കുരുന്നുകള്‍ക്കൊരു സഹായി
ഹുസ്ന ബഷീർ /ഫീച്ചർ
2014 നവംബര്‍
ജീവിതത്തിലെ സ്ത്രീ പദവിയെക്കുറിച്ചുള്ള പൊള്ളുന്ന വിചാരങ്ങളുടെ പശ്ചാത്തലത്തിലാണ് 2013-14 വര്‍ഷകാലയളവിലെ സംസ്ഥാനത്തെ എറ്റവും നല്ല അംഗന്‍വാടി ഹെല്‍പ്പര്‍ക്കുള്ള
ജീവിതത്തിലെ സ്ത്രീ പദവിയെക്കുറിച്ചുള്ള പൊള്ളുന്ന വിചാരങ്ങളുടെ പശ്ചാത്തലത്തിലാണ് 2013-14 വര്‍ഷകാലയളവിലെ സംസ്ഥാനത്തെ എറ്റവും നല്ല അംഗന്‍വാടി ഹെല്‍പ്പര്‍ക്കുള്ള അവര്‍ഡിനര്‍ഹയായ ശ്യാമള എന്ന വനിതയെക്കുറിച്ചുള്ള ഏതു നിരീക്ഷണവും പ്രസക്തമാവുന്നത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ പാടാരക്കുന്ന് എന്ന ഒരുള്‍ഗ്രാമത്തിലെ അംഗന്‍വാടി ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഇരുപതുവര്‍ഷത്തെ സേവന പാരമ്പര്യം അവരില്‍ കുട്ടികളോടുള്ള സ്‌നേഹത്തിന്റെ മാറ്റ് കൂട്ടാനായിട്ടുണ്ട് എന്ന് 'കുട്ടികളോടൊപ്പം ചെലവഴിക്കുമ്പോഴാണ് താനേറ്റവും സന്തോഷിക്കുന്നത്'' എന്ന അവരുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതാനുഭവങ്ങള്‍ നല്‍കിയ ദുഃഖത്തിന്റെ ജ്വാലകള്‍ മനസ്സില്‍ ആളുമ്പോഴും കുട്ടികളോടൊപ്പം ചേര്‍ന്ന് ആടിയും പാടിയും കുട്ടികള്‍ക്ക് സ്‌നേഹവാത്സല്യമൂട്ടി ജീവിതത്തിലെ നല്ല കാലം അവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ച ശ്യാമള സ്ത്രീ സമൂഹത്തിനു തന്നെ മാതൃകയാണ്. പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോല്‍പ്പിച്ചാണ് അവരീ മാഹാകൃത്യം നിറവേറ്റുന്നതെന്നോര്‍ക്കുമ്പോള്‍ സ്ത്രീ സമൂഹത്തിനഭിമാനിക്കാം. കാരണം, അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ വിധിയെപഴിച്ച് ജീവിക്കുന്ന അഭ്യസ്തവിദ്യരായ എത്രയോ സ്ത്രീകളെ നമുക്കറിയാം. വിധിയോട് പൊരുതി വിജയം കൈവരിക്കുന്നതിലാണ് മഹത്വം എന്ന് ശ്യാമള നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവനും തലയിലേറ്റിയ ഇവര്‍, ഒരാണ്‍തുണയില്ലാതെ, ഒറ്റക്ക് ഒരു കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്താണ് ജീവിക്കുന്നത്. കുട്ടിയെ സ്‌കൂളില്‍ വിട്ട് സ്വാധീനക്കുറവുള്ള കാലും വെച്ച് ദൂരങ്ങള്‍ താണ്ടിയാണ് അവര്‍ ഈ അംഗനവാടിയില്‍ എത്തുന്നത്. തന്റെ അംഗവൈകല്യത്തെ ഒട്ടും ഗൗനിക്കാതെയാണ് അവര്‍ ഈ സേവനം സന്തോഷത്തോടെ ചെയ്യുന്നത്. ചൂരല്‍ വടിയുടെ ശീല്‍ക്കാരമില്ലാതെ, സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പാലമൃതൂട്ടി, കഥകളുടെയും പാട്ടിന്റെയും വഴികളിലൂടെ കുട്ടികളോടൊപ്പം സഞ്ചരിക്കുന്ന അവര്‍ നാളെയുടെ വാഗ്ദാനമായ നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഒരു വഴികാട്ടിയാവുമെന്നതില്‍ ഒട്ടും സംശയമില്ല. മാതൃഭാഷയുടെ മാധുര്യം നുണഞ്ഞ്, മാതൃത്വത്തിന്റെ തണലില്‍ കഴിയുന്ന നമ്മുടെ പിഞ്ചോമനകളെ സംസ്‌കാരമുള്ള ഒരു തലമുറയുടെ വക്താക്കളാക്കി മാറ്റിയെടുക്കാന്‍ അംഗന്‍വാടികള്‍ വഹിക്കുന്ന പങ്ക് നിസ്സീമമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിയോട് ആത്മാര്‍ഥതയും കൂറുമുള്ള ജീവനക്കാരുണ്ടെങ്കില്‍ നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷിതത്വം അവരുടെ കൈകളില്‍ ഭദ്രമാണ് എന്നത് ഓരോ അമ്മമാര്‍ക്കും ഒരാശ്വാസമാണ്. ശ്യാമളയെപോലുള്ള ഒരു 'സഹായി'യുള്ള ഈ അംഗന്‍വാടിയെ തേടി പാണ്ടിക്കാട് പഞ്ചായത്തിലെ അമ്പത് അംഗന്‍വാടികളിലെ ഹെല്‍പ്പര്‍മാരില്‍ നിന്ന് സംസ്ഥാന അവാര്‍ഡ് ഈ കുഗ്രാമത്തിലെത്തി എന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല എന്ന് ഇവിടെയുള്ള നല്ലവരായ നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും സ്‌നേഹത്തോടെ ഓര്‍ത്തെടുക്കുന്നു.
ഈ വര്‍ഷത്തെ ഏറ്റവും നല്ല ഹെല്‍പ്പര്‍ക്കുള്ള അവാര്‍ഡിനര്‍ഹ ശ്യാമള തന്നെയാണെന്ന് മേലധികാരികളും കൂട്ടിച്ചേര്‍ക്കുന്നു. എപ്പോഴൊക്കെ അവര്‍ അംഗന്‍വാടി സന്ദര്‍ശനത്തിനെത്തുന്നുവോ അപ്പോഴൊക്കെ സ്വാധീനക്കുറവുള്ള കാലുവെച്ച് പിഞ്ചു കുഞ്ഞുങ്ങളോടൊപ്പം ആടിയും പാടിയും അവരിലൊരാളായി മാറിയ ശ്യാമളയെയാണ് അവര്‍ കണ്ടിട്ടുള്ളത്.
ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്ലേസ്‌കൂളും കുന്നുപോലെ മുളച്ചു പൊന്തുന്ന, ആംഗലേയഭാഷക്കും പാശ്ചാത്യ സംസ്‌കാരത്തിനും കുടപിടിക്കുന്ന, സ്‌നേഹത്തിനും വാത്സല്യത്തിനും വിലയിടിയുന്ന, പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരമായി പീഡിപ്പിക്കുന്ന ഇക്കാലഘട്ടത്തില്‍ ശ്യാമളയെപ്പോലുള്ള ഒരു മനുഷ്യസ്‌നേഹിയുടെ സാന്നിധ്യവും സ്‌നേഹവും നമ്മുടെ കുട്ടികള്‍ക്കും സമൂഹത്തിനും മുതല്‍കൂട്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.