പ്രതിസന്ധി കാലത്തെ വിശ്വാസി
ടി. മുഹമ്മദ് വേളം
മാര്‍ച്ച് 2020
പൗരത്വനിഷേധ ഭീഷണി ഇന്ത്യയിലെ മുസ്‌ലിംകളില്‍ ചിലരെയെങ്കിലും ഉലച്ചുകളഞ്ഞിട്ടുണ്ട്. ഭയാശങ്കകള്‍ പലേടത്തും മുറ്റിനില്‍ക്കുന്നുണ്ട്
പൗരത്വനിഷേധ ഭീഷണി ഇന്ത്യയിലെ മുസ്‌ലിംകളില്‍ ചിലരെയെങ്കിലും ഉലച്ചുകളഞ്ഞിട്ടുണ്ട്. ഭയാശങ്കകള്‍ പലേടത്തും മുറ്റിനില്‍ക്കുന്നുണ്ട്. സമരങ്ങളുടെ പോലും ഊര്‍ജമായി ചിലപ്പോള്‍ ഭയം വര്‍ത്തിക്കുന്നു. ഒപ്പം നിരാശയും മറ്റു നിഷേധാത്മക വികാരങ്ങളും ചിലതിലെങ്കിലും വളരുന്നുണ്ട്. ആപത്തുകാലത്തും വിശ്വാസിയുടെ മനസ്സ് ക്രിയാത്മകമായും ധനാത്മകമായുമാണ് (Positive) പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കേണ്ടത്. ഇനി എന്തിന് പഠിക്കണം, കച്ചവടം ചെയ്യണം, വരുമാനത്തില്‍ വര്‍ധനവുണ്ടാക്കണം, വീടു വെക്കണം, വീടു നന്നാക്കണം എന്നൊക്കെയുള്ള ചിന്ത ചിലരെയെങ്കിലും പിടികൂടുന്നുണ്ട്.
വിശ്വാസിയുടെ ഭൗതിക പ്രവര്‍ത്തനങ്ങളില്‍ ഭൗതികതലത്തോടൊപ്പം ഒരാത്മീയ തലം കൂടിയുണ്ട്. വിശ്വാസി അറിവ് സമ്പാദിക്കുന്നത് അറിവ് നേടാനും അതിന്റെ ഭൗതിക ഫലങ്ങള്‍ ആര്‍ജിക്കാനും മാത്രമല്ല, അറിവ് നേടുക എന്നത് സ്വയം തന്നെ ഒരു പുണ്യകര്‍മമാണ്. ഭൗതിക നേട്ടത്തോടൊപ്പം ഈ പുണ്യം കൂടിയാണ് അറിവ് നേടാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസി തേടുന്നതും നേടുന്നതും. അറിവ് മതപരമെന്നും മതേതരമെന്നുമുള്ള വിഭജനം ഇസ്‌ലാമിലില്ല. മനുഷ്യന് ഗുണപ്രദമാവുന്ന എല്ലാ അറിവും ഇസ്‌ലാമിക കാഴ്ചയില്‍ അറിവാണ്. ഉപകാരപ്രദമായ വിജ്ഞാനം എന്നാണ് നല്ല അറിവിനെക്കുറിച്ച് ഇസ്‌ലാം നല്‍കുന്ന തിരിച്ചറിയല്‍ രേഖ. അറിവിന്റെ വഴിയില്‍ പ്രവേശിച്ചവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കപ്പെടുന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. വിശ്വാസി നട്ട മരങ്ങള്‍ ഭൂമിയില്‍ കായ്കനികള്‍ നല്‍കുക മാത്രമല്ല ചെയ്യുന്നത്, അത് സ്വര്‍ഗത്തില്‍ പ്രതിഫലത്തിന്റെ കായ്ഫലങ്ങളായും വര്‍ത്തിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു; ഭൂമിയില്‍ നട്ട മരങ്ങളില്‍നിന്ന് പക്ഷികള്‍ തിന്നുമ്പോഴും മനുഷ്യരോ മറ്റു ജീവികളോ ഭക്ഷിക്കുമ്പോഴുമെല്ലാം. ചെടികള്‍ നടുന്ന ഏതൊരാള്‍ക്കും ചെടി ഭൂമിയില്‍ തരുന്നത്രയും ഫലം അല്ലാഹു പരലോകത്ത് തരുമെന്ന് പ്രവാചകന്‍ പറയുന്നുണ്ട്. സത്യസന്ധനായ കച്ചവടക്കാരനും ഞാന്‍ ശാശ്വത