ആകാശത്തിനു മേലെ മലയാളം പറഞ്ഞ്
ഇഷ അഫ്‌സാന
മാര്‍ച്ച് 2020
'മാന്യയാത്രക്കാര്‍ ശ്രദ്ധിക്കുക, നമ്മള്‍ ഉടന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതാണ്. നിങ്ങള്‍ സുരക്ഷിതമായി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉടന്‍ ഉറപ്പുവരുത്തുക, നന്ദി.'
'മാന്യയാത്രക്കാര്‍ ശ്രദ്ധിക്കുക, നമ്മള്‍ ഉടന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതാണ്. നിങ്ങള്‍ സുരക്ഷിതമായി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉടന്‍ ഉറപ്പുവരുത്തുക, നന്ദി.'
ദല്‍ഹിയില്‍നിന്നും മുംബൈ വഴി കരിപ്പൂരിലേക്കുള്ള വിമാനത്തിലെ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെയുള്ള മലയാളത്തിലുള്ള അനൗണ്‍സ്മെന്റ് കേട്ട് പ്രഭ റാണി 30 വര്‍ഷം പുറകിലേക്ക് പോയി. ചരിത്രത്തില്‍ ആദ്യമായി ഒരു വിമാനത്തില്‍ മലയാളം മുഴങ്ങിയതിന് നന്ദി പറയേണ്ടത് കോഴിക്കോട്ടുകാരി എയര്‍ഹോസ്റ്റസ് പ്രഭ റാണിയോടാണ്.
സൈന്‍ മുസിരിസ് സംവിധാനം ചെയ്യുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രം പറയുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ദല്‍ഹിയില്‍ സ്ഥിര താമസക്കാരിയായ മുന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥ പ്രഭ റാണി കോഴിക്കോട്ടെത്തിയത്. 31 വര്‍ഷം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയില്‍ പൗര പ്രമുഖരുമായി ബോംബെയില്‍നിന്നും കരിപ്പൂരിലേക്കുള്ള ആദ്യ യാത്രാ വിമാനം പറന്നുയര്‍ന്നപ്പോഴാണ് മധുര മലയാളം ആദ്യമായി ആകാശത്ത് മുഴങ്ങിയത്.
ബിസിനസ്സുകാരനായ കോട്ടിയാട്ടില്‍ മാധവന്റെയും കോഴിക്കോട് ഡി.ഇ.ഒ ആയി വിരമിച്ച സുശീലയുടെയും 2 മക്കളില്‍ ഇളയവളായ പ്രഭ റാണി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷമാണ് എയര്‍ഹോസ്റ്റസ് ആയി ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലിക്ക് ചേരുന്നത്. ഏക സഹോദരി ജയറാണിക്കും ഇതേ ജോലി ലഭിച്ചെങ്കിലും അവര്‍ ദല്‍ഹിയിലെ മറ്റൊരു സ്ഥാപനത്തില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 15 വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രഭയുടെ സ്വന്തം നാട്ടില്‍ ഒരു എയര്‍പോര്‍ട്ട് ഉണ്ടാകുന്നത്. ദല്‍ഹി കേന്ദ്രമാക്കിയുള്ള റൂട്ടുകളില്‍ ജോലിയായിരുന്നതിനാല്‍ പ്രഭക്ക് ജോലിയുടെ ഭാഗമായി നാട്ടിലേക്ക് വരാന്‍ കഴിയില്ലായിരുന്നു. കരിപ്പൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന്റെ തലേന്ന് വൈകുന്നേരം പെട്ടെന്നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡെപ്യൂട്ടി എം.ഡി മലയാളിയായ എന്‍.എസ് രാമചന്ദ്രന്റെ സന്ദേശം പ്രഭക്ക് ലഭിക്കുന്നത്. കോഴിക്കോട്ടേക്കുള്ള ആദ്യ യാത്രാ വിമാനത്തില്‍ സര്‍വീസിന് തയാറാവാനായിരുന്നു ആ സന്ദേശം. ലോകത്തെ ഒട്ടേറെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയിട്ടുള്ള പ്രഭയുടെ സ്വപ്‌നമായിരുന്നു ജന്മനാട്ടില്‍ വിമാനമിറങ്ങുകയെന്നത്. ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹം കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ സഫലമാകുമെന്നറിഞ്ഞ പ്രഭക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. പിറ്റേന്ന് രാവിലെ ബോംബെ സാന്താക്രൂസ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, വിമാനത്താവളത്തിന് മുന്നില്‍ ജമന്തിയും ചെത്തിപ്പൂക്കളും കൊണ്ട് തീര്‍ത്ത വരവേല്‍പ്പ് കവാടം. അതിന് മുകളില്‍ മലയാളത്തില്‍ 'സ്വാഗതം' എന്ന് എഴുതിയിരിക്കുന്നു. താഴെ താലപ്പൊലിയുമായി കസവു സാരിയുടുത്ത പെണ്‍കുട്ടികള്‍. അകത്ത് ചെക്ക്-ഇന്‍ കൗണ്ടറിന് സമീപം നിറപറയും കതിര്‍ക്കുലയും മുന്നില്‍ 7 തട്ടുകളുള്ള നിറഞ്ഞു കത്തുന്ന നിലവിളക്കും. കൗണ്ടറിന് മുകളില്‍ ബോംബെ-കാലിക്കറ്റ്, ഫ്‌ളൈറ്റ് നമ്പര്‍ കഇ 197 എന്ന് എഴുതിയിരിക്കുന്നു. ബോര്‍ഡിങ് കാര്‍ഡ് നല്‍കാനായി രണ്ട് മലയാളി വനിതകള്‍; ലീല നായരും എലിസബത്ത് ജോസഫും. രാവിലെ 7 മണിയോടെ കൗണ്ടറിന് മുന്നില്‍ ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കുന്ന മന്ത്രിമാരും എം.പിമാരും ബിസിനസ്സുകാരും പത്രപ്രതിനിധികളും അടങ്ങുന്ന യാത്രക്കാര്‍ എത്തി. അന്നത്തെ വ്യോമയാന മന്ത്രിയും ഉദ്ഘാടകനുമായിരുന്ന മോത്തിലാല്‍ വോറ നിലവിളക്ക് കത്തിച്ചു. കേരള ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹ വിമാന വാതിലില്‍ കെട്ടിയിരുന്ന ചുവപ്പുനാട മുറിച്ച് വിമാനത്തിലേക്ക് കയറി, പിന്നാലെ മറ്റുള്ളവരും ബോര്‍ഡിങ് പാസ്സ് വാങ്ങി വിമാനത്തിലേക്ക് കയറി. പ്രഭ റാണി എല്ലാവരെയും അഭിവാദ്യം ചെയ്ത് വിമാനത്തിലേക്ക് ആനയിച്ചു. അന്ന് ഉദ്ഘാടനത്തിനായി ഇന്ത്യന്‍ എയര്‍ലൈന്‍സ് ഢഠഋഗഉ എന്ന രജിസ്‌ട്രേഷനില്‍ ഉള്ള ബോയിങ്ങിന്റെ 737-200 വിമാനമാണ് തയാറാക്കി നിര്‍ത്തിയിരുന്നത്. വിമാനത്തില്‍ യാത്രക്കാര്‍ എല്ലാവരും കയറിയ ഉടനെ പ്രഭയെ ക്യാപ്റ്റന്‍ വിളിക്കുന്നതായി ഫ്‌ളൈറ്റ് പഴ്‌സര്‍ രാമചന്ദ്ര അയ്യര്‍ അറിയിച്ചു. കോക്ക്പിറ്റില്‍ ചെന്നപ്പോള്‍ അവിടെയുമുണ്ടായിരുന്നു കൗതുകം. ആ ചരിത്ര വിമാനം നിയന്ത്രിക്കുന്നത് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഡെപ്യൂട്ടി എം.ഡിയും മലപ്പുറത്തുകാരനുമായ ക്യാപ്റ്റന്‍ എന്‍.എസ് രാമചന്ദ്രനും സഹപൈലറ്റ് അദ്ദേഹത്തിന്റെ മകന്‍ ശേഖറുമായിരുന്നു. രക്തബന്ധമുള്ളവര്‍ ഒരേ വിമാനത്തില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന നിയമത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ വൈമാനിക അധ്യാപകനായിരുന്ന ക്യാപ്റ്റന്‍ രാമചന്ദ്രന് ഇളവനുവദിച്ചതോടെ മലപ്പുറത്തെ വിമാനത്താവളത്തിലേക്ക് മലപ്പുറത്തുകാരായ അഛനും മകനും ഉദ്ഘാടന വിമാനം പറത്തിയെത്തിയെന്നത് ചരിത്രത്തിന്റെ ഭാഗമായി.
