പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞ് പുസ്തകസഞ്ചിയെടുത്ത് അമ്മയുടെ സാരിത്തുമ്പില്‍ മറഞ്ഞുനിന്ന് ക്ലാസ്സില്‍ കയറണോ വേണ്ടയോ എന്ന് ശങ്കിക്കുന്ന സ്‌കൂള്‍ ബാല്യം.
പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞ് പുസ്തകസഞ്ചിയെടുത്ത് അമ്മയുടെ സാരിത്തുമ്പില്‍ മറഞ്ഞുനിന്ന് ക്ലാസ്സില്‍ കയറണോ വേണ്ടയോ എന്ന് ശങ്കിക്കുന്ന സ്‌കൂള്‍ ബാല്യം. പില്‍ക്കാല ജീവിത വഴിയില്‍ നനവൂറും ഓര്‍മക്കാലം. കഥകള്‍ പറഞ്ഞുകൊടുത്തും പാട്ടുകള്‍ ചൊല്ലിച്ചും പുന്നാരമക്കളെ സ്‌കൂളിലയക്കാന്‍ അമ്മ മനസ്സ് ആദ്യമേ തയ്യാറെടുത്തിരിക്കും. ജിമിയുടെയും സുമിയുടെയും അമ്മയും അങ്ങനെ തന്നെ. നഴ്‌സറി ക്ലാസ്സ് തൊട്ടേ നൃത്തച്ചുവടുകള്‍ വെച്ച് ആടിപ്പാടിക്കളിക്കുന്ന ജിമിയെയും അവളുടെ അനിയത്തി സുമിയെയും കുറിച്ച് ഒരുപാടൊരുപാട് പ്രതീക്ഷകളായിരുന്നു അക്ഷരങ്ങളെ അങ്ങേയറ്റം സ്‌നേഹിക്കുന്ന അവരുടെ അമ്മക്കും അഛനും. വയനാടന്‍ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയില്‍ ആ കുട്ടികള്‍ വളരുന്തോറും കൃഷിക്കാരനായ അഛന്റെയും അമ്മയുടെയും പ്രതീക്ഷകളും വളരുകയായിരുന്നു. പക്ഷേ ജിമി വളരുന്തോറും അവളുടെ തിമര്‍ത്താടിക്കളിക്കുന്ന ആ കാലുകള്‍ കുഴയുന്നതുപോലെ. കളിചിരികള്‍ക്കിടയില്‍ അവള്‍ പലപ്പോഴും തെന്നിവീണു. കാലുറച്ച് നടന്നുശീലിച്ചുവന്ന ആറു വയസ്സിലും അവള്‍ വീഴുന്നത് ആ അഛനെയും അമ്മയെയും പല ചിന്തകളിലേക്കും നയിച്ചു. വീഴ്ചകള്‍ പതിവായപ്പോള്‍ അവര്‍ അടുത്തുള്ള വൈദ്യനെ കാണിച്ചു. ചികിത്സയും മരുന്നും പ്രാര്‍ഥനയുമായി ദിനങ്ങള്‍ കഴിയുന്തോറും ശരീരത്തെ താങ്ങിനിര്‍ത്താന്‍ ആ കാലുകള്‍ക്കാവുന്നില്ല. തളര്‍ന്നുവീഴുന്ന മകളെയും കൊണ്ട് വൈദ്യശാസ്ത്ര വാതിലുകള്‍ മുട്ടിയ അവരോട് വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞുകൊടുത്തത് ഈ രോഗത്തിന് ഇനിയും ഒരു മരുന്ന് നമ്മള്‍ പഠിച്ചിട്ടില്ലെന്നാണ്. ഇനിയുമൊരു കുഞ്ഞുണ്ടാവുകയാണെങ്കില്‍ ആ കുട്ടിക്കും ഈ ഗതി വന്നേക്കാം എന്ന മുന്നറിയിപ്പും. ആ വാക്കുകളുടെ യാഥാര്‍ഥ്യം രണ്ടാമത്തെ മകള്‍ സുമിയിലൂടെ അവര്‍ക്ക് പെട്ടെന്നു തന്നെ ബോധ്യപ്പെട്ടു. മൂത്തവളെക്കാള്‍ മൂന്ന് വയസ്സിനിളയവളുടെയും ശരീരം പതിയെപ്പതിയെ ഇടറിവീഴാന്‍ തുടങ്ങിയപ്പോള്‍ അവരുടെ പ്രതീക്ഷ ബാംഗ്ലൂരിലെ നിംഹാന്‍സിലേക്കായി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതിയെയാണ് അവരും നിവര്‍ത്തിക്കാണിച്ചത്. പിന്നീട് ആയുര്‍വേദം പരീക്ഷിച്ചു. ശരീരത്തില്‍ ചില ഉണര്‍വുകള്‍ ഉണ്ടായെങ്കിലും ആ വൈദ്യമേഖലയും അവരുടെ രോഗത്തിനു മുന്നില്‍ തോറ്റുമാറി. പതിയെപ്പതിയെ ആക്രമിച്ചുകയറി വന്ന രോഗം രണ്ടു മക്കളെയും ഇനിയൊരിക്കലും എണീറ്റുനടക്കാന്‍ അനുവദിക്കില്ലെന്ന യാഥാര്‍ഥ്യത്തിലേക്കാണ് അവരെ എത്തിച്ചത്.
