അല്‍ഫാതിഹ, അല്‍ബഖറ, ആലുഇംറാന്‍, അന്നിസാഅ്. കുഞ്ഞു ദിയാന് ഏതുറക്കത്തില്‍ ചോദിച്ചാലും ഖുര്‍ആനിലെ അധ്യായങ്ങളുടെ പേര് ക്രമം തെറ്റാതെ പറയാനറിയാം. വിശുദ്ധ ഖുര്‍ആനാണ് അവന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ട്. ഖുര്‍ആന്‍ കൈയില്‍ കിട്ടിയാല്‍ പിന്നെ കുസൃതിയെല്ലാം മാറ്റിവെച്ച് അവന്‍ ഗൗരവക്കാരനാവും. ഓരോ വരിക്കടിയിലും ചൂണ്ടുവിരല്‍ വെച്ച് ശ്രദ്ധാപൂര്‍വം ഈണത്തില്‍ സ്ഫുടതയോടെ വായിച്ചു തുടങ്ങും. കേള്‍ക്കുന്നവര്‍ അമ്പരക്കുമ്പോള്‍ 'ഇതിലെന്താണിത്ര അത്ഭുതപ്പെടാന്‍' എന്നൊരു ചിരിയാണ്. ആറു വയസ്സിന്റെ നിഷ്‌കളങ്കതയോടെ നാണിച്ചുകൊണ്ട് അവന്‍ പറഞ്ഞു: 'എനിക്ക് ഖുര്‍ആന്‍ മുഴുവന്‍ കാണാതെ പഠിച്ച് ഹാഫിളാവണം.'
അല്‍ഫിത്വ്‌റ തെളിച്ച വഴി
അല്‍ഫിത്വ്‌റ എന്ന അവന്റെ കുഞ്ഞുലോകത്തെ കുറിച്ചും അവന് ഏറെ പ്രിയപ്പെട്ട ഹഫ്‌സ മിസ്സിനെ കുറിച്ചും പറയാന്‍ ദിയാന് നൂറ് നാവാണ്. മൂന്നര വയസ്സായപ്പോഴാണ് ദിയാനെ കുറ്റ്യാടിയിലെ അല്‍ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ പ്രൈമറി സ്‌കൂളില്‍ ചേര്‍ക്കുന്നത്. മറ്റു കുട്ടികളെ പോലെ ഒരു സാധാരണ കുട്ടിയായിരുന്നു അവനും. വികൃതി അല്‍പം കൂടുതലായിരുന്നെന്നു മാത്രം. മൂന്ന് വര്‍ഷമാണ് അല്‍ഫിത്വ്‌റയിലെ പഠനകാലയളവ്. തുടക്കത്തിലൊന്നും ദിയാന്‍ പഠനത്തില്‍ അധിക താല്‍പര്യമൊന്നും കാണിച്ചിരുന്നില്ല. പഠിപ്പിക്കുന്നത് പഠിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഖുര്‍ആനുമായി പരിചയത്തിലായപ്പോള്‍ കുഞ്ഞു ദിയാന്‍ ആരും പറയാതെ തന്നെ ഖുര്‍ആന്‍ മറിച്ചു നോക്കാന്‍ തുടങ്ങി. ഉമ്മക്കും വാപ്പക്കും അവനെന്താണ് ചെയ്യുന്നതെന്ന് തുടക്കത്തിലൊന്നും മനസ്സിലായിരുന്നില്ല. പിന്നീട് അവന്‍ സ്വന്തമായി മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് അവന്‍ വെറുതെ പേജ് മറിക്കുകയല്ലെന്ന് വീട്ടുകാര്‍ക്ക് ബോധ്യമായത്. ആ കുഞ്ഞുമനസ്സിലെ കുഞ്ഞുകുഞ്ഞു ചിന്തകളില്‍ നിറഞ്ഞു നിന്നത് മുഴുവന്‍ ഖുര്‍ആനിലെ അത്ഭുതങ്ങളായിരുന്നു. ഓരോ സൂറത്തിലും എത്ര ആയത്തുകളുണ്ടെന്നും സൂറത്തിന്റെ പേര് വരാനുള്ള കാരണമെന്താണെന്നുമൊക്കെ ഒരു ഒന്നാം ക്ലാസുകാരന്റെ നാവില്‍നിന്ന് കേള്‍ക്കുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും.