വിമാനത്തില്‍ യാത്രക്കാരെയെല്ലാം മലയാളത്തില്‍ സ്വാഗതം ചെയ്യാന്‍ പറ്റുമോ എന്നന്വേഷിക്കാനായിരുന്നു ക്യാപ്റ്റന്‍ വിളിപ്പിച്ചത്. അതോടെ സന്തോഷമിരട്ടിച്ച പ്രഭ വേഗം തന്നെ ഫ്‌ളൈറ്റ് അനൗണ്‍സ്മെന്റ്, ഫോര്‍മാറ്റ് നോക്കി മലയാളത്തിലേക്കാക്കി. യാത്രക്കാരില്‍ മുന്‍ പരിചയം ഉണ്ടായിരുന്ന മാതൃഭൂമി ദല്‍ഹി ലേഖകന്‍ മാധവന്‍ കുട്ടിയെ കാണിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തി മലയാളത്തില്‍ അനൗണ്‍സ് ചെയ്തു:
'മാന്യ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 197 വിമാന സര്‍വീസിലേക്ക് സ്വാഗതം! 1 മണിക്കൂര്‍ 35 മിനിറ്റുകള്‍ക്ക് ശേഷം ഈ വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതാണ്. ഏവര്‍ക്കും ശുഭയാത്ര.'
അതോടെ ആ അനൗണ്‍സ്മെന്റ് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. മലയാളത്തിലുള്ള അനൗണ്‍സ്മെന്റിനു പുറമെ നല്ല മലയാളി സദ്യയും ഉദ്ഘാടന വിമാനത്തില്‍ വിളമ്പിയതോടെ ആവേശം ഉന്നതിയിലെത്തി. കൂടാതെ കന്നിയാത്രക്കാര്‍ക്കെല്ലാം സ്‌പെഷ്യല്‍ സമ്മാനവുമുണ്ടായിരുന്നു. 'കിിമൗഴൗൃമഹ ളഹശഴവ,േ ബോംബെ-കാലിക്കറ്റ്, 13 ഏപ്രില്‍ 1988' എന്ന് രേഖപ്പെടുത്തിയ കീചെയിനും ഒരു സ്‌കാര്‍ഫും. ഇറങ്ങാന്‍ നേരവും മലയാളത്തില്‍ ആണ് അനൗണ്‍സ്മെന്റ് നടത്തിയത്.
കരിപ്പൂരില്‍ സഹോദരി ജയറാണി ഒരു പൊതി കായ വറുത്തതുമായി പ്രഭയെ കാത്തുനില്‍പുണ്ടായിരുന്നു. കരിപ്പൂരില്‍നിന്നുള്ള ആദ്യ വിമാനത്തില്‍ ആ കായ വറുത്തതുമായിട്ടാണ് പ്രഭ പറന്നത്. ഇന്നും കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഓരോ പ്രവാസിയുടെ ബാഗേജിലും കാണും കായ വറുത്തത്. കഴിഞ്ഞ തവണ വയനാട് എം.പി രാഹുല്‍ ഗാന്ധി കരിപ്പൂരില്‍നിന്നും ദല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അരീക്കോട്ടെ ഒരു ബേക്കറിയില്‍നിന്ന് കായ വറുത്തത് വാങ്ങി കൊണ്ടുപോയത് വാര്‍ത്തയായിരുന്നു.
