'ക്ഷയരോഗമുക്ത കേരളം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഈ രോഗത്തെ സംബന്ധിച്ച വിവരശേഖരണത്തിനായുള്ള ഭവന സന്ദര്‍ശന പരിപാടിക്ക് സംസ്ഥാനത്ത് തുടക്കമിട്ടിരിക്കുകയാണ്. സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തി മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ലക്ഷ്യം എളുപ്പം കൈവരിക്കാനാവുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. സാക്ഷരത, സാമാന്യം ഭേദപ്പെട്ട ഭക്ഷണശീലം, ശുചിത്വബോധം, മെച്ചപ്പെട്ട ചികിത്സ നേടുന്നതിനുള്ള ആശുപത്രികളുടെ സാമീപ്യം തുടങ്ങിയ അനുകൂല ഘടകങ്ങളാണ് പ്രതീക്ഷക്ക് പിന്‍ബലമേകുന്ന അടിസ്ഥാന ഘടകങ്ങള്‍.
മാരകമായ ഈ രോഗം കേരളത്തെ പിടിമുറുക്കിയിരുന്ന 1960 കാലഘട്ടം മുതല്‍ സംസ്ഥാനത്തെ ചില ജില്ലാ ടി.ബി സെന്ററുകളില്‍ സേവനം അനുഷ്ഠിക്കാന്‍ അവസരം ലഭിച്ച ഒരു ആരോഗ്യ പ്രവര്‍ത്തക എന്ന നിലയില്‍ അന്നത്തെ ക്ഷയരോഗികളുടെ പരിതാപകരമായ അവസ്ഥകളെക്കുറിച്ചും അവരെ സഹായിക്കാന്‍ എന്തുചെയ്യാനാവുമെന്ന ചിന്തയില്‍ ചില നീക്കങ്ങള്‍ നടത്തിയതിനെക്കുറിച്ചും പലതും ഓര്‍മയില്‍ കൂടി കടന്നുപോവുകയാണ്.
സാധാരണക്കാരിലെ ദാരിദ്ര്യമായിരുന്നു അന്നത്തെ രോഗവ്യാപനത്തിന് പ്രധാന ഹേതു. രോഗത്തെ ചെറുക്കാനാവശ്യമായ പോഷകപ്രധാനമായ ഭക്ഷ്യവിഭവങ്ങളുടെ അഭാവം, ആരോഗ്യ ശീലങ്ങളെക്കുറിച്ചുള്ള അജ്ഞത, പുകവലി ശീലം, ക്ഷയരോഗചികിത്സാ കേന്ദ്രങ്ങളുടെ അഭാവം എന്നിവകളെല്ലാം രോഗം ഗുരുതരമാക്കുന്നതിന് കാരണമായിരുന്നു.
എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ഒരു രോഗമാണ് ക്ഷയം. വൈകുന്നേരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പനി, ഇടവിട്ടുള്ള പനി, നെറ്റി വിയര്‍ക്കല്‍, വിശപ്പില്ലായ്മ, രണ്ടാഴ്ചയില്‍ കൂടുതല്‍ ദീര്‍ഘിച്ചുനില്‍ക്കുന്ന ചുമ ഇതൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ശരീരം ശോഷിച്ച് എല്ല് പൊന്തി, നിര്‍ത്താതെയുള്ള ചുമയെത്തുടര്‍ന്ന് രക്തം ചര്‍ദിക്കുന്നു. ശ്വാസതടസ്സം തീവ്രമാകും. തീര്‍ത്തും അവശനാകുന്ന രോഗി ദൈനംദിന കാര്യങ്ങള്‍ ചെയ്യാനാവാതെ മരണത്തിലേക്കെത്തുന്നു.
വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ അതിന്റെ വ്യാപനത്തെ തടയുന്നതിന് കൈക്കൊള്ളേണ്ടുന്ന മാര്‍ഗങ്ങളാണ് തുടക്കത്തില്‍ നല്‍കുന്ന പ്രതിരോധ നിര്‍ദേശങ്ങള്‍. സംസാരിക്കുമ്പോള്‍ കഴിവതും ടവ്വല്‍ കൊണ്ടോ മറ്റോ വായ മൂടുക, പൊതുനിരത്തിലും വീടിന്റെ പരിസരത്തും കാര്‍ക്കിച്ചു തുപ്പാതിരിക്കുക, കഫവും മറ്റു വിസര്‍ജ്യങ്ങളും മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകാത്തവിധം മറവു ചെയ്യുക, കഴിവതും പോഷകപ്രദമായ ആഹാര സാധനങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വക കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ആ പാവങ്ങളോട് പാലും മുട്ടയും പഴവര്‍ഗങ്ങളുമൊക്കെ നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയുമ്പോള്‍ മനസ്സ് വേദനിക്കുന്നു.
ഈവക സാഹചര്യങ്ങള്‍ നിലനിന്നിരുന്ന 1960 കാലയളവിലാണ് ഈ ലേഖിക കോട്ടയം ജില്ലാ ടി.ബി സെന്ററില്‍ ജോലിക്കെത്തുന്നത്. ജില്ലാ ആസ്ഥാനങ്ങളിലുള്ള ഡിസ്ട്രിക്ട് ടി.ബി സെന്ററുകളില്‍ മാത്രമാണ് ക്ഷയരോഗത്തിനുള്ള ചികിത്സ ലഭ്യമായിരുന്നത്. മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ പിന്നാക്ക ജില്ലകള്‍ അന്ന് രൂപീകരിക്കപ്പെട്ടിരുന്നില്ല. ദൂരെ സ്ഥലങ്ങളിലുള്ളവര്‍ ടി.ബി സെന്ററുകളില്‍ എത്തി ചികിത്സ നേടാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ഇപ്പോഴുള്ള ഇടുക്കി ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ യാത്രാ സൗകര്യങ്ങള്‍ കുറവായ അന്ന് കോട്ടയത്തെത്തുന്നത് സാഹസപ്പെട്ടാണ്. കുട്ടികളെയും കൊണ്ട് മാതാപിതാക്കള്‍ കോട്ടയത്ത് വന്ന് താമസിച്ച് പിറ്റേ ദിവസം വാക്‌സിനേഷന്‍ എടുത്ത് മടങ്ങിപ്പോകാറാണ് പതിവ്. സഹതാപമര്‍ഹിക്കുന്ന ഇവരുടെ പ്രയാസങ്ങളില്‍ മനം നൊന്ത് ഇതിന് എന്ത് പരിഹാരമെന്ന ചിന്തയായി. സഹപ്രവര്‍ത്തകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി. ജില്ലാ ടി.ബി സെന്ററുകളില്‍ കൂടി മാത്രം നല്‍കി വന്നിരുന്ന ബി.സി.ജി വാക്‌സിന്‍, മാസ്‌റോ ടെസ്റ്റ് എന്നിവ തെരഞ്ഞെടുക്കപ്പെടുന്ന മറ്റു സ്വകാര്യ ആശുപത്രികള്‍ വഴി നല്‍കിയാല്‍ രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ആശ്വാസകരമാകുമല്ലോ എന്നതായിരുന്നു ആ തീരുമാനം.
ഈ നിര്‍ദേശം സഹപ്രവര്‍ത്തകര്‍ ടി.ബി സെന്ററിന്റെ മേധാവിയായ മെഡിക്കല്‍ ഓഫീസറുടെ മുമ്പാകെ അവതരിപ്പിച്ചു. എന്നാല്‍ പ്രതികരണം പ്രോത്സാഹനാജനകമായിരുന്നില്ല. സെന്ററില്‍ എത്തിക്കൊണ്ടിരിക്കുന്ന രക്ഷിതാക്കളുടെ ദയനീയമുഖം കാണുന്തോറും പിന്മാറരുതെന്ന ചിന്ത മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിച്ചു. അങ്ങനെയിരിക്കെ പഴയ ഓഫീസര്‍ സ്ഥലം മാറി പുതിയ ടി.ബി ഓഫീസറായി ഡോ. മുഹമ്മദ് ഖാന്‍ ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ മുന്നില്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് വിഷയം അവതരിപ്പിച്ചപ്പോള്‍ പ്രതികരണം ആശാവഹമായിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള കടമ്പകള്‍ പലതായിരുന്നു. തിരുവനന്തപുരത്തുള്ള ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുടെ പക്കല്‍നിന്ന് വേണം അനുമതി ഉണ്ടാവാന്‍.
