എന്റെ മകന് അര്‍ഫാസ്, നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, സ്കൂള്‍ ബസിനു വേണ്ടി കാത്തുനില്ക്കുമ്പോള് അടുത്തുള്ള പലചരക്ക് കടക്കാരനോട് ചോദിക്കും ''മാമാ ഇന്ന് സമരമുണ്ടോ ?''. ഉണ്ടെന്നു കേട്ടാല്‍ അവന് തുള്ളിച്ചാടി വീട്ടിലേക്കോടി വരും. എന്നിട്ട് സ് കൂള്‍ ബാഗ് എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞ് ഉറക്കെ പ്രഖ്യാപിക്കും. ''ഇന്ന് സമരമാണ്''.
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ പക്ഷെ സമരങ്ങള്‍ അപൂര്‍വമായിരുന്നു. എന്നാല്‍ ഞാന്‍ ദൃക്സാക്ഷിയായ ഒരു വലിയ സമരം നടന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. വലിയൊരു ചരിത്ര സമരത്തിനാണ് ഞാന്‍ സാക്ഷിയാവുന്നതെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. അത് 1959- ലെ വിമോചന സമരമായിരുന്നു. ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ താഴെയിറക്കാന്‍ വേണ്ടി നടന്ന ബഹുജന സമരം. ഇന്നത്തെപ്പോലെ സമരം അക്രമാസക്തം ഒന്നുമായിരുന്നില്ല. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ മറിച്ചിടാന്‍ അന്ന് ഒത്തുകൂടിയത് കത്തോലിക്കാ സഭ, നായര്‍ സര്‍വീസസ് സൊസൈറ്റി, മുസ്ലിം ലീഗ് എന്നീ കക്ഷികള്‍ ആയിരുന്നു. കൂടെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും. സ്കൂളിനു മുന്നില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കവാത്ത് നടത്തുന്നത് കാണാമായിരുന്നു. സമരം നടത്തുന്നത് ആരാണെന്നോ എന്തിനു വേണ്ടിയാണെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു. പക്ഷേ അവര്‍ ഈണത്തില്‍ പാടുന്ന ചില മുദ്രാവാക്യങ്ങള്‍ ഇന്നും എന്റെ ഓര്‍മയിലുണ്ട്.
''അങ്കമാലി കല്ലറയില്‍
നമ്മുടെ സോദരരുണ്ടെങ്കില്‍,
ആ സോദരരാണേ കട്ടായം,
പകരം ഞങ്ങള്‍ ചോദിക്കും''.
എവിടെയൊക്കെയോ വെടിവെപ്പ് നടന്നുവെന്നും ആരൊക്കെയോ കൊല്ലപ്പെട്ടുവെന്നുമൊക്കെ ഉയര്‍ന്ന ക്ലാസിലെ ചേട്ടന്മാര് പറയുന്നത് കേട്ടിട്ടുണ്ട്. ഞങ്ങളുടെ അയല്‍വാസിയും ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ ജാഫര്‍ ആണ് ഞങ്ങളുടെ ലോക്കല്‍ ഗാര്ഡിയന്. അങ്ങിനെ ഒരു ഉത്തരവാദിത്വം ആരും അദ്ദേഹത്തെ ഏല്പിച്ചിട്ടില്ലെങ്കിലും അദ്ദേഹം സ്വയം ഏറ്റെടുത്ത ആ ഉത്തരവാദിത്വം ഭംഗിയായി നിര്ഹിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ സ്കൂളില്‍ നിന്ന് വരുന്ന വഴി ഞങ്ങളെ പട്ടി കടിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ അദ്ദേഹം മുന്നില്‍ ഓടി ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു! പക്ഷെ, പട്ടി ഞങ്ങളെ ഓവര്‍ടേക്ക് ചെയ്ത് അദ്ദേഹത്തെ തന്നെ കടിച്ചു. പിന്നെ നാട്ടുകാരാണ് അദ്ദേഹത്തെ പട്ടിയില്‍ നിന്ന് രക്ഷിച്ചത്. എനിക്ക് എപ്പോഴും ജാഫറിന്റെ പിന്നില്‍ നടക്കാനായിരുന്നു ഇഷ്ടം. കാരണം അദ്ദേഹം എന്നും കാലില്‍ ഷൂ ധരിച്ചാണ് സ്കൂളില്‍ വരുന്നത്. അദ്ദേഹം നടക്കുമ്പോള്‍ ആ ഷൂസ് താളത്തില്‍ ഒരു ശബ്ദം പുറപ്പെടുവിച്ചിരുന്നു. മഴക്കാലത്താണെങ്കില്‍ അദ്ദേഹം ഓരോ ചുവടു വെക്കുമ്പോഴും അതില്‍നിന്ന് വെള്ളം ''പുര്ര്ത'' എന്ന ശബ്ദത്തോടെ പുറത്തേക്കു ചീറ്റുമായിരുന്നു. അദ്ദേഹത്തിന്റെ ബൂട്സിട്ട കാല്പാദങ്ങളില് നിന്നും ദൃശ്യം ഡിസ്സോള്‍വ് ചെയ്യുകയാണെങ്കില്‍ നമ്മള് ചെന്നെത്തുക, പിന്നീട് പ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും കോച്ചുമൊക്കെയായ ജാഫറിന്റെ ബൂട്സിട്ട കാലുകളിലേക്കാണ്! അദ്ദേഹത്തിന്റെ ബൂട്സിട്ട കാല്പാദങ്ങള് അന്നെന്റെ ശ്രദ്ധാ കേന്ദ്രമായത് ഒരു പക്ഷെ ഭാവിയില്‍ ആ കാലുകള്‍ ദേശീയതലത്തില്‍ പ്രശസ്തനാകാന് പോകുന്ന ഒരു ഫുട്ബോളറുടെ കാലുകള്‍ ആയതു കൊണ്ടായിരിക്കാം.
സമരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജാഫറില്‍ നിന്നാണ് അറിഞ്ഞത്. ഒരു സമര ദിവസം, സ്കൂളില്‍ നിന്ന് വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ജാഫറിനോട് ചോദിച്ചു ''എന്തിനാണീ സമരം ?'' ജാഫര്‍ പറഞ്ഞു ഇ.എം.എസ്സിന്റെ മന്ത്രിസഭയെ മറിച്ചിടാന്‍ അമേരിക്കക്കാര്‍ നടത്തുന്ന സമരമാണെന്ന്. അതെനിക്ക് മനസ്സിലായില്ല. സമരം ചെയ്യുന്നതൊക്കെ നമ്മുടെ നാട്ടുകാര്‍ തന്നെയാണല്ലോ. അമേരിക്കക്കാരൊക്കെ വെള്ളക്കാരല്ലേ.... ജാഫറിനു ശുണ്ഡി വന്നു ''എടാ ഈ സമരക്കാരൊക്കെ സമരം കഴിഞ്ഞതിനു ശേഷം കായിക്കാന്റെ ഹോട്ടലില്‍ പോയി ഇറച്ചീം പത്തിരീം തിന്നുന്നത് നീ കണ്ടിട്ടില്ലേ ?''
ഞാന്‍ ഇല്ലെന്നു തലകുലുക്കി. ''ങ്ങാ...എന്നാ ഇറച്ചീം പത്തിരീം തിന്നാന്‍ വേണ്ടിയാണ് അവരൊക്കെ ഈ തൊണ്ട പൊട്ടിക്കീറുന്നത്. അമേരിക്കക്കാരാണ് അവര്‍ക്കതിനുള്ള കാശ് കൊടുക്കുന്നത്''.
അതെനിക്ക് പുതിയ അറിവായിരുന്നു. ഇറച്ചീം പത്തിരീം എനിക്കും ഇഷ്ടമായിരുന്നു. പെട്ടെന്ന് ഞാന്‍ ഇടി മിന്നലേറ്റത് പോലെ നിന്നു.. ഇടിമിന്നല്‍ ഏറ്റാല്‍ നില്‍ക്കുമോ, അതോ നിന്ന നില്പില് കത്തിപ്പോകുമോ എന്നെനിക്കു നിശ്ചയമില്ല. ഏതായാലും ഞാന്‍ നിന്നു.
