ഔട്ട്‌ലുക്ക് വാരികയിലെ ഒരു ലേഖനത്തിന്റെ തലക്കെട്ട്: 'അവര്‍ക്ക് രക്ഷകരെ ആവശ്യമില്ല; അവരാണ് രക്ഷകര്‍.' ശീര്‍ഷകത്തിനൊപ്പം
ഔട്ട്‌ലുക്ക് വാരികയിലെ ഒരു ലേഖനത്തിന്റെ തലക്കെട്ട്: 'അവര്‍ക്ക് രക്ഷകരെ ആവശ്യമില്ല; അവരാണ് രക്ഷകര്‍.' ശീര്‍ഷകത്തിനൊപ്പം ഉപശീര്‍ഷകം ഇങ്ങനെ: 'ശാഹീന്‍ ബാഗില്‍ മുസ്‌ലിം സ്ത്രീകളുടെ ഉറച്ച, നിര്‍ഭയ സാന്നിധ്യം നമ്മോട് പറയുന്നത്.'
ഭരണകൂടം പല തന്ത്രങ്ങളാല്‍ നേരിടുമ്പോള്‍ ആത്മവിശ്വാസവും ചങ്കൂറ്റവും കൊണ്ടു പിടിച്ചുനില്‍ക്കുന്ന ലളിതമായ സമരമുറ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ശാഹീന്‍ ബാഗിനാല്‍ പ്രചോദിതമായതടക്കം വിവിധ രാജ്യങ്ങളില്‍ രൂപപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെ അപ്പാര്‍തൈറ്റ് വാഴ്ചയെ ആഗോള ശ്രദ്ധയിലെത്തിച്ചിരിക്കുന്നു.
പൗരത്വഭേദഗതി നിയമം 'അടിസ്ഥാനപരമായി തന്നെ വിവേചനം നിറഞ്ഞതാണെ'ന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമീഷണര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ആസ്‌ത്രേലിയ തുടങ്ങി ലോകത്തിലെ മിക്ക മേഖലകളിലും ഇന്ത്യയിലെ പൗരത്വ ഭേദഗതിയോടുള്ള എതിര്‍പ്പ് പ്രകടമായിക്കഴിഞ്ഞു. പ്രക്ഷോഭകരില്‍ വിദേശ ഇന്ത്യക്കാരും വിദേശികളും ഉണ്ട്.
ഇവിടെപ്പോലെ അവിടെയും പ്രക്ഷോഭങ്ങള്‍ക്ക് മുന്‍കൈയെടുത്തത് ഏറെയും വിദ്യാര്‍ഥികളും യുവജനങ്ങളും തന്നെ. ഇവിടെപ്പോലെ അവിടങ്ങളിലും വനിതാ പ്രക്ഷോഭകരുടെ വലിയ സാന്നിധ്യമുണ്ട്.
ഇന്ത്യയില്‍ കാമ്പസുകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയ ഉടനെ അത് പടിഞ്ഞാറന്‍ നാടുകളില്‍ ഏറ്റെടുത്തത് കാമ്പസുകളാണ്. 2019 ഡിസംബര്‍ 17,18,19 തീയതികളില്‍ മാത്രം ഓക്‌സ്ഫഡ്, കേംബ്രിജ്, സയന്‍സസ് പോ(പാരീസ്), ഹാര്‍വഡ്, കൊളംബിയ, മാസച്ചുസെറ്റ്‌സ്, ന്യൂയോര്‍ക്, വാഷിംഗ്ടണ്‍ ഡി.സി, ബെര്‍ലിന്‍, ജനീവ, ഹേഗ്, ബാര്‍സലോണ, സാന്‍ഫ്രാന്‍സിസ്‌കോ, ഹെല്‍സിങ്കി, ആംസ്റ്റര്‍ഡാം, ടൊറണ്ടോ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. ഒപ്പം, ജപ്പാനിലെ ടോക്യോയിലും ആസ്‌ത്രേലിയയിലെ മെല്‍ബണിലും.
പ്രശസ്തമായ മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നൂറോളം വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. ഷിക്കാഗോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ പ്രതിഷേധിക്കാനെത്തിയ 150-ഓളം പ്രക്ഷോഭകര്‍ ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ അധികൃതര്‍ നടത്തുന്ന കിരാത നടപടികളെ അപലപിച്ചു.
ഇതേതരം പ്രമേയങ്ങള്‍ അംഗീകരിച്ച വിവിധ സര്‍വകലാശാലകളിലെ (ഹാര്‍വഡ്, കൊളംബിയ, യേല്‍, കോര്‍ണല്‍, കാര്‍ണറി, പര്‍ഡു, കാലിഫോണിയ, മാസച്ചുസെറ്റ്‌സ്) പൂര്‍വവിദ്യാര്‍ഥികളായ 400-ഓളം പേര്‍, ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷായോട് അടിച്ചമര്‍ത്തല്‍ നടപടികള്‍ നിര്‍ത്താനാവശ്യപ്പെടുകയും ചെയ്തു.
