കാരുണ്യം പതിയെപതിയെ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന
കാരുണ്യം പതിയെപതിയെ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കെട്ടകാലത്താണ് നമ്മുടെ ജീവിതം. കാരുണ്യശൂന്യമായ ചെയ്തികള്‍ക്ക് നിരവധിയുണ്ട് ഉദാഹരണങ്ങള്‍. കുഞ്ഞുങ്ങളെ വാത്സല്യത്തോടെ മാറോ ട് ചേര്‍ത്തുപിടിക്കുന്നതിനുപകരം അവ രെ അക്രമിക്കുകയും മര്‍ദ്ദിക്കുകയും പീഢി പ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍, കാരു ണ്യത്തിന്റെ ചിറകുകള്‍ വിരിച്ച് സംരക്ഷിക്കേണ്ട മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്ന സന്താനങ്ങള്‍, സമാധാനത്തിന് പകരം യുദ്ധവും സംഘര്‍ഷവും സൃഷ്ടി ച്ച് ലക്ഷങ്ങളെ കൊന്നൊടുക്കുന്ന സാമ്രാജ്യ ത്വ കഴുകന്മാര്‍, ഭരണകൂടഭീകരത, വംശീയ കലാപങ്ങള്‍, കൂട്ടക്കൊലകള്‍........അങ്ങനെയങ്ങനെ നിരവധി ഉദാഹരണങ്ങള്‍.
ജീവിതത്തില്‍ നിത്യം നിലനിര്‍ത്തേണ്ട ദൈവികവും മാനവികവുമായ മൂല്യമാണ് കാരുണ്യം. കാരുണ്യം ജീവിതത്തിന്റെ അടയാളമായി മാറേണ്ടതുണ്ട്. കാരുണ്യത്തോടെ വര്‍ത്തിക്കുന്നവരത്രെ സൗഭാഗ്യത്തിന്റെ ഉടമസ്ഥര്‍. ഇഹലോകത്ത് ദൈവികാനുഗ്രഹവും പരലോകത്ത് ദൈവികദര്‍ശനവും അവര്‍ക്കാണ് ലഭിക്കുക. അഭിമുഖീകരിക്കുന്ന എല്ലാറ്റിനെയും, അത് മനുഷ്യനാവട്ടെ മനുഷ്യേതര ജീവജാലങ്ങളാവട്ടെ, കരുണാര്‍ദ്രമായ സ്വത്വത്തോടെ സമീപിക്കാനാവുകയെന്നത് ഉല്‍കൃഷ്ടമായ കാര്യമാണ്. മാതാപിതാ ക്കളോടും സന്താനങ്ങളോടും കാരുണ്യം കാണിക്കണം. ഗുരുവര്യന്മാരോടും ശിഷ്യഗണ ങ്ങളോടും കാരുണ്യം കാണിക്കണം. ചെറിയ വരോടും വലിയവരോടും കാരുണ്യം കാണിക്ക ണം. പക്ഷികളോടും മൃഗങ്ങളോടും കാരുണ്യം കാണിക്കണം. അങ്ങനെ കാരുണ്യത്താല്‍ സുന്ദരമായിത്തീരട്ടെ ഈ ലോകം.
ഇസ്‌ലാമിന്റെ സ്ഥായീഭാവമാണ് കാരു ണ്യം. കാരുണ്യമാണ് അതിന്റെ കാതലായ തത്വം. ഇസ്‌ലാമിന്റെ വേരുകളിലും കാണ്ഡ ങ്ങളിലും ചില്ലകളിലും ഇലകളിലും കാരുണ്യം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മുസ്‌ലിംകളുടെ സവിശേഷതയായിട്ടാണ് കാരുണ്യത്തെ ഇസ്‌ലാം എണ്ണുന്നത്. വിശുദ്ധവേദം പറയുന്നു: ''പിന്നെ വിശ്വാസം കൈകൊള്ളുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പെടലുമാണത്'' (അല്‍ബലദ്: 17). കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായിരുന്നു പ്രവാചകന്‍ മുഹമ്മദ് (സ). പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി: ''നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ (ദൈവം) നിങ്ങളോട് കാരുണ്യം കാണിക്കുന്നതായിരിക്കും'' (അഹ്മദ്).
''അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേ യില്ല, മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാകു ന്നു''വെന്ന ഉത്കൃഷ്ട വചനമാണല്ലോ ഇസ്‌ലാമിന്റെ ആദര്‍ശം. ആദര്‍ശത്തിന്റെ പ്രധാന താല്‍പര്യമാണ് ദൈവത്തിന്റെയും ദൂതന്റെയും കാരുണ്യത്തിലുള്ള ആഴത്തിലുള്ള വിശ്വാസം: ''നിങ്ങളുടെ ദൈവം ഏകനായ ദൈവമാകുന്നു. അവനല്ലാതെ മറ്റൊരു ദൈവമേയില്ല. അവന്‍ പരമകാരുണികനും ദയാപരനുമാകുന്നു''(അല്‍ബഖറ:163). ദൈവം തന്നെ സ്വയം വിശേഷിപ്പിക്കുന്നത് കാരുണ്യവാന്‍ എന്നാണ്: ''നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ സ്വത്വത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (അല്‍അന്‍ആം: 54). ഒരിക്കലും വെട്ടിമാറ്റാനാവാത്ത സത്താപരമായ സവിശേഷതയാണ് ദൈവത്തിന് കാരുണ്യം. അല്ലാഹുവെന്ന നാമത്തോട് ചേര്‍ത്തു പറയപ്പടുന്ന നാമങ്ങളാണ് റഹ്മാനും റഹീമും. പ്രസ്തുത നാമങ്ങള്‍ ദൈവത്തിന്റെ അഗാധമായ കാരുണ്യത്തെയാണ് കുറിക്കുന്നത്. കാരുണ്യത്തിന്റെ ഉറവിടം കൂടിയാണ് ദൈവം. അവന്റെ കാരുണ്യം പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടിജാലങ്ങളെയും തഴുകിതലോടികൊണ്ടേയിരിക്കുന്നു. ദൈവത്തിന്റെ രോഷത്തേക്കാള്‍ കാരുണ്യത്തിനാണ് മേല്‍ക്കൈ. അവന്റെ രോഷം നിമിഷനേരത്തക്ക് മാത്രമേ നിലനില്‍ക്കുകയുള്ളൂ. കാരുണ്യമോ അനാദികാലം നിലനില്‍ക്കുന്നതായിരിക്കും. ദൈവം കാരുണ്യത്തെ നൂറായി വിഭജിച്ചപ്പോള്‍ അവയില്‍ ഒരു ഭാഗം മാത്രമാണ് പ്രപഞ്ച ത്തിലെ സൃഷ്ടിജാലങ്ങളില്‍ നിക്ഷേപിച്ചത്. സൃഷ്ടികള്‍ പരസ്പരം അനുവര്‍ത്തിച്ചുവരുന്ന കാരുണ്യം ദൈവം നിക്ഷേപിച്ച ഒരു ശതമാനം കാരുണ്യത്തിന്റെ ഭാഗമായുള്ളതാണ്. അവശേഷിക്കുന്ന തൊണ്ണൂറ്റൊമ്പത് ഭാഗവും ദൈവം തന്നില്‍ തന്നെ നിക്ഷേപിച്ചിരിക്കുയാണ്. അവ തന്റെ ദാസന്മാര്‍ക്കായി പരലോകത്തു വെച്ച് വീതംവെക്കുന്നതായിരിക്കും. കാരു ണ്യത്തിന്റെ താക്കോലെന്നായിരുന്നു പ്രവാചകന്റെ സ്ഥാനപ്പേര്. പ്രവാചകന്‍ ഭൂമിയില്‍ നിയോഗിക്കപ്പെട്ടത് കാരുണ്യത്തിന്റെ പൂര്‍ത്തീകരണത്തിനായിരുന്നു. ''ലോകര്‍ക്കാ കെ കാരുണ്യമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല''(അല്‍അമ്പിയാഅ്: 107).
