കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളെ അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. മുഖത്തുനിറയെ മുഖക്കുരു ഉണ്ടായാല്‍ മുഖസൗന്ദര്യം കുറയും എന്നുകരുതി, അതുമാറ്റാനായി മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതുതരം മരുന്നുകളും ലേപനങ്ങളും പുരട്ടാന്‍ തയ്യാറായേക്കാം. മുഖക്കുരു നിറഞ്ഞ മുഖമുള്ള പെണ്‍കുട്ടിക്ക് കൂട്ടുകാരുടെ ഇടയില്‍ പെരുമാറുമ്പോള്‍ അപകര്‍ഷതാബോധവും തോന്നാം. എളുപ്പത്തില്‍ ചികിത്സിച്ചുമാറ്റാവുന്ന ഒന്നാണ് ഇത് എന്ന് മനസ്സിലാക്കണം. മുഖക്കുരു ചിലപ്പോള്‍ പുറത്തും കഴുത്തിന്റെ പുറകിലും ഉണ്ടാവാറുണ്ട്.
ചര്‍മത്തിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറും ഹോര്‍മോണ്‍ നിലയിലുണ്ടാവുന്ന വ്യത്യാസവും ഭക്ഷണത്തിലെ ക്രമക്കേടുകളുമെല്ലാം മുഖക്കുരുവിനു കാരണമാവാം. എണ്ണയും അഴുക്കും കൊണ്ട് മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുമ്പോള്‍, സെബേഷ്യസ് ഗ്രന്ഥികള്‍ ഉണ്ടാക്കുന്ന ദ്രവം അതിനുള്ളില്‍ തന്നെ കെട്ടികിടക്കുന്നതുകൊണ്ടും ചിലപ്പോള്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി കൂടുതല്‍ ദ്രവം ഉല്‍പാദിപ്പിക്കപ്പെടുന്നതുകൊണ്ടും മുഖക്കുരു ഉണ്ടാവാം. അതിനുപുറമെ എണ്ണയില്‍ വറുത്തു പൊരിച്ച പലഹാരങ്ങള്‍, മധുരപലഹാരങ്ങള്‍, ചോക്ലേറ്റ്, ഐസ്‌ക്രീം എന്നിവ അമിതമായി കഴിച്ചാല്‍ മുഖക്കുരു വര്‍ധിക്കാം. ആര്‍ത്തവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവത്തിനുശേഷവും ഹോര്‍മോണ്‍ വ്യതിയാനമുള്ളവരിലാണ് മുഖക്കുരു കൂടുതലായി കാണുന്നത്. ബാക്ടീരിയ അണുക്കള്‍ മുഖക്കുരുവിനു മുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതു പഴുക്കാനിടയാകുന്നു. ചിലര്‍ക്കുമാത്രം കൂടുതല്‍ മുഖക്കുരു വരുന്നത് അവരുടെ ചര്‍മ്മത്തിന്റെ പ്രത്യേകത കൊണ്ടാണ്. മുഖക്കുരു പാരമ്പര്യമായിട്ടും ഉണ്ടാവാറുണ്ട്. ശരീരത്തിലും മുഖത്തും വളരെ കൂടുതലായി കുരുക്കള്‍ ഉണ്ടാവുന്നത് ഹോര്‍മോണുണ്ടാക്കുന്ന ഗ്രന്ഥികളുടെ തകരാറുകൊണ്ടാവാം.
മുഖക്കുരു കൂടുതലാവുന്നതെപ്പോള്‍
എണ്ണമയം കൂടുതലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മേക്കപ്പും ഉപയോഗിച്ചാല്‍
മുടിയില്‍ എണ്ണ കൂടുതല്‍ തേച്ചാല്‍
തലയില്‍ താരനുള്ളപ്പോള്‍
ആര്‍ത്തവകാലത്ത്
മുഖക്കുരു നുള്ളിപ്പൊട്ടിക്കുകയോ ഞെക്കുകയോ ചെയ്താല്‍
മുഖം വല്ലാതെ ഉരച്ചുകഴുകിയാല്‍
വളരെ പരുപരുത്ത ടവ്വലുകൊണ്ട് മുഖം അമര്‍ത്തിതുടച്ചാല്‍
എണ്ണമയമുള്ള പലഹാരങ്ങള്‍ അധികം കഴിച്ചാല്‍
വെയിലേറ്റു മുഖം കരുവാൡച്ചാല്‍
മാനസിക സംഘര്‍ഷമുണ്ടെങ്കില്‍
മുഖക്കുരു ഉണ്ടാവുന്നതു തടയാന്‍ എന്തുചെയ്യണം?
