(ചെറുകഥ)
'രാവിലെ 10 മണിക്ക് വീട്ടീന്ന് പോയതാ! ഇപ്പം രാത്രി 8 മണിയായി, ഇതുവരെ ഓന് എന്തെട്ക്കാ...'
മഗ്രിബ് നിസ്കാരം കഴിഞ്ഞ് പതിവ് ഖുര്ആനോത്തിനിടയില് സിറ്റൗട്ടില്‍നിന്നും ഉമ്മ ആരോടെന്നില്ലാതെ വിളിച്ചുപറഞ്ഞു. ഉമ്മയങ്ങനെയാ!
ആത്മഗതം ചെയ്താലും സൗണ്ട് ഉച്ചത്തിലാകും.
'ഇന്നായിട്ടല്ലല്ലോ എന്നും അങ്ങനെത്തന്നെയല്ലേ ഓന്റെ വരവും പോക്കും'
ഉപ്പാന്റെ പ്രതികരണം അകത്തുനിന്ന് .
'ന്റെ റബ്ബേ! ഏടാകൂടത്തിലൊന്നും പെടുത്താതെ ഓനെ കാക്കണേ! '
പ്രാര്‍ഥിച്ചുകൊണ്ട് ഉമ്മ ഓത്ത് തുടര്‍ന്നു.
'ങ്ങള് ങ്ങനെ പ്രാര്ഥിച്ചോണ്ടിര്ന്നാ മതി
നാട്ടില്‍ എന്തൊക്കെ ഗുലുമാലാ ഓന്റെ പ്രായക്കാര്‍ ടീനേജീന്നും പറഞ്ഞു കാട്ടിക്കൂട്ട്ണത്?'
അകത്തുനിന്നും ഓടി വന്ന പെങ്ങളുടെ കമന്റ് കേട്ടതും ഉമ്മന്റെ ഓത്ത് കരച്ചിലായി മാറി.
ആ നേരത്താണ് റഷാദിന്റെ വരവ്. മുറ്റത്തെ പോര്‍ച്ചില്‍ ബൈക്ക് നിര്‍ത്തി വളരെ ക്ഷീണിതനായി ആടിക്കൊണ്ടാണവന് കയറിവന്നത്. ആ രംഗം കണ്ട ഉമ്മയും പെങ്ങളും ഒരേ സ്വരത്തില്‍ നിലവിളിച്ചു. ശബ്ദം കേട്ട് ഉപ്പയും ഓടി വന്നു. 'എന്താടീ എന്തുണ്ടായി?'
ഉപ്പ കണ്ടത് വീഴാന്‍ പോകുന്ന മോന് സിറ്റൗട്ട് ഗ്രില്‍ പിടിച്ചുനില്‍ക്കുന്നതാണ്.
'എന്താടാ? എന്ത് പറ്റി?'
അവനെ പിടിച്ചപ്പഴേ ഉപ്പക്ക് മനസ്സിലായി അവന് നല്ല പനിയുണ്ടെന്ന്.
അപ്പഴേക്കും പെങ്ങള് അവന് കുടിക്കാന്‍ ചായയുമായി വന്നു. അത് വാങ്ങിക്കുടിച്ച് ചോദിക്കുന്നതിനൊന്നും ശരിക്ക് ഉത്തരം പറയാതെ അവന് കട്ടിലില്‍ കയറിക്കിടന്നു.
ഉമ്മ എവിടെനിന്നോ തപ്പിയെടുത്ത ഒരു പാരസറ്റമോള്‍ ഗുളിക എടുത്ത് നിര്‍ബന്ധിച്ചു അവനെ കുടിപ്പിച്ചു.
പിറ്റേ ദിവസം ഡോക്ടറെ കണ്ടു വന്ന ഉടനെത്തന്നെ ഉമ്മയും പെങ്ങളും ചേര്‍ന്നു അവന്റെ കിടപ്പറ മാറ്റി
അടുത്ത റൂമില്‍ അവനെ കിടത്തി.