വൈദ്യശാസ്ത്രം ഒഴിവുകഴിവുകള്‍ പറഞ്ഞ മസ്‌കുലര്‍ ഡിസ്‌ട്രോഫിയ എന്ന രോഗത്തെക്കുറിച്ച ആശങ്ക മാത്രമല്ല അവരെ തളര്‍ത്തിയത്; കാലുകള്‍ ഉറപ്പിച്ച് എണീറ്റു നടക്കാന്‍ പറ്റാത്ത മക്കളുടെ വേദനയോടൊപ്പം ചുറ്റും കാണുന്നവരുടെ സഹതാപവും അവരെ വേദനിപ്പിച്ചു. പക്ഷേ മക്കളിനി എണീറ്റു നടക്കില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട വയനാട് പുല്‍പ്പള്ളി പാമ്പനാനിക്കലെ മേരിയും ജോണും നിരാശരായതേയില്ല. എന്തിനാണിങ്ങനെ വയ്യാത്ത മക്കളെയും കൊണ്ട് കഷ്ടപ്പെടുന്നതെന്ന വിവരക്കേടുള്ള ചോദ്യത്തിനു മുന്നില്‍ നിസ്സഹായരായി തോറ്റു പിന്മാറാന്‍ ആ അഛനുമമ്മയും ഒരുക്കമല്ലായിരുന്നു.
അറിവാണ് ജീവിതത്തില്‍ തുണയെന്ന തിരിച്ചറിവുള്ള ആ മാതാപിതാക്കള്‍ ആറാം വയസ്സിന്റെ ആശങ്കയുള്ള സ്‌കൂള്‍ ബാല്യത്തെ വീടിന്റെ വരാന്തയിലേക്ക് മാറ്റി. ക്ലാസ്സ് മുറിക്കു പകരം വീടിന്റെ കോലായിലിരുന്നു ആ അമ്മ മക്കളെ അക്ഷരം പഠിപ്പിച്ചു. ബലക്കുറവുള്ള കൈകളില്‍ മഷിപ്പേന പിടിപ്പിച്ചു. സ്‌കൂള്‍ ബെഞ്ചിനുപകരം വീട്ടിലെ കോലായിരുന്നു അവര്‍ തറയും പറയും പഠിച്ചു. സ്റ്റീല്‍ സ്പൂണും പ്ലെയിറ്റും ലെന്‍സാക്കിയും ചെമ്പരത്തിപ്പൂവ് ലിറ്റ്മസ് പേപ്പറാക്കി കാണിച്ചും അവര്‍ക്ക് അമ്മ ശാസ്ത്രപാഠങ്ങള്‍ പഠിപ്പിച്ചു. 'ഇവരെപ്പഠിപ്പിച്ചിട്ടുവേണം ഇനി' എന്ന വിവരം കെട്ട പരിഹാസത്തെ അവര്‍ പുറംകാല്‍ കൊണ്ട് അവഗണിച്ചു. വയനാടന്‍ ഗ്രാമത്തിന്റെ അവശതകള്‍ പേറുന്ന ഇടവഴിയും റോഡും താണ്ടി ആ മക്കളെ ചുമലിലേറ്റി അവരുടെ അഛന്‍ പരീക്ഷയെഴുതിക്കാന്‍ അങ്ങകലെയുള്ള സ്‌കൂളിലേക്ക് കൊണ്ടുപോയി. കുളിപ്പിച്ചും ചോറുവാരിക്കൊടുത്തും മുടിചീകിക്കൊടുത്തും ഉടുപ്പിടീപ്പിച്ചും ആ അമ്മ അവര്‍ക്കുമുമ്പില്‍ സങ്കടങ്ങളെ മറന്നു.
