കൃത്യമായ അനുപാതത്തില്‍ കുഴിക്കപ്പെട്ട ഖബ്റിന് മുകളിലെ മണ്ണ് വശങ്ങളിലേക്ക് മാറ്റുമ്പോള്‍ ഉമറുട്ടി ഒന്നു ചുമച്ചു.
കാറ്റത്ത് കരിയിലകളിലൊന്ന് ഖബ്റിന്റെ ആഴത്തിലേക്ക് പറന്നടുക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഖബ്റിനുള്ളില്‍ പെട്ട കരിയിലയുടെ പിടച്ചില്‍ പോലെ അയാളുടെ ഹൃദയവും. അസീസ് ഡോക്ടറുടെ വാക്കുകള്‍ കാതില്‍ വീണ്ടും കേട്ടു.
''എടോ.. സൂക്ഷിക്കണം. ഈ മരുന്ന് മുടങ്ങാനേ പാടില്ല.''
ഡോക്ടര്ക്കതൊക്കെ പറയാ..
വല്യ വെലയൊള്ള മര്ന്നൊക്കെ മ്മളെക്കൊണ്ട് കൂട്ട്യാ കൂടോ..
മനസ്സ് വെറുതെ ചിരിച്ചു.
''ഇക്കാ.. മയ്യത്ത് കുളിപ്പിക്കാന്ട്ത്തിട്ടുണ്ടാവോ?''
ചന്ദ്രനാണ്. അയാള്‍ വെട്ടിവിയര്‍ത്തിരിക്കുന്നു.
അവര്‍ രണ്ടു പേരും മാത്രമേ അപ്പോഴാ ഖബ്ര്സ്ഥാനിലുള്ളൂ.
അഴിച്ചുവെച്ച ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണെടുത്തു.
''നിയാസേ.. ന്തായെടോ..? പൊറപ്പെട്ടാ..?''
അപ്പുറത്തെന്താണ് പറയുന്നതെന്നറിയാന്‍ ചന്ദ്രന് അയാളുടെ മുഖത്തേക്ക് നോക്കിത്തന്നെയിരുന്നു.
''ഓ.. അത് ശരി, അപ്പ അസറാകും. ല്ലേ.''
നിരാശയോടെ ഫോണ്‍ കട്ടാക്കി.
''ന്ത്യേ പറഞ്ഞത്?''
ചന്ദ്രന് ചോദിച്ചു.
ദൂരേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു:
''ഐസുംപെട്ടീല് കിടത്തിക്കല്ലേ റബ്ബേ..''
''ങ്ങള് കാര്യം പറീന്‍''
ചന്ദ്രന് ആകാംക്ഷ കൂടി.
''ആഷിക്ക് പോന്ന്ക്ക്ണത്രേ.. അസനാജീന്റെ മോന്. ഓന് ബന്നട്ടേ ഇട്ക്ക്വൊള്ളൂന്ന്..''
''അയ്.. ഓന് മിനിയാന്നെങ്ങാനുല്ലേന്ന് പോയത്? അപ്പ പിന്നെന്തിനേ ഓന് പോയത്? ഇപ്പ ഡബിള്‍ കാശായില്ലേ..''
''അതെങ്ങനേണ്ടാ ഹമുക്കേ.. അസ്റായീലിന്റെ വരവെപ്പളാന്ന് ഓന്ക്കറിയോ?''
''ഓ.. അസ്റായീല്.. ഓരെ ഇക്കറിയാ.. ഞമ്മളെ മാപ്പളക്കാലന്.?''
അത് പറഞ്ഞ് ചന്ദ്രന് ചിരിച്ചു.
ഉമറുട്ടിക്കും ചിരിക്കാതിരിക്കാനായില്ല.
''യ്യ് പുലിവാലാക്കല്ലെടാ ഹിമാറേ..''
''ഓരെ ഞാന്‍ കണ്ട്ക്ക്ണ് ക്കാ. തലേലൊര് തൊപ്പീം ബെച്ച് കൈയിലൊര് കയറൊക്കെയിട്ട്, ഒര് പോത്തിന്റെ പൊറത്ത്''
''ഓടിക്കോ ഇജ്..'' അത് പറഞ്ഞുകൊണ്ട് ഉമറുട്ടി ചിരിച്ചു.
