സുലൈമാന്‍ ഖാനൂനിക്കു ശേഷം തന്നെ ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് ചില
പതനത്തിന്റെ തുടക്കം
സുലൈമാന്‍ ഖാനൂനിക്കു ശേഷം തന്നെ ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് ചില ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്. 1571-ലെ യൂറോപ്യന്‍ ശക്തികളുമായുള്ള ലെപ്പാന്റോ യുദ്ധം പരാജയപ്പെട്ടതും പ്രധാനമന്ത്രി കാര മുസ്തഫ പാഷയുടെ നേതൃത്വത്തില്‍ നടന്ന 1683-ലെ വിയന്ന ഉപരോധം വിഫലമായതും ഖിലാഫത്ത് സൈനികമായി ദുര്‍ബലപ്പെടാന്‍ തുടങ്ങിയെന്നാണ് അവരുടെ പക്ഷം. ഓസ്ട്രിയയുമായുള്ള കാര്‍ലോവില്‍സ് കരാര്‍ (1699), ഉസ്മാനി-റഷ്യന്‍ യുദ്ധം (1768), ശേഷം റഷ്യയുമായുള്ള കുച്ചുക് കൈനര്‍ജ കരാര്‍ (1774) എന്നിവയും ഖിലാഫത്തിന്റെ അധികാരത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കാരണമായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ സുല്‍ത്താന്‍ സലീം മൂന്നാമന്‍ (1789-1807) വിവിധ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉസ്മാനി ഖിലാഫത്തിന്റെ അധികാരക്രമം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. നാവിക സേനയുടെ ആധുനികവത്കരണം അദ്ദേഹത്തിന്റെ പ്രധാന സംഭാവനയായിരുന്നു. സുല്‍ത്താന്റെ അധികാരപ്രയോഗത്തില്‍ കൈകടത്തല്‍ നടത്തിവന്ന റോയല്‍ സൈന്യം ജനിശ്ശരിയുടെ നിയന്ത്രണം അദ്ദേഹം ഏറ്റെടുക്കുകയും അയല്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധം ഊര്‍ജിതമാക്കാന്‍ എംബസികള്‍ സ്ഥാപിക്കുകയും ചെയ്തു. അനന്തരഫലമായി നിരവധി കരാറുകള്‍ രൂപപ്പെട്ടു. എന്നാല്‍ യൂറോപ്യന്‍ മാതൃകയില്‍ അമിത വിശ്വാസം പുലര്‍ത്തുന്നു എന്ന ആരോപണം ഉന്നയിച്ചു പണ്ഡിതരുടെ നേതൃത്വത്തില്‍ ജനിശ്ശരി കലഹം സൃഷ്ടിക്കുകയും സുല്‍ത്താന്‍ സലീം മൂന്നാമനെ അധികാരഭ്രഷ്ടനാക്കി മുസ്തഫ നാലാമനെ പിന്‍ഗാമിയായി വാഴിക്കുകയും ചെയ്തു.
ഉസ്മാനി ഖിലാഫത്ത് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക ഘടനയിലെ തകര്‍ച്ചയാണ്. ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളില്ലാത്ത താത്കാലിക സജ്ജീകരണം, നികുതിയെ അളവില്‍ കൂടുതല്‍ അവലംബിക്കല്‍, ആധുനിക സാങ്കേതികവിദ്യയെ പ്രയോജനപ്രദമാക്കുന്നതില്‍ വന്ന വീഴ്ച തുടങ്ങിയവയെല്ലാം സാമ്പത്തിക ഭദ്രതക്കുമേല്‍ വിള്ളല്‍ വീഴ്ത്തുന്നതിനു കാരണമായി. 1750-കളില്‍ യൂറോപ്പ് വ്യാവസായിക വിപ്ലവത്തിലൂടെ സാമ്പത്തിക ഉന്നതി പ്രാപിക്കുന്ന വേളയില്‍ ഉസ്മാനികള്‍ വ്യവസായവല്‍ക്കരണത്തിലും അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളിലും മതിയായ പ്രാധാന്യം കൊടുത്തില്ല. കാലിക പരിവര്‍ത്തനത്തോട് വിമുഖത കാണിച്ച ഉസ്മാനികള്‍ അവരുടെ സാമ്പ്രദായിക വ്യാപാര രീതികള്‍ തന്നെ പിന്തുടര്‍ന്നു. എന്നാല്‍ 1839 - 1876 വരെയുള്ള കാലഘട്ടത്തില്‍ 'തന്‍സീമാത്' എന്ന സാമ്പത്തിക, മിലിറ്ററി, ഭരണ മേഖലകളിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താനായെങ്കിലും അധിക കാലം അവ നീണ്ടുനിന്നില്ല.