ഏറെ താമസിയാതെ ഡോ. മുഹമ്മദ് ഖാന്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി വിഷയം ചര്‍ച്ച ചെയ്തു. ഈ മേധാവികളുടെ കൂട്ടായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ഒരു പ്രായോഗിക രൂപം ഉണ്ടായി. തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് അവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. അവര്‍ നിയോഗിക്കുന്ന നഴ്‌സുമാര്‍ക്ക് മുമ്പ് പരാമര്‍ശിച്ച വാക്‌സിനേഷനുകള്‍ നല്‍കാനുള്ള പ്രായോഗിക പരിശീലനം ടി.ബി സെന്ററുകളില്‍ കൂടി നല്‍കാനുള്ള തീരുമാനമായിരുന്നു അതില്‍ പ്രധാനം.
കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഈ നിര്‍ദേശം, തിരുവനന്തപുരം ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുടെ മുമ്പാകെ എത്തി, ഏറെ താമസിയാതെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് അത് നടപ്പാക്കാനുള്ള ഉത്തരവും പുറത്തുവന്നു. പിന്നീടുള്ള നീക്കങ്ങള്‍ പെട്ടെന്നായിരുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍നിന്ന് അവര്‍ നിയോഗിച്ചയച്ച മൂന്ന് നഴ്‌സുമാര്‍ക്ക് വീതം ജില്ലാ ടി.ബി സെന്ററില്‍ വെച്ച് ആഴ്ചയില്‍ രണ്ടു ദിവസത്തെ വാക്‌സിനേഷന്‍ പരിശീലനം നടത്താനുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. തുടക്കത്തില്‍ ജില്ലയിലെ ടി.ബി സാനറ്റോറിയം, 26-ാം മൈല്‍ മേരി ക്വീന്‍സ്, കാഞ്ഞിരപ്പള്ളി കടമപ്പുഴ, പൊന്‍കുന്നം കെ.വി.എം.എസ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് എന്നീ ആശുപത്രികള്‍ക്കാണ് ബാല ടി.ബിക്കുള്ള വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടി ഉണ്ടായത്.
ആദ്യഘട്ടത്തില്‍ പദ്ധതി വിജയകരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും പ്രത്യേകിച്ച് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, സബ് സെന്ററുകള്‍ ഉള്‍പ്പെടെ ഈ പദ്ധതി പ്രായോഗികമാക്കാന്‍ തുടങ്ങിയതോടെ മാരകമായ ക്ഷയരോഗത്തില്‍നിന്ന് കുട്ടികളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിച്ചിരിക്കുകയാണ്. അതു കൂടാതെ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ 18 മാസത്തിനു പകരം 9 മാസക്കാലം തുടര്‍ച്ചയായി ചികിത്സ നടത്തിയാല്‍ ക്ഷയരോഗത്തില്‍നിന്ന് മുതിര്‍ന്നവര്‍ക്കും രക്ഷനേടാമെന്ന അവസ്ഥയും പിന്നീട് കൈവരികയുണ്ടായി.
ഒരുകാലത്ത് ജനങ്ങളെ മാരകമായി പിടികൂടിയ ക്ഷയരോഗത്തില്‍നിന്ന് രക്ഷിക്കാന്‍ നിര്‍ണായക ഘട്ടത്തില്‍ ചെറിയൊരു ഇടപെടല്‍ നടത്താനായതും അത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായതിന്റെയും സംതൃപ്തിയിലാണ് അമ്പതു വര്‍ഷം പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ന് ഞാന്‍.
റിട്ട. ടി.ബി ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