''എന്താടാ?'' ജാഫര്‍ ചോദിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞു ഞാന്‍ നടന്നു.
പക്ഷെ എന്റെ മനസ്സില്‍, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് എനിക്കും അനിയനും നാണയങ്ങള്‍ വാരിത്തന്ന വെള്ളക്കാരുടെ രൂപം തെളിഞ്ഞു വന്നു. അവര്‍ വെള്ളക്കാരാണ്, അപ്പോള്‍ അമേരിക്കക്കാരാണ്. വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് അവര്‍ പൈസ തന്നത് ഇറച്ചീം പത്തിരീം തിന്നു സമരം ചെയ്യാനാണ്! ഇപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. പക്ഷെ ഞാന്‍ ജാഫറിനോട് ഒന്നും പറഞ്ഞില്ല. അനിയനോടും ഒന്നും പറഞ്ഞില്ല. എങ്കിലും എനിക്ക് കുറ്റബോധം തോന്നി. അവരില്‍ നിന്ന് പണം വാങ്ങിയിട്ട് ചെയ്യേണ്ട ജോലി ചെയ്തില്ല! ഞാന്‍ മനസ്സില്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.
പിറ്റേ ദിവസം സ്കൂളിനടുത്ത് എത്തിയപ്പോള്‍, സാധാരണ പോലെ സമരക്കാരെ കണ്ടു. അവര്‍ എനിക്കിഷ്ടമുള്ള ആ ''അങ്കമാലി'' പാട്ടാണ് നീട്ടിപ്പാടുന്നത്. ഒപ്പം മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറിയുകയും ചെയ്യുന്നുണ്ട്. ഞാന്‍ പതുക്കെ പിന്നോട്ടടിച്ചു. ജാഫറും അനിയനും കടന്നുപോയി. സമരക്കാര്‍ അങ്കമാലിപ്പാട്ടും പാടി, മുഷ്ടി ചുരുട്ടി നടന്നു വന്നപ്പോള്‍, ഞാനും അവരുടെ മുന്നിലേക്ക് കയറിനിന്ന് ഉറക്കെ വിളിച്ചു''അങ്കമാലി കല്ലറയില്‍...''. സമരക്കാര്‍ ഒരു നിമിഷം പകച്ചുനിന്നു. അവരുടെ കൂട്ടത്തില്‍ കുട്ടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ പയ്യന് എവിടന്നു പൊട്ടിവീണു ?. പക്ഷെ ഞാന്‍ അതൊന്നും വകവെക്കാതെ ഉണ്ട ചോറിനു നന്ദി കാണിക്കാനായി ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സമരക്കാര്‍ക്കൊപ്പം നടന്നു. എന്റെ സാന്നിധ്യം സമരക്കാര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. അവരില്‍ ഒരാള്‍ എന്നെ പൊക്കിയെടുത്തു. അവര്‍ എന്നെയും ചുമന്നുകൊണ്ട് ആവേശത്തില്‍ മുദ്രാവാക്യം മുഴക്കി നടന്നു. ഞാന്‍ ആ സമരം ശരിക്കും ആസ്വദിച്ചു.
അല്പ നേരം കഴിഞ്ഞപ്പോള്‍ അന്നത്തെ സമരം അവസാനിപ്പിച്ച് സമരക്കാര്‍ പിരിയാന്‍ തുടങ്ങി. എന്നെ ചുമന്നുകൊണ്ട് നടന്നയാള്‍ എന്നെ താഴേക്കിട്ടു. എന്നിട്ട് കൈ കുടഞ്ഞുകൊണ്ട് പിറുപിറുത്തു.. ''പണ്ടാരം''. അവര്‍ ഇറച്ചീം പത്തിരീം കഴിക്കാനായിരിക്കണം, കായിക്കാന്റെ ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു. അവര്‍ക്ക് പണം കൊടുക്കുന്ന വെള്ളക്കാരെ ഒന്നും ഞാന്‍ കണ്ടില്ല. ഏതായാലും ഞാന്‍ അവരുടെ പുറകെ ഓടി. എന്നെ പൊക്കി എടുത്ത ആളുടെ പിന്നിലെത്തി പതുക്കെ അയാളുടെ മുണ്ടില്‍ പിടിച്ചുവലിച്ചു. എന്റെ വലിയുടെ ശക്തി കൂടിയത് കൊണ്ടോ, അയാള്‍ മുണ്ട് മുറുക്കിക്കെട്ടാതിരുന്നത് കൊണ്ടോ അയാളുടെ മുണ്ട് അഴിഞ്ഞുവീണു. ''ഛെ'' എന്ന് ആക്രോശിച്ചു കൊണ്ട് അയാള്‍ മുണ്ട് വാരിവലിച്ചു ഉടുത്തു. എന്നിട്ട് എന്നെ നോക്കി അലറി''.
