സ്ത്രീജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് ഗര്‍ഭകാലം. ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിലുണ്ടാകുന്ന വ്യതിയാനം മൂലം സ്ത്രീശരീരത്തില്‍ ഭൗതികവും ജീവശാസ്ത്രപരവുമായ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണിത്.
വായയുടെ ശുചിത്വം ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം അവ മോണരോഗത്തിനും മറ്റ് ദന്തരോഗങ്ങള്‍ക്കും കാരണമാകും. ഗര്‍ഭധാരണത്തിന്റെ ഫലമായി ശരീരത്തില്‍ പ്രൊജസ്‌ട്രോണ്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ ഉല്‍പാദനം കൂടുന്നതുമൂലം ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും തത്ഫലമായി ഗര്‍ഭിണികളില്‍ ദന്തരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
ഗര്‍ഭകാലത്ത് സാധാരണ കാണുന്ന ദന്തരോഗങ്ങള്‍
മോണ പഴുപ്പ്
സ്ത്രീ-ലൈംഗിക ഹോര്‍മോണുകളുടെ അളവ് രക്തത്തില്‍ കൂടുന്നതും വായില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതും അതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷിയിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ഈ അസുഖമുണ്ടാക്കുന്നത്. പല്ല് ക്ലീന്‍ ചെയ്യുകയും അതോടൊപ്പം വായയുടെ ശുചിത്വം നിലനിര്‍ത്തുകയുമാണ് ഇതിന്റെ പ്രതിവിധി. ചികിത്സയെടുക്കാതെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മോണരോഗങ്ങള്‍ നവജാതശിശുവിന്റെ ഭാരക്കുറവിനും അതിലുപരി മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഗര്‍ഭകാല മോണവീക്കം
മോണഭാഗത്ത് വീക്കം കാണപ്പെടുന്നു. പെട്ടെന്ന് രക്തം വരുന്ന രീതിയിലാണ് ഇത് കാണപ്പെടുന്നത്. പല്ല് ക്ലീന്‍ ചെയ്യുകയും വായയുടെ ശുചിത്വം ശരിയായ രീതിയില്‍ പാലിക്കുകയുമാണ് ചികിത്സാരീതി. എന്നാല്‍ പ്രസവത്തിനുശേഷം അവ നിലനില്‍ക്കുകയാണെങ്കില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും.
മോണവീക്കവും മോണ രോഗങ്ങളും ചികിത്സിക്കാതിരുന്നാല്‍ ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, അസ്ഥികള്‍ തുടങ്ങിയവയെ ബാധിച്ചേക്കാം. രോഗാണുക്കള്‍ രക്തത്തില്‍ കലരുകയും അവ പുറപ്പെടുവിക്കുന്ന എന്റോക്‌സിനുകള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും ചെയ്യുന്നു.
പെരിമോലൈസിസ്
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ ഛര്‍ദ്ദിമൂലം വയറിലെ ആസിഡ് അടങ്ങിയ പദാര്‍ഥങ്ങള്‍ പല്ലുകളുമായി സ്ഥിരമായി സമ്പര്‍ക്കത്തില്‍ വരുന്നു. ഇതുമൂലം പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും പല്ലുകളുടെ നിറം മാറുകയും ചെയ്യുന്നു. പല്ലടച്ചുകൊണ്ടോ അല്ലെങ്കില്‍ റൂട്ട് കനാല്‍ ചെയ്ത് ക്യാപ്പിട്ടുകൊണ്ടോ ഇതിനെ മറികടക്കാവുന്നതാണ്.
ചികിത്സിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
എല്ലാ ഗര്‍ഭിണികളുടെയും ആരോഗ്യസ്ഥിതി ഒരുപോലെ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഏതു ദന്തചികിത്സയാണെങ്കിലും ഗര്‍ഭിണിയുമായോ അവരുടെ ഗൈനക്കോളജിസ്റ്റുമായോ കൂടിയാലോചിച്ച് മാത്രമേ ചെയ്യാവൂ.
3-ാം മാസം മുതല്‍ 6-ാം മാസം വരെയുള്ള ഗര്‍ഭധാരണത്തിന്റെ രണ്ടാം ഘട്ടമാണ് ദന്തചികിത്സകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം. രോഗികള്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പല്ല് പറിക്കുന്നതുപോലെയുള്ള ചികിത്സകള്‍ ഈ ഘട്ടത്തില്‍ മാത്രമേ ചെയ്യാവൂ.
ഒട്ടുമിക്ക ദന്തചികിത്സകളിലും ഒഴിച്ചുകൂടാനാവാത്തതാണ് എക്‌സ് റേ. ഗര്‍ഭിണികളില്‍ ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം. പ്രത്യേകിച്ചും ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 3 മാസങ്ങളില്‍. ഒരു രീതിയിലും എക്‌സ് റേ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ചുമാത്രമേ എക്‌സ്റേ എടുക്കാവൂ. ദന്തചികിത്സയുമായി ബന്ധപ്പെട്ട് ചികിത്സക്ക് മുമ്പോ ശേഷമോ മരുന്ന് കഴിക്കേണ്ടതായി വരാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കഴിക്കുന്ന മരുന്നുകള്‍ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന് ഒരു രീതിയിലും ദോഷകരമാവാത്തതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.