കര്‍മങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുക
വിശ്വാസി സമൂഹം ഒരു മാസക്കാലം കടുത്ത ആത്മ നിയന്ത്രണത്തിന്റെയും ആത്മസംസ്കരണത്തിന്റെയും വഴിയെ ആയിരുന്നു
വിശ്വാസി സമൂഹം ഒരു മാസക്കാലം കടുത്ത ആത്മ നിയന്ത്രണത്തിന്റെയും ആത്മസംസ്കരണത്തിന്റെയും വഴിയെ ആയിരുന്നു. ജീവിതത്തിന്റെ ആസ്വാദനങ്ങള്‍ക്ക് സ്വയം വിലക്കേര്‍പ്പെടുത്തിയും തനിക്കേറ്റവും ഇഷ്ടപ്പെട്ടത് അപരന് നല്‍കിയും കര്‍മങ്ങളുടെയും ദാനങ്ങളുടെയും വഴിയെ ഓരോ വിശ്വാസിയും നീങ്ങി. വിശപ്പ് സഹിച്ചുകൊണ്ട് നോറ്റ നോമ്പും ഉറക്കമൊഴിച്ച് ചെയ്ത ആരാധനയും തനിക്കേറെ പ്രിയപ്പെട്ടത് ദാനം നല്കി നിര്‍വഹിച്ച സകാത്ത്-സ്വദഖകളുമായാണ് ഓരോരുത്തരും തന്റെ ജീവിതത്തില്‍ ഈ മാസം ധന്യമാക്കിയത്.
നാവുകൊണ്ടും കൈകാല്‍ കൊണ്ടും ആരെയും ഉപദ്രവിക്കാതിരിക്കാന്‍ ശ്രമിച്ചു. അവിഹിതമായി ഒന്നും വെട്ടിപ്പിടിച്ചുമില്ല. ഇതിന് നമ്മെ പ്രാപ്തമാക്കിയത് നോമ്പ് എന്ന പരിചയായിരുന്നു.
പക്ഷേ, ഈ ഒരു മാസത്തിനു ശേഷം എങ്ങനെയാകും എന്നതിനെ ആശ്രയിച്ചാണ് നാം റമദാനില്‍ നേടിയ വ്രതശുദ്ധിയെ വിലയിരുത്തേണ്ടത്. ഒരു മാസം നിര്‍വഹിക്കേണ്ട ആത്മീയ പ്രസരിപ്പല്ല നോമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു ശേഷമുള്ള നാളുകള്‍ എങ്ങനെയാകണമെന്നു പഠിപ്പിക്കുന്ന പരിശീലനക്കാലമാണ് യഥാര്‍ഥത്തില്‍ നോമ്പ്. ഈ റമദാനില്‍ ആര്‍ജിച്ചെടുത്ത നോമ്പിന്റെ ഉള്‍ക്കരുത്ത് യാതൊരു കാരണവശാലും ചോര്‍ന്നുപോകാതെ സൂക്ഷിക്കാനുള്ള ബോധമാണ് ഇനിയുണ്ടാവേണ്ടത്.
നോമ്പിന് നാം ചെയ്ത കര്‍മങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുക എന്നതാണ് ഇനി വേണ്ടത്. തുടര്‍ച്ചയായി കൃത്യതയോടെ നിര്‍വഹിക്കുന്ന ആരാധനകളാണ് ദൈവത്തിങ്കല്‍ സ്വീകാര്യം. 'എത്ര ചെറുതായാലും കൃത്യതയോടെ നിര്‍വഹിക്കുന്ന കര്‍മങ്ങളാണ് നിങ്ങളുടെ കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറെ ഇഷ്ടം' എന്നാണ് പ്രവാചക വചനം. റമദാനില്‍ നിലനിര്‍ത്തിയ ചിട്ടയായ പരിശീലനം അത്തരമൊരു കൃത്യത കൈവരിക്കാന്‍ ഉതകട്ടെ.