$
ലോകമാധ്യമങ്ങള്‍ ഇന്ത്യയിലേക്ക്, ശാഹീന്‍ബാഗിലേക്ക്, പൗരത്വപ്രക്ഷോഭങ്ങളിലേക്ക് കണ്ണയക്കുന്നു. വിവിധ സമൂഹങ്ങള്‍ ഐക്യദാര്‍ഢ്യവുമായി ലോക രാഷ്ട്രങ്ങളില്‍ കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നു.
ഇന്ത്യക്കു പുറത്ത് പൗരത്വഭേദഗതിയോടുള്ള ആദ്യത്തെ പ്രതിഷേധം കണ്ടത് ലണ്ടനിലായിരിക്കണം. ഡിസംബര്‍ 14-നായിരുന്നു അത്. ഇന്ത്യന്‍ ഹൈകമീഷനു പുറത്ത് പ്രകടനം നടത്തി. അതിന്റെ രണ്ടാം ദിവസം എഡിന്‍ബറ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങി. കോളേജും കോളേജ് യൂനിയനും സംയുക്തമായി പ്രതിഷേധ പ്രമേയം പാസ്സാക്കി. 20-ന് നെതര്‍ലന്റിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഹേഗിലെ ഇന്ത്യന്‍ എംബസിക്കു മുമ്പിലെത്തി സി.എ.എക്കും എന്‍.പി.ആറിനുമെതിരായ പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചും പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തിയുമായിരുന്നു പ്രതിഷേധം. അതിനുശേഷം നെതര്‍ലന്‍ഡില്‍ പലകുറി പ്രകടനങ്ങള്‍ നടന്നു.
ബെര്‍ലിനിലും (ജര്‍മനി) സൂറിക്കിലും (സ്വിറ്റ്‌സര്‍ലന്‍ഡ്) പ്രകടനങ്ങള്‍ അരങ്ങേറി. ജര്‍മനിയിലെ മൂനിക്കില്‍ ലുഡ്‌വിഗ് മാക്‌സിമിലിയന്‍ യൂനിവേഴ്‌സിറ്റിക്കു പുറത്തായിരുന്നു പ്രക്ഷോഭം.
പാരീസില്‍ ജനുവരി 4-ന് വിപുലമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ പ്രതിഷേധങ്ങളോട് ഐക്യപ്പെട്ടും പൗരത്വഭേദഗതിയെ അപലപിച്ചും ഒരു തുറന്ന കത്ത് തയാറാക്കി. നൂറുകണക്കിന് വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രഫഷനലുകളും അതില്‍ ഒപ്പുവെച്ചു. വലിയ ഒരു പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരിക്കുന്നു.
പാരീസില്‍ ജനുവരി 4-ന് ഇന്ത്യന്‍ എംബസിക്കു മുമ്പാകെ ഇന്ത്യക്കാരും വിദേശികളുമുള്‍പ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിനു മുമ്പാകെ പാട്ടും മുദ്രാവാക്യങ്ങളുമായി പ്രതിഷേധ സംഗമം നടത്തിയത്, ബി.ജെ.പി അനുകൂലികളായ ഏതാനും ഇന്ത്യക്കാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു. ജനുവരി 14-ന് ലണ്ടനിലും 19-ന് ബെര്‍ലിനിലും നൂറുകണക്കിനു പേര്‍ പ്രക്ഷോഭങ്ങളില്‍ പങ്കുകൊണ്ടു.
20-ന് ലണ്ടനിലെ സൗത്തേഷ്യ സോളിഡാരിറ്റി ഗ്രൂപ്പും അംബേദ്കര്‍ ഇന്റര്‍നാഷ്‌നല്‍ മിഷനും സംഘടിപ്പിച്ച യോഗത്തില്‍ എം.പിമാരടക്കം പങ്കെടുത്തു. 25-ന് ഡൗണിംഗ് സ്ട്രീറ്റ് മുതല്‍ ഇന്ത്യന്‍ ഹൈകമീഷന്‍ വരെ നടന്ന പ്രകടനത്തില്‍ 4000 പേരാണ് പങ്കുകൊണ്ടത്. അതില്‍ സാം ടാറി എം.പി പറഞ്ഞു: 'ഇത് ഇന്ത്യക്കെതിരായ പ്രക്ഷോഭമല്ല, ഇന്ത്യക്കുവേണ്ടിയുള്ള പ്രക്ഷോഭമാണ്. മാത്രമല്ല മനുഷ്യാവകാശലംഘനം ഏതു രാജ്യത്തുണ്ടായാലും അത് അന്താരാഷ്ട്ര പ്രശ്‌നം തന്നെയാണ്.' സ്റ്റീവന്‍ ടിംസ്, ക്ലൈവ് ലൂയിസ്, നാദിയ വിറ്റോം എന്നീ എം.