ഉപകരിക്കാത്ത അറിവില്‍നിന്നും അല്ലാഹുവിനെ ഭയക്കാത്ത ഹൃദയത്തില്‍നിന്നും
ഉപകരിക്കാത്ത അറിവില്‍നിന്നും അല്ലാഹുവിനെ ഭയക്കാത്ത ഹൃദയത്തില്‍നിന്നും അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടാത്ത കര്‍മങ്ങളില്‍നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ഥനയില്‍നിന്നും നബി(സ) അല്ലാഹുവിനോട് അഭയം തേടാറുണ്ടായിരുന്നു.
പ്രാര്‍ഥന വിശ്വാസിയുടെ മുദ്രയാണ്. ഒഴിഞ്ഞിരുന്നുള്ള, ജീവിത വ്യവഹാരങ്ങളില്‍നിന്ന് വേര്‍പെട്ട ഒരു സ്വതന്ത്രകര്‍മം എന്ന നിലയില്‍ പ്രാര്‍ഥന പ്രധാനം തന്നെയാണ്. പക്ഷേ, അത് മാത്രമല്ല പ്രാര്‍ഥന. ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന കര്‍മമാണ് പ്രാര്‍ഥന. ഓരോ കര്‍മത്തോടൊപ്പവും ഉള്ളിലുണരേണ്ട വിചാരവും വികാരവും തേട്ടവുമാണ് പ്രാര്‍ഥന.
മനുഷ്യന്‍ ഉറങ്ങാന്‍ പോകേണ്ടത് പ്രാര്‍ഥന നിറഞ്ഞ മനസ്സോടെയാണ്. ഇണകള്‍ പരസ്പരം ലൈംഗിക സുഖം തേടുകയാണെങ്കില്‍ അവിടെയും പ്രാര്‍ഥന പ്രധാനമാണ്. ഉറക്കില്‍നിന്ന് ഇടക്ക് ഞെട്ടിയുണര്‍ന്നാലും വേണം ഒരു പ്രാര്‍ഥന. രാവിലെ നേരത്തേ ഉണരേണ്ടത് പ്രാര്‍ഥിക്കാനുള്ള മോഹം കൊണ്ടായിരിക്കണം.
പാതിരാ പ്രാര്‍ഥനയെന്നത് ഏറ്റവും വിശേഷപ്പെട്ട കര്‍മമാണ്. മുഹമ്മദ് നബി(സ)ക്ക് അല്ലാഹു നല്‍കിയ പ്രാഥമിക നിര്‍ദേശങ്ങളില്‍ ഒന്ന് പാതിരാത്രിയില്‍ ധാരാളമായി പ്രാര്‍ഥിക്കണമെന്നുള്ളതാണ്. പകലില്‍ നിര്‍വഹിക്കാനുള്ള അധ്വാനം എളുപ്പമായിത്തീരാന്‍, ഭാരം ലഘുവായി അനുഭവപ്പെടാന്‍, പ്രയാസങ്ങള്‍ ആനന്ദകരമായി അനുഭവിക്കാന്‍ പ്രാര്‍ഥനകള്‍ നമ്മെ സഹായിക്കുന്നതാണ്. പകലില്‍ അധ്വാനിച്ചു മുന്നേറുന്നവര്‍ മാത്രമല്ല; പാതിരാവില്‍ പ്രാര്‍ഥിച്ച് ധ്യാനിക്കുന്നവരും കൂടിയാണ് വിശ്വാസിസമൂഹം.
അടുത്തുള്ള അല്ലാഹുവിനോടാണ് നാം പ്രാര്‍ഥിക്കുന്നത്. അകലങ്ങളില്‍ അല്ല അല്ലാഹു; അപ്രാപ്യനല്ല അല്ലാഹു എന്നതാണ് പ്രാര്‍ഥനയുടെ സന്ദേശം.
പ്രാര്‍ഥന ഹൃദയം തൊടുന്നതാവണമെങ്കില്‍ അല്ലാഹുവിനെ കാണുന്നതുപോലെ പ്രാര്‍ഥിക്കണം. അക്ഷരങ്ങളേക്കാളും വാക്കുകളേക്കാളും ഹൃദയം തൊടുന്ന പ്രാര്‍ഥനയില്‍ 'ഇഹ്‌സാനില്‍'- ആത്മാവിലാണ് കാര്യം.