ചന്ദ്രന് ആ മണ്കൂനയിലിരുന്ന് കുടുകുടാന്ന് ചിരിച്ചു.
''ഇയ്യാ കബറില്ക്ക് മണ്ണ് ബീത്തല്ലിം.''
ഉമറുട്ടി ആ ഖബ്റാഴത്തിലേക്ക് നോക്കി. ആ കരിയില പിടച്ചിലൊന്നുമില്ലാതെ അതിനുള്ളില്‍ നിശ്ചലമായി. അയാളൊരു നെടുവീര്‍പ്പിനെ ഖബ്റിലേക്ക് പറഞ്ഞയച്ചു. അയാളാ ഖബ്റിലേക്കിറങ്ങി. അതില്‍ വീണ കരിയില എടുത്തു പുറത്തേക്ക് കളഞ്ഞു.
''ചന്ദ്രാ..'' അയാള്‍ വിളിച്ചു.
''ന്തേയ് ഇക്ക''
''മൂടുപലകോക്കെ റെഡിയല്ലേടോ?''
''ഒക്കെ റെഡിയാണ്ന്ന്''
അയാളാ ഖബ്റിലേക്ക് നോക്കി കുറച്ചുനേരം നിന്നു. പിന്നെ ഖബ്റിലേക്കിറങ്ങി നീണ്ടുനിവര്‍ന്നുകിടന്നു.
''ങ്ങള് ന്താണിക്കാ കാട്ട്ണത്?''
''ചന്ദ്രാ.. ഇയ്യാ പലകിടത്ത് മൂടടാ..''
''ദേ.. ഇങ്ങള് തമാസ കളിക്കണ്ടാട്ടാ.. ''
''ഒര് രസാടോ.. ഇയ്യ് മൂട്.. അസനാജി വരണവരെ ഇത് ഫ്രീയല്ലേടോ..''
'ഇങ്ങളെ ഒര് കാര്യം' എന്ന് പറഞ്ഞുകൊണ്ട് അയാള്‍ ഖബ്റിന്റെ മൂടുപലകകള് നിരത്തി.
''ഒര് വിടവ് പോലുല്ലാണ്ട് മൂടണം ട്ടാ''
ചന്ദ്രന് അതുപോലെ ചെയ്തു.
''ഇക്ക.. ഇക്ക് പേടിയാകണ് ട്ടാ..''
നിരത്തിയ പലകകളെല്ലാം ചന്ദ്രന് എടുത്തുമാറ്റി.
''ങ്ങളെണീക്കീന്..''
അയാള്‍ ഉമറുട്ടിക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.
ചന്ദ്രന്റെ കൈയില്‍ കൈ കോര്‍ത്ത് അയാളെഴുന്നേറ്റു.
''ഈയ്യ് മൗത്തിന്റെ മണം അറിഞ്ഞ്ട്ട്ണ്ടാ.. ചന്ദ്രാ''
''ഒന്ന് പൊയ്ക്കാളീങ്ങള്.. മൗത്തിന്റെ മണം. മന്ഷന് നെഞ്ച് കത്തണ്''
''നല്ല കസ്തൂരിന്റെ മണാടോ''
''ഇക്കൊന്നും കേക്കണ്ട; ങ്ങടെ മൗത്ത് മണം''
പിന്നെ അയാളൊന്നും മിണ്ടിയില്ല.
ളുഹറ് ബാങ്ക് കേട്ടപ്പോള്‍ ചന്ദ്രന് പറഞ്ഞു.
''ങ്ങള് നിസ്കരിച്ച് വീട്ടീപ്പോയി ഊണും കയിച്ചിട്ട് ബരീ.. ഞായിവിടെ നിന്നോളാ''
ഉമര്‍ പള്ളിക്കുളത്തിലേക്ക് നടന്നു. കുളത്തില്‍ ഒന്നു മുങ്ങിക്കുളിച്ച് അതേ വസ്ത്രം തന്നെ ധരിച്ചു. വുദൂവെടുത്ത് പള്ളിയിലെത്തുമ്പോള്‍ നമസ്കാരം തുടങ്ങിയിരുന്നു.
അസനാജിയുടെ മയ്യിത്ത് എത്തിയപ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ദിക്റുകള്‍ ദൂരേന്ന് കേട്ടപ്പോള്‍ തന്നെ അവര്‍ രണ്ടു പേരും തയാറെടുത്തു.
