പ്രശസ്ത തമിഴ് എഴുത്തുകാരിയും നടിയുമായ സുഹാസിനി സംവിധാനം ചെയ്ത സിനിമയാണ് ഇന്ദിര
പ്രശസ്ത തമിഴ് എഴുത്തുകാരിയും നടിയുമായ സുഹാസിനി സംവിധാനം ചെയ്ത സിനിമയാണ് ഇന്ദിര. ജാതികൊണ്ട് ശത്രുക്കളായ മറനൂര്‍ എന്ന തമിഴ് ഗ്രാമത്തിന്റെ കഥയാണത്. ജാതിവഴക്ക് മൂര്‍ഛിച്ച് ഗ്രാമം രണ്ട് തട്ടുകളിലായിപ്പോകുന്നു. ദിവസവും കലാപങ്ങളും കൊലപാതകങ്ങളും നടക്കുന്നു. ജാതിമതില്‍ രൂപംകൊള്ളുന്നു. ഒടുവില്‍ രണ്ടു ജാതിക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്ന നേരം രണ്ടു കൂട്ടരില്‍നിന്നും കുട്ടികള്‍ ഓടിവന്ന് പരസ്പരം കെട്ടിപ്പിടിക്കുന്നു. കുട്ടികള്‍ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിടുമ്പോള്‍ മുതിര്‍ന്നവര്‍ പരസ്പരം കൊല്ലുന്നതെങ്ങിനെ? കൗമാരക്കാരായ കുട്ടികള്‍ മുതിര്‍ന്നവരെ നന്മയുടെ ലോകത്തേക്ക് വഴികാണിക്കുന്ന ധാരാളം സിനിമകളില്‍ ഒന്നാണ് ഇന്ദിര. ഡോ. എം. ഷാജഹാന്റെ ചെകുത്താനും കടലും എന്ന നോവലില്‍ മതങ്ങള്‍ തമ്മിലുള്ള കലാപം കുട്ടികളുടെ പ്രതിരോധംകൊണ്ട് തീര്‍ന്നുപോകുന്ന കഥ പറയുന്നുണ്ട്. കുട്ടികളുടെയും കൗമാരക്കാരുടെയും ഇച്ഛാശക്തിയും സമചിത്തതയും മുതിര്‍ന്നവര്‍ക്ക് പലപ്പോഴും ഇല്ലാതാകും. എന്നിട്ടോ, അവര്‍ എപ്പോഴും കുട്ടികളെയും കൗമാരത്തെയും പഴിചാരുകയും ചെയ്യും.
കൗമാരത്തെ വളരെ സംശയത്തോടെയാണ് മുതിര്‍ന്നവര്‍ കാണുക. കുട്ടികളുടെ കൂട്ടത്തിലും മുതിര്‍ന്നവരുടെ കൂട്ടത്തിലും അവരെ പെടുത്താറില്ല. കൗമാരക്കാര്‍ മുതിര്‍ന്നവരോടൊപ്പം കൂടിയാല്‍ കുട്ടികളാകും, കുട്ടികളോടൊപ്പം കൂടിയാല്‍ മുതിര്‍ന്നവരുമാകും. ഒരിക്കലും പാകമാകാത്ത പ്രായമാണത്. അവരുടെ കുസൃതി കുട്ടിക്കളിയായി ചിരിപ്പിക്കുകയില്ല, അവരുടെ വികൃതി പൊറുക്കപ്പെടുകയില്ല. അതുകൊണ്ടുതന്നെ ഒറ്റപ്പെടലിന്റെ പ്രായമാണത്. മുതിര്‍ന്നവര്‍ക്കുവേണ്ടി ക്ലാസ്സെടുക്കാന്‍ വരുന്ന എല്ലാവരും ഭയത്തോടെയും മുന്‍വിധികളോടെയുമാണ് കൗമാരകാലത്തെ അവതരിപ്പിക്കാറുള്ളത്. അത് അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. അവരുടെ ഓരോ അനക്കങ്ങളും സംശയത്തോടെ മാത്രമേ രക്ഷിതാക്കള്‍ കാണുകയുള്ളൂ.
കൗമാരകാലം വളര്‍ച്ചയുടെ കാലമാണ്. കുട്ടിയില്‍നിന്ന് വലിയവരാവുകയാണ്. ശരീരവും മനസ്സും പാകമാവുകയാണ്. ചിന്തയും തീരുമാനങ്ങളും ഉണ്ടാവുകയാണ്. ആ നിലക്ക് കൗമാരകാലത്തെ അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. നിഷ്‌കളങ്കത എന്നത് ഒരു തരം അറിവില്ലായ്മയാണ്. അതുകൊണ്ടാണ് കുട്ടികള്‍ നിഷ്‌കളങ്കരാവുന്നത്. കൗമാരക്കാര്‍ എല്ലാം അറിഞ്ഞുവരികയാണ്. അവരില്‍നിന്ന് കൂടുതലൊന്നും മുതിര്‍ന്നവര്‍ക്ക് മറച്ചുവെക്കാനാവില്ല. മുതിര്‍ന്നവര്‍ മറച്ചുവെച്ചത് കൗമാരക്കാര്‍ സ്വന്തം അറിവുകൊണ്ട് കണ്ടെത്തുന്നതുകൊണ്ടാണ് മുതിര്‍ന്നവര്‍ അസ്വസ്ഥരാവുന്നത്. കൗമാരക്കാരുടെ ഈ അറിവിനെ അംഗീകരിച്ചുകൊണ്ടേ മുന്നോട്ടുപോകാനാവൂ. അവര്‍ നാളത്തേക്കുള്ള വാഗ്ദാനവും ഇന്നിന്റെ വിഭവവുമാണ്.
എന്താണ് കൗമാരത്തിന്റെ വിഭവം? മുതിര്‍ന്നവര്‍ക്ക് കുറേക്കൂടി ബാധ്യതകളുണ്ട്. അവരുടെ ലോകം കൂടുതല്‍ ഇരുട്ട് നിറഞ്ഞതാണ്. ഒത്തുതീര്‍പ്പുകളും അനുനയങ്ങളും ഉള്ളതാണ്. ആ കാപട്യത്തിലേക്ക് കുട്ടികളെ വളര്‍ത്തുകയാണ് മുതിര്‍ന്നവര്‍ ചെയ്യുന്നത്. കുട്ടികള്‍ സ്വയം നശിക്കുകയില്ല. മുതിര്‍ന്നവരുടെ ലാഭേച്ഛകളും സുഖേച്ഛകളും കുട്ടികളെ നാശത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൗമാരകാലം കുറ്റകൃത്യങ്ങളുടെയും ചീത്തകളുടെയും ലോകത്ത് പെട്ടുപോകുന്നതിന് അവരെ കുറ്റം പറയരുത്. രക്ഷിതാക്കളും അധ്യാപകരും നേതാക്കളും ആണ് കുറ്റക്കാര്‍. നുണ പറയരുത് എന്നു പഠിപ്പിച്ച രക്ഷിതാക്കള്‍ അയല്‍വാസികളോടും കുടുംബക്കാരോടും നിസ്സാര കാര്യത്തിനുപോലും നുണ പറയുന്നത് കുട്ടികള്‍ കേള്‍ക്കുന്നുണ്ട്. ദേഷ്യവും പകയും പാടില്ല എന്ന് പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍തന്നെ പരസ്പരം പാരവെക്കുന്നതും തോല്‍പ്പിക്കുന്നതും കുട്ടികള്‍ കാണുന്നുണ്ട്. സ്‌നേഹമാണ് വലുത് എന്ന് പ്രസംഗിക്കുന്ന നേതാക്കള്‍ കൊലപാതകികള്‍ക്ക് തണലൊരുക്കുന്നതും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതും അവരറിയുന്നുണ്ട്. അതിനാല്‍ കൗമാരക്കാരെ വിടുവായത്തംകൊണ്ട് നന്നാക്കാനാവില്ല. നന്മയുടെ ലോകം ഏറ്റവുമധികം പാകമാവുക കൗമാരക്കാര്‍ക്കാണ്. കാരണം അവരുടെ ജീവിതം തിന്മയോട് സന്ധിയാവുന്നതല്ല.
അറിയാനുള്ള ആഗ്രഹമാണ് കൗമാരത്തിന്റ ജീവനാഡി. ആ ജിജ്ഞാസയെ അമര്‍ത്തിവെക്കരുത്. അറിവ് വിവേകത്തെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. അവസരങ്ങളാണ് അവര്‍ക്ക് വേണ്ടത്. കൂടുതല്‍ ക്രിയാത്മകവും ഗുണാത്മകവുമായ അവസരങ്ങള്‍ കൗമാരത്തിന് തയാറാക്കിക്കൊടുക്കണം. അത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അവരെ നന്മയിലേക്ക് സജ്ജരാക്കും. തിന്മയുടെ ലോകത്തെക്കുറിച്ച് അവരെ അറിയിക്കണം. അതിന്റെ ഫലവും പ്രയാസവും അവര്‍ക്ക് ബോധ്യപ്പെടണം. അവര്‍ സ്‌നേഹമാണ് ആഗ്രഹിക്കുന്നത്. അത് നഷ്ടപ്പെടുന്നതാണ് അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ. കൗമാരക്കാര്‍ക്ക് പരിഗണനയാണ് വേണ്ടത്. അത് ലഭിക്കുമ്പോള്‍ അവര്‍ ഉള്ളുതുറക്കും. അവര്‍ തുറന്നുതരുന്ന ഉള്ളിലേക്ക് കടന്നുചെല്ലാനാണ് മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ മുതിര്‍ന്നവരുടെ ലാഭക്കൊതിയും സുഖാസക്തികളും കൗമാരത്തെ ഇരയാക്കിമാറ്റുന്നു. അവര്‍ കൂടുതല്‍ ലാഭത്തിനും സുഖത്തിനും വേണ്ടി കൗമാരത്തെ ഇടനിലക്കാരും കരുക്കളും ആക്കി മാറ്റുന്നു. എന്നിട്ട് കൗമാരത്തെ പഴിച്ചതുകൊണ്ട് എന്തുകാര്യം?