ആദ്യ രാത്രി
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ബൈക്ക് അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂരങ്ങാടി സ്വദേശി നൗഫല്‍ പൂങ്ങാടന്‍ എന്ന യുവാവ് മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ബൈക്ക് അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂരങ്ങാടി സ്വദേശി നൗഫല്‍ പൂങ്ങാടന്‍ എന്ന യുവാവ് മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് (2014 ആഗസ്റ്റ് 28) തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.
ഈ രാത്രി ഇരുട്ടറയുടെതാണ്. നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല് കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര. പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം. ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച്ച് കിടക്കേണ്ട ഭവനം. ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.
ഇവിടെയത്രേ ആദ്യരാത്രി യാഥാര്‍ഥ്യമാകുന്നത്. വിരഹ ദുഃഖത്തിന്റെ, പ്രയാസത്തിന്റെ, വിഹ്വലതയുടെ ആദ്യ രാത്രി. ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...
ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.
കുഴിമാടം വരെ അനുഗമിച്ചവര്‍- മക്കള്‍, സഹോദരങ്ങള്‍, അയല്‍വാസികള്‍ എല്ലാം നമ്മെ ഇരുട്ടറയില്‍ തള്ളി ഭൗതിക വ്യവഹാരങ്ങളില്‍ മുഴുകും. നാമോ, ഒരത്താണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...
അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകളാല്‍ ജീര്‍ണിക്കും. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.
ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന്, പൂക്കളും നിലാവും സാഗരവും നിറഞ്ഞ, വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്‍മ ഭാണ്ഡവും പേറി 'യഥാര്‍ഥ' ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്റിലും കാതിരിക്കുന്നവരാകുക നാം.
കാരണം, ഓര്‍ക്കുക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.
ഇനിയും കാത്തിരിക്കുകയാണോ നന്മ ചെയ്യാന്‍...
നമുക്ക് തിരക്കാണ് അല്ലേ...
അതെ സമയം ഇല്ല ഒന്നിനും...
ഖബറില്‍ എത്തിയാല്‍ സമയം കിട്ടും...
ഇത് ഫോര്‍വേഡ് ചെയ്യുക
'ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്മ ചെയ്യുന്നവനെ പോലെയാണ്.'
facebook.com/Noufal Poongadan.
(പരേതന് അല്ലാഹു മഹ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ...)