വിശപ്പകറ്റുന്നതിന് പ്രപഞ്ച സ്രഷ്ടാവ് നിശ്ചയിച്ച പരിഹാരമാണ് ആഹാരം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ ദൃഷ്ടാന്തമാണ് മനുഷ്യനു വേണ്ടി അവന്‍ ഭൂമിയില്‍ വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ സൃഷ്ടിച്ചുവെച്ചത്. ആഹാരമാകുന്ന ദിവ്യാനുഗ്രഹം ഉപയോഗിക്കുമ്പോള്‍ അനുഗ്രഹ ദാതാവിനെക്കുറിച്ച സ്മരണ ആഹാരത്തിനു മുമ്പും അതിനിടയിലും അതിനു ശേഷവും നിലനില്‍ക്കണം. അതിനു സഹായകമായ ചില നിര്‍ദേശങ്ങള്‍ നബി(സ) നല്‍കിയിട്ടുണ്ട്. അതിലൊന്ന് ആഹാരം കഴിക്കുന്നതിനു മുമ്പ് 'ബിസ്മില്ലാഹ്' (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറയലാണ്.
പല അര്‍ഥതലങ്ങളുമുള്ള 'ബിസ്മില്ലാഹ്' (അല്ലാഹുവിന്റെ നാമത്തില്‍) ഉച്ചരിക്കുന്നതോടുകൂടി, താന്‍ കഴിക്കാന്‍ പോകുന്ന ആഹാരം അല്ലാഹു അവന്റെ അനുഗ്രഹമായി നല്‍കിയതാണ് എന്ന ബോധമുണ്ടാകുന്നു. അല്ലാഹു അനുവദിച്ചതും വിഹിത മാര്‍ഗത്തില്‍ സമ്പാദിച്ചതുമാണിതെന്നുമുള്ള ബോധവും അതുണ്ടാക്കുന്നു. എന്ത് കഴിക്കുമ്പോഴും 'ബിസ്മി' ചൊല്ലാമെന്ന നിര്‍ദേശം നിഷിദ്ധമായ വസ്തുക്കളും നിയമവിധേയമല്ലാത്ത മാര്‍ഗേണ നേടിയ വസ്തുക്കളും കഴിക്കുന്നതില്‍നിന്ന് മനുഷ്യനെ തടയുന്നു.
അല്ലാഹുവിന്റെ നാമമുച്ചരിക്കാതിരുന്നാല്‍ പിശാച് ആഹാരത്തില്‍ പങ്കുചേരുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
നബി(സ) പ്രസ്താവിച്ചത് ഞാന്‍ കേട്ടുവെന്ന് പറഞ്ഞുകൊണ്ട് ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവെ സൂക്ഷിക്കുകയാണെങ്കില്‍ പിശാച് പറയും: 'നിങ്ങള്‍ക്കിവിടെ രാത്രി കഴിച്ചുകൂട്ടാന്‍ ഇടവും രാത്രി ഭക്ഷണവുമില്ല.' ഇനി അവന്‍ അല്ലാഹുവെ സ്മരിക്കാതെ വീട്ടില്‍ പ്രവേശിക്കുകയാണെങ്കില്‍ പിശാച് പറയും: 'ഇവിടെ നിങ്ങള്‍ക്ക് രാത്രി കഴിച്ചുകൂട്ടാനുള്ള ഇടം ലഭിച്ചുകഴിഞ്ഞു.' ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ അല്ലാഹുവെ സ്മരിച്ചില്ലെങ്കില്‍ പിശാച് പറയും: 'നിങ്ങള്‍ക്ക് രാത്രി കഴിച്ചുകൂട്ടാനുള്ള ഇടവും രാത്രിഭക്ഷണവും ലഭിച്ചിരിക്കുന്നു'' (മുസ്‌ലിം).
