സ്ത്രീ സുരക്ഷ- വാളയാര്‍ വിളിച്ചുപറയുന്നത്
കെ.എം സാജിദ് അജ്മല്‍
മാര്‍ച്ച് 2020
വാളയാര്‍ എന്ന അതിര്‍ത്തി ഗ്രാമം ഇന്ന് കേവലം ഒരു സ്ഥലനാമമല്ല. മനുഷ്യാവകാശ നിഷേധങ്ങളുടെയും സ്ത്രീ സുരക്ഷയുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്
വാളയാര്‍ എന്ന അതിര്‍ത്തി ഗ്രാമം ഇന്ന് കേവലം ഒരു സ്ഥലനാമമല്ല. മനുഷ്യാവകാശ നിഷേധങ്ങളുടെയും സ്ത്രീ സുരക്ഷയുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് വാളയാര്‍ മലയാളിയോട് ചോദിക്കുന്നത്. ദലിതുകളോടും പെണ്‍കുട്ടികളോടും ഉള്ള ഭരണ സംവിധാനങ്ങളുടെ സമീപനം എന്താണെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് വാളയാര്‍.
2017 ജനുവരി 9-നാണ് അട്ടപ്പളത്തെ ചെറിയ കൂരയില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആ കുട്ടിക്ക് വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ അവസാനമായിരുന്നു ഒരു സാരിത്തുമ്പില്‍ തീര്‍ന്നത്. അവളുടെ മരണം, ഈ കേസില്‍ നിയമപാലകര്‍ നിയമം ലംഘിക്കുന്നതിന് തുടക്കം കുറിക്കല്‍ കൂടിയായി. 9 വയസ്സുകാരി അനിയത്തി മാത്രമാണ് അപ്പോള്‍ ആ വീടിനു പരിസരത്ത് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും കൂലിപ്പണിക്കായി പുറത്തായിരുന്നു. ചേച്ചിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ട സമയത്തിന് അല്‍പ്പം മൂമ്പ് മൂന്നു പേര്‍ ഈ മുറിയില്‍നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് ഇളയ കുട്ടി അമ്മയോട് പറഞ്ഞു. ഈ കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും പോലീസ് തയാറായില്ല. കോടതി അനുമതിയോടെ കുട്ടിയുടെ മൊഴി എടുക്കാന്‍ പൊലീസിന് കഴിയുമായിരുന്നു. എന്നാല്‍ ആ കുട്ടിയെ കേള്‍ക്കാന്‍ കോടതിയില്‍ അപേക്ഷ പോലും നല്‍കാന്‍ പോലീസ് തയാറായില്ല. അങ്ങനെ കേട്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇളയ കുട്ടി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു എന്നാണ് കുട്ടികളുടെ മാതാവ് പറയുന്നത്.
മൂത്ത കുട്ടി മരിച്ച് 3 മാസം കഴിയുമ്പോഴേക്കും സമാനമായ രീതിയില്‍ രണ്ടാമത്തെ കുട്ടിയും മരിച്ചു. ഒമ്പത് വയസ്സുളള കുട്ടി വീടിന്റെ ഉത്തരത്തില്‍ സാരികെട്ടി അതില്‍ തൂങ്ങിമരിച്ചെന്നാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. ഒറ്റനോട്ടത്തില്‍ ആ കുട്ടിക്ക് തൂങ്ങിമരിക്കാന്‍ പറ്റുന്ന സാഹചര്യമല്ലെന്ന് ആര്‍ക്കും ബോധ്യമാകും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഒരു സംശയവും തോന്നിയില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഗുജ്‌റാള്‍ കൊലപാതക സാധ്യതകള്‍ പരിശോധിക്കണമെന്ന് രേഖപ്പെടുത്തിയിട്ടും ആത്മഹത്യയെന്ന് വിധിയെഴുതുകയാണ് പൊലീസ് ചെയ്തത്. സംഭവം വാര്‍ത്തയായതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. കുട്ടികളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ മാത്രമേ പൊലീസിന് സംശയം ഉള്ളു. രണ്ട് കുട്ടികളും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പെണ്‍കുട്ടികളെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി.
