'ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയുടെ ദുഃഖാചരണമൊഴികെ മൂന്ന് ദിവസത്തിലേറെ മരണാനന്തര ദുഃഖാചരണം നബി തിരുമേനി(സ) നിരോധിച്ചിരിക്കുന്നു.'
മദീനയിലെ ഒരു അന്‍സാരി സ്ത്രീയുടെ പുത്രന്‍, ദൈവിക മാര്‍ഗത്തില്‍ രണാങ്കണത്തിലേക്ക് പോയ ഒരു യോദ്ധാവ് മുറിവേറ്റ് ബസ്വറയില്‍ ചികിത്സയിലായി. ഈ വിവരമറിഞ്ഞ യോദ്ധാവിന്റെ മാതാവ് മദീനയില്‍നിന്ന് ബസ്വറയിലേക്ക് പുറപ്പെട്ടു. എന്നാല്‍ മാതാവ് സ്ഥലത്തെത്തും മുമ്പെ മകന്‍ പരലോകം പൂകി.
മാതാവ് ബസ്വറയിലെത്തിയതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു മകന്റെ വീരമൃത്യു. ഈ വാര്‍ത്ത കേട്ട് മാതാവ് ഇന്നാലില്ലാഹ്... എന്ന് മാത്രം പ്രതികരിച്ചു. വാവിട്ട് കരയുകയോ മാറത്തടിച്ച് വിലപിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് മൂന്നാം ദിവസം അവര്‍ സുഗന്ധ ദ്രവ്യങ്ങള്‍ വാങ്ങുന്നതു കണ്ട് അതേക്കുറിച്ച് ചോദിച്ചവരോട് പ്രമുഖ സ്വഹാബി വനിത ഉമ്മു അത്വിയ്യ ബിന്‍ത് ഹാരിസ് അന്‍സാരി ഉദ്ധരിച്ച പ്രവാചക വചനമാണ് മുകളില്‍ ഉദ്ധരിച്ചത്. അവരായിരുന്നു ആ യോദ്ധാവിന്റെ മാതാവ്.
നബിതിരുമേനിയുടെ തീരുമാനങ്ങളും നിയമനിര്‍ദേശങ്ങളും ശിരസ്സാവഹിച്ചിരുന്ന ആ വനിത തന്റെ മകന്റെ മരണത്തിന്റെ മൂന്നാംപക്കം പോലും തിരുനബിയുടെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മനസ്സാന്നിധ്യം കാണിക്കുകയായിരുന്നു.
പ്രമുഖ സ്വഹാബി വനിതകളുടെ ഗണത്തില്‍ പെടുന്ന ഉമ്മു അത്വിയ്യയുടെ യഥാര്‍ഥ നാമം നുസീബ ബിന്‍ത് ഹാരിസ് എന്നാണ്. വൈജ്ഞാനിക തികവും മികവുമുള്ള ഒരു വനിതയായിരുന്നു ഇവര്‍. നബിതിരുമേനിയുടെ ഹിജ്‌റക്ക് മുമ്പെ ഇസ്‌ലാം സ്വീകരിച്ച ഉമ്മു അത്വിയ്യ പ്രവാചക നിയോഗത്തിന്റെ 12-ാം വര്‍ഷം ഒന്നാം അഖബാ ഉടമ്പടിക്ക് ശേഷമാണ് ഇസ്‌ലാം സ്വീകരിച്ചത്. അങ്ങനെ ഖുര്‍ആന്‍ വിശേഷിപ്പിച്ച മുന്‍കടന്നവര്‍ (അസ്സാബിഖൂനസ്സാബിഖൂന്‍) എന്ന പദവിക്ക് പാത്രമായവരില്‍ അവര്‍ ഉള്‍പ്പെടുന്നു.
ഇടക്ക് പറയട്ടെ, നസീബ എന്ന പേരില്‍ രണ്ട് വനിതകളും നുസീബ എന്ന നാമധേയത്തില്‍ രണ്ട് പേരും വിശ്രുതരായിട്ടുണ്ട്. രണ്ട് നസീബമാരില്‍ ഒന്ന് ഉമ്മുഅമ്മാറ എന്ന പേരില്‍ പ്രശസ്തയായ സ്വഹാബി വനിത നസീബ ബിന്‍ത് കഅ്ബും രണ്ടാമത്തേത് നസീബ ബിന്‍ത് സമ്മാക്കുമാണ്.