ആഭ്യന്തര-വൈദേശിക മാറ്റങ്ങള്‍ക്കു അനുസൃതമായി ഭരണചക്രം തിരിക്കാനും വിദേശ വെല്ലുവിളികളെ വേണ്ടരീതിയില്‍ നേരിടാന്‍ സാധിക്കാതിരുന്നതുമാണ് ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങള്‍.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളില്‍ വ്യാപിച്ചുകിടക്കുന്ന ഖിലാഫത്തിന്റെ അധികാരം നിലനിര്‍ത്താന്‍ പ്രയാസകരമായിരുന്നു. പതിനാറ്-പതിനെട്ട് നൂറ്റാണ്ടുകളില്‍ ഉസ്മാനികള്‍ക്ക് വിദൂര അധീന പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും വ്യാപാര മേഖലകള്‍ സംരക്ഷിക്കാനും സാധിച്ചിരുന്നെകിലും പിന്നീട് തദ്ദേശവാസികള്‍ സ്വയം ഭരണം ആശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിയതും യൂറോപ്യന്‍ ശക്തികളുടെ മേഖലയിലെ സ്വാധീനവും സാന്നിധ്യവും ശക്തിപ്പെട്ടതും ഖിലാഫത്തിന് പ്രയാസങ്ങള്‍ സൃഷ്ടിച്ചു. കൂടാതെ വിദൂര പ്രദേശങ്ങളില്‍ നാമമാത്ര അധികാരം അവശേഷിച്ചതും ഖിലാഫത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ദുര്‍ബലപ്പെടുത്താന്‍ ഹേതുവായി. പ്രവിശാലമായ അധികാര പരിധി പോലെത്തന്നെ വര്‍ധിച്ച ജനസംഖ്യയും വംശീയ വൈവിധ്യവും ഖിലാഫത്തിന് കൂടുതല്‍ ഭാരമായി മാറിയിരുന്നു. ഈ പ്രദേശങ്ങളുടെ സംരക്ഷണവും സന്തുലിത നിയമപാലനവും പ്രയാസകരമായി. ഈ സാഹചര്യത്തില്‍, സാമ്പത്തിക വികസനത്തിനപ്പുറം ഭരണസുരക്ഷക്കായി സാമ്പത്തിക സ്രോതസ്സുകള്‍ നീക്കിവെച്ചതും സാമ്പത്തിക ക്ഷയത്തിനു കാരണമായി.
സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ്
സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഖിലാഫത്തിന്റെ അധികാര കേന്ദ്രീകരണത്തിനു ശ്രമിച്ചിരുന്നു. അറബ് ദേശ നേതൃത്വങ്ങള്‍, ബ്രിട്ടീഷ്, റഷ്യന്‍, ഫ്രഞ്ച്, ഇറ്റലി ഇടപെടലുകള്‍, സയണിസം, ഖിലാഫത്തിന്റെ ഉള്ളില്‍ തന്നെ ഉയര്‍ന്നുവന്ന വിമത സ്വരം, യുവ തുര്‍ക്കികള്‍ എന്നിവയെല്ലാം ഒരേസമയം സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന് നേരിടേണ്ടി വരികയുണ്ടായി. ഹിജാസ് റെയില്‍വേ, റോഡുകള്‍, ടെലിഗ്രാഫ് തുടങ്ങി ആഭ്യന്തര മേഖലയില്‍ നിരവധി പരിഷ്‌കാര പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടങ്ങിവെച്ചു. ഖിലാഫത്തിന്റെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിനും ആയില്ല. 1909 ഏപ്രില്‍ 27-ന് അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കിയതോടെയാണ് യഥാര്‍ഥത്തില്‍ ഉസ്മാനി ഖിലാഫത്തിന്റെ അപ്രമാദിത്വം നഷ്ടപ്പെടുന്നത്.
