മെച്ചപ്പെട്ട ജോലി തേടി, ഭേദപ്പെട്ട വേതനം കൊതിച്ച് സ്വന്തം നാടും വീടുമുപേക്ഷിച്ച് മലയാള മണ്ണിലെത്തി എല്ലുമുറിയെ പണിയെടുത്ത് ജീവിക്കുന്ന കുറെ ഉത്തരേന്ത്യന്‍ ജീവിതങ്ങളുണ്ട് നമുക്കുചുറ്റും. ബായിയെന്നും ബംഗാളിയെന്നും സ്‌നേഹത്തോടെയും അല്ലാതെയും നാം വിളിക്കുന്ന കുറെ ഇതര സംസ്ഥാന തൊഴിലാളികള്‍.
മെച്ചപ്പെട്ട ജോലി തേടി, ഭേദപ്പെട്ട വേതനം കൊതിച്ച് സ്വന്തം നാടും വീടുമുപേക്ഷിച്ച് മലയാള മണ്ണിലെത്തി എല്ലുമുറിയെ പണിയെടുത്ത് ജീവിക്കുന്ന കുറെ ഉത്തരേന്ത്യന്‍ ജീവിതങ്ങളുണ്ട് നമുക്കുചുറ്റും. ബായിയെന്നും ബംഗാളിയെന്നും സ്‌നേഹത്തോടെയും അല്ലാതെയും നാം വിളിക്കുന്ന കുറെ ഇതര സംസ്ഥാന തൊഴിലാളികള്‍. നോമ്പും പെരുന്നാളും ഇങ്ങ് കൈയ്യകലത്തിലെത്തി നില്‍ക്കുമ്പോള്‍ ജന്മനാട്ടില്‍ നിന്നേറെ അകലെയായി ഒരു വ്രതകാലം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ടവര്‍. പതിനായിരക്കണക്കിന് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്നും ചിലര്‍ അവരുടെ നോമ്പുകാല വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
റഹ്മാന്‍, സദ്ദാം ഹുസൈന്‍, മുനീറുല്‍ മാലിക്ക്, മുസ്തഫ, അബൂതാഹിര്‍ ശേഖ്...ഏറെ ആശങ്കയോടെയും അതിലേറെ പ്രതീക്ഷകളോടെയുമാണ് ആ അഞ്ചു സുഹൃത്തുക്കള്‍ ബംഗാളിലെ ബര്‍ദമാനില്‍നിന്ന് കേരളത്തിലെത്തുന്നത്. കോഴിക്കോട് മൂഴിക്കലാണ് ഇവര്‍ ജോലിചെയ്യുന്നത്. പരിചയമില്ലാത്ത നാടാണ്, അറിയാത്ത ആളുകളും. ഭാഷയോ സംസ്‌കാരമോ ഒന്നും ഒരുപോലെയല്ല. ബംഗാളും കേരളവും തമ്മില്‍ പല പല മാറ്റങ്ങളുണ്ടെങ്കിലും നോമ്പിന്റെ കാര്യത്തില്‍ രണ്ട് സംസ്‌കാരവും ഒരുപോലെയാണെന്നത് ഇവര്‍ക്ക് ചില്ലറ ആശ്വാസമല്ല പകരുന്നത്. എന്നാല്‍ ഇവിടുത്തുകാരുടെ മതാചാരങ്ങളും അനുഷ്ഠാനങ്ങളും എങ്ങനെയായിരിക്കുമെന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. നോമ്പുകാലം ഒരുപോലെയാണെന്നറിഞ്ഞപ്പോള്‍ തന്നെ പകുതി ആശ്വാസമായെന്ന് കൂട്ടത്തിലെ മുതിര്‍ന്നയാളായ മുനീറുല്‍ മാലിക്ക് ചിരിയോടെ പറയുന്നു.