''ചന്ദ്രാ. ഈയിത് നോയ്ക്കാളാ. മയ്യിത്ത് നിസ്കരിച്ചിട്ട് വരാ''
ഉമറുട്ടി തിരക്കിലേക്ക് നടന്നു.
നമസ്കാരം കഴിഞ്ഞപാടേ മയ്യിത്തുമായി പുരുഷാരം ഖബര്‍സ്ഥാനിലേക്ക്. അവരെത്തും മുമ്പേ ഉമറുട്ടി എത്തിയിരുന്നു. പിന്നെ ഖബറടക്കത്തിന്റെ പതിവുരീതികളിലേക്ക്.
മൂന്നുപിടി മണ്ണെറിഞ്ഞ് തിരിച്ചുനടക്കുന്നവരുടെ തിരക്ക്.
എല്ലാവരും മണ്ണെറിഞ്ഞുതീരുമ്പോഴും ദിക്റുകള്‍ ഉച്ചത്തില്‍ കേട്ടുകൊണ്ടിരുന്നു.
ഖബ്റിന് മുകളിലെ മണ്പൊക്കത്തിന്റെ ഇരുഭാഗത്തുമായി മൈലാഞ്ചിക്കൊമ്പ് കുത്തി വെട്ടുകല്ലു വെച്ചു.
''അസ്സലാമു അലൈകും''
ഖബ്റിനോട് സലാം പറഞ്ഞ് തിരിഞ്ഞുനടന്നു.
പള്ളിക്കുളത്തിലെത്തി കൈയും കാലും മുഖവും കഴുകി പള്ളിയിലേക്ക് വരുമ്പോള്‍
''ടാ.. ഖബറേ..''
ഉമറുട്ടി തിരിഞ്ഞുനോക്കി. മൊയ്തീന്‍ക്കയാണ്. അസനാജീടെ മൂത്ത മകന്. തന്നേക്കാളും നാലോ അഞ്ചോ വയസ്സ് കൂടുതല്‍ കാണും. അദ്ദേഹം ടൗണില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്നു.
''ഇന്നാടാ'' കുറച്ച് നോട്ടുകള്‍ ഉമറിന്റെ പോക്കറ്റിലേക്ക് തിരുകി അയാള്‍ നടന്നു.
പള്ളികോമ്പൗണ്ടിനു വെളിയില്‍ പുകവലിച്ചുകൊണ്ട് നിന്നിരുന്ന ചന്ദ്രന് ഉമറുട്ടിയെ കണ്ടപാടേ സിഗരറ്റ് താഴേക്കിട്ടു കെടുത്തി.
കിട്ടിയതിലെ ഒരു വിഹിതം അയാളുടെ പോക്കറ്റിലേക്ക് വെക്കുമ്പോള്‍ അയാള്‍ ചോദിച്ചു:
''ചന്ദ്രാ.. ലച്ചൂന്റെ കാര്യംന്തായെടാ..''
അയാള്‍ മന്ദഹസിച്ചു.
''ന്താവാനാണിക്കാ.. മ്മക്കൊക്കെ പേരിമ്മത്തന്നേള്ളൂ മഹാലക്ഷ്മിയൊക്കെ''
''ഊം..''
''വരണോടത്ത്വെച്ച് കാണ്കന്നെ''
ചന്ദ്രന് നടന്നകലുന്നതും നോക്കി അയാള്‍ നിന്നു.
മഗ്രിബ് നമസ്കാരത്തിനുശേഷം ഖുര്‍ആന്‍ പാരായണം വര്‍ഷങ്ങളായി തെറ്റിക്കാത്ത പതിവാണ്. അത് ഇശാ വരെയും നീളും. പിന്നെ നമസ്കാരശേഷമാണ് വീട്ടിലേക്ക് തിരിക്കുന്നത്. ഇശാ കഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ ഖത്വീബ് വിളിച്ചു:
''ഉമറുട്ടീ''
ഖത്വീബ് മാത്രമാണ് അയാളെ പേര് ചൊല്ലി വിളിക്കുന്നത്. ബാക്കിയെല്ലാവര്‍ക്കും അയാള്‍ 'ഖബര്‍' ആണ്. ചിലര്‍ ഖബറിക്കയെന്നും.
അയാള്‍ ഖത്വീബിനെ 'ഉസ്താദ്ക്ക' എന്നാണ് വിളിക്കുന്നത്. അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന് വര്‍ഷങ്ങളുടെ തിളക്കമുണ്ട്. ഉസ്താദ്ക്ക മേലാക്കോട് മദ്റസയില്‍ അധ്യാപകനായി എത്തുമ്പോള്‍ ഉമറുട്ടിക്ക് പത്തു വയസ്സാണ് പ്രായം. ഉസ്താദിന് പതിനെട്ടും. കൂട്ടുകാരെപ്പോലെയായിരുന്നു അവര്‍. സുഖദുഃഖങ്ങളെല്ലാം പരസ്പരം പങ്കുവെക്കും. ഒരുദിവസം ഉസ്താദിന്റെയൊപ്പം കാരാകുര്ശ്ശിക്ക് പോയിട്ടുണ്ടയാള്. ഉസ്താദിന് പരന്ന വായനയും അപാരമായ അറിവുമുണ്ടായിരുന്നു. എപ്പോള്‍ കാണുമ്പോഴും അദ്ദേഹത്തിന്റെ കൈയില്‍ ഒരു പുസ്തകം കാണും. നാലു പെണ്മക്കളാണ് ഉസ്താദിന്.
നൂറ്റമ്പത് കിലോമീറ്ററുകളകലെ തന്നെയും കാത്തിരിക്കുന്ന പ്രിയതമയെയും മക്കളെയും ഓര്‍ത്ത് ഉസ്താദ് കവിതകളെഴുതും. ഉമറുട്ടി മാത്രമേ അത് കണ്ടിട്ടുള്ളൂ. 'മുഹ്സിന്' എന്ന തൂലികാനാമത്തില്‍ പല ആനുകാലികങ്ങളിലും ഉസ്താദിന്റെ കവിതകള്‍ പ്രസിദ്ധപ്പെട്ടിട്ടുണ്ട്.
''ഇയ്യെന്താടോ വിളി കേക്കാണ്ട് കുന്തംവിഴുങ്ങി നിക്കണത്''
അത് കേട്ടപ്പോള്‍ ചിരിച്ചുകൊണ്ട് ഓര്‍മകളില്‍ നിന്നുണര്‍ന്നു.
''എന്തേ ഉസ്താദ്ക്കാ''
''നല്ല പോത്തെര്‍ച്ചീം പത്തിരീംണ്ടെടോ.. കയിച്ചിട്ട് പോവാ.. മ്മളെ നിസാറ് ഡോക്ടറെ വീട്ടീന്നാ ''
''വേണ്ടിക്കാ..''
''വല്യ വീര്യൊന്നും കാണിക്കണ്ട. ഇനിക്കും ഹുസൈന്ക്കാക്കാക്കും വേണ്ടുവോളംണ്ട്. ബാടോ''
അര്‍ധമനസ്സോടെ അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു.
''നാളെ അന്‍വറും കുടുംബോം ഉംറക്ക് പോണേന്റെ പരിപാടിയിണ്ട്. അന്നെ വിളിച്ച്ക്ക്ണാ..''
''ഊം.. മേലാക്കോട് പഞ്ചായത്ത് മുഴുവനും ഓന് ബിളിച്ചിട്ടുണ്ട്.''
''ഒര് കതയില്ലാത്തോനാ..''
ഉസ്താദ് കുലുങ്ങിച്ചിരിച്ചു.
''നാളെ ഞമ്മക്കൊന്നിച്ച് പോവാടോ. ഇന്റെ ബൈക്കില്‍''
''ശരി ഇക്ക.''
''അനക്ക് ടോര്‍ച്ച് വേണോ''
''വേണ്ട. മൊബൈല്‍ ടോര്ച്ച്ണ്ടല്ലാ..''
''ശരിയന്നാ അസ്സലാമു അലൈകും''
''വ അലൈകുമുസ്സലാം''
ആ മൊബൈല്‍ വെട്ടവും കത്തിച്ച് നടക്കുമ്പോള്‍ ഇരുട്ട് ഒരു പ്രഹേളികയായി അയാളെ വരിഞ്ഞുമുറുക്കി. ഖബ്റിന്റെ ഏകാന്തതയില്‍ നീണ്ടുനിവര്ന്നുകിടന്നപ്പോഴും തനിക്ക് ലേശം പോലും ഭയം തോന്നിയില്ല.