'അതെന്തിനാ അവിടെ കെടക്ക്ണത്?'
ആദ്യം അവന് എതിര്‍ത്തെങ്കിലും ഒടുവില്‍ ഉമ്മയുടെ സമ്മര്‍ദത്തിനു വഴങ്ങി.
'റൂമാകെ വൃത്തികേടായിക്ക്ണ്. ഒന്നടിച്ചുവാരാനാ.' അത്രയും പറഞ്ഞ് പെങ്ങള് ചൂലെടുത്തു വന്നു. ഉമ്മയും പെങ്ങളും എന്തൊക്കെയോ നിഗൂഢ ലക്ഷ്യത്തോടെയെന്ന വണ്ണം പ്രവര്‍ത്തനമാരംഭിച്ചു. ഒരു അപസര്‍പ്പക റെയ്ഡ് പോലെ അവന്റെ റൂമും സാധനങ്ങളും അവര്‍ നിശ്ശബ്ദം അരിച്ചുപെറുക്കിക്കൊണ്ടിരിക്കുന്നത് നോക്കി കടന്നുവന്ന ഉപ്പയോട് ഉമ്മ ആ രഹസ്യം പറഞ്ഞു.
'ന്റെ മോന് വല്ല ആല്‍ക്കഹോള്‍ കൂട്ടുകെട്ടിലും പെട്ടിട്ടുണ്ടൊ സാറേ? ഓനിന്നലെ വീട്ടില്‍ കേറി വന്നത് വളരെ ക്ഷീണിതനായി ആടിക്കൊണ്ടാ! സാറൊന്ന് വിശദമായി അവനെ പരിശോധിക്കണം.'
ഡോക്ടറോട് രഹസ്യമായി താന്‍ പറഞ്ഞതും അതിന് ഡോക്ടര്‍ പറഞ്ഞ മറുപടിയുമാണ് ഇന്നത്തെ റെയ്ഡിന് കാരണം.
'ഇപ്പോഴവന് ഒരു കുഴപ്പവുമില്ല. ചൂട് കൂടിയതുകൊണ്ടുള്ള ക്ഷീണമാ! എനി നിങ്ങള്‍ക്കങ്ങനെ വല്ല സംശയങ്ങളുമുണ്ടെങ്കില്‍ അവനറിയാതെ അവന്റെ റൂമും സാധനങ്ങളുമെല്ലാം ഒന്ന് പരിശോധിച്ചേക്ക്! ഒരിക്കലും വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്! സൂക്ഷിക്കണം.'
അത് കേട്ടപ്പോള്‍ ഉപ്പയും അവര്‍ക്കനുകൂലമായി നിന്നു. മോന് നല്ല മയക്കത്തിലാ! ഇത് പറ്റിയ സമയം തന്നെ!
'ഉമ്മാ! ഇത് കണ്ടോ!'
അവന്റെ സ്കൂള്‍ ബേഗ് പരിശോധിക്കുന്നതിനിടയില്‍ കിട്ടിയ പാക്കറ്റെടുത്ത് പെങ്ങള് ഉമ്മയെ കാണിച്ചു. ഉമ്മ അത് വാങ്ങി രഹസ്യമായി ഉപ്പക്ക് കൈമാറി. ഉമ്മ ലോക്കല്‍ എസ്.ഐ ചമഞ്ഞെങ്കില്‍ പെങ്ങള് സി.ബി.ഐ ആയി. ഉപ്പയാകട്ടെ ഇന്റര്പോളാകാനാണ് ശ്രമിച്ചത്.
