ഔഷധ രാജന് കരിങ്കൂവളം
ഡോ. മുഹമ്മദ് ബിന്‍ അഹ്മദ്
ജൂലൈ 2018
പേരു കേള്‍ക്കുമ്പോള്‍ സാധാരണ നാട്ടിലും കാട്ടിലും കണ്ടുവരുന്ന മുള്ളുകളോടു കൂടിയ കറുത്ത നിറത്തിലുള്ള കൂവളം എന്ന് തെറ്റിദ്ധരിച്ചേക്കും. എന്നാല്‍ കൂവളവും കരിങ്കൂ വളവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.
പേരു കേള്‍ക്കുമ്പോള്‍ സാധാരണ നാട്ടിലും കാട്ടിലും കണ്ടുവരുന്ന മുള്ളുകളോടു കൂടിയ കറുത്ത നിറത്തിലുള്ള കൂവളം എന്ന് തെറ്റിദ്ധരിച്ചേക്കും. എന്നാല്‍ കൂവളവും കരിങ്കൂ വളവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. സാധാരണ കൂവളം നാട്ടിലും വനപ്രദേശങ്ങളിലും വളരുമ്പോള്‍ കരിങ്കൂവളം വെള്ള സാമീപ്യത്തില്‍ പാടശേഖരങ്ങളോടു ചേര്‍ന്ന് വരമ്പത്തും കുളങ്ങളിലും ചെളിപ്രദേശങ്ങളിലും വളരുന്നു. വെയിലേല്‍ക്കേണ്ട താമസം വാടിപ്പോകുന്ന ഒരു ചെടിയാണിത്. എന്നാല്‍ നിസ്സാരക്കാരനെന്നു കരുതി തള്ളേണ്ടവനല്ല. നല്ല ഔഷധവീര്യമുള്ള ഒരു ചെടിയാണിതെന്നോര്ക്കണം.
മാനസിക വിഭ്രാന്തി, ഉറക്കക്കുറവ്, ഛര്‍ദി, ചുട്ടുനീറ്റല്‍, പേടിതോന്നല്, രക്തപിത്തം, രക്താതിസാരം, രക്തം കുരച്ചുതുപ്പല്, രക്തസ്രാവം, തൊണ്ടയില്‍നിന്നും നാസാ ദ്വാരങ്ങളില്‍നിന്നും രക്തവാര്‍ച്ച എന്നീ രോഗങ്ങള്‍ക്കെല്ലാം ഒറ്റയായും കൂട്ടായും മറ്റു മരുന്നുകളില്‍ ചേര്‍ത്തും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ ഔഷക്കൂട്ടായ ദ്രാക്ഷാദി യോഗത്തിലെ ഒരു പ്രധാന ചേരുവ ഇതുതന്നെയാണ്. പ്രത്യേക വളപ്രയോഗമോ ജലസേചനമോ, മാറ്റി കൃഷി ചെയ്യുകയോ ഒന്നും തന്നെ വേണ്ടാത്ത ഒരൗഷധച്ചെടിയാണിത്. പ്രത്യേക കൃഷിസ്ഥലമോ മറ്റു പരസഹായമോ ഒന്നും ആവശ്യമില്ല. പ്രത്യേക കാലാവസ്ഥയും വേണ്ട.
അറുപതോ അറുപത്തഞ്ചോ സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന പൊള്ളയായ സ്പോഞ്ച് രൂപത്തിലുള്ള ഇതളുകളോടെയുള്ളതാണീ ചെടി. പൊള്ളലുണ്ടായാല്‍ ഉടന്‍ ഉപയോഗിക്കാന്‍ പറ്റുന്ന പ്രഥമ ഔഷധമാണ് കരിങ്കൂവളം. അപസ്മാര രോഗികള്‍ക്കും ചിത്തഭ്രമമുള്ളവര്ക്കും ഇത് ഇടിച്ചുപിഴിഞ്ഞ് നീര് നിത്യവും ശീലിക്കാവുന്നതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് കരിങ്കൂവളവും ചന്ദനവും കൂട്ടി നെറുകയില്‍ വെക്കുന്നതും കരിങ്കൂവളവും കച്ചൂരാദി ചൂര്ണവും കൂട്ടി അരച്ച് മുലപ്പാലില്‍ ചേര്‍ത്ത് വെക്കുന്നതും പണം മുടക്കാതെയുള്ള ചികിത്സകളാണ്.