മുഖചര്‍മം വൃത്തിയായി സൂക്ഷിച്ചാല്‍ മുഖക്കുരു ഉണ്ടാവുന്നതു കുറച്ചൊക്കെ തടയാം.
ദിവസം രണ്ടു പ്രാവശ്യമെങ്കിലും ഫേസ് വാഷോ, മൃദുവായ ക്ലെന്‍സറോ, ഗ്ലിസറിന്‍സോപ്പോ ഉപയോഗിച്ചു മുഖം വൃത്തിയായി കഴുകണം.
അധികം വിയര്‍ക്കുന്നുണ്ടെങ്കില്‍ പുറത്തുപോയി വന്നതിനുശേഷം മുഖം നന്നായി കഴുകണം.
കോളേജില്‍നിന്നു വന്നശേഷവും ഉറങ്ങുന്നതിനു മുമ്പും മുഖം കഴുകാന്‍ മറക്കാതിരിക്കുക.
മേക്കപ്പിട്ട് പുറത്തുപോയി തിരിച്ചുവന്നാല്‍ അതുനീക്കം ചെയ്യാനായി മുഖം വൃത്തിയായി കഴുകണം.
എണ്ണമയം കൂടുതലുള്ള മേക്കപ്പും സൗന്ദര്യവര്‍ദ്ധകവസ്തുക്കളും ഉപയോഗിക്കാതിരിക്കുക.
സന്തുലിതാഹാരം കഴിക്കുക.
ധാരാളം വെള്ളം കുടിക്കുക
മധുരപലഹാരങ്ങള്‍, എണ്ണപലഹാരങ്ങള്‍, നെയ്യ്, വെണ്ണ, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറക്കുക.
മുഖക്കുരു ഉണ്ടായാല്‍ വിരല്‍കൊണ്ട് ഇടക്കിടെ തൊടാനോ ഞെക്കാനോ കുത്തിപ്പൊട്ടിക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ പഴുപ്പ് വ്യാപിക്കും.
മധുരം കൂടുതലുള്ള കൃത്രിമ പാനീയങ്ങള്‍ക്കു പകരം വീട്ടിലുണ്ടാക്കിയ പഴച്ചാറുകള്‍ കഴിക്കുക.
ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മുടിയില്‍ എണ്ണമയം കൂടിയാല്‍ മുടിയില്‍ താരനും മുഖക്കുരുവും വരാനിടയുണ്ട്.
മുടിയില്‍ എണ്ണതേക്കണം, പക്ഷേ രണ്ടുദിവസം കഴിഞ്ഞ് മുടി ഷാമ്പൂചെയ്തു വൃത്തിയാക്കുകയും ചെയ്യണം. മുടിയില്‍ താരനുണ്ടെങ്കില്‍ അതു ചികിത്സിച്ചുമാറ്റുകയും താരന്‍ മാറ്റാനുള്ള ഷാമ്പൂ ഉപയോഗിക്കുകയും ചെയ്യുക.
വൈകാരിക സമ്മര്‍ദ്ദങ്ങളും മാനസിക സംഘര്‍ഷവും ഒഴിവാക്കാന്‍ ധ്യാനം, യോഗ എന്നിവ ചെയ്യുക.
വെയിലത്തു പുറത്തു പോവേണ്ടിവന്നാല്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക.
മുഖം വളരെ മൃദുവായി കഴുകുക. ഉരക്കാനോ ടവ്വല്‍കൊണ്ട് അമര്‍ത്തിത്തുടക്കാനോ പാടില്ല.
മുഖക്കുരു കൂടുതലുണ്ടെങ്കില്‍ ചര്‍മ്മരോഗവിദഗ്ധനെ കാണിച്ചു ചികിത്സിച്ചു തുടങ്ങണം.