അല്ലാഹുവിന്റെ നാമമുച്ചരിക്കുന്ന സ്ഥലത്ത് അല്ലാഹുവെക്കുറിച്ച സ്മരണയും അവന്റെ കരുണാ കടാക്ഷങ്ങളുമുണ്ടാകുന്നു. ദൈവസ്മരണയുണ്ടാകുമ്പോള്‍ പൈശാചിക ദുര്‍ബോധനങ്ങളില്‍നിന്ന് മനുഷ്യര്‍ മുക്തരാകുന്നു. പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വിധേയമാവാത്ത ഇടങ്ങളില്‍ മാത്രമേ ദിവ്യാനുഗ്രഹങ്ങള്‍ പെയ്തിറങ്ങുകയുള്ളൂ. മനുഷ്യന്റെ ആജന്മശത്രുവായ പിശാച് സത്യവിശ്വാസിയെ മാര്‍ഗച്യുതിയിലകപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കും. അതില്‍നിന്നുള്ള പ്രതിരോധമാര്‍ഗം പ്രധാനമായും സദാ സമയവും ദൈവസ്മരണ നിലനിര്‍ത്തുക എന്നതത്രെ.
ആദ്യസമയത്ത് ബിസ്മി ചൊല്ലാന്‍ മറന്നുപോയാല്‍ പിന്നീട് ചൊല്ലിയാല്‍ മതി. നബി(സ) പ്രസ്താവിച്ചതായി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''നിങ്ങളിലൊരാള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവന്‍ 'ബിസ്മില്ലാഹ്' (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞുകൊള്ളട്ടെ. ആദ്യത്തില്‍ അത് പറയാന്‍ മറന്നുപോയാല്‍ 'ബിസ്മില്ലാഹി അലാ അവ്വലിഹി വ ആഖിരിഹി' (ഇതിന്റെ ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തില്‍) എന്നവന്‍ പറയട്ടെ.''
ആഹാരം കഴിക്കുന്നത് വലതുകൈ കൊണ്ടായിരിക്കണം. എല്ലാ നല്ല കാര്യങ്ങളും ആരംഭിക്കേണ്ടത് വലതുഭാഗം കൊണ്ടായിരിക്കണം എന്നതും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണ്.
പ്രവാചകന്‍(സ) പ്രസ്താവിച്ചതായി ജാബിര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നിങ്ങള്‍ ഇടതുകൈ കൊണ്ട് ഭക്ഷണം കഴിക്കരുത്. കാരണം പിശാച് ഇടതുകൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക'' (മുസ്‌ലിം).
ഇസ്‌ലാമില്‍ വലതുഭാഗത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഖുര്‍ആനില്‍ വലതു പക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും നല്‍കുമ്പോള്‍ വലതുകൈ കൊണ്ട് നല്‍കാനും വാങ്ങുമ്പോള്‍ വലതുകൈയില്‍ വാങ്ങാനുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.
നല്ല കാര്യങ്ങള്‍ക്ക് വലതുകൈയും ചീത്തകാര്യങ്ങള്‍ക്ക് ഇടതുകൈയും ഉപയോഗിക്കുക എന്നതാണ് പ്രവാചകചര്യ. ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നബി(സ)യുടെ വലതുകൈ ശുചീകരണത്തിനും ഭക്ഷണത്തിനുമായിരുന്നു. ഇടതുകൈ ശൗച്യത്തിനും മറ്റ് അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനുമായിരുന്നു'' (അബൂദാവൂദ്).
കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍തന്നെ ആഹാരമര്യാദകള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ്. നബി(സ) പത്‌നിയായിരുന്ന ഉമ്മുസലമ(റ)യുടെ, അബൂസലമ(റ)യില്‍നിന്നുള്ള മകന്‍ അംറുബ്‌നു അബീസലമ, നബി(സ) ഉമ്മുസലമ(റ)യെ വിവാഹം കഴിച്ച ശേഷം നബിതിരുമേനിയുടെ സംരക്ഷണത്തിലായിരുന്നു. തന്നെ പ്രവാചകന്‍(സ) ആഹാരമര്യാദകള്‍ പഠിപ്പിച്ച കാര്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ''ഞാന്‍ നബി(സ)യുടെ സംരക്ഷണത്തിലുള്ള കുട്ടിയായിരുന്ന കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ കൈ ഭക്ഷണപാത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാറിനടന്നിരുന്നു. അതു കണ്ട നബി(സ) എന്നോട് പറഞ്ഞു: കുട്ടീ, നീ അല്ലാഹുവിന്റെ നാമമുച്ചരിക്കുക, നിന്റെ വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുക, നിന്റെ മുമ്പിലുള്ളതില്‍നിന്ന് തിന്നുക'' (ബുഖാരി, മുസ്‌ലിം).
