ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ കാലമാണ് വാര്‍ധക്യവും തുടര്‍ന്നുണ്ടാവുന്ന ഒറ്റപ്പെടലും. രോഗം വരുമ്പോള്‍ കുറേയൊക്കെ നാം ഏകാന്തതയുടെ ഇരുട്ടറകളിലേക്ക്
ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ കാലമാണ് വാര്‍ധക്യവും തുടര്‍ന്നുണ്ടാവുന്ന ഒറ്റപ്പെടലും. രോഗം വരുമ്പോള്‍ കുറേയൊക്കെ നാം ഏകാന്തതയുടെ ഇരുട്ടറകളിലേക്ക് വഴിമാറിപ്പോകാന്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ആയ കാലത്ത് നോക്കി വളര്‍ത്തിയ മക്കള്‍ പറക്കമുറ്റാറാവുന്നതോടെ തൊഴില്‍ തേടിയും അല്ലാതെയും മറ്റിടങ്ങളിലേക്ക് ചേക്കേറുമ്പോള്‍ മാതാപിതാക്കള്‍ ഒറ്റപ്പെട്ടുപോവുക സ്വാഭാവികമാണ്. പുതിയ കാലത്തെ അണുകുടുംബ വ്യവസ്ഥ ഈ ദുഃസ്ഥിതിക്ക് ആക്കം കൂട്ടിയിട്ടേയുള്ളൂ. ലോകാരോഗ്യ സംഘടന ഈ വിഷയവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടിന്ന്. വാര്‍ധക്യകാലം തങ്ങള്‍ക്ക് ദുസ്സഹമായി തീരുന്നത് ഉറ്റവരുടെ തിരസ്‌കരണം കൊണ്ടു കൂടിയാണെന്ന് ഒറ്റപ്പെട്ടുപോയ വൃദ്ധര്‍ പറയും. കേരളം പോലെയുള്ള ഒരു സംസ്ഥാനത്തു പോലും വൃദ്ധസദനങ്ങള്‍ ഏറിവരുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
വാര്‍ധക്യവും വാര്‍ധക്യാനുബന്ധ ഒറ്റപ്പെടലും ഒരു ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞതായാണ് പുതിയ പഠനങ്ങള്‍. പല രാജ്യങ്ങളും ഇതൊരു സാമൂഹിക പ്രശ്‌നമായി ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടും, അനാഥരാക്കപ്പെട്ടും തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെടുന്ന വൃദ്ധജനങ്ങളുടെ മേല്‍നോട്ടവും പരിചരണവും പല യൂറോപ്യന്‍ രാജ്യങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ആസ്‌ത്രേലിയയിലെ ഭരണകൂടം അവരുടെ വാര്‍ഷിക ബഡ്ജറ്റില്‍ വൃദ്ധജന പരിപാലനത്തിനായി 46 മില്യന്‍ ഡോളര്‍ വകയിരുത്തിയതായാണ് ഏറ്റവും ഒടുവിലത്തെ ഒരു പത്രക്കുറിപ്പില്‍ കാണാനിടയായത്. പ്രായമായവരില്‍ കണ്ടുവരുന്ന ഏകാന്തതയെ ലഘൂകരിക്കാന്‍ വേണ്ടിയാണത്രെ ഈ തുകയത്രയും അവര്‍ നീക്കിവെക്കുന്നത്. ബ്രിട്ടനില്‍നിന്ന് മറ്റൊരു കൗതുകകരമായ വാര്‍ത്തയാണ് ഈയിടെ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അവിടത്തെ സര്‍ക്കാര്‍, ഏകാന്തതക്ക് അടിപ്പെടുന്ന വാര്‍ധക്യ സമൂഹത്തെ പരിപാലിക്കാന്‍ ഒരു മന്ത്രിയെ തന്നെ നിയമിച്ചുകഴിഞ്ഞിരിക്കുന്നു. ട്രേസി ക്രൗച്ച് എന്നാണ് മന്ത്രിയുടെ പേര്. ബ്രിട്ടനില്‍ വീട് വിട്ടിറങ്ങുന്ന വൃദ്ധരും, തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവരും വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയമനം. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനെ പിന്തുടരുന്നതായാണ് വാര്‍ത്ത.
