അന്നൊരു തിങ്കളാഴ്ചയായിരുന്നു. എന്റെ കൊച്ചു മക്കള്‍ വീട്ടിലെത്തിയത് എന്നെ സന്തോഷവതിയാക്കി. അവരുടെ മനസ്സിലെ കൊച്ചു കൊച്ചു സംശയങ്ങള്‍ക്ക് അറുതിവരുത്തുന്നത് എന്നിലൂടെയാണ്. എന്നാല്‍ ഇത്തവണ ഒരു വിഷമമുള്ള പ്രശ്നവുമായിട്ടാണവര് എന്നെ കാണാന്‍ വന്നത്.
ക്ലാസ്സിലെ മിടുക്കനും സമര്‍ഥനുമായ അവരുടെ കൂട്ടുകാരന് അനുഭവിച്ച കടുത്ത പനിയും അസ്വസ്ഥതകളുമെല്ലാം അവര്‍ എന്നോട് പറഞ്ഞു. പരീക്ഷയടുത്ത സമയത്ത് അവന്റെ അധ്യയന ദിവസങ്ങള്‍ മുടങ്ങുന്നത് അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. നഗരത്തിലെ പേരുകേട്ട ആശുപത്രിയില്‍ ചികിത്സിച്ചിട്ടും അവന്റെ പനി മാറാന്‍ ദിവസങ്ങളെടുത്തു. പനി കുറഞ്ഞപ്പോള്‍ മറ്റു ചില പുതിയ പ്രശ്നങ്ങളും അവനെ അലട്ടിയതിനാല്‍ അവന് പൂര്‍ണ വിശ്രമത്തിലായിരുന്നു.
ആശുപത്രി റെക്കോര്‍ഡുകള്‍ എന്നെ ഏല്പിച്ചുകൊണ്ട് അവര്‍ ചോദിച്ചു: ''ഞങ്ങളെല്ലാം ആശങ്കയിലാണ്. എന്താണവന്റെ അസുഖം?'' ആശുപത്രി റിപ്പോര്‍ട്ടുകളിലൂടെ കണ്ണോടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു: 'ചിക്കുന്‍ ഗുനിയാ പനി.'
അപ്പോള്‍ അവന്റെ അനുജന് വിഷമത്തോടെ പറഞ്ഞു: 'അവന്റെ ക്ഷീണവും കിടപ്പുമെല്ലാം കണ്ടിട്ട് എനിക്ക് സങ്കടം വരുന്നു. പാവം അവനെന്തെല്ലാം സഹിക്കുന്നു.'
'മാറി മാറി വരുന്ന സന്ധിവേദന കാരണം അവന് എഴുന്നേല്‍ക്കാനോ നില്‍ക്കാനോ കഴിയുന്നില്ല. മനം പുരട്ടല്‍, ഛര്‍ദി, ആഹാരത്തിന് രുചിയില്ലായ്മ, ദേഹം മുഴുവനും അസഹനീയമായ വേദന, ത്വക്കില്‍ പ്രത്യക്ഷപ്പെടുന്ന ചുവന്ന കുത്തുകള്‍ എന്നിവയൊക്കെ കാരണം ഒന്നും കഴിക്കാനുമാവുന്നില്ല.'
അവന് തുടര്‍ന്നു: പനി കഴിഞ്ഞപ്പോള്‍ കാലുവേദനയും നീരുമെല്ലാം അവനെ പിന്നെയും തളര്‍ത്തി.
ഞാന്‍ പറഞ്ഞു: 'ചിക്കുന്‍ ഗുനിയാ പനി, ഡെങ്കിപ്പനി, ജപ്പാന് ജ്വരം എന്നിവയെല്ലാം രോഗിയില്‍ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. പെട്ടെന്നുണ്ടാവുന്ന കടുത്ത പനി, മാറി മാറി വരുന്ന സന്ധിവേദന എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന രോഗം കൊണ്ട് മരണസാധ്യത കുറവാണെങ്കിലും വേദനയും അസ്വസ്ഥതകളുമാണ് ഈ രോഗം നല്‍കുന്നത്. അതിനാല്‍ രോഗം വന്നാല്‍ ഉടന്‍ ആശുപത്രിയില്‍ പോവുകയും ഡോക്ടറുടെ നിര്‍ദേശാനുസരണം പൂര്‍ണ വിശ്രമമെടുക്കുകയും ആഹാരം നിയന്ത്രിക്കുകയും വേണം.'