നാട്ടില്‍ ചിലരൊന്നും നോമ്പെടുക്കാറില്ല. കുട്ടികളും നോമ്പെടുക്കില്ല. ഇവിടുത്തേപ്പോലെ തന്നെ പുലര്‍ച്ചെ എഴുന്നേറ്റ് ലഘുഭക്ഷണം കഴിച്ച് നിയ്യത്തെടുത്താണ് നോമ്പ് അനുഷ്ഠിക്കുന്നത്. നോമ്പുതുറക്ക് 'ഇഫ്താറി' എന്നാണ് വിശേഷിപ്പിക്കുക. പഴങ്ങളായിരിക്കും നോമ്പുതുറ വിഭവങ്ങളില്‍ പ്രധാനം. കക്കരിക്ക, ആപ്പിള്‍, കൈതച്ചക്ക, തണ്ണിമത്തന്‍,ഏത്തപ്പഴം തുടങ്ങിയ പഴങ്ങളാണ് മുഖ്യം. ഇവിടെ നോമ്പുതുറക്ക് ഉണ്ടാക്കുന്ന നാരങ്ങാവെള്ളം അവിടെ നിമ്പുപാനിയാണ്. സംഗതി ഒന്നുതന്നെ. നോമ്പുതുറക്കാന്‍ കഴിക്കുന്ന കാരക്കക്ക് കജൂര്‍ എന്നു പറയും. മഗ്‌രിബ് ബാങ്ക് മഗ്്രബ് എന്നാണറിയപ്പെടുന്നത്. നോമ്പുതുറവേളയിലെ പഴങ്ങളും പലഹാരങ്ങളും അടങ്ങിയ ലഘുഭക്ഷണത്തിനുശേഷം നമാസ് (നമസ്‌കരിക്കല്‍) നിര്‍വഹിക്കും. തുടര്‍ന്ന് ഇവിടത്തെപ്പോലെ വീണ്ടുമൊരു ഭക്ഷണവേള. ചപ്പാത്തി, പൊറോട്ട ചിക്കന്‍/ ബീഫ്കറി, അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ പൊരിയില്‍ കടലയും സവാളയുമൊക്കെച്ചേര്‍ത്ത് കറിവെക്കും. സമൂസ, പൊക്കുവട, ബോണ്ട തുടങ്ങിയ എണ്ണക്കടികള്‍ പുറത്തെ മാര്‍ക്കറ്റുകളില്‍നിന്ന് വാങ്ങുമ്പോള്‍ ബാക്കിയുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ വീട്ടിലെ പെണ്ണുങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കും. പുറത്ത് പലഹാര മാര്‍ക്കറ്റുകള്‍ സജീവമാകുന്ന കാലം കൂടിയാണ് നോമ്പുമാസം.
സന്തോഷത്തിന്റെ ഈദ് മുബാറക്
ഈദ് ദിനത്തില്‍ നാട്ടിലെങ്ങും സന്തോഷത്തിന്റെ അലയൊലികളാണ്. ഒരാഴ്ച മുമ്പേ ആഘോഷ പരിപാടികള്‍ തുടങ്ങും. അക്ഷരാര്‍ഥത്തില്‍ നാട്ടിലെങ്ങും ഉത്സവം വന്നു എന്നു പറയാം. നാട്ടിലും വീട്ടിലും തെരുവോരങ്ങളിലും കടകളിലുമെല്ലാം ബഹുവര്‍ണ വൈദ്യുതവിളക്കുകള്‍ തൂക്കിയിടും. പെരുന്നാള്‍ത്തലേന്ന് പ്രഭാ പൂരിതമായിരിക്കും നാടുമുഴുവന്‍. ഒറ്റവാക്കില്‍ ആഘോഷം എന്നു പറഞ്ഞാല്‍ മതിയാവില്ല. പെരുന്നാള്‍ത്തലേന്നും പെരുന്നാള്‍ ദിനത്തിലും നാടും നഗരവും ഉത്സവച്ഛായയിലായിരിക്കും. തെരുവുകള്‍ തോറും ഗാനമേളകള്‍, കലാപരിപാടികള്‍, നൃത്ത നൃത്യങ്ങള്‍...അങ്ങനെയങ്ങനെ... ഈദ് കാ ദിന്‍ ബഹുത്ത് മസാ ഥാ (പെരുന്നാള്‍ ദിനം വലിയ ആഘോഷമായിരിക്കും) എന്നു പറയുമ്പോള്‍ ആ ഭായിമാരുടെ മുഖത്ത് ശവ്വാല്‍പിറ തെളിഞ്ഞുചിരിക്കുന്നുണ്ടായിരുന്നു. പെരുന്നാള്‍ പ്രഭാതത്തില്‍ ആണ്‍കുട്ടികളും മുതിര്‍ന്ന പുരുഷന്‍മാരും മസ്ജിദില്‍ നമാസിനായി പോവും. അതാണ് ഏറെ പ്രധാനം. പഞ്ചാബി കുര്‍ത്തയും തൊപ്പിയുമൊക്കെ അണിഞ്ഞാണ് അവര്‍ പള്ളിയില്‍ പോവുക. സിമായി എന്നറിയപ്പെടുന്ന നമ്മുടെ നാട്ടിലെ
