ഹിജ്‌റ അഞ്ചാം വര്‍ഷത്തില്‍ നബി (സ) വല്ലാതെ പകച്ചുപോയ ഒരു സംഭവം നടന്നു. ഒരു വൃദ്ധമാതാവിന്റെ മരണമായിരുന്നു അത്. ആ മരണവാര്‍ത്ത കേട്ടപാടേ ആ മാതാവിനെ അനുസ്മരിച്ചുകൊണ്ട് നബി (സ) പറഞ്ഞു: 'അല്ലയോ മാതാവേ! ദൈവം താങ്കളില്‍ കാരുണ്യം വര്‍ഷിക്കട്ടെ. എന്റെ ഉമ്മക്ക് ശേഷം മറ്റൊരു ഉമ്മയാണ് അങ്ങ്. താങ്കള്‍ സ്വയം വിശന്ന് എന്നെ ഊട്ടി. നിങ്ങള്‍ പഴകിയതും നുരുമ്പിയതും ധരിച്ച് എന്നെ നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയായിരുന്നു ഇതെല്ലാം.'
പിന്നീട് നബി(സ) തിരുമേനി തന്റെ മേല്‍കുപ്പായം ഊരി കഫന്‍ ചെയ്യാന്‍ കല്‍പിച്ചു. തുടര്‍ന്ന് ഉസാമ ബ്‌നു സൈദിനോടും അബൂഅയ്യൂബുല്‍ അന്‍സാരിയോടും ജന്നത്തുല്‍ ബഖീഇല്‍ ഖബ്ര്‍ കുഴിക്കാന്‍ കല്‍പിച്ചു. ഖബ്‌റിന്റെ മേല്‍മണ്ണ് നീക്കിയതോടെ തിരുമേനി വന്ന് അതിന്റെ ബാക്കി ഭാഗം പൂര്‍ത്തീകരിക്കാനായി ഖബ്‌റിലേക്കിറങ്ങി. അതില്‍ അദ്ദേഹം തുരങ്കം (ലഹദ്) നിര്‍മിച്ചു. ഒരു നിമിഷം ലഹദില്‍ കിടക്കുന്നതിനെക്കുറിച്ച് ഓര്‍ത്തുനിന്നു. നബി(സ) പ്രാര്‍ഥിച്ചു: 'നാഥാ! എന്റെ മാതാവിന് പൊറുത്തുകൊടുത്താലും! ഖബ്‌റിനെ വിശാലമാക്കിയാലും!' ഹസ്രത്ത് ഫാത്വിമ ബിന്‍ത് അസദിന്റെ ചരമവേളയിലായിരുന്നു ഈ രംഗം.
ഫാത്വിമ ബിന്‍ത് അസദ് ഉന്നതരായ സ്വഹാബി വനിതകളില്‍പെട്ട മഹതിയാണ്. ഖുറൈശി തലവന്‍ ഹാശിം ഇബ്‌നു അബ്ദുമനാഫിന്റെ സഹോദരപുത്രന്‍ അബൂത്വാലിബിന്റെ പ്രിയതമ, ഹസ്രത്ത് അലി(റ)യുടെ മാതാവ് എന്നീ നിലകളില്‍ അവര്‍ അറിയപ്പെടുന്നു.
ഖുറൈശികളിലെ പ്രമുഖ കുടുംബമായ ബനൂഹാശിമില്‍ ജനിച്ച ഫാത്വിമ ചെറുപ്പത്തിലേ ഉയര്‍ന്ന സംസ്‌കാരത്തിലും ഉത്തമ സ്വഭാവത്തിലും വളര്‍ന്നു. അബ്ദുല്‍ മുത്ത്വലിബിന്റെ കണ്‍മുമ്പില്‍ വളര്‍ന്നതിനാല്‍ ഫാത്വിമയെ തന്റെ മരുമകളാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ അബൂത്വാലിബുമായി വിവാഹബന്ധമുണ്ടാക്കി. ആ ബന്ധത്തില്‍ നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും ഉണ്ടായി. ഹസ്രത്ത് ജഅ്ഫറുബ്‌നു അബീത്വാലിബ്(റ), ഹസ്രത്ത് അലി(റ) തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.
ഫാത്വിമ ആദ്യ ഹാശിമി വനിതയാണ്. അവരിലൂടെയാണ് ഹാശിമി പരമ്പരയില്‍ സന്താനങ്ങളുണ്ടായത്. കവിതയിലും സംഗീതത്തിലും ഫാത്വിമ അതീവ തല്‍പരയായിരുന്നു. പ്രവാചകന്‍ (സ) പ്രബോധന പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ബനൂഹാശിം കുടുംബം പൊതുവെ അദ്ദേഹത്തിന് സഹായകമായ നിലപാട് സ്വീകരിച്ചു. ഫാത്വിമയും ആദ്യകാലത്തുതന്നെ ഇസ്‌ലാമാശ്ലേഷിച്ചു. അബ്ദുല്‍ മുത്ത്വലിബിന്റെ മരണശേഷം അബൂത്വാലിബും ഭാര്യ ഫാത്വിമയും നബി തിരുമേനിയെ സ്വന്തം മകനെ പോലെ പരിപാലിച്ചു, സ്‌നേഹം നല്‍കി പരിരക്ഷിച്ചു. ഇവരുടെ സാന്നിധ്യവും സൗഹൃദവും തിരുനബിക്ക് ഏറെ ഉപകാരപ്പെട്ടു.
