'നൊന്തു പ്രസവിച്ച ഇളം പൈതല്‍ മുഹമ്മദ് ജഹാന്റെ മരണം അവരെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാവും.
'നൊന്തു പ്രസവിച്ച ഇളം പൈതല്‍ മുഹമ്മദ് ജഹാന്റെ മരണം അവരെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാവും. കുഞ്ഞിനെയും കൊണ്ട് സമരത്തിന് പോകേണ്ടിയിരുന്നില്ല എന്നവര്‍ വിലപിക്കുന്നുണ്ടാവും. കുറ്റബോധം വല്ലാതെ അവരെ വേട്ടയാടുന്നുണ്ടാവും. എന്തു പറഞ്ഞ് ആശ്വസിപ്പിക്കും ദല്‍ഹിയിലെ കൊടുംതണുപ്പില്‍ സമരമുഖത്ത് ഉണ്ടായ നസിയ-അര്‍ശദ് ദമ്പതികളെ? ഈ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ ഭൗതികമായി ഒന്നുമില്ലാത്ത അവരുടെ ഏറ്റവും വിലപ്പെട്ട സമ്പത്ത് അവരുടെ മക്കള്‍ തന്നെയാണല്ലോ. അവരിലൊരാളെ ആണല്ലോ ഇപ്പോള്‍ നഷ്ടപ്പെട്ടത്!' ഈ ചിന്തകളും മനസ്സില്‍ പേറിയാണ് ബട്ല ഹൗസിലെ കൊച്ചുകുടിലില്‍ അവരെ കാണാന്‍ കുഞ്ഞ് മരിച്ച അഞ്ചാം ദിവസം ഞങ്ങള്‍ എത്തിയത്. പക്ഷേ, ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രതികരണം. കുഞ്ഞിനെ പരലോകത്തേക്കുള്ള ഒരു മുതല്‍ക്കൂട്ടായി അവര്‍ അംഗീകരിച്ചുകഴിഞ്ഞിരുന്നു. അവര്‍ പറഞ്ഞു: 'മുലകുടി നിന്നപ്പോള്‍ ഉണ്ടായ ശാരീരിക അസ്വസ്ഥത ഇന്നാണ് അല്‍പം കുറഞ്ഞത്. അതിനാല്‍ ഇന്ന് തന്നെ സമരത്തില്‍ പങ്കു ചേരണം.' അവരില്‍നിന്നും സമരാവേശം ഊര്‍ജമായി സ്വീകരിച്ചാണ് ഞങ്ങള്‍ തിരിച്ചത്. ഇത്തരം മാതാക്കള്‍ ഏറ്റെടുത്ത സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിരുദ്ധ പ്രതിഷേധം വിജയിക്കാതിരിക്കുന്നതെങ്ങനെ?
ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ കഴിഞ്ഞ ദിവസം നടന്ന വന്‍ പ്രതിഷേധ സംഗമത്തില്‍ രാഷ്ട്രീയ ജനതാദള്‍ എം.പി മനോജ് ഷാ പറഞ്ഞത് 'പാര്‍ലമെന്റ് പരാജയപ്പെട്ടിടത്താണ് നമ്മുടെ സ്ത്രീകള്‍ മുന്നിട്ടിറങ്ങിയത്. ഈ യുദ്ധം പ്രതിഷേധക്കാര്‍ ജയിച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയ സമയത്ത് ഞങ്ങള്‍ നിസ്സഹായരായിരുന്നു. പക്ഷേ നിങ്ങളുടെ പ്രതിഷേധസമരങ്ങള്‍ ഞങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.' പൗരത്വ ഭേദഗതി നിയമത്തിന്റെ ഒന്നാമത്തെ ഇരകള്‍ സ്ത്രീകളാണ്. ജനിച്ചുവളര്‍ന്ന വീട്ടില്‍ 'അന്യവീട്ടില്‍ പോകേണ്ടവള്‍.' ഭര്‍തൃഗൃഹത്തില്‍ ആവട്ടെ 'അന്യവീട്ടില്‍നിന്ന് വന്നവള്‍.' അവളുടെ ഐഡന്‍ഡിറ്റി മൊത്തത്തില്‍ തന്നെ അതാണ്. എങ്ങും ഇല്ലാത്ത അവസ്ഥ. കുടുംബസ്വത്ത് വല്ലതും ഉണ്ടെങ്കില്‍ അത് ഗൃഹനാഥന്റെ പേരില്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വളരെ പുറകിലാണ് ഇന്ത്യയിലെ സ്ത്രീകള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കലാലയം കാണുക പോലും ചെയ്തിട്ടില്ലാത്തവരാണ് അധികപേരും. പൗരത്വം തെളിയിക്കാന്‍ രേഖയായി എന്തുണ്ടാവും അവരുടെ കൈയില്‍? വിദ്യാഭ്യാസം ഉള്ളവര്‍ തന്നെ സ്‌പെല്ലിങ്ങിന്റയും മറ്റും വൈരുധ്യതയുടെ പേരില്‍ നട്ടംതിരിയേണ്ടി വരുമ്പോള്‍ അവരുടെ കാര്യം പറയാനുണ്ടോ? അസമില്‍ ഇത് അനുഭവവേദ്യമായതാണ്.
അതിനാല്‍തന്നെ സമരത്തിന് മുന്നില്‍ സ്ത്രീകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിനപ്പുറം മറ്റൊരു കാരണം കൂടി നാം കാണാതെ പോകരുത്. പോലീസിന്റെ ക്രൂര മര്‍ദനങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഉറച്ചുനിന്ന് മുദ്രാവാക്യം വിളിച്ച നമ്മുടെ പെണ്‍കുട്ടികളെയും സഹോദരിമാരെയും കുറിച്ച് വാതോരാതെ പുകഴ്ത്തിക്കൊണ്ട് പലരും പറഞ്ഞത് അവര്‍ 'ആണത്തം' കാണിച്ചു എന്നാണ്. യഥാര്‍ഥത്തില്‍ അത് ആണത്തമല്ല, പ്രകൃത്യാ സ്ത്രീയില്‍ അന്തര്‍ലീനമായിട്ടുള്ള മാതൃഭാഗത്തിന്റെ ഒരു വശം മാത്രമാണത്. പ്രതിസന്ധിഘട്ടങ്ങളില്‍ പെട്ടെന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഒരു ഈറ്റപ്പുലിയുടെ രൗദ്രഭാവത്തോടെ മുന്‍പിന്‍ നോക്കാതെ മുന്നേറാനുമുള്ള പെണ്ണിന്റെ കരുത്ത്. തന്നെയുമല്ല, ഒരു പുതിയ ജീവന്റെ കരച്ചില്‍ കേള്‍ക്കാനായി പേറ്റുനോവാകുന്ന അതികഠിനമായ വേദന അവസാനം വരെ സഹിക്കാന്‍ കഴിവുള്ള പെണ്ണിന് ഇത്തരം പോരാട്ടങ്ങള്‍ എല്ലാം സഹിച്ച് മുന്നോട്ടു കൊണ്ടുപോകാനും ഒരു പുതിയ ഇന്ത്യയുടെ പിറവി കാണുന്നതുവരെ അതില്‍ ഉറച്ചു നില്‍ക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീ സര്‍ഗാത്മകത ഒരു പ്രവാഹമായി ഒഴുകിയ സന്ദര്‍ഭം കൂടിയാണിത്. എത്രയെത്ര കവിതകള്‍, ഗാനങ്ങള്‍, നാടകങ്ങള്‍, ചിത്രങ്ങള്‍, കലാരൂപങ്ങള്‍ എല്ലാമാണ് സ്ത്രീകളുടേത് മാത്രമായി പിറവിയെടുത്തത്?