സേമിയ പായസം ആണ് പെരുന്നാള്‍ ദിനത്തിലെ ആദ്യവിഭവം. പുരുഷന്‍മാര്‍ വരുമ്പോഴേക്ക് വീട്ടിലെ സ്ത്രീകള്‍ ഇത് തയ്യാറാക്കി വെക്കും. എല്ലാ വീട്ടിലും സിമായി ഉണ്ടാക്കല്‍ നിര്‍ബന്ധമാണ്. അതുകഴിഞ്ഞ് പെരുന്നാള്‍ സന്തോഷം പങ്കുവെക്കാന്‍ ബന്ധുവീടുകളും അയല്‍വീടുകളും സന്ദര്‍ശിക്കും. കേരളത്തിലേതിനേക്കാള്‍ ആഘോഷമാണ് പെരുന്നാള്‍ ദിനത്തില്‍ ബംഗാളില്‍. നമാസ് കഴിഞ്ഞാല്‍ എല്ലായിടത്തും ഒന്ന് ചുറ്റിയടിക്കല്‍ ഒഴിച്ചുകൂടാനാവാത്തതാണ്. അതിനിടയില്‍ ബിരിയാണി, നെയ്‌ചോറ് എന്നിങ്ങനെ വിഭവസമൃദ്ധമായ പെരുന്നാള്‍ സ്‌പെഷല്‍ ഒരുക്കും. എല്ലാവരും ഒരുമിച്ച് കഴിച്ച് പുതുവസ്ത്രങ്ങളൊക്കെ അണിഞ്ഞ് പുറത്തേക്കിറങ്ങും. ബന്ധുവീടുകളില്‍ സ്‌നേഹ സന്ദര്‍ശനം കഴിഞ്ഞാല്‍ പിന്നെ വിനോദകേന്ദ്രങ്ങളിലും പാര്‍ക്കിലും മറ്റുമായിരിക്കും യാത്ര. നോമ്പിന്റെ പുണ്യം പൂര്‍ണമാവാന്‍ നാട്ടിലെ ചെറിയ ചെറിയ ദര്‍ഗകളില്‍ സന്ദര്‍ശനം നടത്തുന്നവരുമുണ്ട്. ചെറുപ്പക്കാര്‍ ചേര്‍ന്ന് സിനിമക്കുപോവും. കുടുംബത്തോടൊപ്പം ഗംഗയുടെ തീരങ്ങളില്‍ ചെന്നിരിക്കുന്നവരും കുറവല്ല. തലേദിവസത്തെ പാട്ടും ബഹളവും പെരുന്നാളിനും തുടരും. എങ്ങും സന്തോഷവും ആഘോഷവും. പാട്ടും വിനോദവും..എല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ രാത്രിയാവും..പിന്നെ അടുത്ത നോമ്പുകാലത്തേക്കുള്ള കാത്തിരിപ്പാണ്...
നോമ്പിന് ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യം ഏറെ ബുദ്ധിമുട്ടാണ്. വ്രതമനുഷ്ഠിച്ചാണ് അവര്‍ പൊരിവെയിലില്‍ കഠിനാധ്വാനം ചെയ്യുന്നത്. എന്നാല്‍ ജോലി നിര്‍ത്തി ഒരുമാസത്തേക്ക് വീട്ടിലേക്കു പോവാമെന്നു കരുതിയാലോ, വീട്ടിലിരിക്കുന്ന പ്രായമായ ബാപ്പയുടെയും ഉമ്മയുടെയും കുഞ്ഞുപെങ്ങന്മാരുടെയുമെല്ലാം മുഖം മനസിലേക്കെത്തും. കഷ്ടപ്പാട് ഏറെയുണ്ടെങ്കിലും ഇവിടം അവര്‍ക്ക് സ്വര്‍ഗം പോലെയാണ്. കാരണം വീട്ടുകാര്‍ പെരുന്നാളാഘോഷിക്കണമെങ്കില്‍ ഈ ഭായിമാരിവിടെ കഠിനാധ്വാനം ചെയ്യണം. വീട്ടില്‍പോവണമെന്നാഗ്രഹിച്ചാലും ഒരു ഫോണ്‍ വിളിയില്‍ ഈദ് മുബാറക്ക് നേര്‍ന്നുകൊണ്ട് അവര്‍ തങ്ങളുടെ സ്വപ്നങ്ങളെ അടക്കിവെക്കുകയാണ്. അങ്ങേതലക്കലെ ശബ്ദം കേള്‍ക്കുമ്പോള്‍ സ്വന്തം വദനങ്ങളില്‍ തെളിയുന്ന പെരുന്നാളമ്പിളിയില്‍ സ്വയം ആശ്വസിപ്പിച്ചുകൊണ്ട്.