മൂന്നു പതിറ്റാണ്ടായി ഇന്ത്യയില്‍നിന്നും മാറി നിന്ന ചിക്കുന്‍ ഗുനിയ രോഗം ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കണ്ടുവരുന്നു. ഡെങ്കിപ്പനി വരുത്തുന്ന ഈഡിസ് ഇനം കൊതുകുകളാണ് ചിക്കുന്‍ ഗുനിയാ പനിയും വരുത്തുന്നത്. കൊതുകു കടിയിലൂടെ മാത്രമേ ഈ രോഗം പകരുകയുള്ളൂ.
'രോഗം വന്നാല്‍ എന്തൊക്കെയാണ് ചികിത്സ?' അവന് ചോദ്യമുന്നയിച്ചു.
ഞാന്‍ പറഞ്ഞു: 'പൂര്‍ണ വിശ്രമം, വെള്ളം ധാരാളമായി കുടിക്കുക, വേദനക്കും പനിക്കുമുള്ള മരുന്നുകള്‍ കഴിക്കുക, പനി കുറയുന്ന സമയത്ത് വീട്ടിനുള്ളില്‍ മെല്ലെ നടക്കുക. കൂടാതെ മൃദുവായ ഭക്ഷണം (ചെറിയ അളവില്‍ കൂടുതല്‍ പ്രാവശ്യം) എന്നിവയാണ് ചികിത്സകള്‍.'
വീണ്ടും സംശയനിവൃത്തിക്കായി അവന് മറ്റൊരു ചോദ്യം ഉന്നയിച്ചു: 'എങ്ങനെയാണ് ഈ രോഗം പകരുന്നത്? ഒന്നു വിശദീകരിക്കാമോ?'
ഈഡിസ് എന്ന വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ചിക്കുന്‍ ഗുനിയാ രോഗിയില്‍നിന്ന് രക്തം കുടിക്കുന്ന പെണ്‍കൊതുകിന്റെ ശരീരത്തില്‍ വൈറസുകള്‍ പെറ്റുപെരുകുന്നു. ഇത്തരം കൊതുകുകള്‍ ഏഴു മുതല്‍ 10 ദിവസങ്ങള്‍ക്കു ശേഷം കടിക്കുമ്പോള്‍ അവരിലേക്ക് കൊതുക് രോഗാണുവിനെ കുത്തിവെക്കുന്നു. ഇങ്ങനെയാണ് രോഗം പകരുന്നത്. ഇവിടെ ഒരു രോഗിയില്‍നിന്ന് മറ്റൊരു രോഗിയിലേക്ക് രോഗാണു എത്താന്‍ കൊതുക് എന്ന മാധ്യമം വേണം. അല്ലാതെ മനുഷ്യനില്‍നിന്ന് നേരിട്ട് മറ്റൊരാളിലേക്ക് രോഗം പകരില്ല. ഞാന്‍ വിശദീകരിച്ചു.
'ഈ കൊതുകുകളുടെ പ്രത്യേകതകള്‍ ഒന്നു പറയാമോ?' മറ്റൊരു കൂട്ടുകാരന്റെ ചോദ്യം.
ഞാന്‍ തുടര്‍ന്നു: ഇവ ശുദ്ധ ജലത്തിലേ മുട്ടയിടൂ. ചെളിവെള്ളത്തില്‍ ഈഡിസ് കൊതുകുകള്‍ മുട്ടയിടുകയില്ല. മുട്ട വിരിയാന്‍ ഒരാഴ്ച മതി. ഇവ പെറ്റുപെരുകാന്‍ വെള്ളം അല്പം മാത്രം മതി. ഈ കൊതുകുകള്‍ക്ക് പറക്കാനുമാവില്ല. ഇവ ഇരുന്നൂറ് മീറ്റര്‍ വിസ്തീര്ണത്തിനകത്തേ പറക്കുകയുള്ളൂ.'
കുട്ടികള്‍ എല്ലാവരും ഒന്നിച്ചു എന്നോട് ചോദിച്ചു: 'രോഗപ്പകര്‍ച്ച തടയാന്‍ എന്തൊക്കെയാണ് നാം ചെയ്യേണ്ടത്?'
ഞാനവരെ ഉപദേശിച്ചു. നമ്മുടെ വീടും പരിസരവും വൃത്തിയാക്കി വെക്കുകയും കൊതുക് മുട്ടയിട്ട് വിരിയുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ നമുക്ക് രോഗപ്പകര്‍ച്ച തടയാം. കുട്ടികളുടെ കുഞ്ഞനുജത്തി മീനുട്ടിക്ക് ഒരു സംശയം. അവള് ചോദിച്ചു: 'ശുദ്ധമായ കുറച്ചുവെള്ളം മാത്രം മതി ഈ കൊതുകുകള്‍ക്ക് ജീവിക്കാന്‍ എന്നു പറഞ്ഞല്ലോ. അപ്പോള്‍ നാം എന്താണ് ചെയ്യേണ്ടത്?'