ഈ സമരങ്ങളില്‍ മുസ്‌ലിം സ്ത്രീ സാന്നിധ്യം കൂടുതലായി കാണുന്നത് എന്തുകൊണ്ട് എന്നത് സ്വാഭാവികമായ ഒരു ചോദ്യമാണ്. എവിടെയും മുസ്‌ലിം സ്ത്രീകള്‍ തന്നെയാണ് എണ്ണത്തില്‍ കൂടുതല്‍. മുസ്‌ലിം സമുദായത്തെ ഉന്നം വെച്ചുള്ളതാണീ കരിനിയമം എന്ന ധാരണ സ്വാഭാവികമായ ഈ ഒഴുക്കിനെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ടാവാം. കാട്ടില്‍ ഇരപിടിക്കുന്ന വന്യമൃഗത്തിന്റെ തന്ത്രമാണ് ബി.ജെ.പി ഇവിടെ പയറ്റുന്നത് എന്ന തിരിച്ചറിവ് ഇതര സമുദായങ്ങളില്‍ വേണ്ട അളവില്‍ ഉണ്ടായിട്ടില്ല എന്നതും ഇതിനൊരു കാരണമാണ്.
എന്നാല്‍ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊണ്ട ഒരു മുസ്‌ലിം സ്ത്രീക്ക് ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ വീട്ടില്‍ അടങ്ങിയിരിക്കുക സാധ്യമല്ല. സ്വന്തം സാംസ്‌കാരികവും സദാചാരപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ വീട്ടില്‍നിന്ന് പുറത്തിറങ്ങാനും പ്രതിഷേധിക്കാനും അവള്‍ വിശ്വാസപരമായി തന്നെ ബാധ്യസ്തയാണ്. വിശുദ്ധ ഖുര്‍ആനിലെ അധ്യായം 9-ലെ 71-ാം വചനം അവര്‍ക്ക് പ്രചോദനമാണ്:
''സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും.''
അനിവാര്യ ഘട്ടങ്ങളില്‍ സമരമുഖത്ത് പോരാടാന്‍ ഇറങ്ങുക എന്നത് സ്ത്രീക്കും നിര്‍ബന്ധമാണെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും വെളിപ്പെടുത്തുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈന്‍ എന്ന കൃതിയുടെ മലയാള പരിഭാഷയായ ഇസ്‌ലാമിക നിയമസംഹിതയുടെ 618-ാമത്തെ പേജില്‍ 'സമരം അനിവാര്യമാകുന്നത്' എന്ന തലക്കെട്ടിനു കീഴില്‍ അദ്ദേഹം പറയുന്നു: 'കായബലമുള്ള സ്ത്രീകള്‍ ബന്ധപ്പെട്ട ആരുടെയും സമ്മതം കാത്തുനില്‍ക്കാതെ' ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങേണ്ടതുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ദശാസന്ധികളില്‍ സ്ത്രീകള്‍ മറ്റെല്ലാം മാറ്റിവെച്ച് സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും പോരാടിയത് നമുക്ക് കാണാം. ലദീദയും ആഇശ റെന്നയും മറ്റും ചേര്‍ന്ന് അബ്ദുല്ല എന്ന സഹോദരനെ പൊലീസ് മര്‍ദനത്തില്‍നിന്ന് സംരക്ഷിക്കുന്നത് കണ്ടപ്പോള്‍ ഓര്‍മ വന്നത് നൂറ്റാണ്ടുകള്‍ക്കപ്പുറം പ്രവാചകന്റെ മദീനാ കാലഘട്ടമാണ്, യുദ്ധക്കളത്തില്‍ റസൂലിന് നേരെ വന്ന 12 അമ്പുകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹത്തെ രക്ഷിച്ച ഉമ്മു അമ്മാറയെയാണ്. ഞാന്‍ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയൊക്കെ ഉമ്മു അമ്മാറ എന്റെ സംരക്ഷണത്തിനായി ഉണ്ടായിരുന്നു എന്ന് പ്രവാചകന്‍ അവരെ കുറിച്ച് പുകഴ്ത്തി പറഞ്ഞത് ചരിത്രമാണ്. നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന സ്വന്തം പിതാവിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാല കൊണ്ടിട്ടവര്‍ക്കെതിരെ ആക്രോശിച്ച പ്രവാചക പുത്രി ഫാത്വിമ(റ), റസൂലിന്റെ (സ) കൂടെ ഏഴ് തവണ യുദ്ധത്തില്‍ പങ്കെടുത്ത നുസൈബ (റ) തുടങ്ങി ഇസ്‌ലാമിക ചരിത്രത്തില്‍ ഒട്ടേറെ വനിതാ മാതൃകകളെ നമുക്ക് ചൂണ്ടിക്കാണിക്കാനാവും. ആധുനികകാലത്ത് സൈനബുല്‍ ഗസ്സാലി മുതല്‍ ജനിച്ച മണ്ണിനായി പൊരുതുന്ന ഫലസ്ത്വീനിലെ പെണ്‍കൊടികള്‍ വരെ അതിന്റെ പിന്മുറക്കാരാണ്. ഇന്ത്യാചരിത്രത്തില്‍ സ്വാതന്ത്ര്യസമരകാലത്തെ മുസ്‌ലിം സ്ത്രീകളുടെ പോരാട്ടവും അവര്‍ അര്‍പ്പിച്ച സംഭാവനകളും ശ്രദ്ധേയമാണ്. സാധാരണക്കാരായ വീട്ടമ്മമാരില്‍നിന്നും ആക്ടിവിസ്റ്റുകളായി മാറിയ ബില്‍ക്കീസ് ബാനുവും ഫാത്വിമ നഫീസും സൈറാബാനുവും എല്ലാം കുഞ്ഞ് മുഹമ്മദിന്റെ മാതാവിനെ പോലെ തന്നെ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരെ ഈ മാര്‍ഗത്തില്‍ നഷ്ടപ്പെടുത്തേണ്ടിവന്ന പശ്ചാത്തലത്തില്‍ ഉയിര്‍ക്കൊണ്ടവരാണ്. തങ്ങള്‍ക്ക് നേരിട്ട ദുരന്തത്തെ ഉള്ളിലൊതുക്കി അതിന് കാരണക്കാരായ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഇറങ്ങി ത്തിരിച്ചിരിക്കുകയാണ് അവരെല്ലാം. ആ ചങ്ങലയില്‍ ലോകാവസാനം വരേക്കും വിശ്വാസികള്‍ കണ്ണിചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും. ചിലര്‍ ഇപ്പോള്‍ തന്നെ ശ്രദ്ധേയരായി മാറും. മറ്റു ചിലര്‍ ആ പ്രശസ്തി കൂടി പരലോകത്തേക്ക് മാറ്റിവെയ്ക്കും.
വിശ്വാസിനിയായ ഒരു പെണ്ണ് പ്രതിസന്ധിഘട്ടങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കില്ല എന്ന് മാത്രമല്ല പ്രലോഭനങ്ങള്‍ക്കോ ഭയത്തിനോ അവരെ കീഴ്‌പ്പെടുത്താനാവില്ല. അതുകൊണ്ടാണ് ശാഹീന്‍ ബാഗിലെ തൊണ്ണൂറ് കഴിഞ്ഞ വല്യമ്മമാരോട് നിങ്ങള്‍ 500 രൂപ കിട്ടിയിട്ടല്ലേ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ 'നിങ്ങള്‍ ആയിരം രൂപ തന്നു നോക്കൂ, അപ്പോള്‍ അറിയാം; 500 അല്ല ഒരു ലക്ഷം തന്നാലും ഞങ്ങള്‍ ഇതില്‍നിന്ന് പിന്തിരിയില്ല' എന്ന് പറഞ്ഞ് സമരത്തിന് ആവേശം പകരുന്നത്. ശാഹീന്‍ ബാഗുകള്‍ യഥാര്‍ഥത്തില്‍ ആദ്യം കീഴടക്കിയത് ഭയത്തെയാണ്. വെടിയുണ്ടകള്‍ക്കെതിരെ പൂക്കള്‍ വിതറിക്കൊണ്ട് 'ഗോലി നഹി ഫൂല്‍' എന്ന മുദ്രാവാക്യം മുഴക്കിയാണ് അവര്‍ ഈ സമരത്തെ സര്‍ഗാത്മകവും അനുകരണീയവും ആക്കുന്നത്.