പക്ഷേ ഇപ്പോഴായതില്‍ പിന്നെ വല്ലാത്തൊരു ഭയം..! ഒരു ശൂന്യത!
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഉപ്പയുടെ മരണം. അന്നുമുതല്‍ ഓടുന്ന ഓട്ടമാണ്. അന്നൊക്കെ ഓത്തുപള്ളിയില്‍ വെച്ച് സഹപാഠികള്‍ 'ഖബറിന്റെ മോനേ' എന്നു വിളിക്കുന്നതു കേട്ട് കരഞ്ഞിട്ടുണ്ട്. ഒരു ദിവസം ഉപ്പയോട് വിഷമം പറഞ്ഞപ്പോള്‍ ഉപ്പ ചിരിച്ചു:
''നല്ല മന്സന്മാര്ടെയൊക്കെ വേദനകള്‍ ഇല്ലാണ്ടാക്കണ സ്ഥലാണ് മോനേ ഖബറ്''
പിന്നെപ്പിന്നെ അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാതായി. ഉപ്പയുടെ മരണശേഷമാണ് ഖബറിന്റെ മകന് ഉമറുട്ടി 'ഖബറാ'യി മാറിയത്. ഇരുപത്തൊമ്പതാമത്തെ വയസ്സില്‍ സമപ്രായക്കാരിയായ കുഞ്ഞാത്തൂനെ കൈപിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. ആലി സഖാവിന്റെ മോളായിരുന്നു അവള്. മാര്‍ക്കറ്റില്‍ ലോഡെറക്കുമ്പോള് അരിച്ചാക്ക് തലയില്‍ വീണാണ് സഖാവ് മരിച്ചത്. ഒറ്റപ്പെടലിന്റെ വേദനകള്‍ ഒരുമിച്ചുചേരുമ്പോള്‍ ഒരു സുഖമുണ്ടല്ലോ.. അതായിരുന്നു.
ജീവിതത്തിന്റെ സ്വരലയങ്ങള്‍ മേളിച്ച ആ പതിനാറു വര്‍ഷങ്ങള്‍! കുഞ്ഞുടുപ്പുകള്‍ തുന്നാനുള്ള ഭാഗ്യം മാത്രം അവര്‍ക്ക് പടച്ചവന് നല്‍കിയില്ല. അവര്‍ പരസ്പരം കുഞ്ഞുങ്ങളായി മാറി ആ വിധിയില്‍ തൃപ്തരായി.
പ്രിയതോഴി വീടിന്റെ കോലായില്‍ കാത്തിരിപ്പുണ്ടാകും. വീടിന്റെ പടി കടന്നപ്പോള്‍ അയാള്‍ ഒന്നു ചുമച്ചു.
''ന്റെ മുത്തേ.. ന്ത്യേ ത്ര വൈകീത്..''
പന്ത്രണ്ട് മണിക്ക് ഉമറുട്ടി പള്ളിയില്‍ എത്തിയിരുന്നു.
''ളൊഹറ് നിസ്കാരം കയിഞ്ഞ് എറങ്ങാ നമക്ക് ഉമറുട്ട്യേ ''
''അങ്ങനെതന്നെ''
നമസ്കാരം കഴിഞ്ഞപ്പോള്‍ സമയം പന്ത്രണ്ടേമുക്കാലായി. ഖത്വീബിന്റെ ബൈക്കില്‍ അവര്‍ പുറപ്പെട്ടു.
കൊട്ടാരം പോലത്തെ വീടായിരുന്നു അന്‍വറിന്റേത്. കൂറ്റന്‍ മതില്ക്കെട്ടുമൊക്കെയായി ഒരു പടുകൂറ്റന്‍ ബംഗ്ലാവ് തന്നെ.
''ബൈക്ക് പുറത്തന്നെ വെക്കാം''
ബൈക്ക് നിര്‍ത്തി വീട്ടിലേക്ക് നടന്നു.
തുറന്ന ഗേറ്റിലൂടെ ആളുകള്‍ വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു.
''അസ്സലാം ഉസ്താദേ''
ഹൃദ്യമായ അഭിവാദ്യത്തോടെ അന്‍വര്‍ അവരെ സ്വീകരിച്ചു.
''വരിന്.. ങ്ങളെ കാത്തിരിക്കേണ് ഞങ്ങള്‍.''
