വേനല്‍ക്കാല പച്ചക്കറി കൃഷി തുടങ്ങാന്‍ സമയമായി. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്താല്‍ നമ്മുടെ പരിസരത്ത് നമുക്കാവശ്യമായ പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ഒരു
വേനല്‍ക്കാല പച്ചക്കറി കൃഷി തുടങ്ങാന്‍ സമയമായി. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്താല്‍ നമ്മുടെ പരിസരത്ത് നമുക്കാവശ്യമായ പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ഒരു ചെറിയ കൃഷിയിടത്തില്‍ തന്നെ വിളയിക്കാം.
ആരോഗ്യവാനായ ഒരാള്‍ക്ക് അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം ഭക്ഷണത്തിലൂടെ ലഭിച്ചേ തീരു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെവിടെയോ ഉല്‍പാദിപ്പിക്കുന്ന ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമാണ് നമ്മുടെ മാര്‍ക്കറ്റില്‍ എത്തുന്നത്. നമുക്ക് വേണ്ട ആഹാര പദാര്‍ഥങ്ങള്‍ നമ്മള്‍ ഉല്‍പാദിപ്പിക്കാത്തതുകൊണ്ട് മറ്റാരോ അവര്‍ക്ക് തോന്നിയ രീതിയില്‍ ഉല്‍പാദിപ്പിക്കുന്നു. മാരകമായ കീടനാശിനികളും മറ്റും ഉപയോഗിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും നമ്മെ എളുപ്പത്തില്‍ രോഗങ്ങളുടെ പടുകുഴികളിലേക്ക് നയിക്കുന്നവയാണ്.
കൃഷി തുടങ്ങും മുമ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത, സൂര്യപ്രകാശം, ജലസേചന സൗകര്യം, മണ്ണൊല്ലിപ്പ്, മറ്റു ജീവികളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഭൂമിയുടെ ഉപരിതലത്തിലുള്ള മണ്ണില്‍ മാത്രമേ വളങ്ങളും പോഷകമൂല്യങ്ങളും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനവുമുള്ളൂ. ജൈവാംശം ഏറെയുള്ള മണ്ണാണ് കൃഷിയുടെ നിലനില്‍പ്പിന് അടിസ്ഥാനം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ജൈവവളവും മറ്റും ചേര്‍ത്ത് മണ്ണിനെ ജീവനുള്ളതും പോഷക സമ്പുഷ്ടവുമാക്കണം. പുളിരസം (അമ്ലാംശം) കൂടുതലുണ്ടെങ്കില്‍ കുമ്മായം ചേര്‍ത്ത് അത് നിര്‍വീര്യമാക്കാന്‍ ശ്രദ്ധിക്കണം.
വിത്ത് തെരഞ്ഞെടുക്കല്‍
'വിത്ത് ഗുണം പത്ത് ഗുണം' എന്നാണ് ചൊല്ല്. നല്ലയിനം വിത്തുകള്‍ ശേഖരിച്ചില്ലെങ്കില്‍ നമ്മുടെ അധ്വാനം വെറുതെയാവും. കര്‍ഷകരില്‍ നിന്ന് നേരിട്ടോ, കൃഷിഭവന്‍- മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നോ വിത്തുകള്‍ ശേഖരിക്കാം. കര്‍ഷകര്‍ നേരിട്ട് ചന്തകള്‍ മുഖേന വിത്തുകള്‍ വില്‍ക്കാറുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനായും വിത്തു വിതരണവും വില്‍പനയും നടക്കുന്നുണ്ട്. ചില പാക്കറ്റ് വിത്തുകള്‍ക്ക് വേണ്ടത്ര ഗുണമേന്മ ഉണ്ടാവാറില്ല. നാടന്‍ വിത്തിനങ്ങള്‍ ആണ് കൂടുതല്‍ ഉത്തമം.
വീട്ടുവളപ്പില്‍ കൃഷിചെയ്യാവുന്ന പച്ചക്കറികള്‍
വെണ്ടക്ക
പച്ചക്കറികളുടെ കൂട്ടത്തില്‍ വളരെ വിശേഷപ്പെട്ട സ്ഥാനമുള്ള വെണ്ടക്ക പോഷകമൂല്യങ്ങളുടെ കലവറയാണ്. ആഫ്രിക്കക്കാരിയാണെന്ന് കരുതപ്പെട്ട ഈ സസ്യം ഏതു വീട്ടുവളപ്പിലും വെച്ചുപിടിപ്പിക്കാന്‍ എളുപ്പമാണിത്.
വെണ്ടയില്‍ ശരീര പോഷണത്തിനാവശ്യമായ എ, ബി,സി എന്നീ വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു.
വെണ്ടകൊണ്ട് ഔഷധ പാനീയവും ഉണ്ടാക്കാം. 30 ഔണ്‍സ് വെണ്ടക്ക 20 ഔണ്‍സ് വെള്ളത്തില്‍ 20 മിനുട്ട് വേവിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പാലും പഞ്ചസാരയും ചേര്‍ത്താല്‍ മതി. മൂത്ര- വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് അതിശയകരമായ ഫലം നല്‍കുന്നു.