പ്രിയപ്പെട്ടവരാലും, സമൂഹത്താലും ഒറ്റപ്പെടുത്തപ്പെടുന്നവരുടെ ശിഷ്ടകാലം അവര്‍ക്കു മാത്രമല്ല, രാഷ്ട്രത്തിനും ഒരു വലിയ ബാധ്യതയായിട്ടാണ് പലരും നിരീക്ഷിക്കുന്നത്. ഈയൊരവസ്ഥ പണംകൊണ്ടോ സുഖസൗകര്യങ്ങള്‍ നല്‍കിയോ അവര്‍ക്ക് തിരിച്ചുകൊടുക്കാന്‍ കഴിയുമോ എന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ചോദിക്കുന്നത്. അത്തരം ചോദ്യങ്ങള്‍ പ്രസക്തവുമാണ്. കാരണം, സ്‌നേഹത്തെയും സഹവര്‍ത്തിത്വത്തെയും നമുക്ക് വിലകൊടുത്ത് വിപണിയില്‍നിന്ന് ലഭ്യമാക്കാന്‍ സാധ്യമല്ലല്ലോ! അതുകൊണ്ടാണ് വികസിത രാജ്യങ്ങളിലെ പല വൃദ്ധസദനങ്ങളും പരാജയമാണെന്ന് വിലയിരുത്തപ്പെട്ടത്. വൃദ്ധസദനങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പല കേസുകളും ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ചേര്‍ത്തലയില്‍ ഇത്തരമൊരു സംഭവം നടന്നിട്ട് അധികകാലമായിട്ടില്ല.
എന്താണ് ഏകാന്തത?
നാം വിലയിരുത്തുന്നതുപോലെ ഏകാന്തത എന്ന അവസ്ഥ വാര്‍ധക്യകാലത്തു മാത്രം സംഭവിക്കുന്ന ഒന്നല്ല. അതിന്റെ തോത് പ്രായമാവുമ്പോഴാണ് വര്‍ധിക്കുന്നതെന്നു മാത്രം. ഏകാന്തതയെ ഒരു 'നെഗറ്റീവ്' വികാരമായി വേണം കാണാന്‍. സമൂഹവുമായുള്ള ബന്ധം വിഛേദിക്കപ്പെടുമ്പോഴോ, സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ കഴിയാതെ വരുമ്പോഴോ ഏകാന്തത എന്ന മാനസിക-ശാരീരിക അവസ്ഥ ഒരു വ്യക്തിയെ കീഴ്‌പ്പെടുത്തി എന്നു പറയാം. ചുറ്റിലും ആള്‍ക്കൂട്ടമുണ്ടാവുമ്പോള്‍ തന്നെ ഒരാള്‍ക്ക് 'ഒറ്റപ്പെടല്‍' അവസ്ഥ സംജാതമാകാം. ഇതാണ് രോഗമായി മാറുന്നത്. തന്റെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് പ്രാപ്തമായ സൗഹൃദങ്ങളെ കിട്ടാതെ വരുമ്പോഴും ഏകാന്തത എന്ന മാനസികാവസ്ഥയിലേക്ക് ഒരാള്‍ എത്തിപ്പെടുന്നു. അതുകൊണ്ടാണ് ഏകാന്തതയെ ഒരു സാമൂഹിക പ്രശ്‌നമായും ശാരീരിക പ്രശ്‌നമായും ലോകം വിലയിരുത്തുന്നത്.