കാരുണ്യം ദൈവികമെന്നപോലെ മാനു ഷികം കൂടിയാണ്. കാരണം, മനുഷ്യന്റെ ജന്മസിദ്ധമായ വികാരമാണ് കാരുണ്യം. ഉല്‍കൃഷ്ടമായ ഇതര സ്വഭാവങ്ങളെപോലെ സ്വത്വവുമായിട്ടാണ് കാരുണ്യത്തിന്റെയും ബന്ധം. അതായത് സ്വത്വത്തില്‍ നിന്ന് ഉറന്നൊഴുകുന്ന അദൃശ്യവും അവര്‍ണനീ യവുമായ വൈകാരിക അവസ്ഥയാണ് കാരുണ്യം. സ്വത്വമാണ് കാരുണ്യത്തിന്റെ കേന്ദ്രമെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം പ്രവാചകജീവിതത്തില്‍ നിന്ന് ഉദ്ധരിക്കാനാവും. ഒരിക്കല്‍ ഒരു സംഘം ഗ്രാമീണ അറബികള്‍ പ്രവാചകനെ സമീപിച്ചു ഇപ്രകാരം ചോദിക്കുകയുണ്ടായി: ''നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ചുംബിക്കാറുണ്ടോ?'' ''അതെ''യെന്ന് പ്രവാചകന്‍ പ്രതിവചിച്ചു. ''എന്നാല്‍ ദൈവമാണ! ഞങ്ങള്‍ അവരെ ചുംബിക്കാറില്ല'', അവര്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ദൈവം നിങ്ങളുടെ സ്വത്വങ്ങളില്‍ നിന്ന് കാരുണ്യം നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്''. പ്രവാചകന്റെ ഈ മറുപടി മനുഷ്യജീവിതത്തില്‍ കാരുണ്യത്തിനുള്ള പ്രാധാന്യവും അതിന്റെ സ്ഥാനം എവിടെയാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
കാരുണ്യത്തെ യുക്തികൊണ്ട് അളക്കാനാ വില്ല. അദ്ധ്യാത്മികമായേ അതിനെ ഗ്രഹി ക്കാനാവുള്ളൂ. ആത്മാവിന്റെ ഭാഷ ഉപയോഗിച്ചുകൊണ്ടാണ് മിസ്റ്റിക്കുകള്‍ കാരുണ്യത്തെ ഉള്‍കൊള്ളാന്‍ ശ്രമിച്ചത്. മിസ്റ്റിക്കുകള്‍ തങ്ങളുടെ ആത്മാക്കളെ ദൈവത്തോടും സമൂഹത്തോടും ചേര്‍ ത്തുവെക്കാന്‍ കാരുണ്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടായിരുന്നു. അവരുടെ ഇഷ്ടവിഷയമായിരുന്നു ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചുള്ള വര്‍ണനകള്‍. പേര്‍ഷ്യക്കാരനായ അബുല്‍ഹസന്‍ ഖുര്‍ക്കാനിയെ പറ്റിയുള്ള ഒരു കഥ ഇപ്രകാരമാണ്. ഒരു രാവില്‍ പ്രാര്‍ഥനാനിരതനായിരിക്കെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു അദ്ദേഹം. ''ഓ അബുല്‍ഹസന്‍ നിന്റെ ആന്തരികമായ അവസ്ഥയെപറ്റി എനിക്കറിയുന്ന കാര്യങ്ങള്‍ ഞാന്‍ ജനങ്ങളോട് പറയണമെന്ന് നീ ആഗ്രഹിക്കുന്നുവോ? എങ്കില്‍ അവര്‍ നിന്നെ കല്ലെറിഞ്ഞുകൊന്നേക്കും''. അദ്ദേഹം മറുപടി പറഞ്ഞു: ''നിന്റെ കാരുണ്യത്തെപറ്റി എനിക്കറിയുന്നതും നിന്റെ അനുഗ്രഹത്തെപറ്റി ഞാന്‍ ഉള്‍കൊണ്ടതുമായ കാര്യങ്ങള്‍ ജനങ്ങളോട് പറയണമെന്ന് നീ ആഗ്രഹിക്കുന്നുവോ? എങ്കില്‍ അവരാരും ഒരിക്കലും നിന്റെ മുമ്പാകെ പ്രാര്‍ഥനാപൂര്‍വ്വം തലകുനിക്കുകയില്ല''. ''നിന്റെ രഹസ്യം നീ സൂക്ഷിച്ചുകൊള്ളുക, എന്റേത് ഞാനും സൂക്ഷിക്കാം'', ആ ശബ്ദം പറഞ്ഞു. അതിശയോക്തി കലര്‍ന്ന കഥയെങ്കിലും ദൈവത്തിന്റെ ഉറവ വറ്റാത്ത കാരുണ്യത്തെയാണ് മിസ്റ്റിക്ക് ഇവിടെ ആവിഷ്‌കരിക്കുന്നത്. തെറ്റുചെയ്തുപോയ പാപികള്‍ പശ്ചാത്താപവിവശരായി എപ്പോള്‍ ദൈവത്തിനുമുമ്പാകെ സമര്‍പ്പിതരാവുന്നുവോ അപ്പോള്‍ ആ കാരുണ്യം അവരിലേക്ക് ഒഴുകുന്നതായിരിക്കും.
