കഴിഞ്ഞ മാസം സ്ത്രീകളെ കുറിച്ചുള്ള രണ്ടു വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. അതിലൊന്ന് ഒരു വനിതാ മാസികയുടെ കവര്‍ ചിത്രം.
കഴിഞ്ഞ മാസം സ്ത്രീകളെ കുറിച്ചുള്ള രണ്ടു വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. അതിലൊന്ന് ഒരു വനിതാ മാസികയുടെ കവര്‍ ചിത്രം. മാറ് കാട്ടി കുഞ്ഞിന് പാലുകൊടുക്കുന്ന ഒരു സ്ത്രീയുടെ ചിത്രം. ഇത് പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കവര്‍ ചിത്രം ആ രൂപത്തില്‍ കൊടുത്തത് ശരിയായില്ലെന്നും അതുതന്നെയാണ് ശരി എന്നുമുള്ള രണ്ടുതരം വാദങ്ങള്‍ മാധ്യമങ്ങളിലൂടെ നിരന്തരം ചര്‍ച്ചയാക്കപ്പെട്ടു.
മറ്റൊരു വാര്‍ത്ത പക്ഷേ പത്രത്തിന്റെ ഉള്‍പേജിലായിരുന്നു. പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനു വീട്ടുകാര്‍ ഉപേക്ഷിച്ച യുവതി കുഞ്ഞിനെ ചുട്ടുകൊന്നതായിരുന്നു വാര്‍ത്ത. കര്‍ണാടക ഭട്കല് വെങ്തപുരയിലെ യശോദയെന്ന സ്ത്രീയായിരുന്നു ഈ കടുംകൈ ചെയ്തത്. യശോദ പ്രസവിച്ചതു പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ ഭര്‍ത്താവും അമ്മയും അച്ഛനുമൊന്നും എത്തിയില്ലത്രെ. അതില്‍ മനംനൊന്താണ് അവള് കുഞ്ഞിനെ കൊന്നത്. അതാരും വലിയ ചര്‍ച്ചക്കെടുത്തില്ല.
സ്ത്രീയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ തന്നെയാണ് രണ്ടും. പക്ഷേ രണ്ടിനെയും രണ്ടുതരത്തിലാണ് കണ്ടത്. ആദ്യത്തേതില്‍ സ്ത്രീയെ ബിംബവല്‍ക്കരിച്ച് അവളെങ്ങനെയായിരിക്കണമെന്നാണ് ചര്‍ച്ചയാക്കിയതെങ്കില്‍ മറ്റേതില്‍ ജീവിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വ്യക്തിത്വമില്ലാത്തവള്‍ എന്ന നിലക്കായിരുന്നു. അല്ലാതെ യഥാര്‍ഥ പ്രശ്നത്തെ കണ്ട് വിലയിരുത്താനുള്ള ശ്രമമുണ്ടായില്ല.
ഇന്നും സ്ത്രീയുടെ ജനിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യേണ്ടിവരികയും അതിനെ ഇല്ലാതാക്കാനുള്ള ശ്രമം പെണ്ണിനു തന്നെ നടത്തേണ്ടി വരികയും ചെയ്യുന്നത് സമൂഹം അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായങ്ങളാണ്. നിരക്ഷരരും നിരാലംബരുമായ സമൂഹത്തെ സംബന്ധിച്ചേടത്തോളം സ്ത്രീയുടെ ഒരേയൊരു ലക്ഷ്യം വിവാഹജീവിതം മാത്രമാണ്. അപ്പോള്‍ സ്ത്രീധനം പോലുള്ള വിവാഹമാര്‍ക്കറ്റിലെ സാമ്പത്തിക ബാധ്യതകള്‍ മാത്രം വരുത്തിവെക്കുന്ന ലാഭമേതുമില്ലാത്തൊരു വസ്തുവാണവള്‍. അവളെ ജീവിക്കാന്‍ വിട്ടിട്ട് എന്തുകാര്യമെന്നാണവര്‍ ചിന്തിക്കുന്നത്.
എന്നാല്‍ വിവരവും വിദ്യാഭ്യാസവും നേടി സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്താനായി പുറംലോകത്തേക്കിറങ്ങുന്നവള് അവളുടെ ജൈവികതയെ നിരാകരിച്ചുകൊണ്ടാണ് അതിനു തയ്യാറാകേണ്ടിവരുന്നത.് മാതൃത്വം, മുലയൂട്ടല്‍, ആര്‍ത്തവ പ്രശ്നങ്ങള്‍ എന്നീ സ്ത്രീസഹജമായ അനിവാര്യതകളെ ഉള്‍കൊണ്ടുള്ള ഇടപെടലുകള്‍ സാധ്യമാക്കുന്ന തരത്തിലുള്ളതല്ല നമ്മുടെ പൊതു ഇടം. മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ആറു മാസം വരെ വേതനത്തോടുകൂടിയ അവധി സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങളില്‍ അതില്ല. രണ്ടു വയസ്സുവരെയാണ് കുഞ്ഞിന്റെ മുലയൂട്ടല്‍ പ്രായം. വിങ്ങുന്ന മാറുമായി ജോലിയെടുക്കേണ്ടി വരുന്ന അമ്മമാരാണ് പല സ്ഥാപനങ്ങളിലും. ഇതില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലാ വകഭേദദമില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ നിന്നും മൂത്രം മുട്ടിച്ചും പണിയെടുക്കേിവരുന്ന സ്ത്രീ തൊഴിലാളികള്‍ മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും ഉണ്ട്. സ്വച്ഛ് ഭാരതിനായി കോടികള്‍ മുടക്കുമ്പോഴും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശുചിമുറിയില്ലാത്ത സ്കൂളുകള്‍ അനവധി.
പൊതു ഇടങ്ങളും ജോലി സ്ഥലവുമൊക്കെ സ്ത്രീസൗഹൃദമാക്കുകയാണ് ഇതിനുള്ള പരിഹാരം. അല്ലാതെ സൗകര്യങ്ങളില്ലല്ലോ എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത് എന്നു പറഞ്ഞു സ്ത്രീയുടെ കര്‍മശേഷിയെയും ചിന്താ ഉണര്‍വുകളെയും സാമൂഹിക നിര്‍മിതിക്കായി ഉപയോഗിക്കുന്നതില്‍ നിന്നും തടയാനുള്ള ആവേശമല്ല വേണ്ടത്. വനിതാദിനം വര്‍ഷാവര്‍ഷം കൊണ്ടുപിടിച്ച് നടത്തുമ്പോഴും ഇത്തരമൊന്ന് സ്ത്രീ അജണ്ടയായി മാറുന്നില്ല. വെവ്വേറെ സംഘടനകളിലും കൊടികളിലും തങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമത്തിനപ്പുറം സ്ത്രീക്ക് ദൈവം അനുവദിച്ച അവകാശങ്ങളെ ഒന്നിച്ചുനിന്നു നേടിയെടുക്കാനുള്ള കൂട്ടായ ശ്രമമാണ് ഉണ്ടാവേണ്ടത്. മനുഷ്യനെന്ന നിലയില്‍ ദൈവം ഏല്‍പ്പിച്ച ബാധ്യതകളെക്കുറിച്ച ബോധത്തോടെയായിരിക്കണം അതെന്നു മാത്രം.