ഖുര്‍ആനിലെ അവസാനത്തെ ജുസ്അ് മുഴുവന്‍ ദിയാന് മനഃപാഠമാണ്. അല്‍ഫിത്വ്‌റയില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ദിയാനും വാപ്പയും വീടിനടുത്തുള്ള പള്ളിയില്‍ മഗ്‌രിബ് നമസ്‌കരിക്കാന്‍ ചെന്നു. നമസ്‌കാരത്തില്‍ സൂറത്തുല്ലൈല്‍ ആയിരുന്നു ഇമാം പാരായണം ചെയ്തിരുന്നത്. ഇടക്ക് വെച്ച് ഇമാമിന് തെറ്റിയപ്പോള്‍ കുഞ്ഞു ദിയാന്‍ ഉടന്‍ തിരുത്തിക്കൊടുത്തു. മുതിര്‍ന്നവര്‍ തെറ്റു തിരുത്തുന്നതിന് മുന്നേ ദിയാന്‍ ഗോളടിച്ചു. അങ്ങനെ കുഞ്ഞു ദിയാനെയും അവന്റെ വലിയ കഴിവുകളെയും നാട്ടുകാരും ശ്രദ്ധിച്ചു തുടങ്ങി.
കുഞ്ഞു ദിയാന്റെ വലിയ ചിന്തകള്‍
'ദിയാന് ഏറ്റവുമിഷ്ടമുള്ള സൂറത്ത് ഏതാ?' ചോദ്യം കേട്ടയുടന്‍ വിരലില്‍ എണ്ണം പിടിച്ചുകൊണ്ടവന്‍ പറഞ്ഞു: 'അര്‍റഹ്മാന്‍, അല്‍ഗാഫിര്‍, അല്‍ഫാത്വിര്‍..... പിന്നെ ലുഖ്മാന്‍.' 'അതെന്താ ആ സൂറത്തുകളോട് ഇത്രക്കിഷ്ടം?' അതിനും അവന്റെ കൈയില്‍ വ്യക്തമായ മറുപടിയുണ്ട്: 'അതില്‍ മൂന്നെണ്ണം അല്ലാഹുവിന്റെ പേരും ലുഖ്മാന്‍ വാപ്പാന്റെ പേരും ആണല്ലോ... അതുകൊണ്ടാ.' വാപ്പയോടുള്ള ദിയാന്റെ ഇഷ്ടം ആ ചിരിയില്‍ പൂത്തുനിന്നിരുന്നു. വാപ്പ ലുഖ്മാനുല്‍ ഹകീമാണോ എന്ന് ഇടക്കിടെ അവന്‍ ചോദിക്കാറുണ്ട്.
കഥ കേള്‍ക്കാന്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാണ്. പക്ഷേ, ദിയാന് കഥകളൊന്നും വെറും കഥകള
ല്ല. ഏതൊക്കെ സൂറത്തില്‍ ഏതൊക്കെ പ്രവാചകന്മാരുടെ കഥകളാണ് പറഞ്ഞതെന്ന് അവന് കൃത്യമായിട്ടറിയാം. മാത്രമല്ല, കഥയുള്ള സൂക്തത്തിന്റെ നമ്പറും അവന് നിശ്ചയമുണ്ട്. യൂസുഫ് നബിയുടെ കഥയാണ് ഏറെ പ്രിയം. ദിയാന്റെ പ്രധാന പണിയായുധം 'പെന്‍ ഖുര്‍ആന്‍' ആണ്. അതില്‍നിന്നും മലയാളം അര്‍ഥം നിരന്തരമായി കേട്ടാണ് അവന്‍ ഇക്കാര്യങ്ങളെല്ലാം പഠിച്ചുവെച്ചത്. തജ്‌വീദ് നിയമങ്ങള്‍ തെറ്റാതെ അവന്‍ ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യും. മിശ്അരി അല്‍ അഫാസിയാണ് ഏറ്റവും പ്രിയപ്പെട്ട ഖാരിഅ്. ജീവജാലങ്ങളുടെ പേരുള്ള സൂറത്തുകള്‍ -അല്‍ബഖറ, അല്‍അന്‍കബൂത്ത്, അന്നംല്, അന്നഹ്ല്‍, അല്‍ഫീല്‍ എന്നിങ്ങനെ അവന്‍ എണ്ണി അര്‍ഥം പറഞ്ഞുതരും. സൂറത്തിന്റെ പേര് പറഞ്ഞാല്‍ അതിന്റെ തുടക്കം പറയാനും ദിയാന്‍ മിടുക്കനാണ്.