നുസീബമാരില്‍ ഒരാള്‍ ചരിത്രവനിത നുസീബ ബിന്‍ത് ഹാരിസും രണ്ടാമത്തേത് നുസീബ ബിന്‍ത് നയ്യാര്‍ എന്ന വനിതയുമാണ്.
നബിതിരുമേനി മദീനയിലെത്തിയപ്പോള്‍ പുരുഷന്മാര്‍ അദ്ദേഹത്തിന്റെ കരംപിടിച്ച് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തുകൊണ്ടിരുന്നു. ഈ സമയം സ്ത്രീകളും വന്നുകൊണ്ടിരുന്നു. തങ്ങള്‍ക്കും ബൈഅത്ത് (അനുസരണ പ്രതിജ്ഞ) എടുക്കണമെന്ന് ആവശ്യപ്പെട്ടു.
തിരുദൂതര്‍ വനിതകളുടെ ആവശ്യം കേട്ട മാത്രയില്‍ അംഗീകരിച്ചു. സ്ത്രീകളില്‍നിന്ന് ബൈഅത്ത് സ്വീകരിക്കാന്‍ ഹസ്രത്ത് ഉമറി(റ)നെ നിയോഗിച്ചു. ഉമ്മു അത്വിയ്യ ആ സംഭവം വിവരിക്കുന്നു: അന്‍സാരി സ്ത്രീകള്‍ ഒരു വീട്ടില്‍ സംഘടിച്ചു. ഉമര്‍(റ) വാതില്‍ പടിയില്‍നിന്ന് സ്ത്രീകളെ അഭിവാദ്യം ചെയ്തു. അവര്‍ തിരിച്ചും. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: സഹോദരികളേ, ഞാന്‍ നബിതിരുമേനി(സ)യുടെ പ്രതിനിധിയായി നിങ്ങളില്‍നിന്ന് ബൈഅത്ത് വാങ്ങാന്‍ എത്തിയതാണ്. 'തീര്‍ച്ചയായും പ്രവാചക പ്രതിനിധിയായി എത്തിയ അതിഥിക്ക് സ്വാഗതം' - സ്ത്രീകള്‍ അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട് പ്രതികരിച്ചു. എങ്കില്‍ ശ്രദ്ധിക്കുക. അനുസരണപ്രതിജ്ഞ എടുക്കും മുമ്പ് ഇനി പറയുന്ന കാര്യങ്ങളില്‍ ഉറപ്പു കിട്ടേണ്ടതുണ്ട്. ഒന്നാമതായി തങ്ങള്‍ അല്ലാഹുവില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കുകയില്ല. മോഷണം നടത്തുകയില്ല. വ്യഭിചാരത്തെ സമീപിക്കുകയില്ല. തങ്ങളുടെ മക്കളെ വധിക്കുകയില്ല. ആരുടെ മേലും ഒരു ആരോപണവും ഉന്നയിക്കുകയില്ല. നന്മയില്‍ അനുസരണക്കേട് കാണിക്കുകയില്ല. ഇത് കേട്ടതോടെ സംശയലേശമന്യേ, 'ശരി, എല്ലാം അംഗീകരിച്ചിരിക്കുന്നു' സ്ത്രീകളെല്ലാം ഒറ്റക്കെട്ടായി പ്രതികരിച്ചെന്ന് ഉമ്മു അത്വിയ്യ(റ) രേഖപ്പെടുത്തുന്നു. ഉടനെ ഹസ്രത്ത് ഉമര്‍ വാതില്‍പുറത്തുനിന്ന് കൈനീട്ടി. സ്ത്രീകള്‍ അകത്തു നിന്നും കൈനീട്ടി. അപ്പോള്‍ ഹസ്രത്ത് ഉമര്‍, 'ഇലാഹീ നീ സാക്ഷി' എന്ന് മൊഴിഞ്ഞു.