ബുദ്ധിയില്നിന്നുദിച്ച അവളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞു: കൊതുകുകള്‍ മുട്ടയിടുന്ന വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകള്‍, നമ്മുടെ വീടിന് പരിസരത്തുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍, കവറുകള്‍, ടയറുകള്‍, ചെറിയ ടിന്നുകള്‍, ചപ്പുചവറുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, മരപ്പൊത്തുകളിലും ഇലക്കാമ്പുകളിലും കാണുന്ന വെള്ളം എന്നിവയൊക്കെ മാറ്റണം. ഇവയുടെ മറ്റൊരു പ്രത്യേകതയാണ് പ്രതികൂല സാഹചര്യങ്ങളില്‍ മാസങ്ങളോളം ഈ കൊതുകുകളുടെ മുട്ട വിരിയാതെ ഇരിക്കുകയും മഴ വന്ന ശേഷം (അനുകൂല സാഹചര്യങ്ങളില്‍) മുട്ടകള്‍ വിരിഞ്ഞ് കൊതുകുകള്‍ പുറത്തുവരികയും ചെയ്യുന്നത്.
പൊതുജന സഹകരണത്തോടെ ഈഡിസ് കൊതുകു നിവാരണ മാര്‍ഗങ്ങള്‍ നാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നാല്‍ നമ്മുടെ നാട്ടില്‍നിന്ന് ചിക്കുന്‍ ഗുനിയ, ഡെങ്കി, ജപ്പാന് ജ്വരം എന്നീ പകര്‍ച്ചവ്യാധികളെ തുടച്ചുമാറ്റാന്‍ കഴിയുമെന്നുള്ള നല്ല ഒരു ഉപദേശം കുട്ടികള്‍ക്ക് കൊടുത്തുകൊണ്ട് ഞാന്‍ അവരോട് വിടപറഞ്ഞു. കുട്ടികള്‍ എന്തോ മനസ്സിലുറപ്പിച്ച പോലെ വീട്ടിലേക്ക് മടങ്ങി.
വൈറസുകളുടെ ലോകം
അതിസൂക്ഷ്മങ്ങളായ ജീവാണുക്കളാണ് വൈറസുകള്‍. അതിരൂക്ഷമായ ചില രോഗങ്ങള്‍ വൈറസുകളാലാണ് ഉണ്ടാവുന്നതെന്ന് നാം കണ്ടുപിടിച്ചുകഴിഞ്ഞു. വൈറസുകള്‍ക്കെതിരെ മനുഷ്യര്‍ പൊരുതുമ്പോഴെല്ലാം അവയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ ഈ രോഗാണുക്കള്‍ തേടുന്നു. അതുകൊണ്ടാണ് എയിഡ്സ്, ഹെപ്പറ്റയിറ്റിസ്-സി, ചിക്കുന്‍ ഗുനിയ, തക്കാളിപ്പനി എന്നീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഔഷധങ്ങള്‍ (വാക്സിനുകള്‍) നിര്‍മിക്കാന്‍ നമുക്ക് കഴിയാത്തതും. ചില വൈറസുകള്‍ കാന്‍സറുകള്‍, ട്യൂമറുകള്‍ (മുഴ) തുടങ്ങി ശമനമില്ലാത്ത മാരകമായ മറ്റു രോഗങ്ങളും ഉണ്ടാക്കുന്നു.