മുസ്‌ലിം സ്ത്രീയെ കുറിച്ച് ഉയര്‍ന്നുകേട്ട പല പ്രചാരണങ്ങള്‍ക്കും മുന്‍ധാരണകള്‍ക്കും ഉള്ള മറുപടി കൂടിയാണ് ഒരു പ്രവാഹം പോലെ രാജ്യത്തിന്റെ തെരുവുകളിലും പട്ടണങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന കറുത്ത പര്‍ദയും മുഖം മൂടിയും ധരിച്ചവര്‍ അടക്കമുള്ള മുസ്‌ലിം സ്ത്രീ സമൂഹം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അവരുടെ ധൈര്യം, ഉള്‍ക്കാഴ്ച, വീക്ഷണ വിശാലത, ഭരണഘടനയെ കുറിച്ചും രാജ്യത്തെ നിയമ നീതിന്യായ വ്യവസ്ഥയെ കുറിച്ചുമുള്ള ബോധം, ചരിത്രത്തെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം എല്ലാം മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പോലും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയാത്തവിധം പ്രകടമാണ്. കീഴ്‌പ്പെടുത്തലിന്റെയും പിന്നാക്കാവസ്ഥയുടെയും അജ്ഞതയുടെയും പ്രതീകമായി ചിത്രീകരിക്കപ്പെട്ടുകൊണ്ടിരുന്ന ഇസ്‌ലാമിക വസ്ത്രധാരണത്തെ കുറിച്ച് 'പ്രക്ഷോഭകാരികളെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം' എന്ന് രാജ്യത്തെ പ്രധാനമന്ത്രി തന്നെ പറയുക വഴി ഇസ്‌ലാമിക വസ്ത്രധാരണ രീതി ചെറുത്തുനില്‍പ്പിന്റെയും കരുത്തിന്റെയും പ്രതീകമായി മാറുകയായിരുന്നു. രാജ്യസുരക്ഷക്കും പുരോഗതിക്കും വേണ്ടി പോരാടാന്‍ ഹിജാബ് ഒരു തടസ്സമല്ല എന്ന് തെളിയിക്കുന്നതാണീ സമരങ്ങള്‍. ഹിജാബ് വലിച്ചെറിയുകയും മതത്തെ തള്ളിപ്പറയുകയും ചീത്തവിളിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം ഇടം അനുവദിച്ചിരുന്ന പല വാര്‍ത്താ മാധ്യമങ്ങള്‍ക്കും ഈ മുന്നേറ്റം കണ്ടില്ലെന്ന് നടിക്കാന്‍ ആവാത്ത വിധം പ്രകടമാണ്.
