കണ്ണൂര്‍ സ്വദേശിയായ എബി എന്‍. ജോസഫ് അറിയപ്പെടുന്ന ചിത്രകാരനാണ്. ചിത്രകലയിലൂടെ തന്റെ ജീവിതദര്‍ശനം വരച്ചുവെക്കുന്ന കലാകാരന്‍. ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തിലൂന്നിയാണ് എബി എന്ന കലാകാരന്റെ ജീവിതവും വരയും. എന്താണ് പുതിയ വിശേഷങ്ങള്‍ എന്നറിയാനായി കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ചു. വളരെ സന്തോഷത്തോടുകൂടി സംസാരം തുടങ്ങി. ഒരു ജര്‍മന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ. കൊച്ചിയിലാണ്. ഇതിനിടയില്‍ അദ്ദേഹത്തെ കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ചിത്രപ്രദര്‍ശനത്തിനായി ജര്‍മനിയിലായിരിക്കുമ്പോളാണ് ആ വിവരം അറിഞ്ഞത് എന്ന് പറഞ്ഞു. വെറുതെ എന്തുണ്ട് വിശേഷം എന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെയുള്ള വലിയ വിശേഷങ്ങളായിരിക്കും എബി ജോസഫിന് പങ്കുവെക്കാനുണ്ടാവുക.
ഇതെല്ലാമായിരിക്കുമ്പോഴും ലാളിത്യം മാത്രം ശീലിച്ച മനുഷ്യനും കൂടിയാണ് ഇദ്ദേഹമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്യേണ്ടതുണ്ട്. ഫ്രം ഇന്ത്യ ടു പനാമ എന്ന ചിതകലാ പ്രദര്‍ശനത്തിന്റെ ഭാഗമാകാനാണ് എബി ജോസഫ് ജര്‍മനിയിലേക്ക് പോയത്. ആ പ്രദര്‍ശനത്തിനായി കുതിരകളുടെ ചിത്രങ്ങളുടെ ഒരു സീരീസ്, കുതിരവംശം - þ Kingdom of Horses - എന്ന ടൈറ്റിലിലായിരുന്നു ചിത്രങ്ങള്‍. എന്തുകൊണ്ട് കുതിരകളുടെ ചിത്രങ്ങള്‍ എന്നതിന് വിശദീകരണവും ലഭിച്ചു. മനുഷ്യരുമായി ബന്ധമില്ലായിരുന്നെങ്കില്‍ എത്ര മനോഹരവും ആയുസ്സുളളവരുമായിരിക്കും കുതിരകള്‍. മനുഷ്യര്‍ക്കൊപ്പം യുദ്ധത്തില്‍ നില്‍ക്കുന്ന കുതിരകളുടെ ജീവിതത്തെക്കുറിച്ചായിരുന്നു എബി ജോസഫ് പറഞ്ഞത്. ഈ പ്രദര്‍ശനത്തിനുശേഷം നേരെ കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ലളിതകലാ അക്കാദമി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലേക്കെത്തുകയായിരുന്നു. ആഫ്രോ- അമേരിക്കന്‍ ചിത്രപ്രദര്‍ശനം. മരട് ഫഌറ്റ് പൊളിക്കല്‍ മാാമാങ്കത്തിലായിരുന്ന മാധ്യമസംഘം ഇത്തരം വേദികളിലേക്കൊന്നും എത്തിയതേയില്ല. ആഫ്രിക്കയില്‍നിന്നുള്ള രണ്ട് ചിത്രകാരികള്‍ അവരുടെ ചിത്രങ്ങളുമായി വന്ന് തിരിച്ചുപോവുകയും ചെയ്തു. ഇത്രയൊക്കെ വിശേഷങ്ങള്‍ എബി ജോസഫ് കുറച്ചുനേരം കൊണ്ട് പറഞ്ഞുതീര്‍ത്തു.
ഇനി കാന്‍സറുമായി ബന്ധപ്പെട്ട എബി ജോസഫിന്റെ ജീവിതത്തിലേക്ക് വരാം. 2008 ഒക്‌ടോബര്‍ രണ്ടിനാണ് രോഗബാധിതനാണെന്ന് എബി അറിയുന്നത്. മള്‍ട്ടിപ്പ്ള്‍ മൈലോമ എന്ന അര്‍ബുദം. കലാപ്രവര്‍ത്തനം സജീവമായ കാലഘട്ടം. പുറംവേദനയുടെ രൂപത്തിലൂടെയായിരുന്നു രോഗത്തിന്റെ വരവ്. ആദ്യം അത്ര ഗൗനിച്ചില്ല. പിന്നീട് ആയുര്‍വേദത്തില്‍ പോയി തിരുമ്മല്‍ ചികിത്സ നടത്തി. നട്ടെല്ലിന് ചെറിയ പൊട്ടല്‍ സംഭവിച്ചു എന്നല്ലാതെ മറ്റൊന്നും നടന്നില്ല. അസഹ്യമായ വേദന. ഒടുവില്‍ എല്ലാവരും എത്തിപ്പെടുന്നതുപോലെ ഡോ. ഗംഗാധരന്‍ സാറിന്റെ അടുത്തേക്ക് എബിയും ചെന്നെത്തി. അപ്പോഴേക്കും അനങ്ങാനാകാത്തവിധം കിടപ്പിലായിരുന്നു ഈ അനുഗൃഹീത കലാകാരന്‍.
