മനുഷ്യന് ജീവിക്കാന്‍ എപ്പോഴും പ്രചോദനങ്ങള്‍ വേണം
മനുഷ്യന് ജീവിക്കാന്‍ എപ്പോഴും പ്രചോദനങ്ങള്‍ വേണം. പ്രചോദനത്തിന്റെ ഊര്‍ജത്തിലാണ് മനുഷ്യന്‍ മുന്നോട്ട് സഞ്ചരിക്കുന്നത്. കര്‍മം ചെയ്യാനും പ്രലോഭിതമായ കര്‍മത്തില്‍ നിന്ന് അകന്നുനില്‍ക്കാനും ഈ പ്രചോദനം ആവശ്യമാണ്. മനുഷ്യരുടെ ഏത് കര്‍മത്തെ എടുത്ത് പുറം കീറി അകം പരിശോധിച്ചാലും ഏതെങ്കിലും തരത്തിലുള്ള പ്രചോദനത്തിന്റെ ഊര്‍ജ്ജങ്ങള്‍ അവിടെ കണ്ടെത്താന്‍ കഴിയും. മനുഷ്യന്റെ ഏറ്റവും വലിയ പ്രചോദന സ്‌ത്രോതസ്സാണ് സ്വര്‍ഗം. കര്‍മരാഹിത്യത്തിന്റെ നിസ്സംഗതയില്‍ സ്വര്‍ഗബോധം അവരെ കര്‍മോത്സുകനാക്കും. തെറ്റായ കര്‍മത്തിലേക്ക് പ്രലോഭിതനാകുമ്പോള്‍ സ്വര്‍ഗവാഗ്ദാനം അവനെ തടഞ്ഞുനിര്‍ത്തും.
നിത്യത മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്. എനിക്ക് മരിക്കാന്‍ കൊതിയാകുന്നു എന്നു തോന്നുന്നത് മനോരോഗമാണ്. നിത്യമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതാണ് ആരോഗ്യമുള്ള മനുഷ്യമനസ്സ്. എന്നാല്‍ സമ്പത്തു കൊണ്ടോ ശാസ്ത്രസാങ്കേതിക വിദ്യകള്‍ കൊണ്ടോ ഒരാള്‍ക്കും ഒരിക്കലും കരഗതമാക്കാന്‍ കഴിയാത്തതുമാണത്. പക്ഷേ അപ്പോഴും എല്ലാവരും നിത്യതയെ കൊതിക്കുന്നു. താനില്ലാത്ത കാലത്തും തന്നെ അവശേഷിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിത്യതയുടെ സുരഭിലമായ വാഗ്ദാനമാണ് സ്വര്‍ഗം. ഒരിക്കലും അവസാനിക്കാത്ത ജീവിതം. നിത്യതയെക്കുറിച്ച എല്ലാ മനുഷ്യരിലുമുള്ള ആഗ്രഹത്തിന് എവിടെയങ്കിലും സാക്ഷാത്ക്കാരമുണ്ടെങ്കില്‍ അത് സ്വര്‍ഗത്തില്‍ മാത്രമാണ്. മനുഷ്യന്റെ ഉള്ളില്‍ അത്തരമൊരഭിലാഷം ഉണ്ട് എന്നതുതന്നെ സ്വര്‍ഗ സാധ്യതയുടെ ദൃഷ്ടാന്തമാണ്. സ്വര്‍ഗമുണ്ടെന്ന് ഓരോ മനുഷ്യന്റെയും ഉള്ള് വിളിച്ചുപറയുന്നുണ്ട്. ഈ ചെറിയ ജീവിതം കൊണ്ട് തീരാത്ത കാമനകള്‍ ഉള്ളവരാണ് ഓരോ മനുഷ്യരും. അത് സഫലമാകുന്ന സ്ഥലം എന്നത് മനുഷ്യമനസ്സിന്റെ അനിവാര്യമായ അന്വേഷണമാണ്. സ്വര്‍ഗം തേടുന്ന മനസ്സ് ഓരോ മനുഷ്യന്റെയും ഉള്ളില്‍ കുടികൊള്ളുന്നുണ്ട്. ജീവിതം കൊണ്ട് സ്വര്‍ഗത്തെ തേടാത്തവരും മനസ്സുകൊണ്ട് സ്വര്‍ഗത്തെ അന്വേഷിക്കുന്നുണ്ട്. ആഗ്രഹിക്കുന്നുണ്ട്. സ്വര്‍ഗം വേണ്ട ഈ ജീവിതം കൊണ്ടുതന്നെ ഞാന്‍ സംതൃപ്തനാണ് എന്ന് ഒരു മനുഷ്യനും പറയാനാവില്ല. ഈ ലോകം കൊണ്ട് സംതൃപ്തമാകാന്‍ കഴിയാത്ത അഭിലാഷങ്ങള്‍ നല്‍കപ്പെട്ട് സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യര്‍.
