വിവാഹപന്തലുകളില്‍ തീമഴ പെയ്യുമ്പോള്‍

റസാഖ് പള്ളിക്കര No image

      സ്ത്രീധനമെന്ന ദുഷിപ്പിന് ഇന്ന് കുറച്ചൊക്കെ ശമനം വന്നിട്ടുണ്ടെങ്കിലും അതിന്റെ ഉള്ളറകള്‍ ഇപ്പോഴും ചീഞ്ഞു നാറുക തന്നെയാണ്. നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന ഓരോരോ ആചാരങ്ങളും നാട്ടുനടപ്പുകളും വന്‍ദുരന്തമായി പരിണമിക്കുന്നതാണ് വര്‍ത്തമാനകാല അനുഭവം.
സമൂഹത്തിലെ ചുരുക്കം ചില സമ്പന്നര്‍ കാട്ടിക്കൂട്ടുന്ന വിവാഹ മാമാങ്കങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും പലപ്പോഴും ഏറ്റവും താഴെ തട്ടുകളിലുള്ള സാധാരണക്കാരാണ് ഇരകളായി മാറിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിയണമെങ്കില്‍ ബ്ലേഡ്- മാഫിയകളുടെ കണക്കുപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും.
'പെണ്ണ് കാണല്‍' ചടങ്ങ് മുതല്‍ത്തന്നെ ആരംഭിക്കുന്നു വിവാഹ ധൂര്‍ത്തുകള്‍. ആണ്‍ വീട്ടുകാരുടെ കുടുംബം ഒന്നടങ്കം ഈ പരിപാടിയില്‍ ഹാജരാക്കപ്പെടുകയാണ്. ചെറുക്കന്റെ സഹോദരിമാരാണ് ഇവിടെ പലപ്പോഴും പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്. ചെറുക്കനും പെണ്ണിനും പരസ്പരം സമ്മതമായാല്‍ പിന്നെ എന്തിനാണിവിടെയൊരു പെണ്‍വിചാരണ? ഇത്തരം വിചാരണകള്‍ പലപ്പോഴും സകല മര്യാദകളും ലംഘിച്ച് പെണ്ണിനിത്തിരി നിറം പോരാ, തടി പോരാ, മുടി പോരാ എന്നൊക്കെയുള്ള ദൂഷ്യങ്ങള്‍ ആരോപിച്ച് മാനം കെടുത്താന്‍ ഇവര്‍ക്ക് ആരാണാവോ അധികാരം കൊടുത്തിട്ടുള്ളത്?
മാത്രവുമല്ല, ആ ചടങ്ങില്‍ ആണ്‍ വീട്ടിലെ സകല ബന്ധുക്കള്‍ മുതല്‍ മുതു കിളവിമാരെ വരെ വധുവീട്ടിലെ തീന്‍മേശക്കരികിലെത്തിക്കാന്‍ എന്തിനാണിത്ര തിടുക്കം? ഒടുവില്‍ ഇഷ്ടസമ്മാനങ്ങളായി ആഭരണങ്ങളോ അതല്ലെങ്കില്‍ മൊബൈലുകളോ സമ്മാനിക്കുന്നതും പിന്നീട് വല്ല കാരണവശാലും തെറ്റേണ്ടി വരുമ്പോള്‍ ഇത് തിരിച്ചുകിട്ടാനുള്ള വഴക്കും വക്കാണവുമായി കോടതി കയറുന്നതും എന്തു മാത്രം നാണക്കേടാണ്!
ഇനിയിപ്പോള്‍ സാക്ഷാല്‍ കല്ല്യാണം തന്നെയാണെങ്കില്‍ പോലും അതും മൂന്ന് ദിവസങ്ങളിലാണത്രെ. വരനും സുഹൃത്തുക്കള്‍ക്കും, വരനും കുടുംബങ്ങള്‍ക്കും, അങ്ങനെയങ്ങനെ... ഇതിന്റെയൊക്കെ മേമ്പൊടിയായി വന്‍ ഗാനമേളകളും കതിനവെടികളും വേറെയുണ്ട്. ഇങ്ങനെ പരിധിവിട്ട് ആഘോഷിക്കുന്ന ആഭാസങ്ങള്‍ക്കാണോ 'മൈലാഞ്ചി' എന്ന് പറയുന്നത്? ഈ കൂത്തരങ്ങുകള്‍ക്ക് പഞ്ചനക്ഷത്ര വിരുന്നൊരുക്കി ഒടുക്കം കച്ചോടം പൊട്ടി വട്ടായിപ്പോകുന്ന അമ്മായിമാരെ സിനിമാ പാട്ടുകളില്‍ മാത്രമല്ല, നാളെ ഒരു പക്ഷെ നമ്മുടെ ഗ്രാമീണ ഇടവഴികളിലും കണ്ടെന്ന് വന്നേക്കാം!
വധു വീട്ടിലേക്കുള്ള വരഘോഷയാത്രകള്‍ തികച്ചും ഉത്തരേന്ത്യന്‍ ശവഘോഷ യാത്രകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇനി നവവരന്‍ വധുവിന്റെ വീട്ടിലെത്തിയാലോ? അവിടെ പണ്ടുകാലങ്ങളില്‍ പാലും പഴവും നല്‍കിയാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഇന്നതൊക്കെ പഴഞ്ചനായി മാറിയിരിക്കുന്നു. പകരം അമ്മായിമാര്‍ കാത്തിരിക്കുന്നത് വാഹനത്തിന്റെ താക്കോലും ആര്‍സി ബുക്കുമായിട്ടാണ്. ഇങ്ങനെ വരനെ സ്വീകരിച്ചില്ലെങ്കില്‍ അതിന്റെ കുറച്ചില്‍ വരന്റെ വീട്ടുകാര്‍ക്കാണത്രെ! ഇങ്ങനെ പെണ്‍വീട്ടുകാരുടെ നെഞ്ചകം പൊള്ളി വാങ്ങുന്ന വാഹനങ്ങളിലും ബൈക്കുകളിലും ചെത്തുന്ന ഉളുപ്പില്ലാത്ത 'പുയ്യാപ്ലമാരെ' എന്തു പേരിട്ട് വിളിക്കണമെന്നറിയില്ല.