മനുഷ്യബന്ധങ്ങളെ വിളക്കിചേര്‍ക്കുന്ന പശിമയാണ് കാരുണ്യം. വ്യക്തി, കുടുംബം, സമൂഹം, സംസ്‌കാരം, നാഗരികത.... തുടങ്ങിയവ പുഷ്‌കലമാവുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്നത് കാരുണ്യത്തോടും ദയാവായ് പോടുംകൂടി മനുഷ്യര്‍ പരസ്പരം സഹവര്‍ ത്തിക്കുമ്പോഴാണ്. കൂടാതെ സമൂഹത്തില്‍ ശാന്തിയും സമാധാനവും സുരക്ഷിതത്വവും ഉണ്ടാവുന്നത് അപരനെ സ്‌നേഹിക്കുമ്പോഴും അവന് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിക്കുകയും ചെയ്യുമ്പോഴാണ്. ഇന്ന് ലോകം ഇത്രമേല്‍ അശാന്തിയുടെ ഇടമായി തീരുവാനുള്ള മുഖ്യകാരണം മനുഷ്യര്‍ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതും കാരുണ്യം അന്യം നിന്നുപോയതുമാണ്.
കാരുണ്യമുള്ള മനസ്സിന്റെ ഉടമസ്ഥരായി മാറണം നാം. ഇസ്‌ലാമും അതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കാരുണ്യത്തെയാണ് കുറിക്കുന്നത്. കാരുണ്യത്തിന്റെ ദര്‍ശനമാണ് ഇസ്‌ലാം. കാരുണ്യത്തിന്റെ ഉറവിടമാണ് ദൈവം. കാരുണ്യത്തിന്റെ താക്കോലാണ് പ്രവാചകന്‍. കാരുണ്യത്തിന്റെ ആശയമാണ് വിശുദ്ധവേദം. കാരുണ്യത്തിന്റെ തത്വശാസ്ത്രമാണ് തിരുചര്യ. നാം മനുഷ്യരും കാരുണ്യത്തിന്റെ ഉദാത്തമായ മാതൃകയാവേണ്ടിയിരിക്കുന്നു. കരുണ വറ്റിവരണ്ട മണ്ണില്‍ കാരുണ്യത്തിന്റെ തെളിനീരുറവകളാവുക. തിരികെ അനുകൂലമായ സമീപനം ലഭിച്ചില്ലെങ്കിലും ഓരോ സഹജീവിയോടും കാരുണ്യത്തോടെ പെരുമാറുക. തത്വങ്ങളിലെ കാരുണ്യമല്ല, പ്രയോഗത്തിലെ കാരുണ്യമാണ് പ്രധാനം. അപരനോട് കാരുണ്യത്തോടെ വര്‍ത്തിക്കുവാനുള്ള അവസരങ്ങളായി ഓരോ നിമിഷത്തെയും പരിവര്‍ത്തിപ്പിക്കാനാവുകയെന്നത് സ്വത്വത്തിന് അനുഭൂതി പകരുന്ന വലിയ കാര്യമാണ്. കാരുണ്യത്തില്‍ ചാലിച്ച ഒരു നോട്ടം, കാരുണ്യത്തില്‍ ചാലിച്ച ഒരു പുഞ്ചിരി, കാരുണ്യത്തില്‍ ചാലിച്ച ഒരു വര്‍ത്തമാനം, കാരുണ്യത്തില്‍ ചാലിച്ച ഒരു പെരുമാറ്റം, കാരുണ്യത്തില്‍ ചാലിച്ച ഒരു സഹായം, ...... മറ്റുള്ളവര്‍ക്ക് നല്‍കുന്ന മഹത്തായ കാര്യങ്ങളാണിവ. ദൈവം നമ്മില്‍ എപ്രകാരമാണോ കാരുണ്യം ചൊരിയുന്നത് അപ്രകാരം നാമും മറ്റുള്ളവരില്‍ കാരുണ്യം ചൊരിയുക. ജനങ്ങളോട് കാരുണ്യം കാണിക്കാത്തവനോട് ദൈവവും കാരുണ്യം കാണിക്കുകയില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.