സ്വന്തത്തെ സൂക്ഷിക്കുക
ആദമും ഹവ്വയും സ്വര്‍ഗത്തിലൊരുപാടൊരുപാട് കാലം ജീവിച്ചു. ഒരു മരം ചൂണ്ടി കാണിച്ചു ദൈവം അവരോട് പറഞ്ഞു: 'നിങ്ങള്‍ അങ്ങോട്ടേക്കടുക്കരുത്.' പക്ഷേ പിശാചവരെ പ്രലോഭിപ്പിച്ചു.
ആദമും ഹവ്വയും സ്വര്‍ഗത്തിലൊരുപാടൊരുപാട് കാലം ജീവിച്ചു. ഒരു മരം ചൂണ്ടി കാണിച്ചു ദൈവം അവരോട് പറഞ്ഞു: 'നിങ്ങള്‍ അങ്ങോട്ടേക്കടുക്കരുത്.' പക്ഷേ പിശാചവരെ പ്രലോഭിപ്പിച്ചു. അവരതിലെ കനി പറിച്ചു തിന്നു. അങ്ങനെ സ്വര്‍ഗീയാരാമങ്ങളും അതിലെ വിഭവങ്ങളും വിലക്കി ദൈവം അവരെ ഭൂമിയിലേക്കയച്ചു. അപ്പോഴാണവര്‍ക്ക് അവരുടെ വെളിപ്പെട്ടുപോയ നഗ്നതയെകുറിച്ചോര്മ വന്നതും പരസ്പരം മറച്ചുപിടിക്കാന്‍ ശ്രമിച്ചതും. പിന്നീടങ്ങോട്ട് അവനും അവളും അത് ശീലവും ചര്യയുമാക്കി. അങ്ങനെ ആദമില്‍ നിന്നും ഹവ്വയില് നിന്നും പിറവിയെടുത്ത മക്കള്‍ ദേശങ്ങളും ഗോത്രങ്ങളും നാഗരികതകളും രാഷ്ട്രങ്ങളുമുണ്ടാക്കി. ഇതിനിടയില്‍ ആണ് പെണ്ണിനുമേല്‍ മേധാവിത്വം കാട്ടിയെന്നും ഇല്ലെന്നും ചരിത്രത്തില്‍ നാം പലതും വായിച്ചു.
പക്ഷേ ഇന്ന് എല്ലാ പൊതുഇടങ്ങളും സ്ത്രീപുരുഷന്മാര്ക്ക് പരസ്പരം പ്രാപ്യമാവുകയും ആണ്-പെണ് കൂടിച്ചേരലുകള്‍ അനുദിനം വര്‍ധിക്കുകയും ചെയ്യുന്നു. അത് നാഗരിക പുരോഗതിയുടെയും സ്ത്രീ സമത്വത്തിന്റെയും ലിംഗനീതിയുടെയും അളവുകോലായി പറയപ്പെടുകയും ചെയ്തുപോരുന്നു. അത് നല്ലകാര്യം. പക്ഷേ ഈ അളവുകോല്‍ തെറ്റിപ്പോകുകയും ആശങ്കയോടെ കാണുകയും ചെയ്യുന്നത് വര്‍ധിച്ചുവരുന്ന സ്ത്രീപീഡന കഥകള്‍ കേട്ടിട്ടാണ്. ഇതിന് പല കാരണങ്ങളും കണ്ടെത്തിയവരുണ്ട്. പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചവരുണ്ട്. നിലവിലെ സാമൂഹ്യവ്യവസ്ഥിതിയെ കുറ്റം പറഞ്ഞവരുമുണ്ട്. ഉത്തരവാദപ്പെട്ടവരില്‍ നിന്നുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഏകപക്ഷീയമാണൈന്നും സ്ത്രീവിരുദ്ധമാണെന്നും സ്ത്രീകളില്‍ നിന്നും അഭിപ്രായമുണ്ടായിട്ടുമുണ്ട്. അത് സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ചുള്ളതാണ്. സ്ത്രീകളുടെ വസ്ത്രധാരണ രീതി പുരുഷന്മാരെ പ്രകോപിപ്പിക്കുന്നുവെന്നായിരുന്നു അഭിപ്രായം. ഡല്‍ഹി ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള അഭിപ്രായം സ്ത്രീകള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. പിന്നീട് കല്‍ക്കത്തയിലെ സാള്‍ട്ട് ലോക് ഏരിയയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് രംഗത്തെത്തിയത് പന്ത്രണ്ടിന നിര്‍ദ്ദേശങ്ങളുമായിട്ടായിരുന്നു. അതിലെ പ്രധാനപ്പെട്ട ഒന്ന് സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കുകയെന്നതാണ്. ഇപ്പോള്‍ ഏറെ ചര്‍ച്ചയായത് ഗായകന് യേശുദാസിന്റെ ഇത്തരത്തിലുള്ള പരാമര്‍ശമാണ്.
സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്ത്രീകള്‍ക്കുമാത്രമായി പെരുമാറ്റ ചട്ടം നടപ്പാക്കുകയെന്നത് പുരുഷ കേന്ദ്രീകൃത വ്യവസ്ഥയുടെ ഉഭോല്പ്പന്നമാണ്. ഈ വ്യവസ്ഥിതിയില്‍ പുരുഷന് പൂര്‍ണാധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ മാത്രം സ്വതന്ത്രനും സ്ത്രീ അനുസരിക്കാനോ അനുഭവിക്കാനോ മാത്രം വിധിക്കപ്പെട്ടവളുമാണ്. ആധുനികമെന്ന് പറയുന്ന എല്ലാ രാജ്യങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. അവിടെ നിയമങ്ങള്‍ എഴുതുന്നവനും അനുസരിപ്പിക്കുന്നവരും ആണുങ്ങളാണ്.
സമൂഹത്തിലേക്കിറങ്ങുമ്പോള്‍ അരാജകത്വവും പീഡനവും ഇല്ലാതിരിക്കാന്‍ സാമൂഹ്യ മര്യാദകള്‍ ആണും പെണ്ണും പാലിച്ചേ മതിയാകൂ. അത്തരം നിയമങ്ങള്‍ മനുഷ്യരെ സൃഷ്ടിച്ചവനായ ദൈവം തന്നെ അവന്റെ പ്രവാചകന്മാരിലൂടെ എത്തിച്ചിട്ടുമുണ്ട്. അത് വസ്ത്രത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലുമുണ്ട്. ഇത് സ്ത്രീവിരുദ്ധമല്ല. പുരുഷനെ അഴിഞ്ഞാടാന്‍ വിടുന്നതുമല്ല. ഈ മര്യാദകള്‍ പാലിക്കാന്‍ ആദ്യം പുരുഷനോടാണ് കല്പിച്ചതും ദൈവം പറയുന്നു ''ഓ പ്രവാചകരെ, വിശ്വസിച്ചവരോട് പറയുക.അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ അതവര്‍ക്കുള്ള ഏറ്റം പരിശുദ്ധമായ നടപടിയാകുന്നു.'' (അന്നൂര്‍ 30)
പിന്നീട് സ്ത്രീയോടും പറഞ്ഞു: ''വിശ്വാസിനികളോടും പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ. തങ്ങള്‍ മറച്ചുവെച്ചിട്ടുള്ള അലങ്കാരങ്ങള്‍ ആളുകള്‍ അറിയുന്നതിന് കാലുകള്‍ നിലത്തടിച്ച് നടക്കുകയുമരുത്. (അന്നൂര്‍)
മറക്കുപിന്നില്‍ നിന്ന് ചെയ്യേണ്ട ശാരീരികാസ്വാദനങ്ങളെ തെരുവിലേക്ക് വലിച്ചടുപ്പിക്കുന്ന തരത്തിലുള്ള പ്രകോപനം വസ്ത്രം കൊണ്ടോ ശാരീരിക ചേഷ്ടകള്‍ കൊണ്ടോ ഉണ്ടാവാന്‍ പാടില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സത്യത്തില്‍ അവനവന് തന്നെയാണ്.