ഭൂമിയിലെ ജീവിതം മനുഷ്യനെ പൂര്‍ണാര്‍ഥത്തില്‍ ഒരിക്കലും സംതൃപ്തിപ്പെടുത്തുന്നില്ല. എത്ര മോഹിച്ച കാര്യമായാലും ലഭിച്ചുകഴിയുന്നതോടെ അതിന്റെ സംതൃപ്തിയും സന്തോഷവും ഇല്ലാതാകുകയും മനുഷ്യന്‍ അതിനപ്പുറത്തെ മോഹങ്ങളിലേക്ക് കണ്ണയക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഭൗതികോപാതികള്‍ക്കൊന്നും ഒരു മനുഷ്യനെയും പരിപൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിയാത്തത്. എല്ലാ മനുഷ്യരുടെ ഉള്ളിലും പണ്ട് സ്വര്‍ഗത്തില്‍ പാര്‍ത്തതിന്റ ഓര്‍മകള്‍ അബോധത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആദമിന്റെയും ഹവ്വയുടെയും ജീനുകളില്‍ നിന്ന് അവസാന മനുഷ്യന്റെ ജീനുകളിലേക്ക് വരെ അത് അനുസ്യൂതം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് സുഖാനുഭവത്തിലും മനുഷ്യന്റെ അളവുകോല്‍ സ്വര്‍ഗമാണ്. ആനന്ദത്തിന്റെ പരകോടിയില്‍ അവര്‍ അതിനെ തന്റെ ഓര്‍മയിലെ സ്വര്‍ഗാനുഭവുമായി താരതന്മ്യം ചെയ്ത് അളക്കുകയാണ് ചെയ്യുന്നത്. അപ്പോളവര്‍ നിരാശരാകും. വീണ്ടും സുഖത്തിന്റെ കൊടുമുടികള്‍ കഠിനാധ്വാനം ചെയ്ത് അവര്‍ ആരോഹണം ചെയ്യും. അതിന്റെ ഉച്ഛിയിലും അവര്‍ക്ക് ഫലം ഇതുതന്നെയായിരിക്കും. കാരണം സ്വര്‍ഗം ഉള്ളിലുള്ളവരെ തൃപ്തിപ്പെടുത്താന്‍ ഭൂമിക്ക് കഴിയില്ല. അവരെ വീണ്ടും സംതൃപ്തരാക്കാന്‍ സ്വര്‍ഗത്തിനു മാത്രമേ കഴിയുകയുള്ളൂ. സമ്പൂര്‍ണ സംതൃപ്തി ഒരു സ്വര്‍ഗീയാനുഭവമാണ്. ലൗകികാനുഭവമല്ല. സമ്പൂര്‍ണ സംതൃപ്തിയും നിത്യതയും ഒരുമിക്കുന്ന ഇടമാണ് സ്വര്‍ഗം. അതുകൊണ്ടാണ് അതില്‍ നിന്നു മാറിപ്പോകാന്‍ ഒരു സ്വര്‍ഗവാസിയും ആഗ്രഹിക്കുന്നില്ലായെന്ന് ഖുര്‍ആന്‍ പറയുന്നത്. നിത്യതയെക്കുറിച്ചാലോചിക്കുമ്പോള്‍ വിരസതയെക്കുറിച്ച ആശങ്ക ചിലപ്പോള്‍ നമ്മളില്‍ കടന്നുവരും. വിരസതയില്ലാത്ത നിത്യതയാണ് സ്വര്‍ഗം. നിത്യനൂതനത്തമായിരിക്കാം അതിന്റെ കാരണം.