തങ്ങള്‍ തളരില്ലെന്ന് അവരെന്നോ ഉറപ്പിച്ചിരുന്നു. കുഞ്ഞു മനസ്സാണെങ്കിലും ആ ഇളം പെതങ്ങള്‍ക്കറിയാം എല്ലാവരെയും പോലെയല്ല നമ്മള്‍ പഠിക്കുന്നതും പരീക്ഷയെഴുതുന്നതും. ജീവിതഭാരം മാത്രമല്ല തങ്ങളുടെ ശരീരഭാരവും കൂടിയാണ് അഛനുമമ്മയും പേറി നടക്കുന്നത്. അതുകൊണ്ട് ചേച്ചി അനിയത്തിയോട് പറയും: ''എടീ നല്ലോണം മാര്‍ക്കുവാങ്ങണം. നമ്മളെ തോളെത്തെടുത്തിട്ടാ അഛനുമമ്മയും പരീക്ഷ എഴുതിക്കാന്‍ പോവുന്നതെന്ന്.'' ഈ വിചാരത്തോടെ പഠിച്ചപ്പോള്‍ എഴുതിയ സ്‌കൂള്‍ പരീക്ഷകളിലൊക്കെ അവര്‍ക്കായിരുന്നു ഫസ്റ്റ്. ഔപചാരിക വിദ്യാഭ്യാസത്തിന് സ്‌കൂള്‍ കെട്ടിടത്തിനകത്തേക്ക് പോകാത്ത അവര്‍ എല്ലാ ക്ലാസ്സിലും ഒന്നാമതായി. സെന്റ് തോമസ് പെരിങ്ങല്ലൂര്‍ സ്‌കൂളില്‍ നിന്നും എല്‍.പി.യും സെന്റ് മേരീസ് എ.യു.പി സ്‌കൂളില്‍ നിന്ന് യു.പിയും പരീക്ഷ എഴുതി. പിന്തിരിപ്പിക്കാനും പരിഹസിക്കാനും നിന്നവരെക്കാള്‍ കൂടെ നിന്നവരുടെ നന്മയെ അതിജീവനത്തിനുള്ള മരുന്നാക്കി മാറ്റിയ ആ കുട്ടികള്‍ കബനി ഗിരി നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്നും നല്ല മാര്‍ക്കോടെ എസ്.എസ്.എല്‍.സിയും സെന്റ് മേരീസ് ഹയര്‍ സെക്കന്ററിയില്‍ നിന്നും പ്ലസ്ടുവും പാസായി. ക്ലാസ്സുകള്‍ കയറുന്നതിനനുസരിച്ച് ആ രക്ഷിതാക്കളുടെ ആധിയും കൂടിവന്നു. വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാത്ത നാട്ടില്‍ തുടര്‍പഠനം അസാധ്യമായിരുന്നു. എന്നാലും പ്ലസ്ടു വരെ രണ്ടാളെയും ചുമന്നുകൊണ്ട് പരീക്ഷയെഴുതിക്കാന്‍ ആ മാതാപിതാക്കള്‍ തയ്യാറായി.
നന്മകള്‍ വറ്റാത്ത സന്മനസ്സുള്ള അധ്യാപകരായിരുന്നു ജോണിനും മേരിക്കും താങ്ങ് നിന്നത്. ഒഴിവുസമയങ്ങളില്‍ വീട്ടില്‍ വന്നു ട്യൂഷനെടുത്തുകൊടുത്ത സോമന്‍ സര്‍, ബീനു ടീച്ചര്‍ തുടങ്ങി ഒരുപാട് സാറന്മാരെ അവരിന്നും ഓര്‍ക്കുന്നതും അതുകൊണ്ടു തന്നെ. വീടിന്റെ ചുറ്റുവട്ടത്തുള്ള മണ്ണിനപ്പുറം അവര്‍ കണ്ട മറ്റൊരു ലോകം കൊല്ലപ്പരീക്ഷക്കു വേണ്ടി അച്ഛന്റെ തോളിലേറി പോയ അങ്ങകലെയുള്ള സ്‌കൂള്‍ കെട്ടിടമായിരുന്നു. തണുത്തുറഞ്ഞ വയനാടന്‍ മണ്ണിനപ്പുറം അവര്‍ മറ്റൊരു ലോകത്തെ കണ്ടത് പത്താം ക്ലാസ് പഠനസമയത്ത് സ്‌കൂള്‍ സമ്മാനിച്ച കമ്പ്യൂട്ടറിന്റെ വിസ്മയത്തിലൂടെയാണ്. തല്ലുകൂടിയും കൂട്ടുകൂടിയും ആര്‍മാദിച്ചും കൂട്ടുകാരോടൊപ്പം പാറിനടന്നു ചുറ്റുപാടിനെ അറിഞ്ഞുവളരാനാകാത്ത ആ പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷയുടെ പാലം തുറന്നത് കമ്പ്യൂട്ടറെന്ന അതിരുകളില്ലാത്ത പെട്ടിയായിരുന്നു. അതിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചുകൊടുത്ത് എന്നും കൂടെ നിന്ന മധു സാറിനെ അവര്‍ക്കൊരിക്കലും മറക്കാനാവില്ല.