ആണാവട്ടെ, പെണ്ണാവട്ടെ തന്നെക്കുറിച്ച് തന്നെ വിപരീത ദിശയില്‍ ചിന്തിക്കുകയോ, സൗഹൃദങ്ങളെ സൃഷ്ടിക്കുന്നതില്‍ വിമുഖത കാട്ടുകയോ ചെയ്യുമ്പോള്‍ ഏകാന്തതയും ഒറ്റപ്പെടലും സംഭവിക്കുക സ്വാഭാവികം. തന്റെ വേദനകളെ മറ്റുള്ളവരുമായി പങ്കുവെച്ച് ലഘൂകരിക്കുന്നതില്‍ താല്‍പര്യം കാട്ടാത്തവരില്‍ മാനസിക സംഘര്‍ഷം ഉടലെടുക്കുന്നത് യാഥാര്‍ഥ്യമാണല്ലോ. നമ്മുടെ കേരളീയ സമൂഹത്തില്‍ ഒരു കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്നതിനാല്‍, വേദനകളുടെ പങ്കുവെക്കല്‍ ആവോളം നടന്നിരുന്നു. സങ്കടങ്ങള്‍ കേള്‍ക്കാനുള്ള സന്മനസ്സ് നഷ്ടപ്പെട്ടതാണ് ആധുനിക കാലത്തിന്റെ ഏറ്റവും വലിയ ഒരു ദുര്യോഗം. കേരളത്തില്‍ ആത്മഹത്യാനിരക്ക് എന്തുകൊണ്ട് വര്‍ധിക്കുന്നു എന്ന സാമൂഹികശാസ്ത്രപരമായ ചോദ്യത്തിനുള്ള ഉത്തരം മേല്‍ വാചകത്തിലുണ്ട്. മാനസിക സംഘര്‍ഷം നിങ്ങള്‍ക്കുണ്ടാവുമ്പോള്‍, നിങ്ങളുടെ കരം ഗ്രഹിച്ച് രണ്ട് സാന്ത്വന വാക്കുകള്‍ പറയാനോ, നിങ്ങളുടെ ചുമലില്‍ തല ചായ്ച് ഒന്നു തേങ്ങിക്കരയാനോ കഴിഞ്ഞാല്‍ തീരുന്നതേയുള്ളൂ ഉള്ളിലെ സങ്കടക്കടലിന്റെ തിരയിളക്കങ്ങള്‍. ഇത് പണ്ടേ, ഈ മേഖലയുമായി പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടിയതാണ്. മനുഷ്യബന്ധങ്ങളുടെ ഉള്‍ച്ചൂര് ഇത്തരം ആദാനപ്രദാനങ്ങളിലാണ് കുടികൊള്ളുന്നത്.
ഒരാളുടെ വൈകാരികമായ സംഘര്‍ഷങ്ങളെ ഒതുക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് ആ വ്യക്തിയുടെ ശാരീരിക ഘടനയിലേക്ക് വ്യാപിക്കുന്നതായാണ് ശാസ്ത്രമതം. അങ്ങനെ വരുമ്പോള്‍ ആ വ്യക്തിയുടെ തലച്ചോറിന്റെ ഘടനയെ തന്നെ അത് മാറ്റിമറിക്കുന്നു. അതോടെ അയാളുടെ തീരുമാനമെടുക്കാനുള്ള കഴിവ്, ദഹനപ്രക്രിയ, മുന്‍കോപം എന്നിവയെല്ലാം തകിടം മറിയുന്നു. മാത്രവുമല്ല, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും അകാല മരണത്തിന് കാരണമാകുന്നുവെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
എങ്ങനെ മറികടക്കാം?