സന്താനലബ്ധിക്ക് വിവാഹിതര്‍ ആഹാരത്തിലൂടെ ഉപദംശമായി ഇളം വെണ്ടക്ക ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇളം വെണ്ടക്ക വേവിക്കുന്ന ആവിയേറ്റാല്‍ ഒച്ചയടപ്പും ചുമയും തൊണ്ടയിലെ ക്രമക്കേടുകളും ശമിക്കും. വയറിളക്കത്തിനും ശമനകാരിയാണ്. കുടല്‍ വ്രണരോഗങ്ങളാലുണ്ടാവുന്ന വയറുവേദന കുറക്കാന്‍ വെണ്ടക്കയിലെ വഴുവഴുപ്പ് സഹായിക്കും. എന്നാല്‍ ഒരിക്കലും വെണ്ടക്ക അമിതമായി ഭക്ഷിക്കരുത്. അത് ദഹനപ്രക്രിയയെ തകരാറിലാക്കിയേക്കാം.
കൃഷി ചെയ്യുന്ന രീതി
വേനല്‍ക്കാല വെണ്ടകൃഷി നവംബര്‍- ഡിസംബര്‍ മാസങ്ങളിലും വര്‍ഷകാല കൃഷി മെയ് മാസത്തിലും തുടങ്ങാം. വര്‍ഷകാല കൃഷിയില്‍ ശക്തമായ മഴ ആരംഭിക്കുന്നതിന് മുമ്പ് തൈകള്‍ക്ക് മൂന്നോ നാലോ ഇലകള്‍ വിരഞ്ഞിരിക്കണം.
വരികള്‍ തമ്മില്‍ 60 സെ.മി അകലത്തിലും ചെടികള്‍ തമ്മില്‍ 45 സെ.മി അകലത്തിലും നടാം. വര്‍ഷകാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ വരികള്‍ക്കു മീതെ മണ്ണ് കൂട്ടിക്കൊടുക്കണം. മണ്ണ് നല്ലവണ്ണം ഉഴുതുമറിച്ചതിനു ശേഷം കുഴികള്‍ അല്‍പം ആഴം കൂട്ടി ചാണകപ്പൊടി, വേപ്പിലപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കണം. നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നല്ലപോലെ വളരും. നാലോ അഞ്ചോ ഇലകള്‍ വന്നതിനു ശേഷം പച്ചിലവളവും ആവശ്യമായ മറ്റു വളവും ചേര്‍ത്തതിന് ശേഷം മണ്ണ് കയറ്റിക്കൊടുത്താല്‍ പെട്ടെന്ന് വളരും.
ഇലപുളിപ്പ് രോഗം, ഇലച്ചുരുട്ടിപ്പുഴു രോഗം, മുഞ്ഞ, മഞ്ഞളിപ്പ് , മൊസൈക്ക് രോഗം എന്നിവയാണ് പ്രധാന രോഗങ്ങള്‍; ഇലചുരുട്ടിപ്പുഴുവിനെതിരെ വെളുത്തുള്ളി- വേപ്പെണ്ണ മിശ്രിതവും മുഞ്ഞയുടെ ആക്രമണം കണ്ടാല്‍ പുകയിലക്കഷായവും പ്രയോഗിക്കാം. മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചയുടെ വര്‍ധനവ് തടയാന്‍ മഞ്ഞക്കെണിയാണ് നല്ലത്. മഞ്ഞളിപ്പ് രോഗം കണ്ടാല്‍ ആ ചെടികള്‍ പിഴുതെടുത്ത് നശിപ്പിക്കണം. സല്‍ക്കീര്‍ത്തി, സുസ്ഥിര, അര്‍ക്ക അനാമിക, കിരണ്‍ എന്നിവ നല്ലയിനങ്ങളാണ്. വെണ്ടയില്‍ തുരന്നു കയറുന്ന ഉറുമ്പുകളുടെ ശല്യമകറ്റാന്‍ ഒരു കിലോ ചാരത്തില്‍ കാല്‍ക്കിലോ കറിയുപ്പ് പൊടിച്ചത്, കുമ്മായം എന്നിവ ചേര്‍ത്ത് ഇവയുടെ സാന്നിധ്യമുള്ളിടത്ത് വിതറുക.
വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം.
പുകയില കഷായം
പുകയില 250 ഗ്രാം, ബാര്‍സോപ്പ് 60 ഗ്രാം, വെള്ളം രണ്ടേകാല്‍ ലിറ്റര്‍. പുകയില ചെറുതായി അരിഞ്ഞെടുത്ത് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വെക്കുക. അതിനുശേഷം പുകയില കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടിമാറ്റുക. 60 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായനി പുകയിലകഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മുഞ്ഞ, നീരൂറ്റി കുടിക്കുന്ന ജീവികള്‍ മീലിമുട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.