അവരുടെ കൂട്ടായ ശ്രമഫലമായി ഡോക്ടറുടെ പ്രിസ്ക്രിപ്ഷനടക്കമുള്ള ഏതാനും പെയിന്‍ കില്ലര്‍ ടാബ്ലറ്റുകള് മയക്കുമരുന്നു പട്ടികയിലേക്ക് വഴിമാറാന്‍ തുടങ്ങി. ആ മുക്കൂട്ടുതന്ത്രികള് തങ്ങളുടെ അനുഭവക്കസര്ത്തിന്റെ പേരില്‍ എന്തൊക്കെയോ ചിക്കിച്ചികഞ്ഞു പുറത്തെടുക്കാന്‍ തുടങ്ങി.
ഡെയ്ലി കൈവിരലുകളില്‍ ഉന്തിനീക്കുന്ന സോഷ്യല്‍ മീഡിയാ ക്ലിപ്പുകളെ ആധാരമാക്കി പെങ്ങള് അറിവു നിരത്തി അരിച്ചുപെറുക്കി. ആങ്ങളയുടെ ദേഹത്തോ കൈകാലുകളിലോ വല്ല മുറിവും ഉണ്ടോ എന്നാണവള്‍ ചിക്കിത്തിരഞ്ഞത്. വല്ല നീലത്തിമിംഗലത്തിന്റെയും അഡിക്ടാകുമോ എന്റെ പൊന്നാങ്ങള! അവളുടെ മനം പതച്ചു. ഉമ്മയാകട്ടെ പത്ര-ടീവി മാധ്യമങ്ങളുടെ വിവരണാതീതമായ വിവരങ്ങളിലാണ് മുങ്ങിത്തപ്പിയത്,
ഉപ്പയുടെ മനസ്സാകട്ടെ ഇന്നലെ കണ്ട ഷോര്‍ട്ട് ഫിലിം വല്ലാതെ സ്വാധീനിച്ചിരുന്നു. മയക്കുമരുന്നിനടിമപ്പെടുന്ന യുവതയിലെ ഒരു കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നതാണ് ഫിലിം പ്രമേയം. അതും തന്റെ മകന്റെ പ്രായക്കാരനായപ്പോള് ആ പിതൃമനസ്സ് വല്ലാതെ നൊന്തു.
'ഡോക്ടറെ ശീട്ടുണ്ടാക്കാന്‍ വല്യ പണിയൊന്നുല്ല. പക്ഷേ ഈ മരുന്ന് വേദനാസംഹാരിയാ! എങ്കിലും അതത്ര നിസ്സാരമായി കാണണ്ട, എല്ലാരും ഒന്ന് ശ്രദ്ധിക്ക്ണത് നന്ന്. ഈ മരുന്ന് കിട്ടിയേടത്തു തന്നെ വെച്ചേക്ക്, ഒന്ക്ക് സുഖാകട്ടെ, ന്ന്ട്ട് ചോദിക്കാ.' ഉപ്പ അത്രയും പറഞ്ഞ് ഉച്ചയുറക്കിന് പോയി.
മൊത്തത്തില്‍ ആ വീട്ടിലുള്ളവരുടെ മനസ്സ് വറചട്ടിയില്‍നിന്ന് എരിതീയിലേക്കെന്ന പോലെ എടുത്തെറിയപ്പെട്ടിരിക്കുകയാണ്. അപ്പഴാണ് കാളിംഗ് ബെല്ലലറിയത്.
ഉമ്മ എഴുന്നേറ്റു പോയി വാതില്‍ തുറന്നു. അമ്മയും മകളുമാണെന്നു തോന്നുന്നു, രണ്ടു സ്ത്രീകള്‍ പുറത്തു നില്ക്കുന്നു.
'ഉം! ആരാ' എന്ന അര്‍ഥത്തില്‍ ഉമ്മ അവരെ നോക്കി ചിരിച്ചു.
'റഷാദിന്റെ വീട്....?' അമ്മ സ്ത്രീ ചോദിച്ചു കൊണ്ട് അര്ധോക്തിയില് നിര്‍ത്തി.
'അതേ! ഇതു തന്നെ! കയറിക്കോളൂ...!
'ഞാന്‍ നിധിന്റെ അമ്മയാ! റഷാദിന്റെ ക്ലാസ് മേറ്റ്. ഇത് എന്റെ മോള് കവിത.' ക്ലാസ് ടീച്ചറായിരിക്കും എന്നു കരുതി ഉമ്മ എന്തോ ചോദിക്കാന്‍ ഭാവിച്ചതും അമ്മ പറഞ്ഞു.
'പടച്ചോനേ! മോന് എന്തെങ്കിലും പണി ഒപ്പിച്ചോ! അത് ചോദിക്കാനായിരിക്കോ ഇവര്‍ വന്നത്?' ഉമ്മ ആത്മഗതം ചെയ്തു.
'അതിനെന്താ സന്തോഷം കയറിക്കോളൂ!'
ഉമ്മ ഹാര്ദമായിത്തന്നെ അവരെ അകത്തേക്ക് ക്ഷണിച്ചു.
'റഷാദെന്താ ഇന്ന് കോളേജില്‍ പോയില്ലാ. ഓനെ കാണാതായപ്പൊ നിധിന് പറഞ്ഞുവിട്ടതാ ഞങ്ങളെ!' അമ്മ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി.
'ഹാവൂ! സമാധാനായി.' ഉമ്മ നെടുവീര്‍പ്പിട്ടു. അപ്പഴേക്കും പെങ്ങളും അടുക്കളയില്‍നിന്ന് ഓടിവന്നു.
'ഓനിക്ക് പനിയാ! ഇന്നലെ ക്ലാസ് കഴിഞ്ഞ് വളരെ വൈകിയാ വന്നത്. അപ്പഴേ നല്ല പനിണ്ടായിര്ന്ന്'
പെങ്ങളാണത് പറഞ്ഞത്.
'മോനെവിടെ?'
അമ്മ തിരക്കി.
'ദാ .... ആ റൂമില്‍ കെടക്കുണു'
ഉമ്മ ചൂണ്ടിക്കാണിച്ചിടത്തേക്ക് അമ്മയും മകളും കടന്നുചെന്നു.
'മോനേ! റഷാദേ.... നിനക്കെന്ത് പറ്റിയടാ'
എന്നു ചോദിച്ചുകൊണ്ട് അമ്മ റഷാദിന്റെ കട്ടിലിലിരുന്ന് അവന്റെ മുഖത്തു നിന്നും പുതപ്പു മാറ്റി തലയില്‍ വിരലോടിച്ചു.
റഷാദ് ഉറക്കില്‍നിന്നും ഞെട്ടിയുണര്‍ന്ന് എഴുന്നേല്ക്കാന് ശ്രമിച്ചു.
'മോനെണീക്കണ്ട കെടന്നോ ..'
അമ്മ അവനെ വിലക്കി.
'അമ്മയെന്തിനാ ഇങ്ങോട്ട് വന്നത്....മരുന്ന് ഞാനങ്ങോട്ട് എത്തിക്കൂലെ?'
അവന് ഒരുവിധം എഴുന്നേറ്റു ഇരുന്നുകൊണ്ട് പറഞ്ഞു.
'നിധിനാ ഞങ്ങളെങ്ങോട്ട് വിട്ടത്... ഓന്ക്കിന്നലെ മോന് പോന്നതിന്റെ ശേഷം നല്ല വേദനയാണ്ടായത്. മരുന്നാണെങ്കി കഴിഞ്ഞിരുന്നു...'
ഞാന്‍ ചോദിച്ചപ്പൊ രണ്ട് ദിവസത്തേക്കുള്ള മരുന്നുണ്ടെന്നാണല്ലോ പറഞ്ഞത്.
'രാത്രി കുടിക്കാന്‍ നേരമാ ശരിക്ക് നോക്കീത്'
അമ്മ പറഞ്ഞു.
'ഉമ്മാ ഇവര്‍ക്ക് കുടിക്കാനെന്തെങ്കിലും ..'
അവന് പറയാന്‍ തുടങ്ങിയപ്പോഴേക്കും പെങ്ങള് രണ്ടു ഗ്ലാസ് ജ്യൂസ് ഡെയ്നിംഗ് ടേബിളില്‍ കൊണ്ടു വെച്ചു.
'അമ്മ അത് കുടിക്ക് .....'
അവന് പറഞ്ഞു.
'ഉമ്മാ എന്റെ ബാഗിലൊരു പൊതിയുണ്ട് അതവര്‍ക്ക് കൊടുത്തേക്ക്.'
അവര്‍ എഴുന്നേറ്റതും അവന് ഉമ്മയോട് പറഞ്ഞു.
ഉമ്മയും മകളും നിര്‍ന്നിമേഷരായ് മുഖത്തോട് മുഖം നോക്കിനിന്നു.
'എന്റെ നിധിന് ഇന്നു ജീവനോടെ ഇരിക്കുന്നതു തന്നെ റഷാദിന്റെയും സുഹൃത്തുക്കളുടെയും പരിശ്രമഫലമാണെന്നു തന്നെ പറയാം. അതെ!'
അമ്മയും മകളും ജ്യൂസ് കുടിക്കുന്നതിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ ജിജ്ഞാസയോടെയും അതില്പരം അത്ഭുതത്തോടെയും അവര്‍ സ്തംഭിച്ചുനിന്നു കേട്ടു.
ആറു മാസം മുമ്പൊരു ദിവസം ക്ലാസ് കഴിഞ്ഞു ബൈക്കില്‍ വരുമ്പോഴുണ്ടായ ആക്സിഡന്റില്‍ പറ്റിയ പരിക്കില്‍ അവന്റെ ജീവന് തിരികെ ലഭിച്ചെങ്കിലും അരക്കു താഴെ ചലനം വീണ്ടെടുക്കാനാവാതെ തളര്‍ന്നുപോവുകയാണുണ്ടായത്.
എന്നെ എങ്ങനെയെങ്കിലുമൊന്ന് കൊന്നുതരൂ എന്ന അവന്റെ കരച്ചിലിനറുതിവരുത്തിയത് അവന്റെ ക്ലാസ്മേറ്റുകളുടെ കൂട്ടായ്മയാണ് .അതിന് വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തിക്കുക മാത്രമല്ല എന്നും കാലത്ത് ക്ലാസ് തുടങ്ങുന്നതിനു മുമ്പും ക്ലാസ് കഴിഞ്ഞും വീട്ടിലെത്തി അവനെ ശുശ്രൂഷിക്കാനും കളിതമാശകളില്‍ അവനെ കുളിരണിയിക്കാനും ദൈനംദിന പാഠ്യപദ്ധതികളിലേക്ക് ശ്രദ്ധതിരിക്കാനും അവനെ പ്രാപ്തമാക്കുന്നത് റഷാദും അവന്റെ സുഹൃത്തുക്കളുമാണെന്ന കാര്യം നിങ്ങള്‍ പോലും ചിലപ്പോള്‍ അറിഞ്ഞുകാണില്ല.
അമ്മയുടെയും മകളുടെയും വിവരണത്തിലൂടെ തെളിഞ്ഞുവന്ന തന്റെ മകന്റെ തിളക്കത്തിനു മുമ്പില്‍ പകച്ചുനില്‍ക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. ഇടക്ക് കയറി വന്ന ഉപ്പയും അവരുടെ സംഭാഷണം ശ്രവിച്ചു സ്തംഭിച്ചു നിന്നു. അമ്മയും മകളും യാത്ര പറഞ്ഞ് ഇറങ്ങിയതും ഉമ്മ മകന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ വാരിപ്പുണര്‍ന്നു. അവന്റെ ഇരു കവിളിലും ആഞ്ഞാഞ്ഞു മുത്തി. അതു കണ്ടുനിന്ന ഉപ്പയുടെ കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര് തറയില്‍ വീണു ചിന്നിച്ചിതറി.