മറ്റൊരു കാര്യം, ഭക്ഷണത്തെ ആക്ഷേപിക്കാതിരിക്കുക എന്നതാണ്. ആര്‍ ഭക്ഷണം പാകം ചെയ്യുമ്പോഴും ചിലപ്പോള്‍ ചില പോരായ്മകള്‍ സംഭവിച്ചേക്കും. ചേര്‍ക്കേണ്ട ചില ചേരുവകളുടെ അനുപാതത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിച്ചേക്കാം. അത് ഭക്ഷണത്തെ മോശപ്പെടുത്തുന്നതിനും പാചകം ചെയ്തവരെ ആക്ഷേപിക്കുന്നതിനും ഹേതുവാകാവതല്ല. ഈ വിഷയകമായി പ്രവാചകന്റെ(സ) നിലപാട് എന്തായിരുന്നുവെന്ന് അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറയുന്നു: 'നബി(സ) ഒരിക്കലും ഒരു ഭക്ഷണത്തെയും ആക്ഷേപിച്ചിട്ടില്ല. അദ്ദേഹത്തിന് ഭക്ഷണം ഇഷ്ടമായാല്‍ ഭക്ഷിക്കും, അനിഷ്ടമായാല്‍ അത് ഉപേക്ഷിക്കുകയും ചെയ്യും'' (ബുഖാരി, മുസ്‌ലിം).
ദാമ്പത്യബന്ധത്തില്‍ പോലും വിള്ളലുകള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കുന്ന ഒരു പ്രശ്‌നമാണിത്. കറിയില്‍ ഉപ്പ് കുറയുകയോ കൂടുകയോ ചെയ്തതിന്റെ പേരില്‍ അല്ലെങ്കില്‍ ചായയില്‍ മധുരം കൂടിയതിന്റെ പേരില്‍, ഭാര്യമാരെ ആക്ഷേപിക്കുന്ന ചില ഭര്‍ത്താക്കന്മാരുണ്ട്. ആക്ഷേപം സഹിക്കവയ്യാതെ അതിനെ ചോദ്യം ചെയ്യുന്ന ഭാര്യമാരുമുണ്ട്. അത് ചിലപ്പോള്‍ പരസ്പരബന്ധം വഷളാകാനും ബന്ധവിഛേദം വരെ എത്താനും കാരണമാവുകയും ചെയ്യാറുണ്ട്. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത സ്വഭാവത്തിനും സല്‍പെരുമാറ്റത്തിനും വിരുദ്ധമാണിത്.
തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെങ്കില്‍ അത് കഴിക്കാതിരിക്കുകയല്ലാതെ അതിനെ നബി(സ) ഒരിക്കലും ആക്ഷേപിച്ചിരുന്നില്ല. ഒരിക്കല്‍ നബി(സ)യുടെ മുമ്പില്‍ ഉടുമ്പിന്റെ മാംസം പാകം ചെയ്ത് കൊണ്ടുവന്ന് വെച്ചപ്പോള്‍ അദ്ദേഹമത് ഭക്ഷിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന ഖാലിദ് (റ) ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഉടുമ്പ് നിഷിദ്ധമാണോ?' നബി തിരുമേനി മറുപടി പറഞ്ഞു: 'അല്ല. പക്ഷേ എന്റെ ജനത താമസിച്ചിരുന്ന സ്ഥലത്ത് അതുണ്ടായിരുന്നില്ല. അതിനാല്‍ എനിക്കതിനോട് അനിഷ്ടം തോന്നുന്നു.' അപ്പോള്‍ ഖാലിദ്(റ) ഉടുമ്പിന്‍ മാംസം വെച്ച പാത്രം തന്റെ മുന്നിലേക്ക് വലിച്ചുവെക്കുകയും അതില്‍നിന്ന് തിന്നുകയും ചെയ്തു.
