മുന്‍മന്ത്രി എം. കമലം അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. ഞങ്ങള്‍ വാത്സല്യത്തോടെ കമലേടത്തി എന്ന് വിളിച്ചിരുന്ന മന്ത്രി എം. കമലം കോഴിക്കോട്ടെ വീട്ടിലുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ ഒരു അപ്പോയിന്റ്‌മെന്റ് ഫിക്‌സ് ചെയ്തു. നേരിട്ടു സന്ദര്‍ശിക്കാമെന്നായിരുന്നു വിചാരിച്ചത്. ഒരു എസൈന്‍മെന്റ് സബ്മിറ്റ് ചെയ്യേണ്ടതിനാല്‍ സംഭാഷണം ഫോണിലൂടെയാകാമെന്ന് കരുതി. ഞാന്‍ കമലേടത്തിക്ക് വിളിച്ചു. ഔപചാരികതകളില്ലാതെ സാധാരണ സംഭാഷണമാവാം എന്ന് കരുതി. ഒരു സാധാരണ കുടുംബത്തിലെ, ഉദ്യോഗം അത്യന്താപേക്ഷിതമെന്ന് ഞാന്‍ കരുതുന്ന ഒരു പയ്യന്റെ നിയമനമായിരുന്നു വിഷയം. ഞാന്‍ കമലേടത്തിയോട് ചോദിച്ചു; അമ്പതിനായിരം രൂപയാണ് കൈക്കൂലിയെന്ന് കേള്‍ക്കുന്നു? കമലേടത്തി ചിരിച്ചു. പത്തുപൈസ കൊടുക്കാതെത്തന്നെ നിയമനം ഉറപ്പുവരുത്തിയ സ്വകാര്യത ഞാന്‍ ഉള്ളില്‍ കൊണ്ടു നടന്നു- അതാണ് നാട്ടുകാരുടെ കമലേടത്തി.
കേരളത്തില്‍ ജനാധിപത്യ സംവിധാനത്തിന്റെ വളര്‍ച്ചയുടെ വഴികള്‍ തൊട്ടറിഞ്ഞ സ്ത്രീസാന്നിധ്യമായിരുന്നു അവര്‍. മലബാറില്‍നിന്നുള്ള ആദ്യ വനിതാ മന്ത്രി. എന്നും എക്കാലവും കോഴിക്കോട്ടുകാര്‍ക്ക് എം. കമലം 'കമലേടത്തി' ആയിരുന്നു. ചെറുപ്പത്തില്‍ നഗരസഭാ കൗണ്‍സിലറായപ്പോഴും പിന്നീട് എം.എല്‍.എയും മന്ത്രിയും ആയപ്പോഴും ആ വിളിക്ക് മാറ്റമുണ്ടായില്ല. നിലപാടുകളിലെ കാര്‍ക്കശ്യത്തിനൊപ്പം എം. കമലം എന്നും വാത്സല്യവും സ്‌നേഹവും കാത്തുസൂക്ഷിച്ചിരുന്നു.
ഉപ്പുസത്യാഗ്രഹത്തിന് ജയ് വിളിക്കാന്‍ മുന്നിലുണ്ടായിരുന്ന കോലളാത്ത് കൃഷ്ണന്റെ മകള്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധി എന്ന വാക്കിനു സ്ഥാനമില്ലായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷമാണ് എം. കമലം ആദ്യമായി അമ്മയായത്. നടക്കാവിലെ വീട്ടില്‍ ഭര്‍ത്താവ് എം. സാമിക്കുട്ടിക്കും കടിഞ്ഞൂല്‍ കുഞ്ഞിനുമൊപ്പം സംതൃപ്ത കുടുംബിനിയായി കഴിഞ്ഞ കാലം. 1948-ല്‍ നഗരസഭയുടെ മൂന്നാം വാര്‍ഡില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെ തേടുകയായിരുന്നു പാര്‍ട്ടി. പ്രസവം കഴിഞ്ഞ് വെറും മൂന്നാഴ്ച മാത്രം പിന്നിട്ടിരുന്നതിനാലും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാതിരുന്നതിനാലും കമലം അവരെ മടക്കിയയച്ചു.
പക്ഷേ, കോഴിപ്പുറത്ത് മാധവമേനോനും കെ.പി കൃഷ്ണന്‍ നായരും ഉള്‍പ്പെടെയുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കമലത്തെ അങ്ങനെ വിടാന്‍ തയാറായില്ല. അവര്‍ കമലത്തിന്റെ ഭര്‍ത്താവ് സാമിയെ സമീപിച്ചു. ഭര്‍ത്താവ് പറഞ്ഞതുകൊണ്ടുമാത്രം ഒരു വെള്ള പേപ്പറില്‍ ഒപ്പിട്ടു കൊടുത്തതാണ് കമലത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്.
അപ്പോഴും താനൊരു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമ്മത പത്രത്തിലാണ് ഒപ്പിട്ടതെന്ന് കമലത്തിന് അറിയുമായിരുന്നില്ല. നാമനിര്‍ദേശ പത്രിക കൊടുത്ത ഉടന്‍ വിജയിക്കാന്‍ കഴിഞ്ഞു എന്ന അപൂര്‍വഭാഗ്യവും കമലത്തിന് സ്വന്തം. മറ്റാരും പത്രിക സമര്‍പ്പിക്കാതിരുന്നതിനാല്‍ കമലം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ്സുകാരിയായിരുന്നിട്ടും അടിയന്തരാവസ്ഥാ കാലത്ത് കെ. അജിതക്കും മന്ദാകിനി(കുന്നിക്കല്‍ നാരായണന്റെ ഭാര്യ)ക്കുമൊപ്പം ജയിലില്‍ കിടന്നിട്ടുണ്ട്, കമലം. കേരളത്തില്‍ കോണ്‍ഗ്രസിന് വെറും മൂന്ന് കെ.പി.സി.സി സെക്രട്ടറിമാരുണ്ടായിരുന്ന കാലത്ത് അതിലൊരാള്‍ കമലമായിരുന്നു.
സംഘടനാ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന കമലം, അടിയന്തരാവസ്ഥക്കുശേഷം ജനതാപാര്‍ട്ടിയില്‍ കോഴിക്കോട്ടുനിന്ന് ജനവിധി തേടി, തോറ്റു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
കേരളത്തില്‍ ഇതുവരെയുള്ള വനിതാ മന്ത്രിമാരുടെ എണ്ണം എട്ട്. അതിലൊരാളാകാനും മലബാറില്‍നിന്നുള്ള ആദ്യ വനിതാ മന്ത്രിയാകാനും എം. കമലത്തിന് നിയോഗമുണ്ടായി.