നഷ്ട സ്വര്‍ഗത്തിന്റെ ഓര്‍മകള്‍ ഉളളില്‍ പേറി നടക്കുന്നവാരാണ് മനുഷ്യര്‍. മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യമനസ്സിന്റെ അതിവിസ്ത്ൃതിയുടെ കാരണം അതാണ്. അതിന്റെ വിശാലത സ്വര്‍ഗത്തിന്റെ വിശാലതയാണ്. അതിന്റെ അനുഭൂതി പ്രപഞ്ചം സ്വര്‍ഗത്തിന്റെ അനുഭൂതി പ്രപഞ്ചമാണ്. അവരുടെ രസതന്ത്രികള്‍ സ്വര്‍ഗത്തിന്റെ രസതന്ത്രികളാണ്. അവരുടെ നാവിന്റെ രസമുകുളങ്ങള്‍ സ്വര്‍ഗത്തിലെ രസമുകുളങ്ങളാണ്. അവരുടെ പ്രണയ സ്വപ്‌നങ്ങള്‍ പണ്ട് സ്വര്‍ഗത്തില്‍ അനുഭവിച്ച പ്രണയത്തിന്റെ സ്വപ്‌നങ്ങളാണ്. അതുകൊണ്ടാണ് ഒരു പ്രണേതാക്കളും അവരുടെ പ്രണയ സാക്ഷാത്ക്കാരത്തിലും സംമ്പൂര്‍ണമായി സംതൃപ്തരാകാത്തത്. എന്നല്ല, അതി മഹത്തായ പ്രണയങ്ങള്‍ ഭൂമിക്ക് താങ്ങാനാകുന്നതല്ല എന്ന സന്ദേശമാണ് വിശ്വസാഹിത്യത്തിലെ മികച്ച പ്രണയ കഥകള്‍ നല്‍കുന്നത്. മികച്ച പ്രണയകഥകളധികവും ദുരന്ത കഥകളാണ്. ഭൂമിക്ക,് ജീവിതത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ പ്രണയത്തിന്റെ കഥകളാണ്.
നഷ്ടപ്പെട്ട സ്വര്‍ഗം തിരിച്ചുപിടിക്കാനാണ് ദൈവം മനുഷ്യന് ഭൂമിയില്‍ ജീവിതം നല്‍കിയത്. ഭൂമി സ്വര്‍ഗമല്ലാതിരിക്കെ തന്നെ സമ്പൂര്‍ണ സ്വര്‍ഗത്തിലേക്ക് വികസിക്കാനാകാത്ത സ്വര്‍ഗത്തിന്റെ ഒരുപാട് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പ്രത്യേകിച്ച് ആദമിനെയും ഹവ്വയെയും താമസിപ്പിച്ച ഏതന്‍ തോട്ടത്തിന്റെ. ഏതന്‍ തോട്ടത്തില്‍ നിന്ന് ഭൂമിയെ വ്യത്യസ്തമാക്കുന്നത് അധ്വാനമാണ്. ഭൂമിയിലെ അപ്പവും നഷ്ടപ്പെട്ട സ്വര്‍ഗവും അധ്വാനിച്ചുതന്നെ നേടണം. സ്വര്‍ഗം അധ്വാനത്തിന്റെ പ്രതിഫലമല്ല, അധ്വാനിക്കുന്നവര്‍ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്. ഏതന്‍ തോട്ടത്തെ അനുസ്മരിപ്പിക്കുന്ന വിലക്കപ്പെട്ട കനികള്‍ ഭൂമിയിലെ ജീവിതത്തിലും ഉണ്ട്. ആദ്യത്തെ സ്വര്‍ഗം