നല്ല പെങ്ങളുണ്ടാകാനും വേണം ഭാഗ്യം

പി.ആര്‍ നാഥന്‍
ജൂലൈ 2018

പട്ടാമ്പിയിലെ കീഴായൂര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കന്ന കാലത്ത് ഞാന്‍ വരാന്തയിലൊരിടത്തിരിക്കുമ്പോള്‍ അതേ ക്ലാസിലെ ഒരു പെണ്‍കുട്ടി വഴക്കിടാനായി വന്നു. അത് എന്റെ സീറ്റാണെന്നും അവിടെനിന്നും എവിടേക്കെങ്കിലും പോടാ ചെക്കാ എന്നും പറഞ്ഞായിരുന്നു ശകാരം. ചെക്കാ എന്ന വിളി അസഹ്യമായപ്പോള്‍ ഞാന്‍ അവളെ തല്ലി. അവള്‍ തിരിച്ചും തന്നു രണ്ടുമൂന്നടി. സംഭവം അതോടെ അവസാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. അവള്‍ നേരെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവളുടെ ആങ്ങളയെ കാണാനായി പോയി. ഒന്നാം ക്ലാസിലെ ഒരു ചെക്കന്‍ എന്നെ തല്ലിയെന്ന് അവള്‍ പരാതിപ്പെട്ടതും ജ്യേഷ്ഠന്‍ രോഷാകുലനായി. അവന്‍ പെങ്ങളുടെ കൈപിടിച്ച് അഭിമാനപൂര്‍വം കുട്ടികളുടെ കൂട്ടത്തിലേക്ക് വന്നു. പരിഭ്രമിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അവളുടെ ജ്യേഷ്ഠനില്‍നിന്നും എത്ര അടി കൊള്ളേണ്ടി വരുമെന്നായിരുന്നു എന്റെ ചിന്ത. സ്വന്തം സഹോദരിയുടെ കൈ പിടിച്ചുകൊണ്ട് സഹോദരന്‍ ചോദിക്കുന്നു:


'ആരാണെടാ എന്റെ പെങ്ങളെ തല്ലിയത്?'


ആ സ്വരത്തിലുള്ള അഭിമാനവും സഹോദരീ സ്‌നേഹവും എന്നെ അതിശയിപ്പിച്ചു. ആ പെണ്‍കുട്ടി എന്നെ ചൂണ്ടിക്കാണിച്ചതും 'എന്റെ പെങ്ങളെ തല്ലാനുള്ള ധൈര്യം നിനക്കുണ്ടോടാ' എന്ന് ചോദിച്ച് അവന്‍ എന്നെ തുരുതുരാ തല്ലി. എനിക്കുണ്ടായ വ്യസനം അടികിട്ടിയതു കൊണ്ടായിരുന്നില്ല. സ്വന്തമായി ഒരു പെങ്ങളുണ്ടെങ്കില്‍ അത് എത്ര വലിയ അഭിമാനകരമായ വസ്തുതയാണ്.


അന്നുരാത്രി ഞാന്‍ ഉറങ്ങിയില്ല. മനസ്സിന് വേദന വന്നാല്‍ എനിക്ക് ഉറക്കം കിട്ടുകയില്ല. ഇന്നും വേദനാജനകങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ ഇതുപോലെ അസ്വസ്ഥനാകും. അമ്മയോട് ഇതേക്കുറിച്ച് പറയുമ്പോള്‍ എന്റെ കണ്ണുകള്‍ നനയുന്നുണ്ട്. അമ്മ ആശ്വസിപ്പിച്ചു. സ്‌കൂളില്‍ ചേര്‍ക്കാനുള്ള പ്രായം നിന്റെ പെങ്ങള്‍ക്കും ആയി വരുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ നിനക്കും അവളുടെ കൈ പിടിച്ച് സ്‌കൂളില്‍ പോകാം. മുതിര്‍ന്ന കുട്ടികള്‍ സഹോദരങ്ങളുടെ കൈ പിടിച്ച് സ്‌കൂളിലേക്ക് വരുമ്പോള്‍ എനിക്കും അങ്ങനെ വരണമെന്ന് തോന്നിയിരുന്നു.