മക്കള്‍ വളരുകയാണ്. അവരെ ഇനിയും പഴയതുപോലെ താങ്ങിയെടുത്ത് സ്‌കൂള്‍ മുറ്റത്തേക്കെത്തിക്കാന്‍ ആ രക്ഷിതാക്കള്‍ക്കാവില്ല. യാത്രക്ക് സഹായകമാകുന്ന വീല്‍ചെയറും അന്നില്ല. ഡിഗ്രിക്ക് യൂനിവേഴ്‌സിറ്റി ക്രെഡിറ്റ് സെമസ്റ്റര്‍ നടപ്പിലാക്കിയതോടെ പഠനത്തിന്റെ ഔപചാരിക വഴികള്‍ അവര്‍ക്കു മുന്നില്‍ നിന്നു. കാലിക്കറ്റില്‍ ബി.എ ഹിസ്റ്ററിക്കു ചേര്‍ന്നെങ്കിലും പഠനം ദുസ്സഹമായി. നിയമം അവര്‍ക്കു മുന്നില്‍ കനിയുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷകളെ വിധിക്കു മുമ്പില്‍ കൊട്ടിയടക്കാന്‍ വിധിക്കപ്പെട്ട ആ മക്കള്‍ വിധിയോട് തോറ്റുകൊടുത്തു തളരുന്നത് നോക്കിനില്‍ക്കാന്‍ പക്ഷേ അറിവിനെ വെളിച്ചമായി കാണുന്ന അമ്മക്ക് സാധിക്കുമായിരുന്നില്ല. മറ്റെന്തെങ്കിലും വഴികാണുമെന്ന് വിശ്വസിച്ച അവര്‍ വിവിധ മത വേദഗ്രന്ഥങ്ങളുടെ പഠനവഴിയിലേക്ക് മക്കളെ തിരിച്ചുവിടുന്നതാണ് നല്ലതെന്നുറച്ചു. സ്‌നേഹവും കരുണയും പഠിപ്പിക്കുന്ന ദൈവത്തെ അറിഞ്ഞ് മക്കള്‍ വളരണമെന്നാശിച്ച് മത-ജാതി ഭേദമില്ലാതെ മതപാഠങ്ങള്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തു. അതാകുമ്പോള്‍ ട്യൂഷനോ പരീക്ഷയോ വേണ്ടെന്ന സമാധാനവുമുണ്ട്.
ആയിടക്കാണ് സ്വപ്‌നങ്ങളെ വഴിയിലുപേക്ഷിക്കേണ്ടി വന്ന ജിമി -സുമി സഹോദരങ്ങളെക്കുറിച്ചൊരു ഫീച്ചര്‍ പ്രാദേശിക ചാനലില്‍ വന്നത്. ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ മനുഷ്യര്‍ ആലംബഹീനര്‍ക്ക് താങ്ങായി എവിടെയങ്കിലും ഉണ്ടാകും. അങ്ങനെയുള്ള ചിലരതു കണ്ടു. താങ്ങുനഷ്ടപ്പെട്ടവര്‍ക്ക് ഊന്നുവടി പോലെ ഒരുപറ്റം മനുഷ്യര്‍ എപ്പോഴും ഉണ്ടാകുമെന്ന് അവരാദ്യമായി അനുഭവിച്ചറിഞ്ഞു. തോട്ടത്തില്‍ റഷീദും, ജെ.ഡി.ടി ഇസ്‌ലാം മേധാവിയായ സി.പി കുഞ്ഞുമുഹമ്മദും അവരെ ഏറ്റെടുത്ത് പഠനവും ജീവിത സുരക്ഷിതത്വവും നല്‍കാന്‍ തയ്യാറായി. കോഴിക്കോട് വരാന്‍ തയ്യാറാണോയെന്ന അവരുടെ ചോദ്യത്തിന് പഠിക്കാനുള്ള അതിയായ ആഗ്രഹം മറ്റൊന്നും ചിന്തിക്കാതെ തയ്യാറാണെന്ന് പറയാന്‍ പ്രേരിപ്പിച്ചു. അവര്‍ക്ക് എല്ലാം അവരുടെ അമ്മയായിരുന്നു. കുഞ്ഞുമക്കളെ നോക്കുന്നതുപോലെ നോക്കിയാണ് ആ അമ്മ മക്കളെ ഇതുവരെയാക്കിയത്. സ്വന്തമായി ഒന്നും ചെയ്യാന്‍ പ്രാപ്തിയില്ലാത്ത ആ മക്കള്‍ക്ക് അമ്മയില്ലാതെ അവിടുന്ന് വരാനാവില്ല. അതുമനസ്സിലാക്കിയ ജെ.