തന്റെ സുവര്‍ണ കാലഘട്ടത്തിലെ സുവര്‍ണ നിമിഷങ്ങളെ വിവരിക്കുമ്പോള്‍ പ്രഭ റാണി വളരെ ആനന്ദവതിയായിരുന്നു. പിന്നീട് കരിപ്പൂരിലേക്കുള്ള ഒട്ടേറെ യാത്രകളില്‍ എയര്‍ഹോസ്റ്റസ്സായി പ്രഭ റാണി ഉണ്ടായിരുന്നു. കരിപ്പൂരില്‍നിന്നും ആരംഭിച്ച ഷാര്‍ജയിലേക്കുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസിലും ഇന്ത്യന്‍ എയര്‍ലൈന്‍സ് തെരഞ്ഞെടുത്തത് പ്രഭയെ തന്നെയാണ്.
രാജ്യത്തൊട്ടാകെയുള്ള എയര്‍ഹോസ്റ്റസ്സുകള്‍ എക്കാലവും പ്രഭ റാണിയോട് കടപ്പെട്ടിരിക്കുന്നു. എയര്‍ഹോസ്റ്റസ്സുമാരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയതിന്റെ ക്രെഡിറ്റ് അവര്‍ക്ക് അവകാശപ്പെട്ടതാണ്. അവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് എയര്‍ഹോസ്റ്റസ്സുമാരുടെ വിരമിക്കല്‍ പ്രായം 35-ല്‍ നിന്ന് 45 ആക്കിയത്. കൂടാതെ എയര്‍ഹോസ്റ്റസ്സുമാര്‍ക്ക് വിവാഹിതരാവാനുള്ള അവകാശത്തെ ചൊല്ലിയുള്ള നിയമയുദ്ധത്തിന് നേതൃത്വം നല്‍കിയതും പ്രഭ റാണിയാണ്.
വി.വി.ഐ.പികളുടെ വിമാനയാത്രകളില്‍ സേവനത്തിനായുള്ള ജോലി മികവ് കണക്കാക്കി തെരഞ്ഞെടുത്ത 16 പേരില്‍ പ്രധാനിയായിരുന്നു പ്രഭ. പലപ്പോഴും മുന്‍ പൈലറ്റ്കൂടെയായിരുന്ന അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമാനത്തില്‍ സേവിക്കാന്‍ പ്രഭക്ക് അവസരം കിട്ടുമായിരുന്നു. ഒരിക്കല്‍ കിട്ടിയ അവസരം മുതലെടുത്ത് ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 15-ഉം 16-ഉം പറയുന്ന ജോലിയിടങ്ങളിലെ ലിംഗ വേര്‍തിരിവിനെ കുറിച്ച് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തിയ പ്രഭ, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ സ്ത്രീകളുടെ വിരമിക്കല്‍ പ്രായം 45 ആയെങ്കിലും പുരുഷന്മാരുടേത് 58 ആണെന്ന് ഓര്‍മപ്പെടുത്തി. അതോടെ പ്രഭയെ രാജീവ് ഗാന്ധി അഭിനന്ദിക്കുകയും ഒരാഴ്ചക്കകം ഇന്ത്യന്‍ എയര്‍ഹോസ്റ്റസ്സുമാരുടെ വിരമിക്കല്‍ പ്രായം പുരുഷന്മാര്‍ക്കൊപ്പം 58 വയസ്സാക്കി ഉത്തരവിടുകയും ചെയ്തു.
2007-ല്‍ സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ സര്‍വീസസ് മാനേജറായിരുന്നു പ്രഭ റാണി.