എങ്ങനെ ഒരാളുടെ മുഖത്തുനോക്കി തനിക്ക് കാന്‍സറാണെന്ന് ഡോക്ടര്‍ പറയുമെന്ന് കൗതുകത്തോടെ നോക്കുകയായിരുന്നു എബി. ''കണ്ണിലൂടെയാണ് മനുഷ്യര്‍ കാര്യങ്ങള്‍ ആദ്യം സംവദിക്കുക. ഡോക്ടര്‍ ആദ്യം കടലാസിലേക്ക് നോക്കും, എന്നെ നോക്കും, പിന്നെ ബന്ധുക്കളെയെല്ലാം നോക്കും. സിസ്റ്ററോട് പറഞ്ഞു, അഞ്ചാമത്തെ നിലയില്ലേ, പടിഞ്ഞാറേക്ക് കാഴ്ചയുള്ള, അവിടെ എബിയെ കിടത്തണം, പ്രകൃതിയെ കാണാം, കായല്‍ കാണാം. നല്ല ഒരു പടം വരച്ചുതുടങ്ങാം. 3000 വര്‍ഷമായി മനുഷ്യനെ വേട്ടയാടുന്ന മഹാരോഗത്തിലേക്ക് എബീ നിനക്കും സ്വാഗതം എന്നു തന്നെയാണ് പറഞ്ഞത്.'' ഒരു കലാകാരനോട്, അദ്ദേഹത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ രോഗാവസ്ഥയിലേക്ക് വരൂ, നമുക്ക് ചികിത്സിച്ചു തുടങ്ങാമെന്ന് എത്ര സര്‍ഗാത്മകമായാണ് ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞത്! കൃത്യം ഒരു വര്‍ഷമാണ് ശരീരത്തിലൂടെ പടര്‍ന്നു കയറിയ നിറമില്ലാത്ത അര്‍ബുദത്തെ കീഴടക്കാനായി എബി മാറ്റിവെച്ചത്. 2009 ഒക്‌ടോബര്‍ രണ്ടിന് അസുഖത്തില്‍നിന്ന് വലിയൊരര്‍ഥത്തില്‍ പൂര്‍ണമായും ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.
ഒക്‌ടോബര്‍ രണ്ട്, ഗാന്ധിജയന്തി. എബി ആശുപത്രിയില്‍ പ്രവേശിക്കുന്നതും, സുഖമായി തിരിച്ചിറങ്ങുന്നതും ഇതേ തീയതിയിലാണ്. ഗാന്ധിജിയോട് അസാധാരണമായ അടുപ്പമുള്ള കാന്‍സര്‍ വിജയിയാണ് എബി എന്‍. ജോസഫ്. ചെറുപ്പത്തിലേ ഗാന്ധിയെ വായിച്ചുതുടങ്ങി. വായിക്കുംതോറും ആ ജീവിതം അത്ഭുതപ്പെടുത്തി. അത്ര ബൃഹത്താണ് മഹാത്മാവിന്റെ ജീവിതം. എളുപ്പമല്ല പഠനം, പഠിക്കുംതോറും പഠിക്കാന്‍ ബാക്കികിടക്കുന്ന അത്ഭുതജീവിതം. വായനക്കൊപ്പം എബി കുറിപ്പുകള്‍ തയാറാക്കി. ഏത് ആംഗിളില്‍നിന്ന് നോക്കിയാലും. ഗാന്ധിജിയുടെ ജീവിതം വരയ്ക്കുക എന്നത് ആ കാലത്തെ എബിയുടെ ലക്ഷ്യമായിരുന്നു. അതിന് കഠിനാധ്വനം ചെയ്യുകയും ചെയ്തു. കാന്‍സര്‍ പിടിപെട്ടപ്പോഴാണ് ഗാന്ധിയെ വരയ്ക്കാന്‍ തുടങ്ങിയത്. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കി എബി വരച്ച 24 ചിത്രങ്ങള്‍ തൃശൂരിലെ 'കില'യിലുണ്ട്. കെ.സി.എസ് പണിക്കര്‍ക്കു ശേഷം കേരളത്തിലെ സ്ഥിരം ആര്‍ട്ട് ഗാലറി ചിത്രകാരന്‍ എന്ന അംഗീകാരം ലഭിക്കുന്നത് എബിക്കാണെു പറയാം. ഇതിനെല്ലാം കാരണം ഒരു പേരേയുള്ളൂ എബിക്ക് പറയാന്‍. ഡോ. ഗംഗാധരന്‍ എന്ന വലിയ മനുഷ്യന്റെ പേര്.