ഭക്ഷണസാധനങ്ങള്‍ പാഴാക്കാതിരിക്കുക എന്നത് ഭക്ഷണമര്യാദകളില്‍ സുപ്രധാനമാണ്. അതുകൊണ്ടാണ് ഭക്ഷണം കഴിച്ച ശേഷം കൈ നക്കി ശുദ്ധിയാക്കണമെന്നും ഭക്ഷണത്തില്‍നിന്ന് എന്തെങ്കിലും നിലത്തു വീണാല്‍ അതെടുത്ത് അഴുക്ക് കളഞ്ഞ് ഉപയോഗിക്കണമെന്നും പ്രവാചകന്‍ (സ) നിര്‍ദേശിച്ചത്.
ജാബിറി(റ)ല്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂല്‍(സ) അരുളി: 'തങ്ങളിലൊരാളുടെ ഭക്ഷണസാധനം വീണുപോയാല്‍ അതെടുത്ത് അതില്‍ പറ്റിപ്പിടിച്ചേക്കാവുന്ന അഴുക്ക് നീക്കി അത് ഭക്ഷിച്ചുകൊള്ളട്ടെ. അത് പിശാചിനു വേണ്ടി ഉപേക്ഷിച്ചുകളയരുത്. തന്റെ വിരലുകള്‍ നക്കുന്നതുവരെ അവന്‍ തന്റെ കൈ ടവ്വല്‍ കൊണ്ട് തുടക്കുകയും ചെയ്യരുത്. കാരണം തന്റെ ഭക്ഷണത്തില്‍ ഏതിലാണ് ബറകത്ത് (ദിവ്യാനുഗ്രഹം) ഉള്ളതെന്ന് അവന് അറിയുകയില്ല.'
അമിതമായി ആഹാരം കഴിക്കുന്നതും ഇസ്‌ലാം വിരോധിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: 'നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. അതിരുകവിയരുത്. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (അല്‍ അഅ്‌റാഫ് 31).
നബി (സ) പ്രസ്താവിച്ചു: 'മനുഷ്യന്‍ തന്റെ വയറിനേക്കാള്‍ മോശപ്പെട്ട ഒരു പാത്രവും നിറച്ചിട്ടില്ല. ഒരു മനുഷ്യന് തന്റെ നട്ടെല്ല് നേരെ നിര്‍ത്താനുള്ള ഭക്ഷണം മതി, ഇനി കൂടുതല്‍ വേണമെങ്കില്‍ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും മൂന്നിലൊരു ഭാഗം പാനീയത്തിനും മൂന്നിലൊരു ഭാഗം ശ്വാസത്തിനും'' (തിര്‍മിദി).
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അന്നദാതാവായ അല്ലാഹുവെ സ്തുതിക്കുക എന്നത് പ്രവാചകന്‍ പഠിപ്പിച്ച ഒരു മര്യാദയാണ്. ദൈവസ്തുതി പ്രകടിപ്പിക്കുന്നതിന് വിവിധ വാക്യങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലൊന്ന് 'അല്‍ഹംദു ലില്ലാഹില്ലദീ അത്വ്അമനീ ഹാദാ വറസഖനീഹി മിന്‍ ഗൈരി ഹൗലിന്‍ മിന്നീ വലാ ഖുവ്വ' (എനിക്ക് എന്റെ യുക്തിയോ ശക്തിയോ ഇല്ലാതെ ഇത് ആഹാരമായി നല്‍കിയ അല്ലാഹുവിന് സര്‍വ സ്തുതിയും).
മുആദുബ്‌നു അനസി(റ)ല്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി (സ) അരുളിയിരിക്കുന്നു: ''ആരെങ്കിലും ഭക്ഷണം കഴിച്ച ശേഷം 'അല്‍ഹംദു ലില്ലാഹില്ലദീ അത്വ്അമനീ ഹാദാ വറസഖനീഹി മിന്‍ ഗൈരി ഹൗലിന്‍മിന്നീ വലാ ഖുവ്വ' (എന്റെ യാതൊരു യുക്തിയും ശക്തിയും കൂടാതെ എനിക്കിത് നല്‍കുകയും ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വ സ്തുതിയും) എന്ന് പറയുകയാണെങ്കില്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളൊക്കെ അവന് പൊറുക്കപ്പെടും'' (അബൂദാവൂദ്, തിര്‍മിദി).