തുടര്‍ന്ന് കല്ല്യാണപ്പിറ്റേന്ന് മുതലുള്ള വരന്റെ വീട്ടിലേക്കുള്ള യാത്രകള്‍ക്ക് നാടന്‍ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ പോക്ക് എന്നാണ് പറയുക. ഭാരിച്ച ചെലവ് വരുന്ന ഇത്തരം ഉമ്മപോക്ക്, ഉമ്മാമപ്പോക്കുകള്‍ അവസാനിക്കുമ്പോഴേക്കും പെണ്‍വീട്ടുകാരുടെ ഒടുക്കത്തെ പോക്കിനുള്ള സമയവും ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരിക്കും.
കല്ല്യാണ ദിവസങ്ങളിലുള്ള പെണ്‍ ചമയങ്ങളും ഇപ്പോള്‍ പരിധിക്ക് പുറത്ത് തന്നെയാണ്. ഒരു പിടി മുല്ലപ്പൂവിലും ഇത്തിരി കണ്‍മഷിയിലുമൊക്കെ വരവ് വെക്കാവുന്ന പുറപ്പെടലുകള്‍ ഇന്ന് നവീന ബ്യൂട്ടീ പാര്‍ലറുകളാണ് ഭരിക്കുന്നത്. വായില്‍ കൊള്ളാത്ത പേരുകളിലുള്ള ഒരുക്കങ്ങള്‍ക്ക് പറയുന്ന കാശ് കൊടുക്കാനും മടിയുമില്ല.
ആഭരണങ്ങളുടെ ധാരാളിത്തവും വിവരണാതീതമാണ്. പത്തര പവനില്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് സകാത്ത് നിഷ്‌കര്‍ഷിച്ച പ്രവാചക ഇഷ്ടങ്ങളോട് ഈ ഭ്രമം പലപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. ഇതില്‍ വന്‍ ലാഭം കൊയ്യുന്നതും തടിച്ചു കൊഴുക്കുന്നതും ജ്വല്ലറികളാണ്.
ചുരുക്കം ചില ദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന 'അറ' അതൃപ്പങ്ങള്‍ ഇന്ന് സര്‍വ്വ വ്യാപിയായിരിക്കുകയാണ്. ഇതുമൂലം പല കുടുംബങ്ങളും സഹിക്കുന്ന നൊമ്പരങ്ങള്‍ ചില്ലറയല്ല.
പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, കിടക്കയില്‍ മുളക് പൊടി വിതറുക, അറയിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുക, മദ്യസേവക്ക് കാശ് കൊടുക്കാന്‍ ഭീഷണിപ്പെടുത്തുക ഇതൊക്കെയാണ് ആദ്യരാത്രിയില്‍ വരന്റെ സുഹൃദ് തമാശകള്‍! നല്ല പേശീബലമുള്ള ആണുങ്ങള്‍ വീട്ടിലുണ്ടെങ്കിലും പെണ്‍കുട്ടിയുടെ ഭാവിയെയോര്‍ത്ത് പ്രതികരിക്കാത്തത് ഇവര്‍ക്ക് വളമായി മാറുകയാണ്. ഇത്തരം ക്രിമിനലുകളെ നിയമത്തിന്റെ കൂച്ചുവിലങ്ങിട്ട് ജയിലിലടക്കുകയാണ് വേണ്ടത്. തമാശ എന്ന് നിസ്സാരവല്‍ക്കരിച്ച് ചിരിച്ചു തള്ളരുത്.
ഇന്നത്തെ നവീന സാമൂഹ്യക്രമത്തില്‍ സ്വന്തം ഇഷ്ടങ്ങളും അഭിലാഷാങ്ങളും അന്യവല്‍ക്കരിക്കപ്പെടുകയും ബ്രാന്റ് ഉല്‍പന്നങ്ങളുടെ കുത്തൊഴുക്കില്‍ ഒഴുകിപ്പോവുകയും ചെയ്യുന്ന ജീവിത ക്രമത്തെ തിരിച്ചു പിടിക്കാനും ശ്രമമാരംഭിക്കേണ്ടിയിരിക്കുന്നു. പ്രവാചക ജീവിത മാതൃകകളുടെ മഹത്തായ സന്ദേശം സ്വബോധത്തോടെ ആര്‍ജ്ജിച്ചെടുക്കുവാന്‍ പരിശ്രമിക്കുകയാണെങ്കില്‍, ഒരു പെണ്‍വീട്ടുകാരും കഴുതപ്പുറത്തും കുതിരപ്പുറത്തും കോമാളിവേഷം കെട്ടിവരുന്ന നവവരനെ കണ്ട് കത്തിക്കാളി നില്‍ക്കേണ്ടിവരില്ല. അത് പകരുന്ന ആത്മീയ ഔന്നത്യവും ചങ്കുറപ്പും ഉണ്ടെങ്കില്‍ ഒരു വിവാഹ പന്തലുകളിലും തീമഴ പെയ്തിറങ്ങില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top