പ്രാര്‍ഥന ആത്മാവില്‍നിന്ന് ഉത്ഭവിച്ചാല്‍ ഹൃദയം പ്രകമ്പിതമാവും, ശരീരം വിറക്കും, ചുണ്ടുകള്‍ കൂട്ടിയിടിക്കും, കണ്ണുകള്‍ നിറയും- അതൊരു ആകാശാരോഹണം തന്നെയായിരിക്കും. പ്രിയപ്പെട്ടവനുമായുള്ള ആത്മ-നൊമ്പര ഭാഷണമായി അത് പ്രതിഫലിക്കും.
അല്ലാഹു കരുണാനിധിയാണ്. നിധിയായി സൂക്ഷിച്ചിരിക്കുന്ന അവന്റെ കാരുണ്യസ്രോതസ്സിലേക്കുള്ള കണ്ണയക്കലാണ് പ്രാര്‍ഥന. ചോദിക്കുന്നവന് കൊടുക്കാനാണ് അവനിഷ്ടം. ചോദിച്ചു വരുന്നവരെ സസന്തോഷം സ്വീകരിക്കുന്നവനാണ് അല്ലാഹു. ദുര്‍ബലരും പാപികളും കുറ്റവാളികളും തന്നിഷ്ടക്കാരും ഒക്കെയായ അടിമകളേ, ചോദിച്ചുവരൂ! നിരാശപ്പെടാതെ എന്റെ അടുത്തു വന്ന് വേണ്ടതെല്ലാം ചോദിച്ചുകൊള്ളൂവെന്ന് നിരന്തരം ആഹ്വാനം ചെയ്യുന്ന അല്ലാഹു നമ്മുടെ സങ്കല്‍പങ്ങള്‍ക്കൊന്നും വഴങ്ങാത്ത 'ദയാനിധി'യാണ്.
അല്ലാഹുവിന്റെ കാര്യം രസകരം തന്നെയാണ്. അല്ലാഹു നമ്മുടെ പിതാവായ ആദമിനോടും നമ്മുടെ മാതാവായ ഹവ്വയോടും സ്വര്‍ഗത്തിലെ ഒരു പഴം പറിച്ചു തിന്നുന്നത് വിലക്കി. പക്ഷേ, ഇരുവര്‍ക്കും മറവി പറ്റി, നിശ്ചയദാര്‍ഢ്യം നഷ്ടപ്പെട്ടു, വിലക്കപ്പെട്ട പഴം പറിച്ചുതിന്നു. ശേഷം പാപരിഹാരാര്‍ഥം നടത്താനുള്ള പ്രാര്‍ഥനാ വചനങ്ങളും അല്ലാഹു തന്നെ പഠിപ്പിച്ചുകൊടുത്തു.
'ആദം തന്റെ നാഥനില്‍നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു; ആ വചനങ്ങളാല്‍ ആദം നാഥനോട് പാപമോചന പ്രാര്‍ഥന നടത്തി. അവന്‍ ധാരാളമായി പൊറുക്കുന്നവനും കരുണാനിധിയുമാണ്' (അല്‍ബഖറ 37).
'ഇരുവരും പ്രാര്‍ഥിച്ചു; ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഇരുവരും തെറ്റുകള്‍ ചെയ്തിരിക്കുന്നു; ഞങ്ങളോട് തന്നെ. നീ പൊറുക്കുന്നില്ലെങ്കില്‍, നീ കരുണ ചൊരിയുന്നില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകും' (അല്‍അഅ്‌റാഫ് 23).
പ്രാര്‍ഥന കൊണ്ടാണ് ഈ ഭൂമിയില്‍ മനുഷ്യജീവിതം ഉദ്ഘാടനം കുറിക്കപ്പെട്ടത്. ആദ്യത്തെ മനുഷ്യനെ ആദ്യ പ്രാര്‍ഥനാ വചനം പഠിപ്പിച്ചതും അല്ലാഹു തന്നെ.