നഷ്ടപ്പെടുത്തിയത് വിലക്കപ്പെട്ട കനിയാണെങ്കില്‍ ശാശ്വത സ്വര്‍ഗവും നഷ്ടപ്പെടുത്തുന്ന കനികളാണവ. വിലക്കപ്പെട്ട കനികളെക്കുറിച്ച ജാഗ്രതയാണ് സ്വര്‍ഗത്തിലേക്കുള്ള വഴി. ഭൂമിയില്‍ തന്നെയുള്ള സ്വര്‍ഗീയാംശങ്ങളെ ആസ്വദിച്ചും വിലക്കപ്പെട്ട കനികളില്‍ നിന്നു വിട്ടുനിന്നും. സ്വര്‍ഗത്തിലേക്കുള്ള യാത്രയാണ് യഥാര്‍ഥത്തില്‍ ഐഹിക ജീവിതം. സ്വര്‍ഗം തിരിച്ചുപിടിക്കാന്‍ നല്‍കപ്പെട്ട അവസരമാണത്. ആദ്യത്തെ പതനം ഭൂമിയിലേക്കായിരുന്നു. ഇത് സ്വര്‍ഗമല്ലെങ്കിലും സ്വര്‍ഗത്തിലെ ചില സാധ്യതകള്‍, ചില ഘടകങ്ങള്‍ നിലനില്‍ക്കുന്ന ഇടമായിരുന്നു. പക്ഷേ അടുത്ത പതനം നരകമാണ്. സ്വര്‍ഗത്തിന്റെ നേരെ എതിര്‍ സ്ഥലം. സ്വര്‍ഗത്തിന്റെ ഒരംശവുമില്ലാത്ത വര്‍ണനാതീതമായ ശിക്ഷയുടെ ഇടം.
സ്വ്പനങ്ങള്‍ സ്വര്‍ഗകുമാരികളാണെന്ന കല്‍പന നമ്മുടെ പാട്ടു സാഹിത്യത്തിലുണ്ട്. സ്വ്പ്‌നങ്ങള്‍ക്ക് നാഭീനാള ബന്ധം സ്വര്‍ഗങ്ങളുമായാണ്. എല്ലാ സ്വപ്‌നങ്ങളും സ്വര്‍ഗത്തില്‍ നിന്നു വന്നവയാണ്. സ്വര്‍ഗം കൊണ്ടു മാത്രം സംതൃപ്തമാവുന്നവയുമാണ്. സ്വപ്‌നങ്ങളെ ശമിപ്പിക്കാന്‍ ഒരിക്കലും ഭൂമിക്ക് കഴിയില്ല. ഈ ഭൂമിയിലെ ഘടകങ്ങള്‍ കൊണ്ട് സ്വപ്‌നങ്ങളെ സംമ്പൂര്‍ണമായി ശമിപ്പിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. സ്വപ്‌നങ്ങളുടെ ഉറവിടം സ്വര്‍ഗമാണ്. അതിന്റെ ശരിയായ ആവാസ സ്ഥലവും അതുതന്നെയാണ്. ഉള്ളില്‍ സ്വര്‍ഗവും പേറി നരകത്തില്‍ പോവേണ്ടി വരിക എന്നതാണ് മനുഷ്യന് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഉളളില്‍ സ്വര്‍ഗമുള്ളതുകൊണ്ടാണ് നരകം നരകത്തേക്കാള്‍ കവിഞ്ഞ പീഢനമാകുന്നത്. നരകത്തിലെ ദണ്ഡനങ്ങള്‍ മാത്രമല്ല നരകവാസിയെ പീഢിപ്പിക്കുന്നത്, ഉള്ളിലെ സ്വര്‍ഗ സാധ്യതകള്‍ കൂടിയാണ്. മനുഷ്യര്‍ പലതരം സ്വപ്‌നങ്ങള്‍ താലോലിക്കുന്നവരാണ്. ആ സ്വപ്‌നങ്ങളാണ് അവര്‍ക്ക് ഊര്‍ജ്ജദായകമാകുന്നത്. കൂരിരുട്ടിലും