പീഡനം നടന്നു എന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടും പാലക്കാട് പോക്‌സോ കോടതി 4 പ്രതികളെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നതിന് ഉത്തരം പൊലീസിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും അറസ്റ്റ് ചെയ്യപ്പെട്ട 4 പ്രതികളാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാന്‍ കഴഞ്ഞില്ല. വി. മധു, എം. മധു, പ്രദീപ് കുമാര്‍, ഷിബു എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പെണ്‍കുട്ടികള്‍ മരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. കൃത്യമായ പരിശീലനം പോലും നല്‍കാതെയാണ് പ്രോസിക്യൂട്ടര്‍ രക്ഷിതാക്കളെ കോടതിയില്‍ ഹാജരാക്കിയത്. തന്റെ മുമ്പിലുള്ള നൂറുകൂട്ടം കേസുകളില്‍ ഒന്ന് മാത്രമാണ് വാളയാറിലെ സഹോദരിമാരുടെ മരണമെന്നാണ് പ്രോസിക്യൂട്ടറായ ലത ജയരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സ്വാധീനവും പണവുമില്ലാത്തവന് മുമ്പില്‍ നീതി എങ്ങനെ വന്നു ഭവിക്കുമെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് വാളയാര്‍ കേസ്.
പ്രോസിക്യൂട്ടറും പോലീസും തമ്മിലെ തര്‍ക്കങ്ങളാണ് പിന്നീട് കോടതിയില്‍ നടന്നത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുന്നു. ഇതിനാല്‍തന്നെ പ്രോസിക്യൂട്ടര്‍ പലസമയത്തും കേസില്‍ ശ്രദ്ധിച്ചില്ല. ലത ജയരാജിനെ മാറ്റി മറ്റെരു പ്രോസിക്യൂട്ടറായ ജലജ മാധവനെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പഴയ പ്രോസിക്യൂട്ടറെ തന്നെ സര്‍ക്കാര്‍ തിരിച്ചു കൊണ്ടുവന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതും, കാര്യങ്ങള്‍ കൃത്യമായി കോടതിയെ ധരിപ്പിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടതുമാണ് പ്രതികള്‍ പുറത്തിറങ്ങി വിലസുന്നതിന് കാരണമെന്ന് ചുരുക്കം. മാധ്യമങ്ങളുടെ ഇടപെടലും പൊതുസമൂഹത്തിന്റെ ജാഗ്രതയും മൂലം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കേസ് കോടതിയില്‍ പരാജയപ്പെട്ടതിന്റെ കാരണവും, അതിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്നാണ് റിട്ടയര്‍ ജഡ്ജി ഹനീഫ അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാര്‍ എന്തു നടപടി എടുക്കും. നിരവധി ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ നടന്നിട്ട് ആര് ശിക്ഷിക്കപ്പെട്ടു? കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാനോ, പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടാനോ ജുഡീഷ്യല്‍ അന്വേഷണംകൊണ്ട് പൂര്‍ണമായും കഴിയില്ല. ആദ്യം എഫ്.ഐ.ആര്‍ ഇട്ട് പുനരന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെടൂ. വാളയാറിലെ പെണ്‍കുട്ടികളുടെ നീതിക്കായി സമരം നടത്തുന്നവരുടെ മുമ്പിലൂടെ പ്രതികള്‍ കൂസലില്ലാത ചിരിച്ച് നടന്നുപോകുമ്പോള്‍ രണ്ട് മക്കള്‍ നഷ്ടപ്പെട്ട അമ്മയുടെ ഹൃദയം പിടക്കുകയാണ്.