അല്ലാഹുവും അല്ലാഹു ചുമതലപ്പെടുത്തിയപ്രകാരം അവന്റെ റസൂലായ മുഹമ്മദ് നബിയും ജീവിതത്തെ പ്രാര്‍ഥനകൊണ്ട് സമ്പുഷ്ടമാക്കാനാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് നബി(സ)ക്കു മുമ്പുള്ള റസൂലുമാരും പ്രാര്‍ഥന കൊണ്ട് ജീവിതം സമ്പുഷ്ടമാക്കിയവരാണ്.
ആദം നബി(അ)യുടെ പ്രാര്‍ഥന നേരത്തേ പരാമര്‍ശിക്കുകയുണ്ടായി. നൂഹ് നബിയുടെ സുദീര്‍ഘ സഹനസമരം സമാപ്തമാവുന്നത് ഒരു പ്രാര്‍ഥന കൊണ്ടാണ്. ഒരു കാരണവശാലും നൂഹിന്റെ ജനതയിലെ ഭൂരിപക്ഷം അക്രമപാത വെടിയില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് നൂഹ്(അ) അവര്‍ക്കെതിരെ പ്രാര്‍ഥന നടത്തിയത്- ആ പ്രാര്‍ഥനയുടെ ഉത്തരം പേമാരിയായി പെയ്തിറങ്ങി, മഹാപ്രളയമായി രൂപാന്തരപ്പെട്ടതിന് ചരിത്രം സാക്ഷി.
പ്രാര്‍ഥനാനിരഭരമായിരുന്നു ഇബ്‌റാഹീമിന്റെ ജീവിതം. ആ പ്രാര്‍ഥനക്ക് മുമ്പില്‍ തീയുടെ ചൂട് വഴിമാറി. തീ ഇബ്‌റാഹീമിന് തണുപ്പും സുരക്ഷയുമായിത്തീര്‍ന്നു. വാര്‍ധക്യത്തിലെ പ്രാര്‍ഥന കുഞ്ഞായി പിറന്നു. അല്ലാഹുവിന്റെ കല്‍പനപ്രകാരം 'കഅ്ബ' പണികഴിപ്പിക്കുകയും തുടര്‍ന്ന് കഅ്ബയുടെ സാക്ഷ്യത്തില്‍ ഇബ്‌റാഹീം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്തു; ആ പ്രാര്‍ഥനയില്‍ ഇസ്മാഈലും പങ്കു ചേര്‍ന്നു:
'ഞങ്ങളുടെ നാഥാ! ഞങ്ങളെ ഇരുവരെയും നീ അനുസരണശീലരിലും സമര്‍പ്പിതരിലും (മുസ്‌ലിംകളില്‍) പെടുത്തേണമേ. ഞങ്ങളുടെ തലമുറകളിലും, നീ മുസ്‌ലിം ഉമ്മത്തായി ഞങ്ങളെ പരിവര്‍ത്തിപ്പിക്കേണമേ. ഞങ്ങളുടെ ആരാധനാ-അനുഷ്ഠാന മുറകള്‍ നീ തന്നെ നിശ്ചയിച്ചു തരേണമേ. നീ ഞങ്ങളോട് പൊറുക്കേണമേ. നീ ഏറെ പൊറുക്കുന്നവനാണ്, കരുണാനിധിയുമാണ്' (അല്‍ബഖറ 128).
മക്കയെന്ന നാടിനു വേണ്ടിയുള്ള ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയും ശ്രദ്ധേയമാണ്. നാഗരിക നിര്‍മിതിയുടെ ഇസ്‌ലാമിക ദര്‍ശനമാണ് ആ പ്രാര്‍ഥനയുടെ പൊരുള്‍. 'നാടിന് സമാധാനം നല്‍കണമെന്നും നാട്ടുകാര്‍ക്ക് അന്നം നല്‍കണ'മെന്നുമായിരുന്നു ഇബ്‌റാഹീം നബിയുടെ ആ പ്രാര്‍ഥന (അല്‍ബഖറ 126).
ഇസ്‌ലാമിന്റെ സാമൂഹിക വാഗ്ദാനവും ആ പ്രാര്‍ഥന തന്നെയാണ്. ആത്മാവിനെയും ആമാശയത്തെയും സ്പര്‍ശിക്കുന്ന പ്രാര്‍ഥനയാണത്. കലാപരഹിതവും വിശപ്പുരഹിതവുമായ ഒരു നാട് പുലരാനുള്ള മോഹമാണ് ആ പ്രാര്‍ഥന.