അവര്‍ കസേരകളില്‍ ഇരുന്നു.
മുന്നില്‍ ടീപ്പോയിയില്‍ രണ്ടു പാത്രങ്ങളിലായി
അജുവയും കല്‍കണ്ടവും നിരത്തിവെച്ചിരുന്നു.
''ഊണ് കഴിക്കാം ആദ്യം''
അപ്പോഴാണയാള്‍ ഉമറുട്ടിയെ ശ്രദ്ധിച്ചത്.
''ടോ.. ഖബറേ.. എല്ലാര്ടേം ഒപ്പം കുന്തിച്ചിരിക്കേണല്ലേ.. എണീക്കെടോ..''
ഉമറുട്ടി ഒന്നു പകച്ചു. മെല്ലെ എഴുന്നേറ്റു.
''ആ പന്തലിലേക്ക് പൊയ്ക്കോ.. ഇങ്ങക്കൊക്കെ അവടേണ്. ഉസ്താദ് വരിന്''
പിന്നിലേക്ക് പോകാന്‍ തുനിഞ്ഞ ഉമറുട്ടിയുടെ കൈത്തണ്ടയില്‍ പിടി മുറുക്കിക്കൊണ്ട് ഖത്വീബ് ആ ഈന്തപ്പഴത്തട്ടില്നിന്ന് ഒരെണ്ണം എടുത്തു.
''അന്‍വറേ.. ഇത് മുത്തുറസൂലിനിഷ്ടപ്പെട്ട ഈന്തപ്പഴം.. അജുവ.. ഇനി അന്റെ വീട്ടീന്നൊന്നും കയിച്ചില്ലാന്ന് പറയണ്ട''
പിന്നെ ഉമറുട്ടിയുടെ കൈ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു...
''വാ ഉമറുട്ടീ.. മ്മക്ക് പോവാ.. അനക്ക് സീറ്റില്ലാത്തോടത്ത് ഇനിക്കും വേണ്ടടോ സീറ്റ്.''
അന്‍വര്‍ ആദ്യം ഒന്നമ്പരന്നുവെങ്കിലും പിന്നെ ഗൗരവത്തില്‍ പറഞ്ഞു:
''ദ്വാരെക്കാന് വന്നവര്‍ ബിരിയാണീം തിന്നട്ട് ദ്വാരെന്നട്ട് പോയാ മതി.''
ഉസ്താദ് ഒന്നു പുഞ്ചിരിച്ചു.
''അനക്കും ബേണ്ടി ദ്വാരെക്കാന് ഇന്ക്ക് പൊരുത്തല്ല''
അപ്പോള്‍ ഒരു ഉന്മാദിയെ പോലെ കോപത്തോടെ ഉച്ചത്തില്‍ അയാളലറി:
''എടോ മൊയ്ലിയാരേ.. ങ്ങളെന്നെ അപമാനിച്ചിട്ടാണ് പോണത് ട്ടോ.. അത് മറക്കണ്ട. ഒരു ഖബറ്കുത്തി പട്ടിക്കും വേണ്ടി''
ഖത്തീബ് തിരിഞ്ഞുനിന്നു.
''ജുമ്ആക്ക് മിമ്പറുമ്മ ഞാന്‍ നിക്കുമ്പ റസൂലിന്റെ സ്ഥാനത്താ മോനേ ഞാന്‍ നിക്കണത്. അവടെ പറയണ ദീന് ജീവിതത്തിലും പാലിക്കണംന്ന് ആഗ്രഹംണ്ട്. അന്നോട് പടച്ചോന് പൊറുക്കട്ടേ.''
''മിമ്പറുമ്മ കേറണ ഖത്തീബാണെന്ന ധൈര്യത്തിലാല്ലേ ഈ അഹമ്മതി.. എന്നാ കേട്ടോ, അടുത്ത ജുമ്ആക്ക് അവടെ താനാകൂലടോ നിക്കണത്''
ഖത്വീബ് അന്‍വറിനെ നോക്കി മന്ദഹസിച്ചു:
''അമ്പത്തിമൂന്ന് കൊല്ലായി ഇവടെ. ഈ അല്ലാന്റെ ഭൂമീല്. ഇന്നെ മനസ്സിലാക്കാത്തോര്ടെ മിമ്പറാണതെങ്കി അതിനിക്ക് വേണ്ടടോ''
ഉമറുട്ടി അന്‍വറിനടുത്തേക്ക് കടന്നുവന്നു. അയാളുടെ കത്തിജ്ജ്വലിക്കുന്ന മുഖത്തു നോക്കി അയാള്‍ പറഞ്ഞു:
''പട്ടീന്നും പന്നീന്നൊക്കെ കൊറേ കേട്ട്ക്ക്ണ് അന്‍വറേ. അതൊക്കിപ്പന്ക്ക് ശീലാണ്.