ശാഹീന്‍ ബാഗ് ഈ സമരങ്ങളുടെ പ്രതീകം ആയത് പലതുകൊണ്ടുമാണ്. സമരത്തില്‍ പങ്കെടുക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും 90 കഴിഞ്ഞ ദാദിമാരും അടങ്ങുന്ന സ്ത്രീസമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യവും, നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തണുപ്പിനെ പിടിച്ചുനില്‍ക്കാനുള്ള ആവേശച്ചൂടും, അങ്ങോട്ടുണ്ടായ ജനപ്രവാഹവും ഒന്നിനും കൊള്ളാത്തവരെന്നും സാധാരണക്കാരില്‍ സാധാരണക്കാര്‍ എന്നും കരുതിയിരുന്ന സ്ത്രീകളുടെ ജ്ഞാനവും മീഡിയക്കു മുന്നിലുള്ള പതറാത്ത നിലപാടും പ്രകടനവും എല്ലാം കൊണ്ടാണ്. ഈ രീതിയിലുള്ള സമരത്തിന് ഏറ്റവുമാദ്യം തുടക്കം കുറിച്ചത് അവരാണ്. തുടര്‍ന്ന് ദല്‍ഹിയില്‍ ഇരുപത്തിരണ്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനും ശാഹീന്‍ ബാഗുകള്‍ ഉയര്‍ന്നപ്പോഴും യഥാര്‍ഥ ശാഹീന്‍ ബാഗ് വര്‍ധിതമായ ആവേശത്തിലും അധികരിച്ച ജനപങ്കാളിത്തത്തിലും നിലകൊള്ളുന്നത് അതുകൊണ്ടുതന്നെ. പരുന്ത് എന്ന് അര്‍ഥം വരുന്ന ശാഹീന്‍ എന്ന സ്ഥല നാമത്തെ അന്വര്‍ഥമാക്കുന്നതാണ് അവരുടെ സമരാവേശം. കൊടുങ്കാറ്റിലും ഉയര്‍ന്ന് മാത്രം പറക്കുന്ന, ഏത് പ്രതികൂല കാലാവസ്ഥയിലും താന്‍ ജനിച്ച നാട്ടില്‍നിന്ന് ദേശാടനം നടത്താത്ത സൂക്ഷ്മദൃക്കായ പരുന്ത് അഥവാ ശാഹീന്‍ തന്നെയാണ് ഈ സമരത്തിന് പ്രതീകമാകേണ്ടത്. രാജ്യചരിത്രത്തിന്റെ ഏടുകളില്‍ ആര്‍ക്കും തമസ്‌കരിക്കാന്‍ ആവാത്ത വിധം ഇടം നേടിക്കഴിഞ്ഞു ശാഹീന്‍ ബാഗ്.
മുസ്‌ലിം സ്ത്രീകളോടൊപ്പം ഇതര മതസ്ഥരായ സ്ത്രീകള്‍ തീരെ ഇല്ല എന്നല്ല പറഞ്ഞുവന്നതിന്റെ അര്‍ഥം. ശാഹീന്‍ ബാഗിലടക്കം സഹോദര സമുദായങ്ങളില്‍നിന്നുള്ള നിരവധി സഹോദരിമാര്‍ വന്നു പോകുന്നുണ്ട്. പ്രസംഗകരായും ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. 10 മാതാക്കള്‍ ചേര്‍ന്ന് കൊളുത്തിയ പ്രതിഷേധത്തിന്റെ അഗ്നി അണയാതെ കാക്കുന്നതില്‍ അവരുടെ പങ്ക് സ്തുത്യര്‍ഹമാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അങ്ങനെ തന്നെ. എന്നാല്‍ ജനസംഖ്യാനുപാതികമായി ഇനിയും കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വരേണ്ടതുണ്ട്. വേണ്ടത്ര ബോധവല്‍ക്കരണം നടത്തിയും സംഘടനാ നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തും അത് സാധ്യമാക്കേണ്ടതുണ്ട്. ഇത് ഏതെങ്കിലുമൊരു വിഭാഗത്തിന് വേണ്ടിയുള്ള പോരാട്ടം അല്ല. വരും തലമുറയില്‍പെട്ട നാനാജാതിമതസ്ഥരും മതവിശ്വാസികള്‍ അല്ലാത്തവരുമായ സകല ഇന്ത്യക്കാര്‍ക്കും സമാധാനത്തോടെ, പരസ്പര സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ ഉതകുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പോരാട്ടമാണ് എന്ന ബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് അനായാസം സാധ്യമാവും.