ഏകാന്തതയെ മറികടക്കാന്‍ കഴിഞ്ഞാല്‍ ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങള്‍ ഒരു മനുഷ്യന് ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. പക്ഷേ, അത് എത്രമാത്രം സാധ്യമാണ് എന്നതാണ് കാര്യം. ഈ 'രോഗം' ബാധിച്ചവരെ മറ്റുള്ളവരുമായി ഇണക്കിച്ചേര്‍ക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായത്. പല രാജ്യങ്ങളിലും ഇതിനുവേണ്ടി സന്നദ്ധ സംഘടനകളും വളന്റിയര്‍മാരും സജീവമായി രംഗത്തുണ്ട്. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വ്യക്തിയെ കണ്ടെത്തിയാലുടന്‍ അയാളെ സമൂഹമധ്യത്തിലേക്ക് കൊണ്ടുവരിക എന്നതത്രെ മുഖ്യം. പലപ്പോഴും 'ഏകാന്തത' ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം അത്ര പെട്ടെന്ന് ഇത് സാധ്യമാകണമെന്നില്ല. കാരണം, അത് ആ വ്യക്തിയിലെ പാരമ്പര്യവുമായി (Genetics) ബന്ധപ്പെട്ടുകിടക്കുന്നു.
ഏകാന്തത ഒരര്‍ഥത്തില്‍ ഒരു പകര്‍ച്ചവ്യാധിയാണെന്നു പറയേണ്ടിവരും. വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് ഏകാന്തത പടരുന്നതായിട്ടാണ് പുതിയ ശാസ്ത്ര പഠനങ്ങള്‍. അതുകൊണ്ടുതന്നെ ശ്രദ്ധാപൂര്‍ണമായ പരിചരണം രോഗികള്‍ക്ക് ആവശ്യമായി വരുന്നുണ്ട്. ഒരാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍, അയാളെ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഈ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനാണിത്. രോഗി സുഖം പ്രാപിച്ചു തുടങ്ങിയാല്‍ ഭേദമാകാന്‍ വേണ്ടി സാമൂഹികമായ ബന്ധങ്ങളും സൗഹൃദ സൃഷ്ടിപ്പും ആവശ്യമായി വരികയും ചെയ്യുന്നു. നിഷേധ നിലപാടുകള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എല്ലാം ഏകാന്തതയെ ഉപാസിക്കുന്ന ഒരാളില്‍ കാണുക സ്വാഭാവികമായതിനാല്‍ പരബന്ധങ്ങള്‍ ആദ്യഘട്ടത്തില്‍ ദോഷം ചെയ്യും. സാമൂഹികമായ അവസരങ്ങള്‍ സൃഷ്ടിച്ച് ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
ഏകാന്തത അനുഭവിക്കുന്നവരെ രണ്ട് ഘട്ടങ്ങളായി തരംതിരിക്കാറുണ്ട്. പ്രായത്തിന്റെ തോത് വെച്ചാണ് വൈദ്യലോകം ഇത് തീരുമാനിക്കുന്നത്. 25 വയസ്സിന് താഴെയുള്ള കൗമാര പ്രായക്കാരെ അലട്ടുന്ന ഒറ്റപ്പെടലിനെ ചെറിയ ഉപദേശ നിര്‍ദേശങ്ങള്‍ കൊണ്ട് മറികടക്കാന്‍ കഴിയുമെങ്കില്‍ വാര്‍ധക്യ ഘട്ടത്തില്‍ ചികിത്സ കുറേക്കൂടി ശ്രമകരമാണ്. നിരന്തരമായ കൗണ്‍സലിംഗും ചിലപ്പോള്‍ മരുന്നും ഇവര്‍ക്ക് ആവശ്യമായി വരുന്നു. ഇത്തരക്കാരെ ആരോഗ്യകരമായി മുന്നോട്ടു കൊണ്ടുവരുന്നതില്‍ ആസ്‌ത്രേലിയ കൈവരിച്ച നേട്ടം നമുക്കും മാതൃകയാക്കാവുന്നതാണ്. വലിയ ആരോഗ്യ കാമ്പയിന്‍ തന്നെ അവര്‍ ആരംഭിച്ചു കഴിഞ്ഞു. ബ്രിട്ടനും ഡെന്മാര്‍ക്കും തൊട്ടു പിറകെയുണ്ട്. ഈ രാജ്യങ്ങളിലെല്ലാം സ്‌കൂള്‍ തലം മുതല്‍ ഏകാന്തതയും ഒറ്റപ്പെടലും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.