പ്രാര്‍ഥന നാം ശീലമാക്കി മാറ്റണം. അല്ലാഹു പഠിപ്പിച്ചുതന്ന പ്രാര്‍ഥനയും ഖുര്‍ആനില്‍ ധാരാളമുണ്ട്. അല്ലാഹുവിനോട് ചോദിക്കാനുള്ള, യാചിക്കാനുള്ള, അര്‍ഥിക്കാനുള്ള വരികള്‍ അല്ലാഹു തന്നെ പഠിപ്പിച്ചുതരുന്നുവെന്നത് ഹൃദ്യമായ ഒരു അനുഭവമാണ്. ആ ചോദ്യങ്ങള്‍ അങ്ങനെ ചോദിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആത്മധൈര്യം ചില്ലറയല്ല; ആത്മവിശ്വാസം വാനോളം ഉയരുന്ന ഒരു കര്‍മമായി അത് മാറും; തീര്‍ച്ച. കാരണം ഉത്തരം തരേണ്ടവന്‍ തന്നെ ചോദിക്കേണ്ട രീതി, ചോദിക്കേണ്ട വിഷയം, ചോദിക്കേണ്ട അളവ് എല്ലാം പഠിപ്പിച്ചുതരുന്നു. ആ ചോദ്യങ്ങള്‍ ചോദിക്കേണ്ട വിധം ചോദിച്ചാല്‍ നമുക്കുറപ്പിക്കാമല്ലോ അല്ലാഹു ഉത്തരം തരുമെന്ന്.
പ്രാര്‍ഥനയുടെ ശക്തി അപാരം തന്നെ. തിമിംഗലത്തിന്റെ വയര്‍പിളര്‍ന്ന് പുറത്തു കടക്കാന്‍ യൂനുസ് നബിയെ പ്രാപ്തമാക്കിയത് പ്രാര്‍ഥനയാണ്. കൂട്ടുകുടുംബവും ജനങ്ങളും എഴുതിത്തള്ളിയ രോഗിയായ അയ്യൂബി(അ)ന് പുതുവസന്തം പ്രദാനം ചെയ്തത് പ്രാര്‍ഥനയാണ്. അങ്ങനെ പ്രാര്‍ഥന അതിന്റെ ശക്തി തെളിയിച്ച ചരിത്ര സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
'പ്രാര്‍ഥനകളുടെ അധിപന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പ്രാര്‍ഥനയുണ്ട്.
'റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനന്‍, വഫില്‍ ആഖിറതി ഹസനത്തന്‍, വഖിനാ അദാബന്നാര്‍' എന്ന പ്രസിദ്ധമായ ഖുര്‍ആനിക പ്രാര്‍ഥനയാണത്.
'ഇഹലോകത്ത് നന്മ തരണം, പരലോകത്ത് നന്മ തരണം, നരകത്തില്‍നിന്ന് മോചനം തരണം' എന്നതാണ് ആ പ്രാര്‍ഥനയുടെ പൊരുള്‍.
സമഗ്രമാണ് ഈ പ്രാര്‍ഥന. ഇസ്‌ലാമിനെ പൂര്‍ണമായും പ്രതിനിധീകരിക്കുന്ന പ്രാര്‍ഥന. ഇസ്‌ലാമിന്റെ സന്തുലിത വീക്ഷണം പ്രകാശിപ്പിക്കുന്ന പ്രാര്‍ഥന. ദീനിന്റെ മുന്‍ഗണനാക്രമം കാര്യമായി പഠിപ്പിക്കുന്ന പ്രാര്‍ഥന. ദീനും ദുന്‍യാവും സമ്മേളിക്കുന്ന പ്രാര്‍ഥന. മതവും രാഷ്ട്രീയവും പരസ്പരം പൂരിപ്പിക്കുന്ന ജീവിത മുഖങ്ങളാണെന്ന മഹാസത്യം പ്രഘോഷണം ചെയ്യുന്ന പ്രാര്‍ഥനകളുടെ പ്രാര്‍ഥനയാണത്.