പിമാര്‍ പിന്തുണ സന്ദേശങ്ങളയക്കുകയും പ്രശ്‌നം ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോടാവശ്യപ്പെടുകയും ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ പൗരത്വ ഭേദഗതിക്കെതിരായ വികാരം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്‍ ശ്രദ്ധ നേടിയിരിക്കുന്നു. ആറു പ്രമേയങ്ങളുള്ളതില്‍ അഞ്ചെണ്ണം ഇന്ത്യയിലെ പൗരത്വഭേദഗതിക്കെതിരാണ്. സ്വാഭാവികമായും അണിയറ സ്വാധീനതന്ത്രങ്ങള്‍ തയാറാക്കി ഇന്ത്യ രംഗത്തുണ്ട്. ജനുവരിയില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത് മാര്‍ച്ചിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. യൂറോപ്യന്‍ പാര്‍ലമെന്റിലെ ആറ് ചേരികളില്‍ വലതുപക്ഷ യാഥാസ്ഥിതികരുടേതായ ചെറുഗ്രൂപ്പ് മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാറിനോട് കുറച്ചെങ്കിലും യോജിപ്പ് പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ നിയമമുണ്ടാക്കാനുള്ള അധികാരം ഇന്ത്യാ സര്‍ക്കാറിനാണ് എന്നാണ് അവരുടെ വാദം. അതേസമയം അവര്‍ പോലും പൗരത്വഭേദഗതിക്കെതിരില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയെ വിമര്‍ശിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂനിയനിലെ 150-ല്‍പ്പരം പേര്‍ തയാറാക്കിയ അഞ്ചു പേജുള്ള പ്രമേയത്തില്‍ പറയുന്നു: 'പൗരത്വം നിര്‍ണയിക്കുന്നതിലുള്ള അത്യാപല്‍ക്കരമായ വ്യതിയാനമാണിത്. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രരഹിത സമൂഹത്തെയും അതുവഴി അളവില്ലാത്ത ദുരിതങ്ങളും സൃഷ്ടിക്കാന്‍ പോന്നതാണീ നീക്കം.'
ഇന്ത്യന്‍ അധികൃതര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു എന്നാക്ഷേപിച്ച യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍, ഇന്ത്യയുമായി വ്യാപാര ഉടമ്പടികളില്‍ ഏര്‍പ്പെടുമ്പോള്‍ മനുഷ്യാവകാശ സംരക്ഷണ നിബന്ധനകള്‍ കര്‍ശനമായി ഉന്നയിക്കണമെന്ന് നിര്‍ദേശിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ യു.എസില്‍ മാത്രം 30 നഗരങ്ങളില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്ന വാഷിംഗ്ടണ്‍ ഡി.സിയിലും കോണ്‍സുലേറ്റുകളുള്ള ന്യൂയോര്‍ക്, ഷിക്കാഗോ, ഹ്യൂസ്റ്റണ്‍, അത്‌ലാന്റ, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലുമടക്കം പ്രക്ഷോഭം സംഘടിപ്പിച്ച സംഘടനകള്‍ നിരവധി. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍, ഈക്വാലിറ്റി ലാബ്‌സ് മുതലായ സംഘടനകള്‍ക്കൊപ്പം ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും ഹിന്ദുക്കളുടെ സംഘടനയായ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ജൂതന്മാരുടെ കൂട്ടായ്മയായ ജൂയിഷ് വോയ്‌സ് ഫോര്‍ പീസ് എന്നിവയും പ്രക്ഷോഭത്തിന്റെ സംഘാടകരില്‍ ഉണ്ടായിരുന്നു.
ജനീവയില്‍ പൗരത്വപ്രകടനത്തില്‍ പ്രസംഗിക്കാന്‍ ഒരു ജര്‍മന്‍കാരനുമുണ്ടായിരുന്നു. കൈയില്‍ ഒരു പൂവും ഒരു ഫോട്ടോയും. ഫോട്ടോയിലുള്ളത് അദ്ദേഹത്തിന്റെ മുത്തഛനാണ്. നാസി പട്ടാളത്തിലായിരുന്നു. എന്നാല്‍ ജൂതന്മാരെ വെടിവെക്കാന്‍ കല്‍പന വന്നപ്പോള്‍ വിസമ്മതിച്ചു. ശരിയായ സമയത്ത് ശരിയായ ആ തീരുമാനമെടുത്തതില്‍ മുത്തഛന്‍ പിന്നീട് അഭിമാനിച്ചു. 'എനിക്ക് കണ്ണാടിയില്‍ ലജ്ജയില്ലാതെ നോക്കാന്‍ കഴിയും' എന്നദ്ദേഹം പറയുമായിരുന്നു. ഇന്ന് പൗരത്വാവകാശങ്ങള്‍ക്കായി നടക്കുന്ന പ്രകടനങ്ങളും ഓരോരുത്തരോടും ആവശ്യപ്പെടുന്നത് അതാണ്- ഇതാണ് തീരുമാനമെടുക്കേണ്ട സമയം. മനുഷ്യത്വത്തിനൊപ്പം നില്‍ക്കുക. സ്വാതന്ത്ര്യത്തിനായി നിലകൊള്ളുക.