പ്രത്യേകതകള്‍
വൈറസുകള്‍ക്ക് സാധാരണ കോശങ്ങളെപ്പോലെ ഉള്ള ഒരു ഓര്ഗനൈസേഷന് ഇല്ല എന്നതാണ് ആദ്യത്തെ പ്രത്യേകത. എന്നാല്‍ ജീവനുള്ള കോശങ്ങള്‍ക്കകത്തു മാത്രമേ ഇവ വളരുകയുള്ളൂ. ജീവന്റെ തന്മാത്രയിലെ ഡി.എന്‍.എയോ ആര്.എന്‍.എയോ മാത്രമേ ഇവക്ക് കാണുകയുള്ളൂ. ഇവ പെറ്റുപെരുകുന്നത് ഒന്ന് രണ്ടായി വിഭജിച്ചല്ല (ബൈനറി ഓഫ് വിഷന്‍). ഒരു പ്രത്യേക തരം പെറ്റുപെരുകലാണ്. ഇവക്ക് ആന്റിബയോട്ടിക്കുകളാല്‍ നാശം സംഭവിക്കുന്നില്ല. അതിനാല്‍ സാധാരണ രോഗാണുക്കള്‍ക്കെതിരെ പ്രതിരോധിക്കുന്ന ആന്റിബയോട്ടിക്കുകള്‍ വൈറസ് രോഗങ്ങള്‍ക്ക് ഉപയോഗ്യമല്ല. ഇവയുടെ ഭക്ഷണത്തിനും (പ്രജനനവും) പെറ്റുപെരുകലിനുമെല്ലാം വേണ്ടുന്ന പദാര്‍ഥങ്ങള്‍ ഉല്പാദിപ്പിക്കാന് കോശങ്ങളെ ഇവയുടെ വരുതിയിലാക്കുന്നു.
ജീവനുള്ളവയില്‍ ഏറ്റവും ചെറുതാണ് വൈറസുകള്‍. അതിനാല്‍തന്നെ ഇവയുടെ വലുപ്പം അളക്കുന്നത് നാനോമീറ്റര്‍ തോതിലാണ്. ഒരു നാനോമീറ്റര്‍ എന്നത് ആണ്. ഏറ്റവും ചെറിയ വൈറസുകള്‍ പാര്‍വോ വൈറസുകളും ഏറ്റവും വലുത് വസൂരിയുടെ വൈറസുകളുമാണ്. ഇവയെ ഒരു പ്രത്യേകതരം മൈക്രോസ്കോപ്പി(ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്)ലൂടെ മാത്രമേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. ജീവന്റെ രസതന്ത്രം മനസ്സിലാക്കാനും അവയെ പറ്റി പഠിക്കാനും ഒരു മോഡലായി വൈറസിനെ ഉപയോഗിക്കുന്നു.
ജീവനുള്ള കോശങ്ങളില്‍ വളര്‍ന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താനുള്ള ശേഷിയോടെ പുറത്തുവരുന്ന വൈറസുകളെ വിറിയോണ്‍ എന്നു പറയുന്നു. ഈ വാക്കിന്റെ അര്‍ഥം വിഷം എന്നാണ്. ചെറിയ ജലദോഷം തുടങ്ങി ഏറ്റവും മാരകമായ പേവിഷബാധ, എയിഡ്സ്, ഹെപ്പറ്റയിറ്റിസ്-സി എന്നിവയൊക്കെ വരുത്താന്‍ കഴിവുള്ള ഈ വൈറസുകള്‍ ഇന്ന് ലോകത്ത് താരങ്ങളായി വിളങ്ങുന്നു. മനുഷ്യരില്‍ മാത്രമല്ല, പക്ഷികളിലും മൃഗങ്ങളിലും ചെടികളിലും ഇവ രോഗങ്ങള്‍ പരത്തി വിരാജിക്കുന്നു.
അവയില്‍ ചിലതാണ് മൊണ്ടിനീര് വരുത്തുന്ന വൈറസുകള്‍, കരള്‍ ദീനം വരുത്തുന്ന ഹെപ്പറ്റയിറ്റിസ്-ബി വൈറസ്, പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്ന ഡെങ്കി വൈറസുകള്‍, ലോകമൊട്ടുക്ക് പകര്‍ച്ചവ്യാധികള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് വ്യാപിപ്പിക്കുന്ന ഇന്‍ഫ്ളുവന്‍സാ വൈറസുകള്‍ എന്നിവ. ലോകത്ത് എവിടെയുമുള്ള ആള്‍ക്കാര്‍ക്കും വരാവുന്ന ഹെര്‍പ്പിസ് രോഗാണുബാധ, മസൂരി, ലോകത്തിന്റെ ചില ഭൂവിഭാഗങ്ങളില്‍ മാത്രം പലതരം രോഗങ്ങള്‍ വരുത്തുന്ന എപ്പസ്റ്റീന്-ബാര്‍ രോഗാണുക്കള്‍, ചിക്കന്‍പോക്സ് രോഗാണുക്കള്‍ എന്നിവയും വൈറസുകളാണ് ഉണ്ടാക്കുന്നത്. ആഫ്രിക്കയിലെ ആണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന 'ബര്ക്കിറ്റിന്റെ ലിംഫോമ'യും ചൈനയിലെ യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന നാസോഫാരിന് ജിയല്‍ കാര്‍സിനോമയും ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ വിരളമായേ കാണുന്നുള്ളൂ.