പ്രാദേശിക സംഘര്‍ഷങ്ങള്‍
യൂറോപ്യന്‍ ശക്തികളോടുള്ള സൈനിക പരാജയം ഉസ്മാനികളുടെ ആത്മവിശ്വാസം തളര്‍ത്തിക്കളഞ്ഞു. അയല്‍ ദേശങ്ങളുമായുള്ള നിരന്തര യുദ്ധം ഖിലാഫത്തിന്റെ മാനുഷിക സാമ്പത്തിക സൈനിക മേഖലകളില്‍ വ്യക്തമായ പോരായ്മകള്‍ സൃഷ്ടിച്ചു എന്നത് ശരിയാണ്. ഇറ്റലിയുമായുള്ള യുദ്ധം (1911-1912), ബാല്‍ക്കന്‍ യുദ്ധം (1912-1913), ഒന്നാം ലോക യുദ്ധം (1914-1918), ബാക്കിവന്ന ഖിലാഫത്തിന്റെ അധീന പ്രദേശങ്ങളെ കീറിമുറിച്ച സേവറസ് സന്ധി എന്നിവയും പ്രാദേശികമായ ഉസ്മാനികളുടെ പ്രസക്തി ഇല്ലാതാക്കി. 1916-ല്‍ മക്ക, 1917-ല്‍ ജറൂസലമും ബഗ്ദാദും, 1918-ല്‍ ദമസ്‌കസ്, 1919-ല്‍ മദീന എന്നീ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് മേലുള്ള രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ടതോടെ ഖിലാഫത്തിന്റെ ശക്തി തുര്‍ക്കിയില്‍ മാത്രമായി ചുരുങ്ങിയിരുന്നു. ഉസ്മാനി സുല്‍ത്താന്മാരുടെ യൂറോപ്യന്‍ ശക്തികളുമായുള്ള വ്യാപാര കരാറുകളും ഖിലാഫത്തിനു ഹാനി മാത്രമേ വരുത്തിയിട്ടുള്ളൂ. ഒന്നാം ലോക യുദ്ധത്തില്‍ പരാജയം നേരിട്ടതും ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ ഉസ്മാനി ഖിലാഫത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയിരുന്നു. ഒന്നാം ലോക യുദ്ധ സാഹചര്യത്തില്‍ ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതര രാഷ്ട്ര ശക്തികളോട് സൈനിക രാഷ്ട്രീയ സാമ്പത്തിക സഹായം നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അഭ്യര്‍ഥിച്ചതും ഖിലാഫത്തിന്റെ അധികാരത്തില്‍ കൈകടത്താനുള്ള സാഹചര്യം രൂപപ്പെടാന്‍ വഴിയൊരുക്കി. അയല്‍ രാഷ്ട്രങ്ങളോടുള്ള അമിത ആശ്രയത്വവും സ്വയംഭരണാധികാരം നഷ്ടപ്പെടാന്‍ ഇടയാക്കി. ഒന്നാം ലോക യുദ്ധത്തിന് മുമ്പ് സമുദ്ര വാണിജ്യം നടന്നിരുന്നെങ്കിലും യുദ്ധം സംജാതമായതോടെ ശത്രുപക്ഷം കടല്‍ തടഞ്ഞതിനാല്‍ കരമാര്‍ഗം ഉപയോഗിക്കേണ്ടി വന്നത് സാമ്പത്തിക വ്യവസ്ഥയില്‍ കനത്ത ആഘാതം സൃഷ്ടിച്ചു. ഭരണ നിര്‍വഹണ കേന്ദ്രങ്ങളിലും ഖിലാഫത്തിന്റെ ദൗര്‍ബല്യം പ്രകടമായിരുന്നു. മികവുറ്റ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അഭാവം, അവര്‍ക്കാവശ്യമായ പരിശീലനത്തിന്റെ അപര്യാപ്തത എന്നിവയും ഭരണതലത്തില്‍ വ്യക്തമായിരുന്നു. ഉസ്മാനികളുടെ ഉല്‍പാദന മേഖലകളിലും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. യുദ്ധ സാമഗ്രികളുടെ അപര്യാപ്തത, ഇരുമ്പിന്റെയും രാസപദാര്‍ഥങ്ങളുടെയും പെട്രോളിന്റെയും ഉല്‍പാദനങ്ങളില്‍ നേരിട്ട പ്രതിബന്ധങ്ങള്‍, കഴിവുള്ള തൊഴിലാളികളുടെ ദൗര്‍ലഭ്യം എന്നിവയും മറ്റൊരു പ്രധാന കാരണമാണ്. ബ്രിട്ടീഷ്, ഫ്രഞ്ച്, റഷ്യന്‍, അറബ് സൈന്യങ്ങളെ എതിരിടാന്‍ നല്ലൊരു ശതമാനം പുരുഷ സമൂഹം യുദ്ധത്തിന് അണിനിരന്നത് വ്യാവസായിക മേഖലയെ സാരമായി ബാധിച്ചിരുന്നു. സൈനിക പരിഷ്‌കരണങ്ങള്‍ക്കും യുദ്ധസാമഗ്രികള്‍ക്കുമായി ഇതരരെ ആശ്രയിക്കേണ്ടിവന്നത് സാമ്പത്തിക മേഖലയെ ഞെരുക്കി.
