മുന്നില്‍ നില്‍ക്കാന്‍ ഞങ്ങളുണ്ട്
വനിതാ മുന്നേറ്റത്തിന്റെയും ശാക്തീകരണത്തിന്റെയും മന്ത്രധ്വനികളുയര്‍ത്തിയാണ് മാര്‍ച്ച് 8 എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നത്. സാമൂഹികധാരയോട് സര്‍ഗാത്മകതയോടെ സംവദിക്കാനും
വനിതാ മുന്നേറ്റത്തിന്റെയും ശാക്തീകരണത്തിന്റെയും മന്ത്രധ്വനികളുയര്‍ത്തിയാണ് മാര്‍ച്ച് 8 എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നത്. സാമൂഹികധാരയോട് സര്‍ഗാത്മകതയോടെ സംവദിക്കാനും ക്രിയാത്മക ഇടപെടലുകള്‍ നടത്താനും സ്ത്രീയെ വലിയൊരളവോളം പ്രാപ്തമാക്കിയത് സ്ത്രീ ക്ഷേമത്തിനായി പദ്ധതികളും ഫണ്ടും സര്‍ക്കാറും സാമൂഹിക മത പ്രസ്ഥാനങ്ങളും മാറ്റിവെച്ചതുകൊണ്ടു കൂടിയാണ്. സമയവും സൗകര്യങ്ങളും തനിക്കുവേണ്ടി ചെലവഴിക്കാന്‍ സ്ത്രീ തയാറാവുകയും സ്ത്രീയെ മാനിക്കാനും അംഗീകരിക്കാനുമുള്ള പക്വത പുരുഷന്മാര്‍ ആര്‍ജിക്കുകയും ചെയ്തപ്പോള്‍ ഏറക്കുറെ സ്ത്രീ സാമൂഹിക നവോത്ഥാനം സാധ്യമാകുന്ന കാഴ്ചയാണ് ലോകമെങ്ങും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. മതപരമായി എല്ലാ സമുദായക്കാരിലെ സ്ത്രീയിലും സാധ്യമായ ശാക്തീകരണ മുന്നേറ്റം മുസ്‌ലിം സ്ത്രീയിലും വളരെ ഉയര്‍ന്ന തോതില്‍ നടന്നിട്ടുണ്ട്.
പക്ഷേ മുസ്‌ലിം സ്ത്രീ മുന്നേറ്റത്തെയും വിദ്യാഭ്യാസ സാമൂഹിക ഉണര്‍വിനെയും അംഗീകരിക്കാനും കണ്ടില്ലെന്നു നടിക്കാനുള്ള പ്രവണതയും ബോധപൂര്‍വം മറുഭാഗത്ത് ചിലരെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പ്രത്യേകിച്ചും അക്കാദമിക മതേതര രംഗത്തെ പ്രമുഖരെന്നു പറയപ്പെടുന്നവരില്‍. അവരെ സംബന്ധിച്ചേടത്തോളം മതപരമായ ചിഹ്നങ്ങള്‍ അണിയുന്ന മുസ്‌ലിം സ്ത്രീ എത്രതന്നെ വിദ്യാഭ്യാസമുള്ളവളാണെങ്കിലും ഉന്നത നിലയിലാണെങ്കിലും അവരെ അംഗീകരിക്കാന്‍ കഴിയാത്തത്ര മാനസികാവസ്ഥ വളര്‍ന്നിട്ടുണ്ട്. പുരുഷ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറത്ത് സാധ്യതകള്‍ കാണാന്‍ കഴിയാത്തവരാണ് മുസ്‌ലിം സ്ത്രീ എന്ന ധാരണ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ബാഹ്യമായ കര്‍തൃത്വ പരിരക്ഷയും മേല്‍നോട്ടവും സംരക്ഷണവും അവള്‍ക്കു വേണ്ടതുണ്ട് എന്നാണ് പൊതുബോധം കരുതിയത്.
എന്നാല്‍ ഈ ധാരണകള്‍ സ്വയം തിരിച്ചറിവില്ലാത്തതിന്റെ പേരിലാണെന്നു അടിവരയിട്ടു പറയുകയാണ,് നാടൊട്ടുക്കും ഉയര്‍ന്നു പൊങ്ങുന്ന ശാഹീന്‍ ബാഗുകള്‍. ദല്‍ഹിയിലെ തണുപ്പിനെ അവഗണിച്ച് പൊരുതുന്ന സ്ത്രീകള്‍ ചരിത്രബോധവും രാഷ്ട്രീയപക്വതയും സ്വത്വബോധവും ഉള്ളവരാണെന്നു നാള്‍ക്കുനാള്‍ തെളിയിക്കുകയാണ്. ഇന്ത്യ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തിപ്പിടിക്കാനാണവര്‍ പൊരുതുന്നത്. ഭരണഘടനാ മൂല്യങ്ങളെ, അതിന്റെ അകക്കാമ്പായ മതേതര ചിന്തയെ ഉയര്‍ത്തിപ്പിടിക്കാനാണവര്‍ പൊരുതുന്നത്. ജാമിഅയില്‍നിന്നും ഉയര്‍ന്നുവന്ന ആ ശബ്ദങ്ങള്‍ ഇന്ന് ഇന്ത്യയൊട്ടുക്കും അലയടിക്കുമ്പോള്‍, ഞങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ അണി നിരക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നു പറയുമ്പോള്‍ ഒരു സമുദായത്തിന്റെ മാത്രമല്ല ഒരു രാജ്യത്തിന്റെ തന്നെ പ്രതീക്ഷയും അഭിമാനവുമായി മാറുകയാണിന്ന് മുസ്‌ലിം സ്ത്രീകള്‍.