അവര്‍ വെളിച്ചത്തെ സ്വപ്‌നം കാണും. പ്രതിസന്ധികളില്‍ പ്രതീക്ഷകളെ സ്വപ്‌നം കാണും. സ്വപ്‌നം ഉള്ളതുകൊണ്ടാണ് മനുഷ്യന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്. സ്വപ്‌നങ്ങള്‍ തീര്‍ന്നുപോയാല്‍ ആത്മഹത്യയല്ലാത്ത മറ്റൊരു വഴിയും ഉണ്ടാകില്ല. മനുഷ്യന് തലോലിക്കാവുന്ന ഏറ്റവും വലിയ സ്വപ്‌നം സ്വര്‍ഗമാണ്. ഏത് നിരുന്മേഷത്തിലും ഉന്മേഷഭരിതരാക്കാന്‍ കഴിയുന്ന സ്വപ്ം. സ്വര്‍ഗ സ്വപ്നത്തെ മനസ്സില്‍ ഹരിതാഭമാക്കുക. സ്വര്‍ഗത്തില്‍ ജീവിക്കുന്നത് കിനാവു കാണുക. അവരേക്കാള്‍ കാല്‍പനികരും കര്‍ന്മേത്സുകരുമായ ഒരാളും ഉണ്ടാവുകയില്ല.
റമദാന്‍ നഷ്ടസ്വര്‍ഗത്തെ തിരിച്ചുപിടിക്കാനുള്ള കഠിനമായ ഒരു പരിശ്രമമാണ്. നഷ്ടസ്വര്‍ഗം തിരിച്ചുപിടിക്കാന്‍ നോമ്പെടുത്തതാണ് എന്റെ ജീവിതം എന്ന ഓര്‍മപ്പെടുത്തലാണ്. റമദാനില്‍ പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകളില്‍ അവസാനത്തേത് സ്വര്‍ഗപ്രവേശനവും നരക മുക്തിയുമാണ്. നോമ്പ് കൊണ്ട് മനുഷ്യന്‍ നരകത്തില്‍ നിന്ന് അകലുകയും സ്വര്‍ഗത്തോടടുക്കുകയുമാണ് ചെയ്യുന്നത്. സ്വര്‍ഗസ്വപ്നത്തെ പച്ചപ്പായി മനസ്സില്‍ നിലനിര്‍ത്തി അതിന്റെ ആവേശത്തില്‍ ജീവിക്കുന്നവര്‍ക്കാണ് നിത്യവസന്തമായ അനുഭൂതികളുടെ പരകോടിയായ സ്വര്‍ഗം ലഭിക്കുക. ഭൂമിയില്‍ സംതൃപ്തമാകാതെ പോയ എല്ലാ ആഗ്രഹങ്ങളും അവിടെ പരമ സംതൃപ്തിയായി മാറും. ആ സംതൃപ്തിയുടെ ശാന്തതയാണ് സ്വര്‍ഗത്തിന്റെ ശാന്തത. ദൈവം സംതൃപ്തരായ, ദൈവത്തെക്കുറിച്ച് സംതൃപ്തരായ മനുഷ്യരുടെ സംതൃപ്തി ഒരന്തരീക്ഷമായി നിറഞ്ഞുനില്‍ക്കുന്ന ഒരു ആവാസ വ്യവസ്ഥയാണ് സ്വര്‍ഗം. സംതൃപ്തിയാണ് സ്വര്‍ഗത്തിന്റെ കാലാവസ്ഥ. സംതൃപ്തിയോളം സമാധാനം കൊണ്ടുവരാന്‍ കഴിയുന്ന മറ്റെന്താണ് ഈ പ്രപഞ്ചത്തിലുള്ളത്. അതുകൊണ്ട് സ്വര്‍ഗം സമാധാനത്തിന്റെ ഗേഹമാണ്. പറുദീസയാണ്.