കമാല്‍പാഷയും യുവ തുര്‍ക്കികളും
വിമത പ്രക്ഷോഭങ്ങള്‍, ഭരണതലങ്ങളില്‍ ആഴത്തില്‍ ബാധിച്ച അഴിമതി തുടങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങളും ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. 1912-1918 കാലങ്ങളില്‍ ദുര്‍ബലപ്പെട്ട ഖിലാഫത്തിന്റെ ആഭ്യന്തരഭരണത്തില്‍ യുവതുര്‍ക്കികള്‍ക്കു നിര്‍ണായകമായ സ്വാധീനം ലഭിച്ചു. സൈനിക ഉദ്യോഗസ്ഥ മേഖലകളില്‍ പ്രബലരായിരുന്ന ഇവര്‍ (ദി കമ്മിറ്റി ഓഫ് യൂനിയന്‍ ആന്റ് പ്രോഗ്രസ്സ്) ആധുനിക തുര്‍ക്കിയുടെ രൂപീകരണത്തില്‍ പ്രസക്തമായ സ്ഥാനം വഹിച്ചിട്ടുണ്ട്. 1919-1920 കാലങ്ങളില്‍ തുര്‍ക്കി പ്രദേശത്ത് നാമമാത്രമായ ഖിലാഫത്തിന് എതിരെ നടന്ന സംഭവവികാസങ്ങള്‍ തുര്‍ക്കി ദേശീയത ശക്തമാകാന്‍ ഹേതുവായി. ഈ കാലയളവിലാണ് മുസ്തഫ കമാല്‍ പാഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. 1920-ല്‍ എംബസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത കമാല്‍ പാഷ ഖിലാഫത്ത് സൈന്യത്തിന്റെ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി മാറി. 1922-ന്റെ അവസാനത്തോടെ ഖിലാഫത്തിന്റെ ശിഷ്ട പ്രദേശമായ ആധുനിക തുര്‍ക്കിയെ ലക്ഷ്യം വെച്ച് ഗ്രീസും സഖ്യകക്ഷികളും നടത്തിയ സൈനികാക്രമണത്തെ വിജയകരമായി ചെറുത്തത് മുസ്‌ലിം ലോകതലത്തില്‍ കമാല്‍ പാഷക്കു വീരപരിവേഷം ലഭിച്ചു, ആധുനിക തുര്‍ക്കിയിലും എ.കെ പാര്‍ട്ടി അടക്കം കമാല്‍ പാഷയെ അകമഴിഞ്ഞ് സ്വീകരിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. യൂറോപ്യന്‍ അധിനിവേശ ശക്തികളില്‍നിന്നും തുര്‍ക്കിയെ സംരക്ഷിച്ചുനിര്‍ത്തിയതാണ് ഖിലാഫത്തിന്റെ സൈനിക നേതാവായിരുന്ന മുസ്തഫ കമാല്‍ പാഷക്ക് വീര പരിവേഷം ലഭിക്കാന്‍ കാരണമായത്. മുസ്‌ലിം സൈനിക നേതൃത്വങ്ങള്‍ക്ക് ചരിത്രപരമായി നല്‍കിവരുന്ന ഗാസി എന്ന വിശിഷ്ട പദവിയും മുസ്തഫ കമാല്‍ പാഷക്ക് ലഭിച്ചു. 1920-കളില്‍ ഖിലാഫത്ത് സമര കാലത്ത് കേരളത്തില്‍ നിന്ന് പോലും മുസ്തഫ കമാല്‍ പാഷയെ അനുമോദിച്ച് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. 1922 നവംബര്‍ ഒന്നിന് തുര്‍ക്കി ഗ്രാന്റ് നാഷ്‌നല്‍ അസംബ്ലി ഉസ്മാനി സല്‍തനത്തിനെ നീക്കം ചെയ്തതായി പ്രഖ്യാപിച്ചു.
