ഇറ്റലിയിലെ ആദ്യകാല കവിയും കഥാകൃത്തുമായിരുന്ന ബൊക്കാച്ചിയോ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും ഡയോജനിസും തമ്മിലുള്ള ഒരു സംഭാഷണം അവതരിപ്പിച്ചിരിക്കുന്നു. ദാര്‍ശനികനായ ഡയോജനിസ് ദിഗ്വിജയിയായ അലക്‌സാണ്ടറോട് ചോദിച്ചു: ''ഏതന്‍സ് അധീനപ്പെടത്തിയ ശേഷം താങ്കളെന്താണ് ചെയ്യുക?''
''പേര്‍ഷ്യ പിടിച്ചടക്കും'' ചക്രവര്‍ത്തി പറഞ്ഞു.
''പിന്നെയോ?''
''ഈജിപ്ത് കീഴടക്കും.''
''അതും കഴിഞ്ഞാല്‍?''
''ലോകമാകെ എന്റെ ആധിപത്യം സ്ഥാപിക്കും.'' അലക്‌സാണ്ടര്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
''ആ ലക്ഷ്യവും പൂര്‍ത്തീകരിച്ചാല്‍?'' ഡയോജനിസ് ചോദ്യം തുടര്‍ന്നു.
''പിന്നെ നന്നായി ഒന്നു വിശ്രമിക്കണം. സൈ്വരമായി സുഖിക്കണം.''
എന്നാല്‍ അതുമാത്രം അലക്‌സാണ്ടര്‍ക്ക് സാധ്യമായില്ല. യുദ്ധരംഗത്തായിരിക്കെ അമ്മ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചും തന്റെ അടുത്തേക്ക് വരാനാവശ്യപ്പെട്ടും ആളെ അയച്ചു. അതിന് അലക്‌സാണ്ടര്‍ മറുപടി അറിയിച്ചു: ''അമ്മേ, ഒരു രാജ്യം കൂടി കീഴ്‌പ്പെടുത്താനുണ്ട്.''
ഒന്നു രണ്ട് മാസം കഴിഞ്ഞ് അമ്മ വീണ്ടും ദൂതനെ അയച്ചു. അപ്പോഴും അലക്‌സാണ്ടര്‍ ചൊല്ലി അയച്ചു: ''ഒരു രാജ്യം കൂടി കീഴ്‌പ്പെടുത്താനുണ്ട്.'' ഇത് പലതവണ ആവര്‍ത്തിച്ചു. അവസാനം തന്റെ ധാരണയിലുള്ള നാടുകളൊക്കെയും അധീനപ്പെടുത്തിയെന്ന് തോന്നിയപ്പോഴേക്കും അലക്‌സാണ്ടര്‍ രോഗബാധിതനായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും ആസന്നമരണനായിരുന്നു.
അദ്ദേഹത്തെ പരിശോധിച്ച വിദഗ്ധരായ ഡോക്ടര്‍മാര്‍ പറഞ്ഞു: ''പ്രഭോ, താങ്കളുടെ മരണം അടുത്തിരിക്കുന്നു. ഏതാനും മണിക്കൂറേ ഇനി ആയുസ്സുള്ളൂ.''
''എത്ര മണിക്കൂര്‍?'' അലക്‌സാണ്ടര്‍ അന്വേഷിച്ചു. എങ്കിലും അവര്‍ പറയാന്‍ മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു: ''പരമാവധി എട്ടു മണിക്കൂര്‍.''
''അയ്യോ, എനിക്ക് ഇരുപത്തിനാല് മണിക്കൂര്‍ ജീവിക്കണം. എന്റെ സാമ്രാജ്യം മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്കു തരാം. എന്റെ അമ്മ എന്നെ കാണാന്‍ പുറപ്പെട്ടിട്ടുണ്ട്. എനിക്ക് അമ്മയെ കാണണം. അമ്മക്ക് എന്നെയും കാണണം.''
ഡോക്ടര്‍ നിസ്സഹായത പ്രകടിപ്പിച്ച് കൈമലര്‍ത്തി. അപ്പോള്‍ അലക്‌സാണ്ടര്‍ തന്റെ പരിചാരകരെ വിളിച്ചു പറഞ്ഞു: ''എന്റെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കെടുക്കുമ്പോള്‍ എന്റെ ര് കൈയും പുറത്തേക്ക് താഴ്ത്തി മലര്‍ത്തിയിടണം.''
'എന്തിനാണ് പ്രഭോ?' അവര്‍ അന്വേഷിച്ചു.
''ലോകം മുഴുവന്‍ കീഴ്‌പ്പെടുത്തിയെന്ന് കരുതി അഭിമാനിച്ച അലക്‌സാണ്ടര്‍ ശൂന്യഹസ്തനായാണ് ലോകത്തോട് വിടപറഞ്ഞതെന്ന് കാലവും ചരിത്രവും രേഖപ്പെടുത്തട്ടെ.''
ചരിത്രം അതു രേഖപ്പെടുത്തി. പക്ഷേ, ഒരു ഏകാധിപതിയും സ്വേഛാധിപതിയും ചരിത്രം പഠിക്കാറില്ല. പഠിച്ചാലും പാഠം ഉള്‍ക്കൊള്ളാറില്ല. കാലത്തെ വായിക്കാറില്ല. കഴിഞ്ഞതൊന്നും ഓര്‍ക്കാറുമില്ല.
രണ്ടാം ലോകയുദ്ധത്തിന് കാരണക്കാരനായ നാസി ജര്‍മനിയുടെ നെടുനായകന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍, സ്വന്തം നാട്ടിലെ അനേക ലക്ഷങ്ങളെ ക്രൂരമായി കൊന്ന അയാള്‍ കാരണമായി കോടികളാണ് വധിക്കപ്പെട്ടത്. അപ്പോഴൊക്കെയും അദ്ദേഹത്തിന് ചുറ്റും നൂറുകണക്കിന് പരിചാരകരുണ്ടായിരുന്നു. ദശക്കണക്കിന് അംഗരക്ഷകരും പാറാവുകാരുമുണ്ടായിരുന്നു. പറയുന്നതൊക്കെയും നടപ്പാക്കാന്‍ കാതോര്‍ത്തു നില്‍ക്കുന്ന പതിനായിരക്കണക്കിന് പട്ടാളക്കാരും.
യുദ്ധത്തില്‍ പരാജിതരായ ഫാഷിസ്റ്റ് ഇറ്റലിയുടെ നായകന്‍ മുസ്സോളിനി വധിക്കപ്പെട്ടതോടെ ഹിറ്റ്‌ലറും കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. പരാജിതനായതിനാല്‍ കൂടെ പോരാന്‍ പാറാവുകാരനോ പട്ടാളക്കാരനോ പരിചാരകനോ ഉണ്ടായിരുന്നില്ല. കൊട്ടാരത്തിലെത്തി തിരിഞ്ഞുനോക്കി; ആരൊക്കെ കൂടെയുണ്ട്? ആരുമുണ്ടായിരുന്നില്ല. കാമുകിയും ഒരു പട്ടിയുമല്ലാതെ. അവസാനം കാമുകിക്കും പട്ടിക്കും വിഷം കൊടുത്തു കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ജോസഫ് ഗീബല്‍സ് നാസി ജര്‍മനിയുടെ പ്രചാരണമന്ത്രിയായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഏറ്റം അടുത്ത അനുയായി. സെമിറ്റിക് വിരോധത്തിനും പ്രസംഗ ചാതുരിക്കും പേരുകേട്ട വ്യക്തിയായിരുന്നു. ജൂതന്മാര്‍ക്ക് എതിരായ കൂട്ടക്കൊലക്ക് ന്യായീകരണവും നേതൃത്വവും നല്‍കി. 1943-ല്‍ ഹിറ്റ്‌ലറെ സമ്പൂര്‍ണ യുദ്ധത്തിന് നിര്‍ബന്ധിച്ചത് ഗീബല്‍സായിരുന്നു. 1944 ജൂലൈ 23-ന് ഹിറ്റ്‌ലര്‍ ഗീബല്‍സിനെ യുദ്ധമന്ത്രിയാക്കി. ഒരു കള്ളം ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാണെന്ന് ജനം ധരിച്ചുകൊള്ളുമെന്നാണ് ഗീബല്‍സ് പറഞ്ഞുകൊണ്ടിരുന്നത്.
1945 ഏപ്രില്‍ 22-ന് ഗീബല്‍സിന്റെ ഭാര്യ മഗ്ദയും അവരുടെ ആറു മക്കളും ബെര്‍ലിനില്‍നിന്ന് ഗീബല്‍സിന്റെ അടുത്തെത്തി. ഏപ്രില്‍ 30-ന് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തപ്പോള്‍ അയാളുടെ വില്‍പത്ര പ്രകാരം ഗീബല്‍സ് ജര്‍മനിയുടെ ചാന്‍സലറായി. ഒരൊറ്റ ദിവസം മാത്രം. പിറ്റേന്ന് ഗീബല്‍സും ഭാര്യയും ചേര്‍ന്ന് ആറു മക്കളെയും വിഷം കൊടുത്തു കൊന്നു. പിന്നീട് ഗീബല്‍സ് ഭാര്യക്കും വിഷം നല്‍കി. അവസാനം അയാളും ആത്മഹത്യ ചെയ്തു.
വിശുദ്ധ ഖുര്‍ആിലെ 6236 സൂക്തങ്ങളില്‍ ഏറ്റം കൂടുതല്‍ കാല്‍പനിക സൗന്ദര്യം കതിരിട്ടു നില്‍ക്കുന്ന ഭാഗങ്ങളിലൊന്ന് ഫറവോന്റെയും പരിവാരങ്ങളുടെയും പതനകഥയാണ്. ഫറവോന്‍ കടുത്ത വംശീയവാദിയായിരുന്നു. കൊടിയ മര്‍ദക ഭരണാധികാരിയായിരുന്നു. എന്തും ചെയ്യാന്‍ മടിക്കാത്ത ഏകാധിപതിയും. അയാള്‍ ഇസ്രാഈല്യരില്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നൊടുക്കി. ദുര്‍ബലരെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ഏറ്റം രൂക്ഷമായി ആക്ഷേപിക്കുകയും ഏറ്റം കൂടുതല്‍ കുറ്റപ്പെടുത്തുകയും ചെയ്തത് ഫറവോനെയാണ്.
ഈജിപ്തിന്റെ പരമാധികാരിയായിരുന്നു ഫറവോന്‍. കടുത്ത അഹങ്കാരിയും ധിക്കാരിയും. അയാള്‍ ചോദിച്ചു: ''എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലോ. ഈ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലോ?'' (43:58).
''ഫിര്‍ഔന്‍ പറഞ്ഞു: അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല'' (28:38). ''അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി വിളംബരം ചെയ്തു. അങ്ങനെ അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് പരമോന്നത നാഥന്‍'' (79:23,24).
ഇങ്ങനെ ഒരു രാജ്യത്തെ മുഴുവന്‍ അടക്കിഭരിക്കുകയും ജനങ്ങളെ ഇടിച്ചിരുത്തുകയും ചെയ്ത ഫറവോന്‍ അവസാനം ചെങ്കടലില്‍ മുങ്ങിമരിച്ചു. അന്നോളം തന്നെ നിസ്സാരനാക്കി തള്ളിപ്പറഞ്ഞിരുന്ന ഇസ്രാഈല്യരുടെ മാര്‍ഗം പിന്തുടരുന്നുവെന്ന് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായി.
''ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യവും ആക്രമിക്കാനും ദ്രോഹിക്കാനുമായി അവരെ പിന്തുടര്‍ന്നു. അങ്ങനെ മുങ്ങിച്ചാകുമെന്നായപ്പോള്‍ ഫിര്‍ഔന്‍ പറഞ്ഞു: ഇസ്രയേല്‍ മക്കള്‍ വിശ്വസിച്ചതല്ലാത്ത ദൈവമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാകുന്നു'' (10:90).
എന്നാല്‍ എല്ലാ അവസരവും കഴിഞ്ഞുപോയിരുന്നു. അതിനാല്‍ ആ പ്രഖ്യാപനം ഒരു പ്രയോജനവും ചെയ്തില്ല. ഫറവോനും കൂട്ടാളികളും സമൂലം നശിപ്പിക്കപ്പെട്ടു. അസാധാരണമായ കാല്‍പനിക ചാരുതയോടെ ഖുര്‍ആന്‍ അവരുടെ നഷ്ടകഥ വിശദീകരിക്കുന്നു.
''എത്രയെത്ര ആരാമങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്! കൃഷിയിടങ്ങളും മാന്യമായ മണിമേടകളും. അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൗകര്യങ്ങള്‍!
''അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു.
''അപ്പോള്‍ അവര്‍ക്കു വേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല'' (44:25-29).
ചരിത്രം ഏറ്റം വലിയ അധ്യാപകനാണ്. അത് നമ്മെ ഓര്‍മിപ്പിക്കുന്ന ഏറെ മഹത്തരവും ശ്രദ്ധേയവുമായ വസ്തുത വ്യക്തമാക്കുന്നതാണ് മുകളിലുദ്ധരിച്ച നാല് സംഭവങ്ങളും. നാം ആരാണെന്ന് തിരിച്ചറിയണം. ജീവിതം എന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കണം. അത് എങ്ങനെയായിരിക്കണമെന്നും -സര്‍വോപരി ജീവിതത്തിന്റെ ലക്ഷ്യം നിര്‍ണയിക്കണം. ആ ലക്ഷ്യം ഭൂമിയിലെ പണമോ പദവിയോ പ്രൗഢിയോ പ്രതാപമോ അധികാരമോ പേരോ പ്രശസ്തിയോ ഒന്നും ആകാവതല്ല. ആയാല്‍ പതനം അനിവാര്യം. അക്രമത്തിന്റെ അന്ത്യം അതിലേര്‍പ്പെടുന്നവര്‍ക്ക് അത്യന്തം ഭയാനകമായിരിക്കും. ക്രൂരത അത് കാണിക്കുന്നവരെ തന്നെയാണ് നശിപ്പിക്കുക.
എന്നാല്‍ ഏറെപ്പേരും ഇതൊന്നും ഓര്‍ക്കാറില്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ലക്ഷ്യം നിര്‍ണയിക്കുന്നില്ല. നിര്‍ണയിക്കുന്നവരോ പരമാബദ്ധം കാണിക്കുന്നു. ദൈവവിരുദ്ധവും മനുഷ്യവിരുദ്ധവുമായ മാര്‍ഗമവലംബിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സമഗ്രമായ തിരുത്ത് അനിവാര്യമാകുന്നത്. ഖുര്‍ആന്‍ നിര്‍വഹിക്കുന്നതും അതുതന്നെ. കാലത്തിന്റെ ചുവരെഴുത്തില്‍നിന്ന് പാഠം പഠിക്കാത്തവരുടെ പതനത്തെപ്പറ്റി അത് മുന്നറിയിപ്പ് നല്‍കുന്നു.
''കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിച്ചവരും ഒഴികെ'' (103:1-3).