ലോകത്ത് ഒരുമിച്ചായിരിക്കുമെന്ന് സന്തോഷം പ്രവാചകന്‍ ലോകാവസാനം വരെയുള്ള കച്ചവടക്കാര്‍ക്ക് കൈമാറുന്നു. ഇങ്ങനെ ലൗകിക ജീവിതത്തിന് പുണ്യത്തിന്റെ രുചി നല്‍കുന്ന എത്രയോ പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും. വിശ്വാസി ലൗകിക ജീവിതം കൊണ്ട് ലൗകിക ലാഭം നേടുകയും ഒപ്പം പാരത്രികമായ പുണ്യം നേടുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ഭൗതികമായ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഇനി അധ്വാനിക്കേണ്ടതില്ല എന്ന മനോഗതം വിശ്വാസിയുടേതല്ല. ഏതു പ്രതിസന്ധിയിലും അവന്‍ ആരാധനകള്‍ നിര്‍വഹിക്കുന്ന പോലെത്തന്നെ ഭൗതികമായി അധ്വാനിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആരാധനയിലൂടെയും അധ്വാനത്തിലൂടെയും അല്ലാഹുവിനോട് സഹായം തേടിക്കൊണ്ടിരിക്കും. കര്‍മം ഫലദായകം മാത്രമല്ല, കര്‍മം സ്വയം തന്നെ പുണ്യമാണ്. നിഷ്‌ക്രിയത്വം പാപമാണ്. നിഷ്‌ക്രിയത്വം നിരാശയില്‍നിന്നും മടിയില്‍നിന്നും ഉണ്ടാകുന്നതാണ്. ഇവ രണ്ടും പ്രവാചകന്‍ വിലക്കിയ മനോഗതങ്ങളാണ്. നിരാശ പൈശാചികമായ മനോഭാവമാണ്. ഇബ്‌ലീസ് എന്ന വാക്കിന്റെ അര്‍ഥം തന്നെ നിരാശനായവന്‍ എന്നാണ്. 'അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നന്ദികെട്ടവര്‍ അല്ലെങ്കില്‍ നിഷേധികള്‍ മാത്രമേ ദൈവകാരുണ്യത്തില്‍ നിരാശരാവുകയുള്ളൂ' എന്ന് യഅ്ഖൂബ് നബി പറഞ്ഞതായി സൂറ യൂസുഫില്‍ അല്ലാഹു ഉദ്ധരിക്കുന്നുണ്ട്. യൂസുഫിനെ നഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ക്കുശേഷം യൂസുഫിനെ നഷ്ടപ്പെടുത്തിയ മക്കളിലൂടെ യൂസുഫിന്റെ അനുജന്‍ ബെന്‍യാമീനെയും നഷ്ടപ്പെട്ടുവെന്ന വിവരമറിഞ്ഞപ്പോഴാണ് യഅ്ഖൂബ് നബി ഇതു പറഞ്ഞത്. എന്റെ പ്രിയമക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിച്ച് നോക്കുവിന്‍ എന്നു പറഞ്ഞ ശേഷമാണ് ദൈവകാരുണ്യത്തെക്കുറിച്ച ഈ പൊതുതത്വം യഅ്ഖൂബ് നബി പറയുന്നത് (യൂസുഫ് 87). നിരാശ അനര്‍ഥങ്ങളെ മാത്രമേ പ്രസവിക്കുകയുള്ളൂ. കടംകൊണ്ട് വലഞ്ഞ് പള്ളിയില്‍ വന്നിരുന്ന അബൂ ഉമാമ എന്ന അന്‍സ്വാരിയെ പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനയാണ്; '..അല്ലാഹുവേ, ഞാന്‍ നിന്നോട് ദുഃഖത്തില്‍നിന്നും മനഃക്ലേശത്തില്‍നിന്നും ദുര്‍ബലതയില്‍നിന്നും മടിയില്‍നിന്നും ഭീരുത്വത്തില്‍നിന്നും പിശുക്കില്‍നിന്നും കടം കീഴടക്കുന്നതില്‍നിന്നും അടക്കിഭരിക്കലില്‍നിന്നും അഭയം തേടുന്നു...'
