എനിക്ക് നല്ലൊരു ചായ
ഉണ്ടാക്കണം.
വെട്ടിത്തിളക്കുന്ന വെള്ളത്തില്‍
പൊടിയിട്ട്
ചെഞ്ചായമണിഞ്ഞ
വെറും ചായയല്ല.
പാതവക്കില്‍ വേലുവേട്ടന്‍
നീളത്തില്‍ താളത്തിലാറ്റുന്ന
എരുമപ്പാലൊഴിച്ച
കട്ടിച്ചായയല്ല.
താലത്തില്‍
സുന്ദരക്കോപ്പകളില്‍
പൊടിയും പാലും മധുരവും
പാകം നോക്കി നോക്കി മടുത്ത
സ്വപ്നക്കഥകളുടെ
സ്വന്തം ചായയേയല്ല.
ഇല്ലായ്മയില്‍ ഒരു നുള്ള്
പൊടി പാറിപ്പറ്റിയ
വിളര്‍ത്ത നിറമുള്ള
മധുരം മറന്ന സ്നേഹച്ചായയുമല്ല
എരിവുളള ജീവിതങ്ങളുടെ
ഉളള് പിളര്‍ത്തി
നിറം മങ്ങിയ
കാഴ്ചകള്‍ കാണിക്കുന്ന
നോവിന്റെ മണമുളള
കടുത്ത ചായയല്ല.
മരണവീട്ടില്‍ ചടങ്ങൊഴിഞ്ഞ്
മടങ്ങുന്നവര്‍ക്കുള്ള
മധുരം നോക്കാന്‍ പോലും മറന്ന
നോവിന്റെ മണമുള്ള ചായയല്ല.
മടങ്ങിവരുമെന്നോര്‍ത്ത്
മോള്‍ക്കായി ആട്ടിന്‍പാലില്‍
വാല്‍സല്യ പൊടിയിട്ട്
അമ്മ കാച്ചിയ
ആറിപ്പോയ ചായയുമല്ല.
പ്രളയം പകര്‍ന്ന
കലക്കുവെള്ളത്തില്‍
കനത്തില്‍ സ്നേഹത്തിന്റെ
കൂട്ട് ചേര്‍ത്തെടുത്ത നേര്‍ത്ത ചായ.
കപ്പില്‍ മുങ്ങിനിവര്‍ന്ന്
കൂട്ടുകാരുടെ കരുവാളിച്ച മുഖം
കരളില്‍ ചേര്‍ത്ത്
കരച്ചില്‍ മറപ്പിക്കുന്ന ചായ.
പൗരത്വം വഴുതിപ്പോയവരുടെ
ഉള്ളു തണുപ്പിച്ച്,
പത നാവുകൊണ്ട്
വടിച്ചെടുക്കാനാവുന്ന
കൊഴുത്ത ചായ.
ഇന്നിനെ
കവര്‍ന്നവരോട്
പഠിപ്പുമുടക്കി
നാളെയെ തിരിച്ചുതരണമെന്ന്
ഓര്‍മിപ്പിക്കുന്നവര്‍ക്കൊപ്പം
ഇരുന്ന് കുടിക്കുന്ന ചായ.
തണുത്ത കാറ്റുകൊണ്ട്
മരത്തടിയിലിരുന്ന്
കൂട്ടിനോട്
ഇഷ്ടമുള്ള ഭാഷയിലൊക്കെയും
വര്‍ത്തമാനം പറഞ്ഞ്
ആറ്റിക്കുടിക്കുന്ന ചായ.
ഉദരം പിളര്‍ന്ന്
നഗ്‌നയായ്
ഉയരം കുറഞ്ഞ
മലയുടെ താഴ്‌വരയില്‍
നിര്‍ത്താതെ വിറക്കുന്ന
ആല്‍ചുവട്ടിലിരുന്ന്
തണുത്തു പോയൊരു ചായ.
അയല്‍പക്ക മതിലിന്റെ
ഉയരം കുറച്ച്
ഹൃദയം പങ്കിട്ട്
സ്നേഹം ചാലിച്ച്
ഇല്ലായ്മയില്‍ പൊടിയിട്ട്
ചൂടോടെ പകരുന്ന
നേര്‍ത്ത നിറമുളള ചായ.