അയാളുടെ അലര്‍ച്ച എന്നെ തളര്‍ത്തിക്കളഞ്ഞു. ഞാന്‍ സങ്കോചത്തോടെ വിക്കി വിക്കി പറഞ്ഞു.. ''ഇറച്ചീം പപ്പടോം...കോവക്ക...''
''പോടാ, പോയി ക്ലാസ്സീ കേറെടാ..'' ഇത് പറഞ്ഞുകൊണ്ടയാള്‍ നടന്നുപോയി.
ഞാന്‍ ചുറ്റും നോക്കി. ആരും കണ്ടില്ല. ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു. എന്നിട്ട് സ്വയം ആശ്വസിപ്പിച്ചു. ഈ സമരം ചെയ്തതിനുള്ള പ്രതിഫലം ആ വെള്ളക്കാരന് എനിക്ക് മുന്‍കൂര്‍ തന്നതല്ലേ, അപ്പൊ സാരമില്ല.
ഏതായാലും വീട്ടില്‍ എന്നെ വലിയൊരു പ്രതിഫലം കാത്തിരിപ്പുണ്ടായിരുന്നു. ഞാന്‍ വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍, എല്ലാവരും എന്നെ സ്വീകരിക്കാന്‍ ഉമ്മറത്ത് തന്നെ കാത്ത് നില്പുണ്ടായിരുന്നു. എന്നാല്‍ ഒരു സമരനായകനെ സ്വീകരിക്കുന്ന ആവേശമൊന്നും അവരുടെ മുഖങ്ങളില്‍ ഉണ്ടായിരുന്നില്ല. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഉമ്മറത്ത് ഉണ്ടായിരുന്നെങ്കിലും ഒരു ശ്മശാന മൂകതയായിരുന്നു അന്തരീക്ഷത്തില്‍. അനിയന് വാതിലിനു പിന്നില്‍ മറഞ്ഞുനിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു. സംഭവം പന്തിയല്ല എന്ന് എനിക്കൊരു സംശയം. ചാരുകസേരയില്‍ കിടന്നിരുന്ന എന്റെ പിതാവ് പതുക്കെ എഴുന്നേറ്റു. ''എവിടെയായിരുന്നു നീ?'' ആ ചോദ്യത്തിലെ ഗൗരവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി, അതിന്റെ മറുപടി അദ്ദേഹത്തിന് അറിയാമെന്ന്. ഇനി എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് അനിയന് തീര്‍ത്തുകൊടുത്തു. അവന് വാതിലിനു പിന്നില്‍നിന്ന് തല വെളിയിലേക്കിട്ടു വിളിച്ചു പറഞ്ഞു-''സമരത്തിന് പോയതാ''.
അതെ, അതിനുള്ള കാരണങ്ങളും എനിക്ക് പറയാനുണ്ടായിരുന്നു. പക്ഷെ അതിനൊന്നും സമയം കിട്ടിയില്ല. അപ്പോഴേക്കും ഒരു ചൂരല്‍ ശക്തമായി എന്റെ കാലുകള്‍ക്ക് പിന്നില്‍ വന്നുപതിച്ചു. ഞാന്‍ വേദന കൊണ്ട് പുളഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍, ബാപ്പാന്റെ കൈയ്യിലുള്ള ചൂരല്‍ എന്നെ ലക്ഷ്യമാക്കി വീണ്ടും വരികയായിരുന്നു. ഒപ്പം ബാപ്പാന്റെ ശകാര വര്‍ഷവും. ''നിന്നെ സ്കൂളില്‍ അയക്കുന്നത് സമരം ചെയ്യാനല്ല, പഠിക്കാനാണ്''. വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ ഞാന്‍ സഹായത്തിനായി ഉമ്മയെ നോക്കി. ഉമ്മയാണല്ലോ ''പടച്ചവന് തന്നതാണെ''ന്ന് പറഞ്ഞ് വെള്ളക്കാര്‍ തന്ന പൈസ എന്റെ കൈയില്‍ നിന്നും വാങ്ങിയത്. പക്ഷെ ഉമ്മ മൗനത്തിന്റെ വാല്മീകത്തില് ഒളിച്ചു.