ബഹുദൈവവാദികളുടെ ശല്യം സഹിക്കവയ്യാതെ ആദ്യം അബ്‌സീനിയക്കും തുടര്‍ന്ന് മദീനയിലേക്കും ഹിജ്‌റ ചെയ്ത മുസ്‌ലിം ന്യൂനപക്ഷത്തോടൊപ്പം ഫാത്വിമ ബിന്‍ത് അസദും ഉണ്ടായിരുന്നു. പ്രവാചക നിയോഗത്തിന്റെ അഞ്ചും ആറും വര്‍ഷങ്ങള്‍ പൊതുവെ പലായനത്തിന്റെ ഘട്ടങ്ങളായിരുന്നു.
മുഹമ്മദിനെ കൊലക്ക് വിട്ടുതരാത്ത കാലത്തോളം ബനൂഹാശിം, ബനുമുത്ത്വലിബ് കുടുംബങ്ങളോട് യാതൊരു ബന്ധവും പാടില്ലെന്ന് ഖുറൈശി കൂട്ടം തീരുമാനിച്ചത് ഹിജ്‌റ വര്‍ഷം ഏഴിലായിരുന്നു. വിവാഹബന്ധവും ക്രയവിക്രയങ്ങളും തടയപ്പെട്ടു. ഈ അറിയിപ്പ് പൊതുജനശ്രദ്ധക്കായി കഅ്ബയില്‍ കെട്ടിത്തൂക്കിയിരുന്നു.
വിവരമറിഞ്ഞ അബൂത്വാലിബ് മക്കളെയും ബന്ധുമിത്രാദികളെയും കൂട്ടി ശിഅ്ബ് അബൂത്വാലിബിലേക്ക് പോയി. അബൂലഹബും കുറച്ചാളുകളും ഇതില്‍നിന്ന് മാറിനിന്നു. പിന്നീട് മൂന്ന് ആണ്ട് പ്രതിസന്ധികളോട് മല്ലടിച്ചാണ് മുസ്‌ലിം സമൂഹം കഴിച്ചുകൂട്ടിയത്. ചരിത്രവനിത ഫാത്വിമ ബിന്‍ത് അസദ്(റ) ഈ പ്രതികൂല സാഹചര്യത്തോട് പൊരുതിനിന്നു.
മദീനയിലേക്ക് ഹിജ്‌റ നടത്താന്‍ അനുവാദം ലഭിച്ചപ്പോള്‍ ഫാത്വിമയും അക്കൂട്ടത്തില്‍ ചേര്‍ന്നു.
ഹിജ്‌റക്കു ശേഷം ഏതാനും വര്‍ഷം ജീവിച്ച ഫാത്വിമ ബിന്‍ത് അസദ് തിരുനബിയുടെ ജീവിത കാലത്ത് തന്നെ മൃതിയടഞ്ഞു. തിരുമേനിക്ക് അവരോട് വലിയ ആദരവും സ്‌നേഹവുമായിരുന്നു. പലപ്പോഴും അവരുടെ വീട് സന്ദര്‍ശിക്കുകയും അവിടെ താമസിക്കുകയും ചെയ്തു. അവരുടെ മരണം തിരുമേനി(സ)യെ ഏറെ തളര്‍ത്തിയത് സ്വാഭാവികം. ഫാത്വിമ ബിന്‍ത് അസദ് തിരുനബിക്ക് പോറ്റുമ്മയും സ്‌നേഹനിധിയായ മാതാവുമായിരുന്നു. 'അബൂത്വാലിബിനു ശേഷം എന്നോട് ഇത്ര കുലീനമായി പെരുമാറിയ ആരുമില്ല' എന്ന് തിരുമേനി(സ) പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവരുടെ മരണവേളയില്‍ തിരുമേനി(സ) വല്ലാതെ വിതുമ്പിയതും ഖബ്‌റടക്കത്തില്‍ പങ്കാളിത്തം വഹിച്ച് ഏറെ നേരം പ്രാര്‍ഥനാനിര്‍ഭരമായി നിന്നതും. ഹസ്രത്ത് അബ്ബാസ് (റ), ഹസ്രത്ത് അബൂബക്ര്‍ സിദ്ദീഖ്(റ) തുടങ്ങിയവര്‍ ഫാത്വിമയുടെ മരണാനന്തര ക്രിയകള്‍ക്ക് നബിയോടൊത്തുണ്ടായിരുന്നു.
ഹസ്രത്ത് ഫാത്വിമ 46 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസും ഉള്‍പ്പെടും.