടെ നടക്കാറുണ്ടായിരുന്നു. ഈയിടെ ഈ സെന്റര്‍ പൊളിച്ചുകളഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷം ബലി പെരുന്നാള്‍ നമസ്‌കാരം മറ്റൊരു ക്രിസ്ത്യന്‍ പള്ളിയായ ട്രിനിറ്റിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്.
സ്ത്രീ ശാക്തീകരണവും ലിംഗ നീതിയും ഒരളവോളം യാഥാര്‍ഥ്യമായ സമൂഹമാണ് ബ്രിട്ടനിലേത്. മുസ്‌ലിം സ്ത്രീകളും ഈ വിഷയത്തില്‍ ഒരുപാട് മുന്നിലാണ്. എവിടെയും കയറിച്ചെന്നു തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങുവാനും ഒരാളുടെ മുന്നിലും തല കുനിക്കാതെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും അവര്‍ക്ക് സാധിക്കുന്നു. ഹിജാബും പര്‍ദ്ദയും നിഖാബും ധരിച്ച സ്ത്രീകളെ പൊതു സ്ഥലങ്ങളിലും എല്ലാ തൊഴില്‍ മേഖലകളിലും കാണാം. ഞങ്ങളുടെ വീടിനടുത്തുള്ള പ്ലാഷെറ്റ് ഗേള്‍സ് സ് കൂള്‍ വിട്ടാല്‍ വല്ല അറബിക് കോളേജ് വിട്ടതാണോ എന്ന് തോന്നിപ്പോകും. ഞാന്‍ യു.കെ യില്‍ എത്തിയ ഉടനെ ഹിജാബ് ധരിച്ച സ്ത്രീകള്‍ ബസും വലിയ ട്രൈലറും എന്തിനേറെ ട്രെയിനുമൊക്കെ ഓടിക്കുന്നത് കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട് അപശബ്ദങ്ങള്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും പര്‍ദ്ദയും ഹിജാബുമൊക്കെ പറയത്തക്ക ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കാത്ത വിധം എല്ലാവര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ബ്രിട്ടീഷുകാരും.
ഇവിടെ ആര്‍ക്കും ഏത് പള്ളിയും എപ്പോഴും സന്ദര്‍ശിക്കാമെങ്കിലും വര്‍ഷത്തില്‍ 'വിസിറ്റ് അവര്‍ മോസ്‌ക്' എന്ന ഒരു പരിപാടി നടക്കാറുണ്ട്. അന്നേ ദിവസം പള്ളി സന്ദര്‍ശിക്കുന്നവര്‍ക്ക് ലഘു ഭക്ഷണം നല്‍കുകയും ഇമാമുമായും മറ്റ് പണ്ഡിതരുമായും സംവദിക്കുവാനും തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുവാനുമുള്ള അവസരം നല്‍കുകയും ചെയ്യും. ധാരാളം സഹോദര സമുദായാംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്താറുണ്ട്.
ഇസ്‌ലാമോഫോബിക് ആയിട്ടുള്ള സംഭവങ്ങള്‍ കുറെയൊക്കെ റിപോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ബ്രിട്ടനിലെ മുസ്‌ലിം ജീവിതം പൊതുവേ ശാന്തമാണ്.