അങ്ങനെ അംബികയെ ഒന്നാം ക്ലാസില്‍ ചേര്‍ത്തപ്പോള്‍ ജ്യേഷ്ഠസഹോദരനായി, രക്ഷാകര്‍ത്താവായി അവളെ ഒന്നാം ക്ലാസില്‍ കൊണ്ടുപോയി ഇരുത്താനുള്ള ഭാഗ്യം ഉണ്ടായി. വല്ല കുട്ടികളും പിച്ചുകയോ കൊഞ്ഞനം കാണിക്കുകയോ ചെയ്താല്‍ എന്നോട് പറയണമെന്ന് ഞാന്‍ ഏല്‍പിച്ചു. അങ്ങനെ വന്നാല്‍ എനിക്കും ഒരു ഗുണ്ടയെപ്പോലെ ഒന്നാം ക്ലാസില്‍ ചെന്ന് ആരാണെടാ എന്റെ പെങ്ങളെ പിച്ചിയത് എന്ന് ചോദിക്കാമല്ലോ. പക്ഷേ, അങ്ങനെ ഒരു സംഭവം ഉണ്ടായില്ല. പൊതുവെ അംബിക മിടുക്കിയായിരുന്നു. നിന്നെപ്പോലുള്ള പത്തുപേരെ ഭരിക്കാന്‍ അവള്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് അമ്മയുടെ ജ്യേഷ്ഠത്തി കുട്ടിക്കാലത്ത് പറഞ്ഞത് ഓര്‍ക്കുന്നു.
പെങ്ങള്‍ എന്നത് ഒരു വ്യക്തിയുടെ സ്വകാര്യമായ അഹങ്കാരമാണ്. പെങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം അര്‍ഥശൂന്യമാണെന്ന് എനിക്ക് തോന്നാറുണ്ട്. വടക്കന്‍ പാട്ടുകളിലെ ആങ്ങള-പെങ്ങള്‍ ബന്ധങ്ങള്‍ വായിക്കുമ്പോള്‍ മനസ്സ് വികാരാധീനമാകും. പെങ്ങള്‍ക്ക് ആപത്ത് വരുമ്പോള്‍ സഹായിക്കാത്ത ആങ്ങളമാര്‍ കുറവ്. പെങ്ങള്‍ മോശമായാല്‍ 'എന്തുചെയ്യാം ദൈവമേ പെങ്ങളായി പോയില്ലേ' എന്നും ചിലര്‍ക്ക് പറയേണ്ടി വരാറുണ്ട്.
എന്നെ സംബന്ധിച്ചേടത്തോളം അംബികയാണ് പെങ്ങള്‍. അഛന്‍ പട്ടാമ്പി സ്‌കൂളില്‍ അധ്യാപകനായ പ്രഭാകര മേനോന്‍. സാമ്പത്തികമായി വലിയ ഉയര്‍ച്ചയൊന്നും കുടുംബത്തിന് ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് സര്‍വസാധാരണമല്ല. അംബികയെ കോളേജില്‍ പഠിപ്പിക്കണമെന്ന് അഛനും അമ്മക്കും ആഗ്രഹം. അത് പ്രാവര്‍ത്തികമാക്കുക എളുപ്പമല്ല. പതിമൂന്ന് വയസ്സുമുതല്‍ ഇന്നലെ വരെയും ഞാന്‍ ദിവസേന ഡയറി എഴുതുന്നുണ്ട്. ഒരു ദിവസത്തെ ഡയറിയില്‍ തലക്കെട്ട് ഇങ്ങനെ: പത്ത് ദിവസത്തിനുള്ളില്‍ എനിക്കൊരു ഉദ്യോഗം കിട്ടിയാല്‍ അംബികയെ കോളേജില്‍ ചേര്‍ക്കുന്നതാണ്. ഏതായാലും കോളേജില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു.
ഞാന്‍ ആ കാലത്തുതന്നെ സാഹിത്യ രചനകള്‍ നടത്തിയിരുന്നു. കഥ വായിച്ചാല്‍ അവള്‍ അഭിപ്രായം പറയും. അംബിക സ്റ്റേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയായി. ജീവിതത്തില്‍ ഏറെ മാനസിക സമ്മര്‍ദം അനുഭവിച്ചത് അവളുടെ വിവാഹം നേരാംവണ്ണം നടന്നു കിട്ടുന്ന കാര്യത്തിലായിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഈ പെങ്ങള്‍ സെന്റിമെന്‍സിനെക്കുറിച്ച് അറിയാമായിരുന്നു. അംബികയെ വിവാഹം കഴിച്ചത് പാലക്കാട് വിക്‌ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായി വിരമിച്ച വേണുഗോപാലന്‍ ആയിരുന്നു. മക്കള്‍ അജയനും ചിഞ്ചുവും അമേരിക്കയിലാണ്.


പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധം രക്തബന്ധമാണെന്ന് പറയാറുണ്ടെങ്കിലും രക്തബന്ധത്തിന്റെ ശക്തി മാതൃപുത്ര ബന്ധത്തിലാണ് ശക്തമായി നിലനില്‍ക്കുന്നത്. എല്ലാ ജീവജാലങ്ങളിലും കുട്ടികള്‍ മുതിരുന്നതോടെ രക്തബന്ധത്തിന്റെ ശക്തി ഇല്ലാതാകുന്നു. മനസ്സുകൊണ്ടുണ്ടാക്കുന്ന ഉടമ്പടി ബന്ധമാണ് ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. ബന്ധം കനത്തതാണെന്ന് സങ്കല്‍പിച്ചാല്‍ ഗൗരവതരമാണ്. നിസ്സാരമായി സങ്കല്‍പിക്കുന്നവര്‍ക്ക് ഈ ബന്ധത്തിന് ശക്തിയൊന്നുമില്ല. സ്‌നേഹത്തിന്റെ നിറകുടം എന്ന് വിശേഷിപ്പിക്കാവുന്ന സഹോദരബന്ധവുമുണ്ട്. ഒട്ടും സ്‌നേഹമില്ലാത്തവരുമുണ്ട്.


സ്‌നേഹം ഉള്ളില്‍ സൂക്ഷിച്ചതുകൊണ്ടായില്ല. പ്രകടിപ്പിക്കാത്ത സ്‌നേഹം കൊണ്ട് യാതൊരു പ്രയോജനവുമില്ല. എന്നെ കാണുകയോ കുശലം ചോദിക്കുകയോ ചെയ്യാത്ത സഹോദരങ്ങളെ ഞാന്‍ സ്‌നേഹമില്ലാത്തവരായിട്ടാണ് കണക്കുകൂട്ടാറ്. അങ്ങനെ വരുമ്പോള്‍ വലിയ സ്‌നേഹമുളളവരുമുണ്ട്. ഒട്ടും സ്‌നേഹമില്ലാത്തവരുമുണ്ട്.
എന്റെ ഭാര്യ വിജിക്ക് അംബികയുമായി അതിശക്തമായ ഒരു ഹൃദയബന്ധമുണ്ട്. വിജിയെ സംബന്ധിച്ചേടത്തോളം അംബിക ഒരു രക്ഷാകര്‍ത്താവോ സുഹൃത്തോ ആണ്. എല്ലാ ദിവസവും നിരന്തരം ഫോണില്‍ സംസാരിക്കുന്ന നാത്തൂന്മാര്‍ ഇക്കാലത്ത് കുറവാണ്. ഞാന്‍ അതിനെ പ്രോത്സാഹിപ്പിക്കാറുണ്ട്.
നഷ്ടപ്പെടുമ്പോള്‍ മാത്രമേ ഒരു ബന്ധത്തിന്റെ വില നാം അറിയുകയുള്ളൂ. പെങ്ങള്‍ ഇല്ലാതെ വരുമ്പോഴാണ് അതിന്റെ പ്രാധാന്യം നാം അറിയുക.


'ടിയാന്‍' എന്റെ സഹോദരനാണ് എന്ന് നാവുകൊണ്ടു പോലും പറയാന്‍ മടിക്കുന്ന സഹോദരബന്ധങ്ങളും നമ്മുടെ ചുറ്റും ഉണ്ട്. നല്ല ഭാര്യയെ കിട്ടാനും അമ്മയെ കിട്ടാനും അഛനെ കിട്ടാനുമൊക്കെ ഭാഗ്യം ഉണ്ടായേ പറ്റൂ.
നല്ല പെങ്ങളെ കിട്ടാനും വേണം ഭാഗ്യം. ആ ഭാഗ്യം ഉണ്ടാക്കിത്തന്നത് അംബികയാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media