ആഹാരമര്യാദകളില്‍പെട്ട മറ്റൊരു പ്രധാന കാര്യമാണ് ഏതെങ്കിലുമൊരാളുടെ സല്‍ക്കാരത്തിന് അയാളുടെ ക്ഷണമോ അനുവാദമോ ഇല്ലാതെ പങ്കെടുക്കാതിരിക്കുക എന്നത്. ക്ഷണിക്കപ്പെട്ട ഒരാള്‍ ആരെയെങ്കിലും കൂടെ കൊണ്ടുപോകുന്നുവെങ്കില്‍ ആതിഥേയനോട് അനുവാദം ചോദിച്ചശേഷം മാത്രമേ സല്‍ക്കാരസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ. അബൂമസ്ഊദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''അബൂശുഐബ് എന്ന അന്‍സ്വാരിക്ക് കശാപ്പുകാരനായ ഒരു ഭൃത്യനുായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഭൃത്യനോട് പറഞ്ഞു: 'നീ ഞങ്ങള്‍ അഞ്ചു പേര്‍ക്ക് ഭക്ഷണമുണ്ടാക്കുക. ഞാന്‍ അല്ലാഹുവിന്റെ ദൂതനെ അഞ്ചില്‍ ഒരാളായി ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നു.' അങ്ങനെ അവര്‍ വന്നപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരാള്‍ അവരുടെ കൂടെ കൂടി. വാതില്‍ക്കലെത്തിയപ്പോള്‍ നബി(സ) പറഞ്ഞു: 'ഇയാള്‍ ഞങ്ങളുടെ കൂടെ വന്നതാണ്. താങ്കള്‍ക്ക് വേണമെങ്കില്‍ ഇയാള്‍ക്ക് അനുവാദം നല്‍കാം. ഇല്ലെങ്കില്‍ ഇയാള്‍ തിരിച്ചുപോകും.' അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഇയാള്‍ക്ക് അനുവാദം നല്‍കുന്നു'' (ബുഖാരി, മുസ്‌ലിം).
ക്ഷണിതാവ് ആതിഥേയന്റെ അനുവാദമില്ലാതെ കൂടുതല്‍ ആളുകളെ കൂടെ കൊണ്ടുപോകുന്നത് പലപ്പോഴും ആതിഥേയന് വിഷമമുണ്ടാക്കിയേക്കും. നിശ്ചിത എണ്ണം പേര്‍ക്കാണ് ഭക്ഷണമൊരുക്കിയിട്ടുള്ളതെങ്കില്‍ കൂടുതല്‍ ആളുകള്‍ വരുന്നത് പ്രശ്‌നം സൃഷ്ടിച്ചേക്കും.
ഭക്ഷണശേഷം അതിഥികള്‍ ആതിഥേയനു വേണ്ടി പ്രാര്‍ഥിക്കല്‍ സുന്നത്താണ്. ഒരിക്കല്‍ അന്‍സ്വാരികളുടെ നേതാവായിരുന്ന സഅ്ദുബ്‌നു ഉബാദി(റ)യുടെ ക്ഷണം സ്വീകരിച്ച് നബി (സ) ചെന്ന് ഭക്ഷണം കഴിച്ച ശേഷം ഇങ്ങനെ പറഞ്ഞു: 'അഫ്ത്വറ ഇന്‍ദകുമുസ്സ്വാഇമൂന വ അകലത്ത്വആമകുമുല്‍ അബ്‌റാര്‍ വസ്വല്ലത്ത് അലൈകുമുല്‍ മലാഇക' (നോമ്പുകാര്‍ നിങ്ങളുടെ അടുത്ത് നോമ്പ് തുറക്കുമാറാവട്ടെ! നിങ്ങളുടെ ഭക്ഷണം സുകൃതവാന്മാര്‍ കഴിക്കുമാറാവട്ടെ! നിങ്ങള്‍ക്കു വേണ്ടി മലക്കുകള്‍ പ്രാര്‍ഥിക്കുമാറാവട്ടെ!).