രണ്ടു ജീവിതമാണ് എബിക്കുള്ളത്. ചരിത്രത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പും പിമ്പും എന്നു പറയുമ്പോലെ ജീവിതത്തില്‍ കാന്‍സറിനു മുമ്പും പിമ്പും. കാന്‍സറിനു മുമ്പും എബി വരച്ചിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത ആവാഹിച്ച ചിത്രങ്ങളാണവയിലേറെ. കാന്‍സറിനുശേഷം വരച്ചതിനെക്കുറിച്ച് എബി പറയുന്ന വാക്കുകള്‍ നോക്കൂ: ''വരച്ച ചിത്രങ്ങളിലേക്ക് ഞാന്‍ ഇങ്ങനെ നോക്കും, ഡോ. വി.പി ഗംഗാധരന്‍ എന്ന മനുഷ്യന് ഒപ്പിടാന്‍ സ്ഥലം ഒഴിച്ചുവെച്ചതിനു ശേഷമേ ഞാന്‍ എന്റെ ഒപ്പിടാറുള്ളൂ. അദൃശ്യമായ ഒരു കൈയൊപ്പ് എന്റെ എല്ലാ ചിത്രങ്ങളിലുമുണ്ട്. അത് ഗംഗാധരന്‍ സാറിന്റേതാണ്.'' ഒരു ഡോക്ടര്‍ക്ക് ലഭിക്കുന്ന മഹത്തായ അംഗീകാരങ്ങളില്‍ എവിടെയാണ് ഈ വാക്കുകള്‍ക്ക് സ്ഥാനം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
എബി തന്നെ കരയിപ്പിച്ച സംഭവത്തെക്കുറിച്ച് ഡോ. ഗംഗാധരന്‍ സാറും ഓര്‍മിച്ചെടുത്തു. തലശ്ശേരിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. അത് കഴിഞ്ഞ് ഒരു സമ്മാനം തരുമെന്ന് എബി ഡോക്ടറോട് പറഞ്ഞിരുന്നു. സാധാരണ പേനയോ എന്തെങ്കിലുമായിരിക്കുമെന്ന് കരുതി. എന്നാല്‍ ഡോക്ടറെ കരയിപ്പിച്ചു എബി നല്‍കിയ സമ്മാനം മരിച്ചുപോയ അമ്മയുടെ പൂര്‍ണചിത്രം. ഒരിക്കലും അങ്ങനെയൊരു സമ്മാനം ഡോക്ടര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെ അപ്രതീക്ഷിതമായി കരുതുന്ന കാര്യങ്ങളാണ് എബി എന്‍. ജോസഫ് ചെയ്തുകൊണ്ടിരിക്കുക.
കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകാനായി എബി നടത്തുന്ന ആര്‍ട്ട് കാന്‍കെയര്‍ (Art can care) എന്ന ഗ്രൂപ്പുണ്ട്. 60 കലാകാരന്മാരടങ്ങിയ ഗ്രൂപ്പ്. അവര്‍ കാന്‍സര്‍ബാധിതരെ വീടുകളിലെത്തി സന്ദര്‍ശിക്കും. അവിടെ ഒരു ചിത്രം വരയ്ക്കും. വലിയ സന്ദേശമാണ് ഇത് നല്‍കുന്നത്. do a good thing today എന്നതാണ് അതിന്റെ മുദ്രാവാക്യം. നാളത്തേക്കല്ല, ഇന്നത്തേക്കാണ് ചെയ്യേണ്ടത്. ഇന്നൊരു നല്ല കാര്യം ചെയ്യുക. കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക (know cancer, no cancer) എന്നതാണ് ലക്ഷ്യം. ഭാരതദര്‍ശനം, കേരളദര്‍ശനം എന്നിങ്ങനെയെല്ലാം ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട് എബി എന്‍. ജോസഫ്. ഇതില്‍നിന്ന് കിട്ടുന്ന തുക കാന്‍സര്‍ബാധിതരെ സഹായിക്കാനായി നീക്കിവച്ചു. ജീവിതം കൊണ്ടും കല കൊണ്ടും എന്നും തിരക്കിലാണ് ഈ കലാകാരന്‍. അര്‍ഥപൂര്‍ണമായ ജീവിതം. കാന്‍സര്‍ അതിജീവനത്തിന് സമൂഹത്തിന് കരുത്ത് നല്‍കാന്‍ എബി ജോസഫ് എന്ന മനുഷ്യന്റെ ജീവിതത്തിനപ്പുറം എന്താണ് ഉയര്‍ത്തിക്കാട്ടേണ്ടത്? ട