പക്ഷേങ്കില് ഒന്നോര്ത്തോണ്ടൂ ഈയ്.
ഒടുക്കം ഇന്റെ കൈമ്മല്ക്ക് തന്നെ വരണ്ടോനാ ഈയും.''
അവര്‍ രണ്ടു പേരും അതിവേഗം ആ ഗേറ്റ് കടന്നു പുറത്തേക്ക് നടന്നു.
''ഉസ്താദ്ക്ക.. വേണ്ടായിര്ന്ന്.. ഇനിക്കും വേണ്ടി''
''ഇല്ലടോ.. അനക്കും ബേണ്ടിയല്ല.. ഇത് ഇനിക്കും വേണ്ടിത്തന്നേണ്.''
ആ ഒരു പകലും കൊഴിഞ്ഞു. മനസ്സിന് വല്ലാത്ത അസ്വസ്ഥത തോന്നി. അരുതാത്തതെന്തോ നടക്കാന്‍ പോകുന്നതുപോലെ. ഒന്നിലുമങ്ങ് ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല.
''ഇങ്ങക്കെന്തേ പറ്റീ''
കുഞ്ഞാത്തു നെറ്റിയിലും കഴുത്തിലുമൊക്കെ തൊട്ടുനോക്കി ആശങ്കപ്പെട്ടു.
''അസീസ് ഡോക്ടറെ പിന്നെ കണ്ടില്ലല്ലാ.. നാളെ പോകാം നമ്മക്ക്''
''ഊം.. പോണം പിന്നാവട്ടേ''
''ഇങ്ങളെ വാടിയ മൊഖം കാണാന്‍ പറ്റണില്ല മുത്തേ''
പിറ്റേന്ന് അസര്‍ നമസ്കാരശേഷം ഖബ്ര്‍സ്ഥാനിന്റെ ഇടത്തിണ്ണയില്‍ ചിതറിക്കിടക്കുന്ന ഖബ്റുകളെയും നോക്കി നില്‍ക്കെ പിറകില്‍ നിന്നും ഒരു കുഞ്ഞുശബ്ദം:
''ഖബറിക്കാ''
തിരിഞ്ഞുനോക്കി.
എട്ടും ഒമ്പതും വയസ്സ് പ്രായമുള്ള നാലഞ്ച് പെണ്‍കുട്ടികള്‍..!
''എന്തേ വേണ്ടി?''
വാത്സല്യത്തോടെ ചോദിച്ചു.
''ഇച്ചിരി മൈലാഞ്ചിയെല പൊട്ടിച്ചുതര്വോ?''
ഒരു കൊച്ചുസുന്ദരി മുന്നോട്ടു വന്നു.
''നിമിഷടെ ചേച്ചീന്റെ കല്യാണമാ''
''ആഹാ.. ന്നട്ട് നിമിഷെവടെ? എല്ലാരേം ഖബറ്ക്ക കാണട്ടെ''
അവരെല്ലാവരും അടുത്തേക്ക് വന്നു.
''ഞാന്‍ മെഹ്റു. ഇതാ നിമിഷ, ഇത് ഫൗസി, ഗോപിക, വള്ളി''
ഉമറുട്ടിയുടെ കൂടെ അവര്‍ ഖബ്ര്‍സ്ഥാനിലേക്ക് കടന്നു.
''ങ്ങക്ക് പേടീണ്ടാ ഇവിടെ?''
''ഉം..ഇത്തിരി''
''ന്തിനാ പേടിക്കണത്? ഇവടൊള്ളതൊക്കെ നിങ്ങളെ ഉപ്പാപ്പാരും ഉമ്മുമ്മാരുവല്ലേ..''
''ഈ മരങ്ങളൊക്കേ..?''