സമരത്തില്‍ പങ്കെടുത്തത് എങ്ങനെ അപരാധമായി എന്ന് എനിക്ക് കുറെ കഴിഞ്ഞാണ് മനസിലായത്. അധികം താമസിയാതെ മട്ടാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നു. എന്റെ പിതാവ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു. കോണ്‍ഗ്രസ്സുകാരനും തുറമുഖ തൊഴിലാളി നേതാവുമായിരുന്ന സുലൈമാന്‍ മാസ്റ്റര്‍ ആയിരുന്നു എതിര് സ്ഥാനാര്‍ഥി. ഒരു വിചിത്രമായ സംഗതി, സുലൈമാന്‍ മാസ്റ്ററും ഞങ്ങളും അയല്‍വാസികള്‍ ആയിരുന്നുവെന്നതാണ്. ഫലം വന്നപ്പോള്‍ സുലൈമാന്‍ മാസ്റ്റര്‍ വിജയിച്ചു. സുലൈമാന്‍ മാസ്റ്ററെ പൂമാല അണിയിച്ചുകൊണ്ട് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വീട്ടിലേക്കു ആനയിച്ചു കൊണ്ടുവരുന്നത് ഞാന്‍ എന്റെ വീടിന്റെ മുറ്റത്ത് നിന്ന് കണ്ടു. വാദ്യഘോഷങ്ങളുടെ താളത്തിനൊത്ത് തുള്ളിച്ചാടുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ ഞാന്‍ അയാളെ കണ്ടു! സ്കൂളിനു മുന്നിലെ സമരത്തില്‍ എന്നെ ചുമലിലെടുക്കുകയും പിന്നീട് താഴേക്ക് വലിച്ചെറിയുകയും ചെയ്ത ആ ദ്രോഹിയെ!
അന്ന് എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി, എന്റെ പിതാവിനെ തോല്പിച്ച ഈ വഞ്ചകന്മാര്ക്ക് വേണ്ടിയാണല്ലോ ഞാന്‍ സമരം ചെയ്തത്! എന്റെ പിതാവിന്റെ പാര്‍ട്ടിയുടെ സര്‍ക്കാരിന് എതിരെയാണല്ലോ ഞാന്‍ സമരം ചെയ്തത്! പക്ഷെ അന്ന് എനിക്ക് കൊടിയുടെ നിറങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. കൊടി നോക്കി സമരക്കാരെ തിരിച്ചറിയാനുള്ള വിവരമൊന്നും എനിക്കില്ലായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ മനസ്സിലാക്കി, കുങ്കുമവും, വെള്ളയും, പച്ചയും, ചുവപ്പും കലര്‍ന്നതാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍. വ്യത്യസ്ത അനുപാതത്തില്‍, വിവിധ ക്രമങ്ങളില്‍ ഈ നിറങ്ങള്‍ തന്നെയാണ് എല്ലാ പാര്‍ട്ടികളും ഉപയോഗിക്കുന്നത്.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷവും മട്ടാഞ്ചേരി കോമ്പാറ മുക്കിലെ ഒരു പഴയ ഗോഡൗണിന്റെ ചുമരില്‍ മങ്ങിത്തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് ചുമരെഴുത്ത് എന്നെ രോമാഞ്ചം കൊള്ളിച്ചിട്ടുണ്ട്. ഇതായിരുന്നു ആ ചുമരെഴുത്ത്-
''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ സ: അഡ്വ. അയൂബ് ആദം സേട്ട് B.A.B.I നെ വിജയിപ്പിക്കുക''