ഡി.ടി അധികാരികള്‍ അതിനുള്ള പരിഹാരം കണ്ടു. കുടുംബത്തെ ഒന്നാകെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായി. അമ്മയും മക്കളും ജെ.ഡി.ടിയുടെ കാമ്പസിനകത്തേക്കു വന്നു. ഒരുപാട് അനാഥ മക്കളുടെ കണ്ണീരൊപ്പിയ സ്ഥാപനം വിധിക്കുമുന്നില്‍ തോറ്റുപോകുമായിരുന്ന ഒരു കുടുംബത്തിന്റെ തേങ്ങലും ഇല്ലാതാക്കാന്‍ തയ്യാറായി. മുറിഞ്ഞുപോകുമായിരുന്ന പഠനത്തെ വീണ്ടെടുക്കാനായതുമാത്രമല്ല, ആള്‍ക്കൂട്ടത്തിനിടയില്‍ കൂട്ടുകാര്‍ക്കിടയില്‍ തിങ്ങിനിറഞ്ഞ തിരക്കുകള്‍ക്കിടയില്‍ അവരിലൊരാളായി മാറാനുള്ള മോഹത്തിനാണ് സാക്ഷാത്ക്കാരമായത്. ലോകത്തെ കാണാനായി തന്റെ പ്രിയപ്പെട്ട അധ്യാപകര്‍ നല്‍കിയ കമ്പ്യൂട്ടര്‍ മുന്നില്‍ വെച്ച് സ്വപ്‌നം നെയ്ത ജിമിക്കും സുമിക്കും മള്‍ട്ടി മീഡിയയുടെ അനന്തസാധ്യകളിലേക്ക് ഇറങ്ങിച്ചെല്ലാനായി. കൂട്ടുകാരോടൊപ്പം ഇരുന്നു പഠിച്ച് അതിലവര്‍ ബിരുദവും ബിരുദാനന്തരബിരുദവുമെടുത്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ജിമി ബിരുദം പൂര്‍ത്തിയാക്കിയത്. ഇന്നവര്‍ അധ്യാപകരാണ്. ജെ.ഡി.ടിയുടെ വിശാലമായ കാമ്പസിനകത്ത് അവര്‍ ഉരുട്ടുന്നത് പ്രതീക്ഷയുടെ ചക്രങ്ങളാണ്. അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഒരുപറ്റം അധ്യാപകര്‍. സ്‌നേഹത്തോടെ അവരുടെ പാഠഭാഗങ്ങള്‍ ശ്രദ്ധിക്കുന്ന വിദ്യാര്‍ഥികള്‍ ....
മണ്ണിലൂടെ നടക്കാന്‍ കഴിയുന്ന നാളുകളെക്കുറിച്ച് ഒരുപാട് സ്വപ്‌നം കണ്ട പെണ്‍കുട്ടികള്‍, അവര്‍ നടന്ന മണ്ണും മണല്‍ത്തരികളും ഒരുപാട് പേരുടെ പാദസ്പര്‍ശനമേറ്റ് അവരെ മറന്നുപോയോ എന്നാശങ്കിച്ച് സങ്കടപ്പെട്ടവര്‍.... അവര്‍ക്കിന്ന് സങ്കടങ്ങളില്ല, പ്രതീക്ഷകളേയുള്ളൂ. തങ്ങള്‍ ദൈവത്തെ അറിയുന്ന ഒരുപറ്റം ആളുകളുടെ ഇടയിലാണെന്ന പ്രതീക്ഷ. ജീവിതത്തില്‍ ഇനിയും പുതിയ തളിരുകള്‍ വിടരുമെന്ന പ്രതീക്ഷ...