''നേരായിട്ടും.. അവര്ടെ ചോരയാണ് നമ്മള് മൈലാഞ്ചിയിടുമ്പ കൈയില്‍ ചോരച്ച് കെടക്കണത്''
മെഹറുവിന്റെ തലയില്‍ തലോടി അയാള്‍ പറഞ്ഞു:
''മൈലാഞ്ചിക്കമ്പ് പൊട്ടിച്ചെട്ക്കരുത്. അവരെ വേദനിപ്പിക്കാതെ ഓരോ എലകളും ഊരിയെട്ക്കണം.''
അയാള്‍ മൈലാഞ്ചിയിലകള്‍ ഊരിക്കൊണ്ടേയിരുന്നു.
''ന്നട്ട് അമ്മീലിട്ട് അരക്കണം. നല്ലോണം അരയുമ്പ കൈവെള്ളേലിടണം. വെരലുകള്ക്ക് തൊപ്പിയിടണം..പിന്നെ ചോക്കുംവരെ കാത്തിരിക്കണം. നല്ലോണം ചോന്നാല് അവരെ കാണാം..''
''ആരേ കാണാം?''
''അവരെ. നമ്മളേം കാത്ത് സ്വര്ഗത്തിലിരിക്കണോരെ''
''നേരായിട്ടും''
''ഊം.. നേരായിട്ടും''
നിറയെ മൈലാഞ്ചിയിലകള്‍ ലഭിച്ച സന്തോഷത്തോടെ കുട്ടികള്‍ തിരിച്ചുപോയി.
പള്ളിയിലേക്ക് തിരിച്ചുനടക്കുമ്പോള്‍ ഖത്വീബ് അഭിമുഖമായെത്തി. കൈയിലൊരു ബാഗുമുണ്ട്.
''അന്വറ് ബാക്ക് പാലിച്ച് ഉമറുട്ട്യേ.. ഞാന്‍ പോകേണ്''
''ഉസ്താദ്ക്കാ'' ഉമര്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. ഖത്വീബ് ഉമറിന്റെ കവിളില്‍ ചുംബിച്ചു.
''ങ്ങളിനി..?''
''പരന്ന് കെടക്കണ ഭൂമിയല്ലേ.. ഏതേലും പള്ളീല് കൂടണം. ന്നട്ട് അന്നെ ബിളിക്കാ''
പിന്നെ കണ്ണുതുടച്ച് തിരിഞ്ഞുനോക്കാതെ നടന്നകന്നു.
ഉസ്താദ് നടന്നകലുന്നതും നോക്കി ഉമറുട്ടി നിസ്സംഗനായി നിന്നു.
മൊബൈല്‍ ഫോണെടുത്തു.
''ചന്ദ്രാ.. ഇയ്യ് ബാ, ഒര് പണീണ്ട്''
അപ്പോഴയാളുടെ മൂക്കിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അത് തോര്‍ത്തില്‍ തുടച്ച് ഖബ്ര്‍സ്ഥാനിന്റെ ഇടമതിലില്‍ ചാരി ഖബ്റുകളെയും നോക്കി പുഞ്ചിരിച്ചു.
ചന്ദ്രനെത്തുമ്പോള്‍ അയാള്‍ ഖബ്ര്‍സ്ഥാനിന്റെ നടുവില്‍ ഒരു പറങ്കിമാവില്‍ ചാരിനില്ക്കുകയായിരുന്നു.
''എന്താ ഇക്കാ.. ആരാ മരിച്ചത്? ഇങ്ങളെന്താ പള്ളിക്കാട്ടില്‍''
ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ആരോടെന്നില്ലാതെ ഉമറുട്ടി പറഞ്ഞു:
''റൂഹാനിക്കിളീടെ കരച്ചില് കേക്കണില്ലേ ചന്ദ്രാ. അന്റെ മാപ്പളക്കാലന് പോത്തിന്റെ പൊറത്ത് വരണത് ഞാന്‍ കണ്ടെടോ. ഇവിടെ ഈ കശുമാവിന്റെ ചോട്ടില് ഒരു ഖബറ് കുഴിക്കണം നമ്മക്ക്. വരണത് ആരാണ്ന്ന് അറീല്ല.. കരച്ചില് മാത്രം.. കരച്ചില് മാത്രം''
പിന്നെ ഒരു ഭ്രാന്തമായ ചിരിയോടെ പറഞ്ഞു:
''ഈ റൂഹുകള്ക്കൊക്ക എന്തൊരു മൊഞ്ചാണ്..!'