ഉമ്മു അത്വിയ്യ പറയുന്നു: ഈ സമയം ഞാന്‍ ഉമറുല്‍ഖത്താബിനോട് ഇങ്ങനെ ചോദിച്ചു: 'നന്മയില്‍ അനുസരണക്കേട് കാണിക്കുക എന്നാലെന്താണ്?' മരണവാര്‍ത്ത കേട്ട് മാറത്തടിച്ച് വിലപിക്കലാണ് അതുകൊണ്ടുദ്ദേശ്യമെന്ന് ഉമര്‍(റ) വിശദീകരിച്ചു.
വിശ്വാസി സമൂഹത്തിനാകെ ബാധകമായ നിബന്ധനകളായിരുന്നു അന്ന് ആ സ്വഹാബി വനിതകളുമായി നടത്തിയ ബൈഅത്ത്.
ഈ ബൈഅത്ത് വേളയില്‍ മേല്‍നിബന്ധനകള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ പ്രയാസമുള്ള ഒരു സ്ത്രീ കൈ പൊക്കി തന്റെ പ്രതിബന്ധം അറിയിച്ചപ്പോള്‍ അവരുടെ ബൈഅത്ത് മാറ്റിവെച്ചുവെന്ന് ഉമ്മു അത്വിയ്യ തന്നെ പ്രസ്താവിച്ചത് അംഗീകൃത റിപ്പോര്‍ട്ടുകളിലുണ്ട്.
യുദ്ധരംഗത്ത് ഉമ്മുഅത്വിയ്യ തന്റെ ഭാഗധേയം നിര്‍വഹിച്ചു. യോദ്ധാക്കള്‍ക്ക് വെള്ളമെത്തിക്കുക, ഭക്ഷണമൊരുക്കുക, പരിക്ക് പറ്റിയവരെ ശുശ്രൂഷിക്കുക തുടങ്ങിയ സേവനങ്ങളില്‍ അവര്‍ ജാഗ്രത പുലര്‍ത്തി. ഇത്തരം സേവനങ്ങളില്‍ നബിതിരുമേനി(സ) സ്ത്രീ ജനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നു. നബിയുടെ പത്‌നിമാര്‍ വരെ ഈ സേവനങ്ങള്‍ ചെയ്തിരുന്നതുമാണല്ലോ. ഉദാഹരണമായി ഹസ്രത്ത് ആഇശ ഉഹുദ് യുദ്ധത്തിലും ബനൂ മുസ്വ്ത്വലഖ് യുദ്ധത്തിലും പങ്കെടുത്ത് തന്റേതായ സേവനങ്ങളര്‍പ്പിച്ചു. ഹസ്രത്ത് ഉമ്മുസലമ(റ) ഖൈബറിലും മക്കാ വിജയ നാളിലും സേവനസന്നദ്ധയായി നിലകൊണ്ടിരുന്നു.
റസൂല്‍ തിരുമേനിയോടൊപ്പം ചരിത്രവനിത മിക്ക യുദ്ധങ്ങളിലും ഉണ്ടായിരുന്നു: 'ഞാന്‍ നബിതിരുമേനി(സ)യോടൊപ്പം ഏഴ് യുദ്ധങ്ങളില്‍ പങ്കെടുത്തു.' ഉമ്മു അത്വിയ്യയുടെ ഈ പ്രസ്താവം ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.
ഖൈബറില്‍ പങ്കെടുത്ത 20 സ്ത്രീരത്‌നങ്ങളില്‍ ഉമ്മു അത്വിയ്യ(റ) ഉള്‍പ്പെടുന്നു. ജിഹാദിന്റെ പുണ്യം ലഭിക്കാനാണ് അവര്‍ ഈ ത്യാഗം ചെയ്തതെന്ന് വ്യക്തം.
തിരുമേനിയുടെ പത്‌നിമാരുമായി ഉമ്മു അത്വിയ്യക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. വിശിഷ്യാ ഹസ്രത്ത് ആഇശയുമായി.
ഒരു ദിവസം റസൂലുല്ലാഹി ഹസ്രത്ത് ആഇശയെ സമീപിച്ച് ഭക്ഷിക്കാനെന്താണുള്ളതെന്ന് ചോദിച്ചു. ഉമ്മു അത്വിയ്യ കൊടുത്തയച്ച സ്വദഖയുടെ കുറച്ച് മാംസം ഉണ്ട്. 'ശരി അത് കൊണ്ടുവരൂ. സ്വദഖ അതിന്റെ ഉടമയിലെത്തിക്കഴിഞ്ഞല്ലോ.' അതിനാല്‍ അതുപയോഗിക്കാമെന്നര്‍ഥം.