കേലവ ഭൗതിക ലക്ഷ്യത്തോടെ മാത്രമല്ലാത്ത ഭൗതിക പ്രവര്‍ത്തനം എന്നതാണ് വിശ്വാസിയെ വ്യത്യസ്തനാക്കുന്ന ഘടകം. ഭൗതിക ഫലം ലഭിച്ചില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് പുണ്യം ലഭിക്കും. നബി(സ) പറയുന്നു: 'ഒരാള്‍ തൈ നടാനൊരുങ്ങുമ്പോഴാണ് ലോകം അവസാനിക്കുന്നതെങ്കില്‍ പോലും അതിനു മുമ്പ് അത് നടാന്‍ കഴിയുമെങ്കില്‍ അയാള്‍ നടട്ടെ.' ഭൗതിക പ്രവര്‍ത്തനങ്ങള്‍ ഭൗതിക പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല എന്നതാണ് ഈ അധ്യാപനത്തിന്റെ അര്‍ഥം. ഭൗതിക പ്രവര്‍ത്തനങ്ങള്‍ ഈ ലോകത്ത് ഫലം നല്‍കാന്‍ സാധ്യതയുമില്ലാത്ത ഘട്ടത്തിലും ചെയ്യണമെന്നു പറയുന്നതിന് ഒരു യുക്തി മാത്രമേ ഉണ്ടാവാനിടയുള്ളൂ; അവ സ്വയം തന്നെ പുണ്യപ്രവര്‍ത്തനങ്ങളാണെന്നതാണത്.
ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) തന്റെ പിതാവ് ജുസൈമയെ ഇങ്ങനെ ഉപദേശിച്ചതായി ഇമാറ ഉദ്ധരിക്കുന്നു: 'സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ താങ്കള്‍ തീരുമാനമെടുക്കണം.' അപ്പോള്‍ പിതാവ് പറഞ്ഞു: 'എനിക്കു വയസ്സായി. ഇന്നോ നാളെയോ മരിക്കാനിരിക്കുന്ന ഞാനെന്തിന് കൃഷി ചെയ്യണം?' ഉമര്‍ (റ) പറഞ്ഞു: 'അവിടെ കൃഷി ചെയ്യുമെന്നു തന്നെ താങ്കള്‍ തീരുമാനമെടുക്കണം.' ഇതു പറഞ്ഞ ശേഷം ഉമര്‍(റ) തന്റെ കൈകൊണ്ട് പിതാവിനൊപ്പം ചെടികള്‍ നട്ടു. കര്‍മഫലമായി പുണ്യം ലഭിക്കുമെന്ന പ്രവാചക വാക്കാണ് ഈ പ്രേരണക്കു പിന്നില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്. ലൗകികവും അലൗകികവുമായ കര്‍മങ്ങള്‍ കൊണ്ട് നിരന്തരമായി പുണ്യം നിര്‍മിക്കുന്നവരാണ് വിശ്വാസികള്‍. നെറ്റിയില്‍ വിയര്‍പ്പുതുള്ളിയുമായി മരിക്കുന്നവനാണ് വിശ്വാസി എന്ന ഉത്തമവിശ്വാസിയെക്കുറിച്ച് പ്രവാചകന്‍ വാക്കുകള്‍ കൊണ്ട് വരച്ച ചിത്രം വിശ്വാസിയെ ഏതവസ്ഥയിലും കര്‍മോത്സുകനാക്കുന്ന ഒന്നാണ്.