'ഉമ്മാക്കും വാപ്പാക്കും ടീച്ചര്‍മാര്‍ക്കും ഇത് പഠിച്ചാലെന്താ' എന്നാണ് അവന്റെ സംശയം. ഖുര്‍ആനുമായി സാമാന്യം പരിചയമുള്ളൊരാള്‍ക്ക് ദിയാന്റെ മുന്നിലെത്തിയാല്‍ താന്‍ ഒന്നുമല്ലെന്ന് തോന്നിപ്പോകും. ആ ഒന്നാം ക്ലാസുകാരനോട് അറിയാതെ ബഹുമാനം വരും.
കുടുംബമാണ് കരുത്ത്
ദിയാന്റെ ഏറ്റവും വലിയ കരുത്തും ഊര്‍ജവും അവന്റെ കുടുംബം തന്നെയാണ്. അധ്യാപകനായ വാപ്പ ലുഖ്മാനും ഉമ്മ മൈമൂനയും അവന്റെ കാര്യത്തില്‍ സശ്രദ്ധരാണ്. ഒപ്പമിരുന്ന് വായിക്കാന്‍ സമയം കണ്ടെത്തുന്നതിനോടൊപ്പം വീട്ടില്‍ ഖുര്‍ആനികമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും ഇരുവരും ശ്രദ്ധിക്കുന്നു. ഇത്ത സുഹ്‌റയും അനിയന്‍ അലിഫും സദാ ദിയാന്റെ കൂടെ തന്നെയുണ്ട്.
'ഖുര്‍ആനുമായി ഇടപെടാനുള്ള സാഹചര്യമൊരുക്കുകയും കുട്ടികളെ അതിന് പ്രേരിപ്പിക്കുകയും ചെയ്താല്‍ അവരില്‍ ഇത്തരത്തിലുള്ള താല്‍പര്യങ്ങള്‍ സ്വാഭാവികമായി ഉണ്ടായിവരും. ദിയാന്‍ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. എന്നാലിപ്പോള്‍ മുതിര്‍ന്നവര്‍ക്ക് പോലും ഖുര്‍ആനുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്ത അവസ്ഥയാണ്.' വാപ്പ ലുഖ്മാന്‍ പറയുന്നു.
'ഖുര്‍ആനിന്റെ മാന്ത്രികത കൊണ്ട് മാത്രമാണ് അവന് ഇതൊക്കെയും പഠിച്ചെടുക്കാന്‍ സാധിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും പഠിക്കാന്‍ അവന്‍ ഇത്രത്തോളം താല്‍പര്യം കാണിക്കാറില്ല. ദൈവത്തിന്റെ പ്രത്യേകമായൊരു അനുഗ്രഹം' - ഉമ്മ മൈമൂനയുടെ സാക്ഷ്യം.
'ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍' എന്നാണ് പ്രവാചകമൊഴി. ദിയാന്‍ ഒരു വെളിച്ചമാണ്. ഖുര്‍ആനുമായി കണ്ണിയറ്റുപോകുന്ന പുതുതലമുറക്ക് അവന്‍ ഒരു മാതൃകയാണ്.