മഴക്കാലം തുടങ്ങി. ഇടിയും മിന്നലും മഴക്കാലമാണല്ലോ സാധാരണ കൂടുതലായി അനുഭവപ്പെടാറ്. വര്‍ഷം തോറും മിന്നലേറ്റ് ധാരാളം പേര് മരിക്കാറുണ്ട്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും മരങ്ങളും നാശത്തില്‍ അകപ്പെടാറുണ്ട്. ഇതിന് പ്രത്യേക സ്ഥലമോ സമയമോ പ്രായമോ ഇല്ല. വീടകങ്ങളില്‍ വെച്ചും ഓഫീസുകളില്‍ വെച്ചും പാടത്തുനിന്നുമെല്ലാം സംഭവിക്കാം.
ഇടിയും മിന്നലും ഒന്നിച്ചാണ് ആകാശലോകത്ത് സംഭവിക്കുന്നതെങ്കിലും മിന്നലാണ് ആദ്യം അനുഭവപ്പെടുക. ശബ്ദത്തേക്കാള്‍ പ്രകാശത്തിനാണല്ലോ വേഗത കൂടുതല്‍. മിന്നലിന്റെ തീക്ഷ്ണതക്കനുസരിച്ചായിരിക്കും ഇടിയുടെ കാഠിന്യം.
ഭൂമിയില്‍നിന്ന് ഏറ്റവും പൊന്തിനില്ക്കുന്ന വസ്തുക്കളിലേക്കാണ് ആദ്യം മിന്നല്‍ പതിക്കുക. അത് കെട്ടിടമോ മരമോ മൊബൈല്‍ ടവറോ മറ്റെന്തായാലും മതി.
പര്‍വതങ്ങളും ഇടതൂര്‍ന്ന് വൃക്ഷങ്ങളും ഉള്ളതാണ് കേരളത്തില്‍ മിന്നലുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ബംഗളൂരുവും കശ്മീരും കേരളവുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങള്‍. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ പാലക്കാട്ട് മിന്നല്‍ കുറവാണ്. എന്നാല്‍ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ് മിന്നല്‍ കൂടുതല്‍.
മുന്‍കരുതലുകള്‍
- ഇടിയുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ടി.വി കേബിളും മറ്റും ഊരിമാറ്റുക.
- ഇടിയുള്ളപ്പോള്‍ വാതിലിന്റെയും ജനലിന്റെയും അടുത്തു നിന്ന് മാറിനില്‍ക്കുക.
- ലോഹസാധനങ്ങളില്‍ തൊടരുത്.
- ചെരിപ്പ് ധരിക്കുക.
- തുറസ്സായ സ്ഥലത്ത് നില്‍ക്കരുത്.
- ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ല.
- തുറസ്സായ സ്ഥലത്ത് അകപ്പെട്ടാല്‍ വാഹനങ്ങളില്‍ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവെ സുരക്ഷിതമാണ്.
- വാഹനത്തില്‍ ചാരി നില്‍ക്കരുത്.
- ഇരുമ്പുവേലികള്‍, റെയില്‍പാളങ്ങള്‍, പൈപ്പുകള്‍ എന്നിവയില്‍നിന്ന് അകന്നുനില്ക്കണം.
- അലുമിനിയം ഉള്‍പ്പെടെ ലോഹ മേല്‍ക്കൂരയുള്ള ടെറസുകള്‍ പൊതുവെ മിന്നലിനെ ചെറുക്കും.
- കോണ്‍ക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
- മിന്നലുള്ളപ്പോള്‍ ടി.വി കാണുകയോ ലാന്റ് ഫോണില്‍ സംസാരിക്കുകയോ ചെയ്യരുത്.
- മിന്നലേറ്റാല്‍ പരിഭ്രമിക്കുകയോ ഭയപ്പെടുകയോ ചെയ്യരുത്.
- മിന്നലേറ്റാലുടന് മരിക്കുമെന്ന് കരുതരുത്. ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തില്‍ വൈദ്യുതിയുണ്ടായിരിക്കില്ല. അത്തരം ഘട്ടങ്ങളില്‍ ഉടന്‍ കൃത്രിമ ശ്വാസം നല്‍കുകയാണ് വേണ്ടത്.
- ശരീരത്തില്‍ പൊള്ളലേറ്റിട്ടില്ലെങ്കില്‍ ശരീരം തിരുമ്മി എഴുന്നേല്‍പ്പിക്കാം.
- ഇറുകിയ വസ്ത്രം അഴിച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുക.