ചോറ് - 4 കപ്പ്
അരിപ്പൊടി - 3 കപ്പ്
ഉപ്പ് - പാകത്തിന്
തേങ്ങ - ആവശ്യത്തിന്
ചോറും ഉപ്പും ചേര്‍ത്ത് പൊടിക്കുന്ന ജാറില്‍ വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് ഇടിയപ്പം പൊടിയുടെ പാകത്തിനാക്കുക. കൈയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഒരു ടീസ്പൂണ്‍ എണ്ണ ചേര്‍ത്ത് നന്നായി കുഴക്കുക. ഇടിയപ്പത്തിന്റെ അച്ചില്‍ നിറച്ച് ഇഡ്ഡലി തട്ടിലോ ഇടിയപ്പം തട്ടിലോ തേങ്ങ വിതറി ഇതിലേക്ക് അല്‍പം പിഴിയുക. ആവിയില്‍ അഞ്ച് മിനിറ്റ് വേവിക്കുക. നല്ല സോഫ്റ്റായ നൂലപ്പം അഥവാ ഇടിയപ്പം റെഡിയായി. സാധാരണ ഇടിയപ്പത്തിന്റെ കറികള്‍ കൂട്ടി കഴിക്കാം.
ബനാന സ്വീറ്റുകറി
നല്ല പഴുത്ത നേന്ത്രപ്പഴം 3 എണ്ണം
പഞ്ചസാര മുക്കാല്‍ കപ്പ്
പാല്‍ 1 കപ്പ് (തേങ്ങാപാലായാലും മതി)
ഉപ്പ് പാകത്തിന്
പഴം തൊലി കളഞ്ഞ് നാലായി കീറി ചെറുതാക്കി അരിയുക. ഇതിലേക്ക് പാകത്തിന് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക. വെന്ത പഴത്തിലേക്ക് പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. പഞ്ചസാര ഉരുകി കഴിയുമ്പോള്‍ പാല്‍ ചേര്‍ക്കുക. പാലു ചേര്‍ത്ത് നന്നായി ഇളക്കി ഉടനെ തീ ഓഫാക്കുക.
ഓംലെറ്റ് കറി
1. മുട്ട - 4 എണ്ണം
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
2. സവാള - 2 എണ്ണം
വെളുത്തുള്ളി - 10 അല്ലി
മുളകു പൊടി -1 ടീസ്പൂണ്‍ (കശ്മീരി)
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
തക്കാളി - 2 എണ്ണം
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3. കാപ്‌സിക്കം- പകുതി (ഇല്ലെങ്കില്‍ എരിവില്ലാത്ത പച്ചമുളക്) 4 എണ്ണം
മല്ലിയില - അര കപ്പ്
ചാട്ട് മസാല- അര ടീസ്പൂണ്‍ (നിര്‍ബന്ധമില്ല)
ഒന്നാമത്തെ ചേരുവകള്‍ നന്നായി കൂട്ടിയിളക്കി കുഴിയുള്ള പാനില്‍ കട്ടിയില്‍ ഓംലെറ്റുണ്ടാക്കി ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക. മൂന്നാമത്തെ ചേരുവകള്‍ സണ്‍ഫ്‌ളവര്‍ ഓയിലില്‍ അധികം വാടാതെ (ഷാലോ ഫ്രൈ) ചെയ്‌തെടുക്കുക. അതേ ചട്ടിയില്‍ ഓയിലൊഴിച്ച് സവാള, വെള്ളുള്ളി വഴറ്റുക. വഴന്നു വരുമ്പോള്‍ തക്കാളി അരിഞ്ഞതിടുക. തക്കാളി ചെറുതായി വഴന്നാല്‍ പൊടികളെല്ലാം ഇട്ട് ചൂടാറ്റി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. വീണ്ടും ചട്ടി അടുപ്പില്‍ വെച്ച് അരച്ച തക്കാളി, സവാള മിശ്രിതം ഒഴിക്കുക. ഇത് രണ്ട് മിനിറ്റ് ഇളക്കി പാകത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് പൊരിച്ചുവെച്ച ഓംലെറ്റ് കഷ്ണങ്ങള്‍ ഇടുക. നന്നായി തിളക്കുമ്പോള്‍ വാട്ടിവെച്ചിരിക്കുന്ന കാപ്‌സിക്കം മല്ലിയില ചേര്‍ത്ത് ഇളക്കി തീ ഓഫാക്കുക.