മുസ്‌ലിം സ്വത്വബോധത്തോടെ ഒത്തുകൂടുന്നത് ഈ പോരാട്ടത്തെ മുസ്‌ലിം പ്രശ്‌നമാക്കി ചുരുക്കി ഒതുക്കാന്‍ ബി.ജെ.പിക്ക് സഹായകമാവും എന്നതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ അവരുടെ ഇസ്‌ലാമിക വസ്ത്രം മാറ്റിവെച്ച് സമരം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ ഈ സമരം എന്തിനു വേണ്ടി ആണെന്ന് ഇനിയും ഉള്‍ക്കൊള്ളാത്ത വരാണ്. ഇത് ഹിന്ദുവിന് പൊട്ടുതൊട്ടും മുസ്‌ലിമിന് ഹിജാബ് ധരിച്ചും അവരവരുടേതായ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ടുതന്നെ ജീവിക്കാന്‍ നമ്മുടെ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്. മതേതരത്വം എന്ന വാക്കിന്റെ അര്‍ഥം അതാണ്. നാം ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, സംസാരിക്കുന്ന ഭാഷ, ആരാധനാരീതികള്‍ എല്ലാം വേറെ ആവാം. ആ വ്യതിരിക്തത ഉള്ളതോടൊപ്പം തന്നെ പരസ്പരം സ്‌നേഹിക്കാനും ഏകോദര സഹോദരങ്ങളായി ശാന്തിയിലും സമാധാനത്തിലും കൊണ്ടും കൊടുത്തും ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടിയാണ്. അതാണ് നാനാത്വത്തില്‍ ഏകത്വം എന്നതിന്റെ വിവക്ഷ. അതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ സമരത്തില്‍നിന്ന് പിന്മാറുകയോ തൂക്കം ഒപ്പിക്കാന്‍ എണ്ണം കുറയ്ക്കുകയോ വസ്ത്രമാകുന്ന ഐഡന്റിറ്റി എടുത്തു മാറ്റുകയോ അല്ല വേണ്ടത്. മുസ്‌ലിംകളെ പോലെ തന്നെ ഈ കാടന്‍ നിയമങ്ങളെയും വേട്ടക്കാരായ ഭരണകൂടത്തെയും എതിര്‍ക്കുന്ന എല്ലാവരും അവനവന്റെ ഐഡന്റിറ്റിയില്‍ തന്നെ പുറത്തിറങ്ങി ഉപരോധം തീര്‍ക്കുകയാണ് വേണ്ടത്. അല്‍പം ത്യാഗം സഹിക്കാന്‍ നമ്മുടെ സഹോദരന്മാരും തയാറാകട്ടെ. വരും നാളുകളില്‍ കൂടുതല്‍ ആവേശത്തോടെ നമുക്ക് തെരുവുകള്‍ പ്രതിഷേധങ്ങള്‍കൊ് മുഖരിതമാക്കാം. ഒരു പൂന്തോട്ടത്തിലെ വിവിധ വര്‍ണങ്ങളിലുള്ള പൂക്കളെപ്പോലെ വിവിധ വേഷങ്ങളുടെയും നിറങ്ങളുടെയും സമന്വയം തീര്‍ക്കുന്ന അഴകിനാല്‍ മഴവില്ല് തീര്‍ക്കാം. നമുക്ക് അതിന് സാധിക്കും. എലീനര്‍ റൂസ്വെല്‍റ്റ് പറയുന്നപോലെ 'ഥീൗ ാൗേെ ൃ്യേ വേശിഴ െംവശരവ ്യീൗ വേശിസ ്യീൗ രമിിീ േറീ.' നമുക്ക് ചെയ്യാന്‍ കഴിയുകയില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ നാം ചെയ്തു നോക്കേണ്ടതുണ്ട്. അപ്പോഴാണ് നമുക്ക് ഇത്രയും കഴിയുമായിരുന്നു എന്ന് നാം തിരിച്ചറിയുക. ആ തിരിച്ചറിവും സന്നദ്ധതയും ഉള്ളിടത്തോളം കാലം നമ്മെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, നാം വിജയം കാണുക തന്നെ ചെയ്യും.