തുടക്കം മുതലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമീപനമാണ് കേസിനെ ഈ രൂപത്തിലെത്തിച്ചത്. മൂത്ത കുട്ടി മരിച്ചപ്പോള്‍ കൃത്യമായി അന്വേഷണം നടത്തിയില്ല എന്നു മാത്രമല്ല ഇളയ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയില്ല. കേസിലെ പ്രതികളുടെ വീട്ടിലാണ് ഇളയ കുട്ടികളും, മാതാപിതാക്കളും താമസിച്ചത്. കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളാണ് പ്രതികള്‍. തെളിവു നശിപ്പിക്കലാണ് കുറ്റവാളികള്‍ ആദ്യം ചെയ്യുന്നത്. മൂത്ത കുട്ടി മരിച്ചതിന്റെ പ്രധാന സാക്ഷിയായ ഇളയ കുട്ടിയെ ഇല്ലാതാക്കിയത് പ്രതികളാണ് എന്നതില്‍ സംശയമില്ല. സുരക്ഷിതമായ ഇടത്തിലേക്ക് ഈ കുട്ടികളെ മാറ്റാന്‍ പോലും സര്‍ക്കാറിനായില്ല. രണ്ടു പെണ്‍മക്കള്‍ക്കും വന്ന ഗതി ഇളയ ആണ്‍കുട്ടിക്ക് വരരുതെന്ന് കരുതിയാണ് പാലക്കാട് നഗരത്തിലെ ഓര്‍ഫനേജില്‍ കുട്ടിയെ പാര്‍പ്പിച്ചത്. മികച്ച വിദ്യാഭ്യാസം ആണ്‍കുട്ടിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് രണ്ടു തവണ ഓര്‍ഫനേജിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമം നടന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമാണ് ആണ്‍കുട്ടി ജീവിച്ചിരിക്കുന്നത്. സഹോദരിമാരോട് പലരും മോശമായി പെരുമാറുന്നത് കണ്ടതിന് സാക്ഷിയാണ് ആണ്‍കുട്ടി. ജീവിച്ചിരിക്കുന്ന തെളിവുകള്‍ ഇല്ലാതാക്കുകയാണ് പ്രതികളുടെ ലക്ഷ്യം.
കുട്ടികളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനുമായാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രാജ്യത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചത്. പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധയമാക്കുന്ന കുട്ടികള്‍ക്ക് നിയമസഹായം എത്തിക്കുകയാണ് CWC-കളുടെ പ്രധാന ദൗത്യം. ഇരകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട CWC ചെയര്‍മാന്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന ഞെട്ടിക്കുന്ന വാര്‍ത്തയും വാളയാര്‍ കേസിലുണ്ടായി. മൂന്നാം പ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായി കോടതിയില്‍ ഹാജരായത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. രാജേഷ്. പ്രതി കുറ്റക്കാരനാണെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ പറയുമ്പോള്‍ തന്റെ കക്ഷി നിരപരാധിയാണെന്ന് കുട്ടികളുടെ സംരക്ഷകനാകേണ്ട CWC ചെയര്‍മാന്‍ കോടതിയില്‍ വാദിച്ചു. താന്‍ പ്രതിക്കു വേണ്ടി ഹാജരായിട്ടില്ലെന്ന് പലതവണ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും കോടതി രേഖകള്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു. മറ്റ് കേസുകളിലും CWC ചെയര്‍മാന്‍ വേട്ടക്കാര്‍ക്കൊപ്പം നിന്നുവെന്ന് ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്.
ഔദ്യോഗിക സംവിധാനങ്ങളും നിയമപാലകരും വേട്ടക്കാരെ സഹായിച്ചപ്പോല്‍ നീതി നിഷേധിക്കപ്പെട്ടത് വിടരും മുമ്പ് കൊഴിഞ്ഞുപോയ രണ്ടു പെണ്‍പൂക്കള്‍ക്കാണ്. പണമോ സ്വാധീനമോ ഇല്ലത്തവന്റെ വീട്ടില്‍ പീഡനം നടന്നാലും അവര്‍ കൊല്ലപ്പെട്ടാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്നാണ് വാളയാര്‍ നമ്മോട് വിളിച്ചു പറയുന്നത്. ദലിതരും തമിഴ്‌നാട് അതിര്‍ത്തിയില്‍ കൂലിവേല ചെയ്ത് ജീവിക്കുന്നവരുമായ ഒരു കുടുംബത്തില്‍ നമ്മള്‍ അറിയുന്ന കാര്യങ്ങള്‍ മാത്രമാണിത്. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ത്രീപീഡനങ്ങളില്‍ നിയമ സംവിധാനങ്ങളുടെ അലസതയും വാളയാര്‍ സംഭവം തുറന്നുകാട്ടുന്നു. നിരന്തര ജാഗ്രതയും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ഇടപെടലുകളും ആ കുരുന്നു സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. നിശ്ശബ്ദരാവാതിരിക്കുക, നീതി വേണമെന്ന് ഉറക്കെ വിളിച്ചു പറയുക. എന്നാല്‍ മാത്രമേ ഔദ്യോഗിക സംവിധാനങ്ങള്‍ നിങ്ങളെ തിരിഞ്ഞുനോക്കൂ എന്നു കൂടി വാളയാര്‍ നമ്മെ പഠിപ്പിക്കുന്നു.