ഹിജ്‌റ 8-ല്‍ നബിയുടെ പുത്രി മരണപ്പെട്ടപ്പോള്‍ അവരെ കുളിപ്പിച്ചതും സംസ്‌കരണ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഉമ്മു അത്വിയ്യയായിരുന്നു. കുളിപ്പിക്കുമ്പോള്‍ മൂന്ന്. അഞ്ച് എന്ന രീതിയില്‍ ഒറ്റയായി കഴുകണമെന്ന് തിരുമേനി(സ) ഒരു മറക്ക് പിന്നില്‍നിന്ന് നിര്‍ദേശം നല്‍കി. അവസാന വട്ടം കര്‍പ്പൂരവും ഉപയോഗിക്കുക. കുളിപ്പിച്ചു കഴിഞ്ഞ് എന്നെ വിവരം അറിയിക്കുക. നബി(സ) നിര്‍ദേശിച്ചു. സൈനബയുടെ മുടി മൂന്നായി മെടഞ്ഞിട്ടിരുന്നു. വുദു ചെയ്ത് കൊടുത്തിരുന്നു. ഉമ്മു അത്വിയ്യ ആ രംഗം വിവരിച്ചുകൊണ്ടു പറഞ്ഞു: തിരുമേനിയെ വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം തന്റെ തട്ടം ഉമ്മു അത്വിയ്യയെ ഏല്‍പിച്ചുകൊണ്ട് അതില്‍ പൊതിയാന്‍ ആവശ്യപ്പെട്ടു.
അതിനുമുമ്പ് നബിപുത്രി ഉമ്മു കുല്‍സൂം മരണപ്പെട്ടപ്പോള്‍ കുളിപ്പിച്ചതും ശേഷക്രിയകള്‍ ചെയ്തതും ഉമ്മു അത്വിയ്യ തന്നെയായിരുന്നു.
നബി തിരുമേനിയില്‍നിന്ന് 40 ഹദീസുകള്‍ ഉമ്മു അത്വിയ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇമാം നവവി പറഞ്ഞതായി കാണാം.
അല്ലാമാ ദഹബി രേഖപ്പെടുത്തുന്നു: കര്‍മശാസ്ത്ര വൈദഗ്ധ്യം നേടിയ സ്വഹാബി വനിത കൂടിയാണ് അവര്‍. മദീന വിട്ട് ബസ്വറയില്‍ താമസമാക്കിയതിനാല്‍ ബസ്വറക്കാരുടെ ഗണത്തിലാണ് ഉമ്മു അത്വിയ്യ അറിയപ്പെടുന്നത്. ബസ്വറയില്‍ ഹസ്രത്ത് അലി (റ) അടക്കമുള്ള സ്വഹാബികളും താബിഉകളും അവരെ ഏറെ ബഹുമാനിച്ചിരുന്നു. പ്രസിദ്ധ താബിഈ പണ്ഡിതന്‍ മുഹമ്മദുബ്‌നു സീരീന്‍ ഉമ്മു അത്വിയ്യയില്‍നിന്ന് പല മസ്അലകളും (ഇസ്‌ലാമിക വിധികള്‍) ചോദിച്ചു പഠിച്ചിരുന്നു (അല്‍ ഇസ്വാബ). ചരിത്ര വനിത ഹിജ്‌റ 70 വരെ തന്റെ കര്‍മരംഗത്ത് നിലകൊണ്ടു. അവരുടെ ഒരു മകനെക്കുറിച്ച് മാത്രമേ രേഖകളില്‍ പരാമര്‍ശമുള്ളൂ. ഹാഫിള് ഇബ്‌നു അബ്ദുല്‍ ബര്‍റ് അന്തുലൂസി ഉമ്മു അത്വിയ്യയെ കുറിച്ച് പ്രസ്താവിച്ചത് ഇങ്ങനെ:
'സ്വഹാബി വനിതകളില്‍ ഉന്നതസ്ഥാനീയയായിരുന്നു അവര്‍.'