1923 ജൂലൈ 24-ലെ ലുസാന്നെ കരാറിലൂടെ പുതിയ തുര്‍ക്കി രാഷ്ട്രത്തിന്റെ പരിധികള്‍ നിര്‍ണയിക്കപ്പെടുകയും അതേ വര്‍ഷം ഒക്‌ടോബര്‍ 23-നു ഔദ്യോഗികമായി തുര്‍ക്കി റിപ്പബ്ലിക് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1924 മാര്‍ച്ച് മൂന്നിന് ഗ്രാന്റ് നാഷ്‌നല്‍ അസംബ്ലിയുടെ തീരുമാനത്തിലൂടെ നാമമാത്രമായ ഖിലാഫത്തിന്റെ പദവിയും നീക്കം ചെയ്തു. ആയിരത്തി മുന്നൂറു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ നിലനിന്ന ഉസ്മാനി ഖിലാഫത്ത് അങ്ങനെ ചരിതഭാഗമായി മാറുകയും ചെയ്തു.
ഖിലാഫത്ത് സമരവും കേരള മുസ്‌ലിംകളും
ഉസ്മാനി ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവും സഖ്യ കക്ഷികളും ശ്രമിക്കുന്ന കാലയളവിലാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര പ്രക്ഷോഭം ശക്തമാകുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുസ്‌ലിം ലോകത്തു പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും കോളിളക്കം സൃഷ്ടിച്ചു. 1919-ല്‍ മൗലാനാ മുഹമ്മദലി, മൗലാനാ ശൗക്കത്തലി, ഹകീം അജ്മല്‍ ഖാന്‍, അബുല്‍ കലാം ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടു. പ്രസ്ഥാനത്തിന്റെ അനുരണനങ്ങള്‍ ഇന്ത്യ ഒട്ടാകെ അലയടിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധതയെ സ്വാതന്ത്ര്യ സമരവുമായി കോര്‍ത്തിണക്കി. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഖിലാഫത്തിന്റെ സംരക്ഷണവും അതിനു വിലങ്ങുതടിയാകുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടവുമായിരുന്നു. കേരളം ഖിലാഫത്ത് പ്രസ്ഥാനത്തെ ഹാര്‍ദവമായി സ്വീകരിച്ചു. ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കി. മലബാര്‍ പ്രദേശത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുസ്‌ലിംകള്‍ സായുധമായി നേരിട്ടെങ്കിലും തെക്കന്‍ കേരളം പ്രദേശങ്ങളില്‍ വിവിധ പത്രങ്ങളും മാസികകളും സ്ഥാപിച്ച് ഖിലാഫത്തിന്റെ വാര്‍ത്തകള്‍ സമയോചിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. കേരള മുസ്‌ലിംകള്‍ ഒരുപോലെ ഖിലാഫത്ത് സമരത്തെ നെഞ്ചിലേറ്റി എന്നതിന്റെ ധാരാളം തെളിവുകള്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്‌ലിം ലോകത്തിലെ എല്ലാ ചലനങ്ങളെയും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന കേരള മുസ്‌ലിം ജനതയുടെ ചരിത്രവും വര്‍ത്തമാനവും ശ്രദ്ധേയമാണ്. മാനുഷിക ജീവിതത്തിന്റെ താളം തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളെയും എതിര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മുസ്‌ലിം ജനത കാലഭേദമന്യേ പ്രസക്തമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടാന്‍ നേതൃത്വം നല്‍കിയ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും, മുസ്‌ലിംകള്‍ സാമൂതിരിയുടെ കീഴില്‍ അണിനിരന്ന് വിദേശ ശക്തികള്‍ക്കെതിരെ സായുധ ജിഹാദ് നടത്തണമെന്ന് ഫത്‌വ ഇറക്കിയ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും സമാധാന വിരുദ്ധര്‍ക്കെതിരെ എങ്ങനെ പോരാടണമെന്ന രീതിശാസ്ത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്ര ഭരണകൂടം തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോള്‍, പൊതു ശത്രുവിനെതിരെ സാമൂഹികമായി സംഘടിച്ചു പൊരുതണം എന്ന പാഠമാണ് ഖിലാഫത്ത് സമരവും കേരള മുസ്‌ലിംകളുടെ മുന്‍കാല ചരിത്രവും ഓര്‍മപ്പെടുത്തുന്നത്.
(ഗുവാഹട്ടി യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍)